TopTop
Begin typing your search above and press return to search.

"അതുകൊണ്ട് നാം നാണം കെട്ട് ഇനി ഇരിക്കേണ്ട"യെന്ന് സി അച്യുതമേനോന്‍ പറഞ്ഞ സര്‍ക്കാരിന് അമ്പതാണ്ട്; കേരള രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ചതിങ്ങനെ

അതുകൊണ്ട് നാം നാണം കെട്ട് ഇനി ഇരിക്കേണ്ടയെന്ന് സി അച്യുതമേനോന്‍ പറഞ്ഞ സര്‍ക്കാരിന് അമ്പതാണ്ട്; കേരള രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ചതിങ്ങനെ
ആറു വര്‍ഷവും അഞ്ചു മാസവും 18 ദിവസവും ദൈര്‍ഘ്യമുള്ള നിയമസഭ. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും ഇഎംഎസ് നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവുമായിരുന്ന നാലാം കേരള നിയമസഭയ്ക്കാണ് കേരള ചരിത്രത്തിലെ മറ്റൊരു സഭയ്ക്കും ലഭിക്കാത്ത ഈ അവസരം സാധ്യമായത്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ 18 മാസങ്ങള്‍ അധികമായി അധികാരത്തില്‍ തുടരാനായ സര്‍ക്കാര്‍. 1970 ഒക്ടോബര്‍ നാലിനു അധികാരത്തിലെത്തിയ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


ആറു വര്‍ഷവും അഞ്ചു മാസവും 18 ദിവസവും ദൈര്‍ഘ്യമുള്ള നിയമസഭ. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും ഇഎംഎസ് നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവുമായിരുന്ന നാലാം കേരള നിയമസഭയ്ക്കാണ് കേരള ചരിത്രത്തിലെ മറ്റൊരു സഭയ്ക്കും ലഭിക്കാത്ത ഈ അവസരം സാധ്യമായത്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ 18 മാസങ്ങള്‍ അധികമായി അധികാരത്തില്‍ തുടരാനായ സര്‍ക്കാര്‍. 1970 ഒക്ടോബര്‍ നാലിനു അധികാരത്തിലെത്തിയ മന്ത്രിസഭ 1975 ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ സഭയുടെ കാലാവധി മൂന്നു ഘട്ടങ്ങളിലായി 1977 മാര്‍ച്ച് 21 വരെ നീട്ടിക്കൊടുത്തു.

മറ്റു സംസ്ഥാനങ്ങള്‍ക്കുമാത്രമല്ല, കേന്ദ്ര സര്‍ക്കാരിനു തന്നെ മാതൃകയായി സ്വീകരിക്കേണ്ടി വന്ന ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ നടത്തി സഭാ ചരിത്രത്തില്‍ അത്യപൂര്‍വ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത രണ്ടാം അച്യുതമേനോന്‍ സര്‍ക്കാര്‍ നമ്മുടെ നിയമസഭാ ചരിത്രത്തിലെ ഉജ്വല ഏടുകളിലൊന്നാണ്. 'കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷപാര്‍ട്ടികളുമായി കോണ്‍ഗ്രസ് പാര്‍ട്ടി സഹകരിക്കുക മാത്രമല്ല, പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന ഒരു പുതിയ ഭരണക്രമം' കേരളത്തില്‍ ഉണ്ടാക്കി എന്നതാണ് ഈ സര്‍ക്കാരിനെ രാഷ്ട്രീയ ചരിത്രത്തില്‍ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.

കേരള ചരിത്രത്തിലെ ദീര്‍ഘദര്‍ശിയായ മുഖ്യമന്ത്രിയായിട്ടാണ് അച്യുതമേനോനെ വിലയിരുത്തപ്പെടുന്നത്. ലളിത ജീവിതം കൊണ്ടും ഉന്നതമായ ആദര്‍ശനിഷ്ടകൊണ്ടും കറകളഞ്ഞ വ്യക്തിത്വ വിശേഷങ്ങള്‍ കൊണ്ടും കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത നേതാവ്. അഴിമതിയും പ്രമത്തതയും അടക്കം എല്ലാത്തരം അധികാര തിന്മകളില്‍ നിന്നും അകന്നുനിന്ന വ്യക്തിത്വം. വിപുലമായ സ്വീകാര്യത. മൃദുഭാഷിയെങ്കിലും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത പ്രകൃതം. അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ട നാട്ടില്‍ അത്തരം എല്ലാ സ്ഥാപനവല്‍ക്കരണങ്ങളില്‍ നിന്നും സമദൂരം പാലിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്നവരും അനുഭവ പരിചയവും വി്ട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും ഭരണ നൈപുണിയും ഒക്കെ ഒത്തുചേര്‍ന്നവരായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.

സുപ്രധാനങ്ങളായ നിയമനിര്‍മാണങ്ങള്‍, നാടിന് അഭിമാനമായിത്തീര്‍ന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അടക്കമുള്ള ഭാവിയിലേക്കുള്ള ഈടുവെയ്പുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായി. അധസ്ഥിത ജനവിഭാഗങ്ങളോടും തൊഴിലാളി വര്‍ഗത്തോടും തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വലിയ ഊന്നലാണ് പുലര്‍ത്തിയത്. വിദ്യാഭ്യാസം, ഗവേഷണം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മികച്ച സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിലും ശ്രദ്ധവെച്ചു.നിയമസഭ എന്ന നിലയില്‍ 'അര്‍ത്ഥപൂര്‍ണ്ണവും ഫലവത്തുമായ പ്രവര്‍ത്തനം നിര്‍വഹിച്ച സഭ എന്ന ഖ്യാതി' എന്തുകൊണ്ടും അവകാശപ്പെടാവുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം നിയമസഭാ ലേഖകനും നിയമസഭയുടെ ചരിത്രകാരനുമായ കെ.ജി പരമേശ്വരന്‍ നായര്‍ വിലയിരുത്തുന്നു.

സുപ്രധാനങ്ങളായ 227 ബില്ലുകള്‍ നാലാം നിയമസഭയുടെ കാലത്ത് അവതരിപ്പിച്ച് പാസാക്കി. 16 സമ്മേളനങ്ങളും 322 സിറ്റിങ്ങുകളും. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1973 ഓഗസ്റ്റ് രണ്ടിന് രാത്രി പ്രത്യേക സമ്മേളനം ചേര്‍ന്നു ആ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാകുകയും ചെയ്തു. ഇത്തരത്തില്‍ ഏറെ സവിശേഷതകള്‍ ഈ സഭയ്ക്കുണ്ടായിരുന്നു. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത പുറങ്ങളിലൊന്നായ അടിയന്തരാവസ്ഥ രാജ്യത്ത് നിലവില്‍ വന്നപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ ഇരുന്നത് സി. അച്യുതമേനോന്‍ നേതൃത്വം നല്‍കിയ സര്‍ക്കാരായിരുന്നുവെന്നത് ചരിത്രത്തിന്റെ വിരുദ്ധോക്തിയാവാം.
കോണ്‍ഗ്രസ് ആദ്യം പുറത്തുനിന്നു പിന്തുണച്ചു, പിന്നെ അധികാരം പങ്കിട്ടു

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സഹായത്തോടെ രൂപപ്പെടുത്തിയ രണ്ടാമത്തെ മന്ത്രിസഭയായിരുന്നു ഇത്. രാജ്യസഭാംഗമായ അച്യുതമേനോനെ ഡല്‍ഹിയില്‍ നിന്നും വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയ ആദ്യ മന്ത്രിസഭയ്ക്കു പക്ഷെ ഏതാനും മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. വലിയ ഭൂരിപക്ഷത്തോടെയായിരുന്നു സിപിഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ജയിച്ച് അധികാരത്തിലെത്തി മൂന്നാം കേരള നിയമസഭ രൂപീകരിച്ചത്. മുന്നണിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് പരസ്യമായി പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ സാധിച്ചില്ല. 1967 മാര്‍ച്ച് ആറിന് അധികാരത്തിലെത്തിയ ആ മന്ത്രിസഭ രണ്ടു വര്‍ഷങ്ങള്‍ക്കകം തന്നെ കടുത്ത ആന്തരിക വൈരുദ്ധ്യങ്ങളില്‍പ്പെട്ട് 1969 ഒക്ടോബര്‍ 24നു രാജിവെയ്‌ക്കേണ്ടിയും വന്നു.

തുടര്‍ന്നു നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ബദല്‍ മന്ത്രിസഭ അധികാരത്തിലെത്തിയത്. എന്നാല്‍ പത്തു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 1970 ഓഗസ്റ്റ് നാലിന് ആ മന്ത്രിസഭ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. 1970 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സിപിഐ, ആര്‍എസ്പി, പിഎസ്പി, മുസ്ലിംലീഗ് എന്നി പാര്‍ട്ടികളടങ്ങുന്ന ജനാധിപത്യമുന്നണിയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയും കര്‍ഷകത്തൊഴിലാളി പാര്‍ട്ടിയും അംഗങ്ങളായ സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിയും തമ്മില്‍ ഏറ്റുമുട്ടി. കേരള കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും ഭിന്നിച്ചു രൂപം കൊണ്ട സംഘടനാ കോണ്‍ഗ്രസും ചേര്‍ന്ന് ഒരു മുന്നണി തട്ടിക്കൂട്ടിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് ഇല്ലാതെയായി. കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്നണിയിലും പിന്നീട് സര്‍ക്കാരിലും പങ്കാളികളായി.

ജനാധിപത്യ മുന്നണിക്ക് 79 സീറ്റുകള്‍ ലഭിച്ചു അധികാരത്തിലെത്തി. സീറ്റു നില ഇങ്ങനെ: ആകെ സീറ്റുകള്‍ 133. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 30, സിപിഎം 29, സിപിഐ 16, മുസ്ലിംലീഗ് 11, ആര്‍എസ്പി ആറ്, പിഎസ്പി മൂന്ന്, കേരള കോണ്‍ഗ്രസ് 12, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ആറ്, കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്ന്, കര്‍ഷകത്തൊഴിലാളി പാര്‍ട്ടി ഒന്ന്, ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മൂന്ന്, സ്വതന്ത്രര്‍ 15. കോണ്‍ഗ്രസിനും സിപിഎമ്മിനും ഏറെക്കുറെ തുല്യപ്രാധാന്യം ലഭിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. മറ്റ് കക്ഷികളില്‍ കേരള കോണ്‍ഗ്രസ് ഒഴികെയുള്ളവര്‍ക്കു തൊട്ടുമുന്‍പത്തേക്കാള്‍ പ്രാതിനിധ്യം കുറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം തൊട്ടു മുന്‍പത്തെ സഭയില്‍ അഞ്ചായിരുന്നത് 12 ആയി വര്‍ധിച്ചപ്പോള്‍ മുസ്ലിംലീഗിന്റെ കാര്യം 14ല്‍ നിന്നും 11 ആയി ചുരുങ്ങി. 1977ലാണ് മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ സാമാജികരുടെ എണ്ണം 140 ആയി വര്‍ധിപ്പിച്ചത്.

ഭരണ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായിട്ടും കോണ്‍ഗ്രസ് ആദ്യം മന്ത്രിസഭയില്‍ ചേരുകയുണ്ടായില്ല. ആദ്യ അച്യുത മേനോന്‍ മന്ത്രിസഭയിലും കോണ്‍ഗ്രസ് പുറത്തു നിന്നും പിന്‍തുണയ്ക്കുകയായിരുന്നു. അതേ നിലപാടാണ് നാലാം സഭയുടെ തുടക്കത്തിലും സ്വീകരിച്ചത്. ഒന്‍പതംഗ മന്ത്രിസഭയില്‍ സി. അച്യുതമേനോനെക്കൂടാതെ ടി.കെ ദിവാകരന്‍, സി.എച്ച്. മുഹമ്മദ് കോയ, എന്‍.ഇ. ബലറാം, ബേബി ജോണ്‍, പി.എസ്. ശ്രീനിവാസന്‍, കെ. അവൂക്കാദര്‍ കുട്ടിനഹ, പി.കെ. രാഘവന്‍, എന്‍.കെ. ബാലകൃഷ്ണന്‍ എന്നിവരായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. മുസ്ലിംലീഗിലെ കെ. മൊയ്തീന്‍ കുട്ടിഹാജി സ്പീക്കറും ആര്‍എസ്പിയിലെ ആര്‍.എസ്. ഉണ്ണി ഡെപ്യൂട്ടി സ്പീക്കറുമായി തെരഞ്ഞെടുക്കപ്പെട്ടു. എം.എന്‍ ഗോവിന്ദന്‍ നായരേയും ടി.വി. തോമസിനേയും പോലുള്ള അതികായര്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല.


സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാണ്ട് 11 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേര്‍ന്നു. അന്നത്തെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്ത് കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭ വികസനം. കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി മന്ത്രിസഭയിലെ രണ്ടാമനായി. കരുണാകരന്‍ ഉപമുഖ്യമന്ത്രിയാവുമെന്ന വാര്‍ത്തയൊക്കെ പരന്നിരുന്നുവെങ്കിലും ആര്‍എസ്പിയും സിപിഐയും അതിനെതിരായിരുന്നതിനാല്‍ നടന്നില്ല. കെപിസിസി അധ്യക്ഷനായിരുന്ന കെ.കെ. വിശ്വനാഥനും കരുണാകരനും തമ്മില്‍ അത്രനല്ല ബന്ധമായിരുന്നില്ലെന്നതും ഇരു പാര്‍ട്ടികളുടേയും നീക്കത്തിനു കരുത്തായി. വക്കം പുരുഷോത്തമന്‍, ഡോ. കെ.ജി. അടിയോടി, കെ.ടി ജോര്‍ജ് , വി ഈച്ചരന്‍ എന്നിവരും കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ നിന്നും മന്ത്രിസഭയിലെത്തി. ഈ വികസനത്തിനൊപ്പം സിപിഐ പ്രതിനിധികളായ എന്‍.ഇ. ബലറാം, പി.എസ്. ശ്രീനിവാസന്‍, പി.കെ. രാഘവന്‍ എന്നിവരെ മാറ്റി എം.എന്‍. ഗോവിന്ദന്‍ നായരേയും ടി.വി. തോമസിനേയും മന്ത്രിസഭയിലെത്തിച്ചു. തൊട്ടു മുന്‍പുള്ള ഇഎംഎസ് മന്ത്രിസഭയുടെ കാലത്തുയര്‍ന്ന അഴിമതി ആരോപണം അന്വേഷിച്ച മുള്ള കമ്മീഷന്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും മന്ത്രിസഭയിലെത്തുന്നതിനുള്ള വഴിതുറന്നത്.
1975 ഡിസംബര്‍ 26നു കേരള കോണ്‍ഗ്രസിനു കൂടി ഭരണത്തില്‍ പങ്കാളിത്തം നല്‍കിക്കൊണ്ടു മന്ത്രിസഭ വീണ്ടും പുനസംഘടിപ്പിച്ചു. ആര്‍. ബാലകൃഷണപിള്ളയും കെ.എം. മാണിയും കേരള കോണ്‍ഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിലെത്തി. ലോക്‌സഭാംഗമായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു ആറു മാസങ്ങള്‍ കഴിഞ്ഞു മന്ത്രിസഭയില്‍ നിന്നും രാജിവെയ്‌ക്കേണ്ടിവന്നപ്പോള്‍ കെ. എം. ജോര്‍ജ് ആ സ്ഥാനത്തേക്ക് എത്തി. കേരള കോണ്‍ഗ്രസില്‍ പില്‍ക്കാലത്തുണ്ടായ പിളര്‍പ്പുകള്‍ക്കെല്ലാം തുടക്കമിട്ടത് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ചേരുന്നതിന് തീരുമാനിച്ചതുകൊണ്ടാണെന്ന് ആര്‍. ബാലകൃഷ്ണ പിള്ള തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. അത്രമാത്രം ആ പാര്‍ട്ടിയ്ക്കത്ത് ചലനങ്ങള്‍ ഉണ്ടാക്കിയ സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ആ സഭയുടെ കാലത്തുണ്ടായി.

നാലു ഘട്ടങ്ങളിലായി നാലു പേരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. 1972 ഏപ്രില്‍ മൂന്നിനു കെ.ടി. ജോര്‍ജ്ജും 1976 ജനുവരി 19ന് ടി.കെ ദിവാകരനും മരണമടഞ്ഞപ്പോള്‍ യഥാക്രമം പോള്‍ പി മാണിയും കെ. പങ്കജാക്ഷനും മന്ത്രിസഭയിലെത്തി. സി.എച്ച്. മുഹമ്മദ് കോയ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1973 മാര്‍ച്ച് രണ്ടിന് ചാക്കിരി അഹമ്മദ് കുട്ടി മന്ത്രിയായി. പിന്നീട് കെ. എം. ജോര്‍ജിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ 1977 ജനുവരി 26ന് കെ. നാരായണക്കുറുപ്പും മന്ത്രിയായി. 1975 മെയ് എട്ടിന് മൊയ്തീന്‍ കുട്ടി ഹാജി സ്പീക്കര്‍ സ്ഥാനം രാജിവെച്ചു. 1976 ഫെബ്രുവരി 17 വരെ ഡെപ്യൂട്ടി സ്പീക്കറായ ആര്‍.എസ്. ഉണ്ണി സ്പീക്കറുടെ ചുമതലകള്‍ നിര്‍വഹിച്ചു. പിന്നീട് കേരള കോണ്‍ഗ്രസിലെ ടി.എസ്. ജോണ്‍ സ്പീക്കറായി.

