TopTop
Begin typing your search above and press return to search.

മൂന്ന് മാസത്തിനുള്ളില്‍ 142 കോവിഡ് മരണങ്ങള്‍; വേണ്ടത്ര ചികിത്സാ സൗകര്യങ്ങളോ ആശുപത്രികളോ ഇല്ലാത്ത കാസര്‍ഗോഡ്‌ ജില്ലയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ കര്‍ശന നിയന്ത്രണങ്ങള്‍

മൂന്ന് മാസത്തിനുള്ളില്‍ 142 കോവിഡ് മരണങ്ങള്‍; വേണ്ടത്ര ചികിത്സാ സൗകര്യങ്ങളോ ആശുപത്രികളോ ഇല്ലാത്ത കാസര്‍ഗോഡ്‌ ജില്ലയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ കര്‍ശന നിയന്ത്രണങ്ങള്‍

മൂന്ന് മാസത്തിനുള്ളില്‍ 142 കോവിഡ് മരണങ്ങള്‍. കോവിഡ് അതിതീവ്ര വ്യാപന ഘട്ടത്തിലൂടെ സംസ്ഥാനം കടന്ന് പോവുമ്പോള്‍ കാസര്‍കോഡ് ജില്ലയിലെ കോവിഡ് മരണങ്ങള്‍ ആരോഗ്യവകുപ്പിന് വെല്ലുവിളിയാവുന്നു. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ 13 ശതമാനമാണ് കാസര്‍കോഡ് 90 ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളോ ആശുപത്രികളോ ഇല്ലാത്ത ജില്ലയില്‍ രോഗ വ്യാപനം രൂക്ഷമായാല്‍ മരണം ഏറുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

മരണസംഖ്യ ഉയരുമ്പോള്‍ കാസര്‍കോട്ടുകാര്‍ നേരിടുന്ന വലിയ വെല്ലുവിളി ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് നാളുകള്‍ക്കുള്ളില്‍ കാസര്‍കോഡ് ജില്ലയില്‍ ഒട്ടേറെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാനാവാതെ വന്നതോടെ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് താല്‍ക്കാലികമായി കോവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ച അഡ്മിനിസ്‌ട്രേഷന്‍ ബില്‍ഡിങ് കോവിഡ് ചികിത്സക്കായി ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവിടേക്ക് ഡോക്ടര്‍മാരേയും നിയമിച്ചു. എന്നാല്‍ അഡ്മിനിസ്‌ട്രേഷന്‍ ബില്‍ഡിങ്ങില്‍ ആരംഭിച്ച ചികിത്സാ കേന്ദ്രത്തിന് പരിമിതികള്‍ നിരവധിയാണ്. കിടക്കകളോ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളോ ആവശ്യത്തിന് ഇവിടെയില്ല. ഒരു ഐസിയു യൂണിറ്റും ഒമ്പത് വെന്റിലേറ്റര്‍ സൗകര്യവുമാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്.

പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ സി കാറ്റഗറി രോഗികളായാണ് കണക്കാക്കുന്നത്. സി കാറ്റഗറിയിലുള്ളവര്‍ കോവിഡ് പോസിറ്റീവായാല്‍ അവരെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയും ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യമെങ്കില്‍ ലഭ്യമാക്കുകയും വേണം. ആദ്യ ഘട്ടത്തില്‍ രോഗികളുടെ എണ്ണം വളരെ കുറവായതിനാല്‍ എല്ലാവരേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി. എന്നാല്‍ രോഗികളുടെ എണ്ണം കൂടി വന്നതോടെ ഇതിന് സാധിക്കാതെയായി. രോഗ ലക്ഷണങ്ങളില്ലാത്തവരെ ഫസ്റ്റ് ലൈന്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എന്നാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും കിടക്കകളോ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളോ മതിയാവാതെ വന്നു. അതോടെ രോഗികളെ അവിടേക്കും മാറ്റാന്‍ കഴിയാതൊയി. തുടര്‍ന്ന് ജില്ലാ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാണ്. "ഇരുപതോളം ഐസിയുകളും ഐസിയും ബെഡ്ഡുകളും ജില്ലാ ആശുപത്രിയിലുണ്ട്. ഇപ്പോള്‍ പരിയാരത്തേക്ക് രോഗികളെ മാറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവിടെയുള്ള സൗകര്യങ്ങളില്‍ തന്നെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ആധുനിക ചികിത്സ ലഭിക്കുന്ന കേന്ദ്രങ്ങള്‍ കാസര്‍കോട് ഇല്ല", ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ് അഴിമുഖത്തോട് പറഞ്ഞു.

