TopTop

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്‌, ചികിത്സയിലുള്ളത് 126 പേർ

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്‌, ചികിത്സയിലുള്ളത് 126 പേർ

കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കാസറഗോഡ് 3, കണ്ണൂര്‍ 9, വയനാട് ഒന്ന്, മലപ്പുറം 3, തൃശ്ശൂര്‍ 2, ഇടുക്കി 1 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ വന്നിരിക്കുന്നത്. വയനാട് ജില്ലയിൽ ആദ്യമായാണ് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1,23,003 പേര്‍ നിരീക്ഷണത്തിലാണ്. 601 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവർ വീട്ടിലുമാണ്. പത്തനംതിട്ടയില്‍ ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. 3768 പേരുടെ ഫലം നെഗറ്റീവ് ആണ്. ഇന്ന് 136 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ഏത് കടുത്ത സാഹചര്യമുണ്ടായാലും അതിനെ നേരിടാൻ കേരളം തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ നാളെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സഹകരണസംഘങ്ങളാണ് പെൻഷൻ വിതരണം ചെയ്യുക. സഹകരണ ബാങ്കുകൾ ഇന്ന് തന്നെ പെൻഷൻ വിതരണം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകള്‍ തുറന്നു. 861 പഞ്ചായത്തുകളും 84 നഗരസഭകളും സ്ഥലം തയ്യാറാക്കി. ആറ് കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനം തുടങ്ങി. വളണ്ടിയർമാരാകാൻ യുവജനങ്ങൾ സന്നദ്ധരായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവരെ സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യും. ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഓരോ പഞ്ചായത്തിലും 200 പേരടങ്ങുന്ന സന്നദ്ധസേനയുണ്ടാകും. ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിയിരിപ്പിനായി 1465 യുവ വളണ്ടിയർമാരുണ്ടാകും. 22 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരാണ് സന്നദ്ധസേനയിലുണ്ടാവുക.

ആരോഗ്യപ്രവർത്തകർക്ക് കെഎസ്ആർടിസി യാത്രാസൌകര്യമൊരുക്കും. 879 സ്വകാര്യ ആശുപത്രികളിൽ സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. 715 ഗ്രാമപഞ്ചായത്തുകളിൽ ഹെൽപ്പ് ലൈനുകൾ തുറന്നു.

സാധനങ്ങളുടെ വിലക്കയറ്റവും സാധനങ്ങൾ കിട്ടാത്ത നിലയും സംബന്ധിച്ച പരാതികൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. വിലക്കയറ്റം അനുവദിക്കില്ല എന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മുടക്കമില്ലാതെ തുറക്കണം. ബേക്കറികൾ തുറന്നുപ്രവർത്തിക്കാം. റേഷൻ കാർഡില്ലാത്തവർക്കും റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ നൽകും. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളിലെത്തിക്കാൻ സംവിധാനമുണ്ടാക്കും.

ക്ഷീരവികസനം, മൃഗാശുപത്രി എന്നിവ അവശ്യസർവീസാക്കി. പ്രവാസികൾ മടങ്ങിവരവിൻ്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. അതിഥി തൊഴിലാളികളെ താമസസ്ഥലങ്ങളിൽ നിന്ന് ഇറക്കിവിടാൻ പാടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ കൊവിഡിനെതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്രം മതിപ്പ് രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.




Next Story

Related Stories