കോണ്‍ഗ്രസ് സിപിഐ ബാന്ധവത്തെ തുടര്‍ന്നുണ്ടായ മുന്നണിയും സര്‍ക്കാരും ഒരു പതിറ്റാണ്ടോളം സിപിഎമ്മിനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തി. അടിയന്തരാവസ്ഥയുടെ കിരാതനാളുകളെ തുടര്‍ന്നെത്തിയ 1977ലെ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ഇന്ദിരാ വിരുദ്ധ- കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും കേരളം ഭരണ മുന്നണിയ്‌ക്കൊപ്പം നിലകൊണ്ടു. ഭരണകക്ഷി സംഖ്യത്തിന് 111 സീറ്റും 51.96 ശതമാനം വോട്ടും ലഭിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ആദ്യമായി സിപിഐ സിപിഎമ്മിനേക്കാള്‍ സീറ്റുകള്‍ നേടിയ തെരഞ്ഞെടുപ്പും ഇതായിരിക്കും. സിപിഎമ്മിന് 17 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിപിഐക്കു 23 സീറ്റുകള്‍ കിട്ടി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയും ഗുണാത്മകമായ സാമൂഹിക ഇടപെടലുകളും ഇതിനു സഹായിച്ചതായി പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഞ്ചാം നിയമസഭ നിലനിന്ന 1977-79 കാലത്ത് നാലു മുഖ്യമന്ത്രിമാരാണ് ഉണ്ടായത്-കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ.

ശ്രദ്ധേയങ്ങളായ നിയമനിര്‍മാണങ്ങള്‍, സ്ഥാപനങ്ങള്‍

കേരള നിയമസഭയുടെ നിയമനിര്‍മാണങ്ങളുടെ ചരിത്രത്തിലെ സവിശേഷ ഘട്ടമാണ് രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലം. സംസ്ഥാനത്തെ ആദ്യകാല നിയമങ്ങളില്‍ ഏറിയവയും ഈ മന്ത്രിസഭയുടെ കാലത്തുണ്ടായവയാണ്. അവയില്‍ എടുത്തു പറയേണ്ടവയാണ് നാലു സര്‍വകലാശാല നിയമങ്ങള്‍-കൊച്ചി സര്‍വകലാശാല നിയമം, കേരള കാര്‍ഷിക സര്‍വകലാശാല നിയമം, കേരള സര്‍വകലാശാല നിയമം, കോഴിക്കോട് സര്‍വകലാശാല നിയമം എന്നിവ. ചില പുതിയ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനും നിലവിലെ സര്‍വകലാശാല ഭരണത്തിനു വിശാല അടിത്തറ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു ഇവ. ഈ ബില്ലുകളെല്ലാം സഭയില്‍ പൈലറ്റ് ചെയ്തത് മുഖ്യമന്ത്രി തന്നെ ആയിരുന്നു. ആ ബില്ലുകളില്‍ ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ കൊണ്ടുവന്നതാവട്ടെ സിപിഎം അംഗങ്ങളായ സി.ബി.സി വാര്യരും എം. തോമസുമായിരുന്നു. അവയില്‍ ഏറിയ പങ്കും സ്വീകരിക്കപ്പെട്ടു. എം. തോമസ് കൊണ്ടുവന്ന ഭേദഗതികളെല്ലാം തന്നെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറായി എന്നതും അക്കാലത്തെ സഭാ പ്രവര്‍ത്തനത്തിന്റെ സവിശേഷതയായി കണക്കിലെടുക്കണം.

സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളി നിയമത്തിന്റെ മാഗ്നകാര്‍ട്ട എന്നു വിശേഷിപ്പിക്കപ്പെട്ട 1974 കര്‍ഷകത്തൊഴിലാളി നിയമത്തിനു ജന്മം നല്‍കിയതും ഈ സഭ തന്നെ. കേരള ശിശു നിയമം, കേരള റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് നിയമം, ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായവും അടിമവേല സമ്പ്രദായവും അവസാനിപ്പിച്ചുകൊണ്ടുള്ള നിയമങ്ങള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ ഒട്ടേറെ നിയമ നിര്‍മാണങ്ങള്‍ ഇക്കാലയളവിലുണ്ടായി. പണിയെടുത്തില്ലെങ്കില്‍ ശമ്പളമില്ലെന്ന ഡയസ്‌നോണ്‍ നിയമമടക്കം ഒട്ടേറെ സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടത്തിയതിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ പോലെ തന്നെ വിമര്‍ശനങ്ങളും ഉണ്ടായി. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഭൂപരിഷ്‌ക്കരണ നിയമവുമായി ബന്ധപ്പെട്ട് പല നിര്‍ണായക നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടു. കേരള ഭൂപരിഷ്‌ക്കരണ ഭേദഗതി നിയമത്തിന് ആദ്യ അച്യുതമോനോന്‍ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്രം അനുമതി നല്‍കിയതെങ്കിലും 1972ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) ആക്ട് രൂപപ്പെടുത്തിയതും തുടര്‍ സര്‍ക്കാരായിരുന്നു.
തിരുവനന്തപുരത്തെ ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്‌ററഡീസ് (സിഡിഎസ്), കാര്‍ഷിക സര്‍വകലാശാല, കേരള വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് തുടങ്ങി നാടിന് അഭിമാനിക്കാന്‍ ഉതകുന്ന ഒട്ടേറെ സ്ഥാപനങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്നു. ഡോ.കെ.എന്‍. രാജിനെപ്പോലുള്ള രാജ്യാന്തരരംഗത്ത് സ്വീകാര്യരായ ഉന്നത മലയാളി വ്യക്തിത്വങ്ങളെ ഇവിടേക്കു കൊണ്ടുവന്നു സിഡിഎസ് പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിക്കാനും സാധിച്ചു.