നൂറ് കിടക്കകളെങ്കിലും ഉള്ള ഒരു സ്വകാര്യ ആശുപത്രി പോലും കാസര്‍കോട് ഇല്ല. നിലവിലുള്ള സ്വകാര്യ ആശുപത്രികളില്‍ പലതിലും പത്ത് ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ സി കാറ്റഗറി രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അതും അപര്യാപ്തമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ജില്ലയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നതായി ഐഇസി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗവും വിലയിരുത്തി. മരണസംഖ്യ ഉയര്‍ന്നതിനൊപ്പം പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരിലേക്ക് രോഗം കൂടുതല്‍ പടര്‍ന്ന് പിടിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. യുവജനങ്ങളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകരുന്നത് എന്നും ഐ ഇ സി കോ-ഓര്‍ഡിനേന്‍ കമ്മിറ്റി വിലയിരുത്തിയിരുന്നു. സി കാറ്റഗറി രോഗികള്‍ കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ വേണ്ട ചികിത്സ നല്‍കാനാവാതെ കോവിഡ് മരണങ്ങള്‍ കൂടാനിടയുണ്ടെന്ന ആശങ്കയും അവര്‍ പങ്കുവച്ചു. നിലവില്‍ കാസര്‍കോഡ് മരിച്ചവരില്‍ 85 ശതമാനത്തിലധികവും പ്രായമായവരാണ്. എന്നാല്‍ മറ്റ് രോഗങ്ങള്‍ ബാധിച്ചിരുന്നവരാണ് മരിച്ചവരില്‍ അധികം പേരും എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. "കഴിഞ്ഞ രണ്ട് മൂന്ന് മാസമായാണ് കാസര്‍കോട് മരണം കൂടുന്നത്. മരിച്ചവരില്‍ ഏറിയ പങ്കും മറ്റ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു. അല്ലാതെ കോവിഡ് ബാധിച്ച് മരിച്ചവര്‍ ചുരുക്കമാണ്", ഡോ മനോജ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന സമയത്ത് ലോക്ക്ഡൗണ്‍ കാലത്ത് ചികിത്സ ലഭിക്കാതെ 14 പേര്‍ മരിച്ച ജില്ലയുമാണ് കാസര്‍കോഡ്. ആശുപത്രി സൗകര്യങ്ങള്‍ക്കും വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങുന്നതിനുള്‍പ്പെടെ മംഗലാപുരത്തെ ആശ്രയിക്കുന്നവരാണ് കാസര്‍കോട് ജില്ലയിലെ ബഹുഭൂരിപക്ഷം പേരും. ലോക്ക്ഡൗണ്‍ കാലത്ത് മംഗലാപുരം-കേരളം അതിര്‍ത്തി അടച്ചതോടെ ചികിത്സ ലഭിക്കാതെ 14 പേരുടെ ജീവനുകളാണ് ഇല്ലാതായത്. കാസര്‍കോട് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത അക്കാലയളവില്‍ ഏറെ ചര്‍ച്ചയാവുകയുമുണ്ടായി. ലോക്ക്ഡൗണ്‍ അവസാനിച്ചെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ മംഗലാപുരത്തേക്ക് ചികിത്സയ്‌ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ പോവാനായി പലരും മടിക്കുന്നു. മംഗലാപുരത്തെ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് പ്രതിദിനം ആറായിരം മുതല്‍ എണ്ണായിരം രൂപ വരെ ചെലവ് വരും. വന്‍കിട ആശുപത്രികളില്‍ നിരക്ക് ഇനിയും ഏറും. അതിനാല്‍ പലര്‍ക്കും സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെ തന്നെ ആശ്രയിക്കേണ്ടതായും വരുന്നു.

മരണസംഖ്യ ഉയരുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനം സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ തട്ടിലേക്ക് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പ്രവര്‍ത്തനം തുടങ്ങി. 38 പഞ്ചായത്തുകളിലും ഓരോ ഗസ്റ്റഡ് ഓഫീസര്‍മാരും മൂന്ന് നഗരസഭകളില്‍ നാല് വീതം ഗസ്റ്റഡ് ഓഫീസര്‍മാരെയുമാണ് പരിശീലനം നല്‍കി ഇതിനായി ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം നല്‍കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ സി ആര്‍ പി സി 144 വകുപ്പ് പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും അനുസരിച്ച് നടപടിയെടുക്കും. പ്രായമായവരിലേക്ക് രോഗവ്യാപനം രൂക്ഷമായത് കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകിട്ട് ആറിന് അടയ്ക്കണമെന്നാണ് കൊറോണ കോര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ലംഘിക്കുന്ന കടകള്‍ക്കെതിരെ സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ ലംഘിച്ചതിനും കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും കര്‍ശന നടപടി സ്വീകരിക്കും. മറ്റു കടകള്‍ക്കും പാനീയങ്ങള്‍ വില്‍ക്കാത്ത ബേക്കറികള്‍ക്കും രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. തട്ടുകടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാഴ്സല്‍ വിതരണം ചെയ്യണം. തീരുമാനം ലംഘിക്കുന്ന തട്ടുകടകള്‍ ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ പോലീസിനെ ചുമതലപ്പെടുത്തി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ഊര്‍ജ്ജിതമാക്കി, നിയന്ത്രണങ്ങള്‍ കര്‍ശനപ്പെടുത്തി മരണസംഖ്യ പിടിച്ച് നിര്‍ത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. മറുവശത്ത് ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ചികിത്സ ലഭിക്കത്തക്ക തരത്തിലുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories