TopTop
Begin typing your search above and press return to search.

പാരിപ്പള്ളിയില്‍ കുട്ടി മരിച്ചത് മര്‍ദ്ദനമേറ്റല്ല, മാതാപിതാക്കളെ വിട്ടയച്ചു

പാരിപ്പള്ളിയില്‍ കുട്ടി മരിച്ചത് മര്‍ദ്ദനമേറ്റല്ല, മാതാപിതാക്കളെ വിട്ടയച്ചു

വർക്കല പാരിപ്പള്ളിയിലെ മുട്ടപ്പലം ദീപുവിന്റെ മകൾ ദിയ എന്ന നാലുവയസ്സുകാരിയുടെ മരണകാരണം മർദ്ദനമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കട്ടിയ്ക്ക് ഗുരുതരമായ മെനിഞ്ചെറ്റിസും ന്യൂമോണിയയും ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണം അമ്മയുടെ അടിയേറ്റത് മൂലമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ ശരീരത്തിൽ അടിയുടെ പാടുകളുണ്ടെങ്കിലും അവ സാരമുള്ളതല്ലെന്നും റിപ്പോർട്ട് പറയുന്നു.

കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ വായിൽ നിന്നു രക്തം വന്നത് രോഗത്തിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുകയും ചെയ്തു. അതേസമയം, കുട്ടിയെ തല്ലിയതിന് അമ്മ രമ്യയ്ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
രോഗത്തെത്തുടർന്ന് കുട്ടി ഭക്ഷണം കഴിക്കാതിരുന്നിരുന്നു. ഇതിന് കുട്ടിയെ തല്ലിയെന്ന് അമ്മ പറഞ്ഞെന്ന് പിതൃസഹോദരി പൊലീസിനോട് പറഞ്ഞിരുന്നു. മാധ്യമങ്ങളോടും അവർ ഇക്കാര്യം ആവർത്തിച്ചു. ഇതിന് പിന്നാലെ മരണത്തെക്കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ശക്തമാവുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.
എന്നാൽ കുട്ടിയുടെ രക്ഷിതാക്കളെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ശാരീരിക അസ്വസ്ഥത കാട്ടിയതിനെ തുടർന്ന് ഞായറാഴ്ച രാവിലെ കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് കുട്ടിയുടെ വായിൽ നിന്നു രക്തം വന്നു. കാലിൽ അടിയേറ്റതിന്റെ പാടുകളും ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ കുട്ടിയുടെ നില ഗുരുതരമാവുകയും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വഴിമദ്ധ്യേ പൾസ് നില താഴ്ന്നതോടെ അടുത്തുള്ള കഴക്കൂട്ടത്തെ സിഎസ്ഐ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ അധികൃതരുടെ പരാതിയിലാണ് നഴ്സ് കൂടിയായ രമ്യക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലം ചാത്തന്നൂരിന് സമീപം ഒരു വർഷത്തോളമായി വാടകയ്ക്ക് താമസിച്ചുവരിയായിരുന്നു കുടുംബം. ദീപു- രമ്യ ദമ്പതികൾക്ക് രണ്ടു വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.


Next Story

Related Stories