അടിയന്തരാവസ്ഥ സൃഷ്ടിച്ച മുറിപ്പാടുകള്‍
ഏറെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും ഭരണനേട്ടങ്ങളുടെ മാറ്റുകുറച്ച സംഭവങ്ങള്‍ അടിയന്തരാവസ്ഥകാലത്ത് അരങ്ങേറി.എന്‍ജിനിയറിംങ് വിദ്യാര്‍ത്ഥിയായ രാജന്റെ തിരോധാനമായിരുന്നു ഏറ്റവും ചര്‍ച്ചയായ സംഭവം. വക്കം വിജയനെപ്പോലുള്ള നക്‌സലൈറ്റുകള്‍ക്കു നേരിടേണ്ടിവന്ന ദുരന്തങ്ങളുടേയും പേരിലും അച്യുതമേനോന്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയായ കെ. കരുണാകരനും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ വന്നതും ഭരണത്തെ വല്ലാതെ ബാധിച്ചു. പോലീസില്‍ നടന്നിരുന്നതൊന്നും മുഖ്യമന്ത്രിയ്ക്ക് അറിയാന്‍ വഴിയില്ലെന്ന വിമര്‍ശനങ്ങളെ കുറെയൊക്കെ ശരിവെയ്ക്കുന്നതരത്തിലാണ് പില്‍ക്കാലത്ത് അച്യുതമേനോന്‍ തന്നെ പറഞ്ഞതായി തെക്കുംഭാഗം മോഹന്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയത്:

''രാജന്‍ അപ്രത്യക്ഷനായതിനെപ്പറ്റി ഞാന്‍ കരുണാകരനോടു ചോദിച്ചിട്ടില്ല. ചോദിച്ചിട്ട് ഫലമില്ല എന്നായിരുന്നു എന്റെ ധാരണ.'' ആ നാളുകളില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിലുള്ള ബന്ധം എപ്രകാരമായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന പ്രസ്താവമാണിത്. ''ഏതായിരുന്നാലും 1977 ഏപ്രില്‍ ഒന്നാം തീയതി മുഖ്യമന്ത്രി പദത്തില്‍ നിന്നുമൊഴിഞ്ഞ് തൃശൂര്‍ക്കു പോരുന്നതിനു മുന്‍പുവരെ രാജന്‍ മരിച്ചതായി എനിക്കറിവു കിട്ടിയിരുന്നില്ല.'' പിതാവ് ഈച്ചരവാര്യരെപ്പോലെ ഈ നാട്ടിലെ മുഖ്യമന്ത്രിക്കും രാജന് എന്താണ് സംഭവിച്ചതെന്ന് അറിയാനാവാതെ പോയ അവസ്ഥ.
അടിയന്തരാവസ്ഥ കാലത്തെ പോലീസ് നടപടികള്‍ അച്യുതമേനോനും സര്‍ക്കാരിനും വലിയ തലവേദനകളാണ് സൃഷ്ടിച്ചിരുന്നത്. നക്‌സലൈറ്റുകളെ അമര്‍ച്ച ചെയ്യുന്നതിനായി കടുത്ത നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ. കരുണാകരനുമായി ഒത്തുപോകുന്നതിന് അച്യുതമേനോന്‍ ഏറെ ക്ലേശിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത് ആക്ഷേപം പറഞ്ഞുവെന്ന പേരില്‍ അച്യുതമേനോനോട് കെ. കരുണാകരന്‍ കാര്യമായി സംസാരിക്കാത്ത നിലവരെ എത്തി. അടിയന്തരാവസ്ഥ കാലത്ത് കരുണാകരന്റേയും ഉദ്യോഗസ്ഥരുടേയും അവഗണനയാല്‍ മുറിവേറ്റ അവസ്ഥയിലായി മുഖ്യമന്ത്രി.
അച്യുതമേനോന്‍ മുഖംമൂടിയില്ലാതെ എന്ന പുസ്തകത്തില്‍ അച്യുതമേനോനെ ഉദ്ധരിച്ച് തെക്കുംഭാഗം മോഹന്‍ എഴുതുന്നു: ''അടിയന്തരാവസ്ഥ ക്കാലത്ത് പ്രധാനമന്ത്രിയായിരുന്നല്ലോ സര്‍വാധികാരി. അവരുടെ പ്രതിനിധിയായിട്ടാണ് കരുണാകരനെ ഉദ്യോഗസ്ഥ പ്രമുഖരും നാട്ടുകാരും കണ്ടത്. സ്വാഭാവികമായും മുഖ്യമന്ത്രി എന്ന നിലയ്ക്ക് എന്റെ നിലയ്ക്കും വിലയ്ക്കും ഇടിവ് തട്ടി. അധികാരങ്ങള്‍ കുറഞ്ഞു. എന്തിനിങ്ങനെ ഇരിയ്ക്കുന്നു എന്ന് എനിയ്ക്കു പലപ്പോഴും തോന്നിത്തുടങ്ങി. ഈ വിവരം ഞാന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഭരണകാലത്തെ അവസാന നാളുകളില്‍ ഞാന്‍ വളരെ ദുഖിതനും അസ്വസ്ഥനുമായിരുന്നു. 1975 ജൂണിലാണ് അടിയന്തരാവസ്ഥ വന്നത്. പക്ഷെ, ഒന്നുകൊണ്ടും ഗുണമുണ്ടായില്ല. 75 ഒക്ടോബറില്‍ എന്റെ കാലാവധി തീര്‍ന്നു. നാം ഉടന്‍ ഇറങ്ങിപ്പോരണമെന്നായിരുന്നു എന്റെ അഭിപ്രായം. ഇതു ഞാന്‍ സംസ്ഥാന കമ്മറ്റിയോടും ദേശിയ കൗണ്‍സിലിനോടും പറഞ്ഞിരുന്നു. അടിയന്തരാവസ്ഥ വന്നതോടെ ഭരണം യഥാര്‍ത്ഥത്തില്‍ കരുണാകരന്റെ കൈയിലായി. 'അതുകൊണ്ട് നാം നാണം കെട്ട് ഇനി ഇരിക്കേണ്ട' എന്നു സഖാക്കളോട് പലതവണ പറഞ്ഞു''

എംഎല്‍എമാരെപ്പോലും തടവുകാരാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവവങ്ങള്‍ നിയമസഭയില്‍ വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അടിയന്തരാവസ്ഥകാലത്ത് കൊടിയ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായ വ്യക്തിയാണ്. പ്രതിപക്ഷത്തെ ഒട്ടേറെ പ്രമുഖര്‍ ജയിലിലായി. ഇതേക്കുറിച്ച് സഭയില്‍ നടന്ന വാഗ്വാദങ്ങള്‍ക്കു മധ്യെ 'അടിയന്തരാവസ്ഥക്കാലത്ത് പലതും നടക്കുന്നത് സമയം നോക്കിയല്ലെ'ന്ന കെ. കരുണാകരന്റെ മറുപടി അക്കാലത്ത് കാര്യങ്ങള്‍ ഏതുതരത്തിലാണ് നടന്നിരുന്നതെന്ന് സൂചിപ്പിക്കുന്നു. രാജന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നുമുണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ കെ. കരുണാകരന് മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നുവെന്നത് പില്‍ക്കാല ചരിത്രം.

മൂന്നു പില്‍ക്കാല മുഖ്യമന്ത്രിമാരുടെ ആദ്യസഭ

ഒട്ടേറെ പ്രമുഖരെക്കൊണ്ടു സമ്പന്നമായിരുന്നു നാലാം കേരള നിയമസഭ. പില്‍ക്കാലത്തെ മൂന്നു മുഖ്യമന്ത്രിമാര്‍ ആദ്യമായി നിയമസഭാ സാമാജികരായി എത്തിയത് നാലാം കേരള നിയമസഭയിലായിരുന്നു. എ.കെ. ആന്റണി ചേര്‍ത്തലയില്‍ നിന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും പിണറായി വിജയന്‍ കൂത്തുപറമ്പില്‍ നിന്നും ആദ്യമായി സഭയിലെത്തി. ചേര്‍ത്തലയില്‍ ആന്റണി തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിലെ എന്‍. പ്രഭാകര തണ്ടാരെ 28,059 നെതിരെ 28,419 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തിയത്. 360 വോട്ടുകളുടെ ഭൂരിപക്ഷം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിലെ ഇ.എം ജോര്‍ജ്ജിനെ 22,496 എതിരെ 29,784 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി. 7288 വോട്ടുകളുടെ ഭൂരിപക്ഷം. പിണറായി വിജയനാകട്ടെ തൊട്ടടുത്ത എതിരാളിയായ പിഎസ്പിയിലെ തായത്ത് രാഘവനെ 27,598നെതിരെ 28,281 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്. ഭൂരിപക്ഷം 683.
പില്‍ക്കാല മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനും അമ്പലപ്പുഴയില്‍ നിന്നും അക്കുറി സഭയില്‍ എത്തിയിരുന്നു. അച്യുതാനന്ദന്റെ നിയമസഭയിലെ രണ്ടാമൂഴമായിരുന്നു അത്. 1967ലും അദ്ദേഹം അമ്പലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നു. മറ്റൊരു പില്‍ക്കാല മുഖ്യമന്ത്രിയായ കെ. കരുണാകരന്‍ മന്ത്രിസഭയിലെ രണ്ടാമനാകാനെത്തിയത് തന്റെ പ്രിയ മണ്ഡലമായ മാളയില്‍ നിന്നും രണ്ടാമൂഴക്കാരനായിട്ടായിരുന്നു.
പി.ജെ. ജോസഫ്, എം.വി. രാഘവന്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭരുടെ ആദ്യസഭയായിരുന്നു അത്. പി.ജെ ജോസഫ് തൊടുപുഴയേയും എം.വി. രാഘവന്‍ മാടായിയേയും ആയിരുന്നു പ്രതിനിധീകരിച്ചിരുന്നത്. ഇ. ബാലാനന്ദന്‍, കെ. ആര്‍. ഗൗരി, എ.എല്‍. ജേക്കബ്, കെ. ചാത്തുണ്ണി മാസ്റ്റര്‍, ജോസഫ് മുണ്ടശ്ശേരി, ബി. വെല്ലിംങ്ടണ്‍ തുടങ്ങി ഏറെ പ്രഗത്ഭരടങ്ങുന്നതായിരുന്നു സഭ. അന്ന് സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട പ്രമുഖരില്‍ ജനസംഘം നേതാവായ ഒ. രാജഗോപാലിനേയും സിപിഎം നേതാക്കളായ ഇ.കെ. ഇമ്പിച്ചിബാവയേയും പി.വി. കുഞ്ഞിക്കണ്ണനേയും സിപിഐ നേതാവായിരുന്ന സി.ജി. സദാശിവനേയും കോണ്‍ഗ്രസിലെ ലീല ദാദരമേനോനേയും പോലുള്ള പ്രമുഖരും ഉണ്ടായിരുന്നു. ഒ. രാജഗോപാല്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച് 15,646 വോട്ടുകള്‍ നേടി മുന്നാമനായി. 27. 42 ശതമാനം വോട്ടുകള്‍. അവിടെ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ആര്‍. കൃഷ്ണന്‍ നേടിയത് 23113 വോട്ടുകളായിരുന്നു. സംഘ പ്രസ്ഥാനങ്ങള്‍ക്ക് അക്കാലത്തുതന്നെ പാലക്കാട്ട് വേരോട്ടമുണ്ടായിരുന്നുവെന്നു സൂചിപ്പിയ്ക്കാനാണ് ഈ കണക്ക് ഉദ്ധരിച്ചത്.

സഭയ്ക്കത്ത് കൂട്ട സത്യഗ്രഹം

സഭയ്ക്കകത്തു പ്രതിപക്ഷാംഗങ്ങളുടെ കൂട്ട സത്യഗ്രഹം നടാടെ നടന്നതും നാലാം സഭാകാലത്താണ്. സഭാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചിട്ടയോടെ നടന്നിരുന്നു അക്കാലത്ത് ബഹളവും വെല്ലിലിറങ്ങലുമൊക്കെ ഇപ്പോഴുള്ള തരത്തില്‍ സാധാരണമായിരുന്നില്ല. 1975 ഫെബ്രുവരി 25നായിരുന്നു സഭയില്‍ കൂട്ട സത്യഗ്രഹം നടന്നത്. മന്ത്രിമാരായിരുന്ന കെ. കരുണാകരന്‍, ഡോ. കെ.ജി അടിയോടി, വക്കം പുരുഷോത്തമന്‍, എന്‍.കെ. ബാലകൃഷ്ണന്‍, ചാക്കിരി അഹമ്മദുകുട്ടി എന്നിവര്‍ക്കെതിരെ സഭയില്‍ പ്രതിപക്ഷം അഴിമതിയാരോപണം ഉന്നയിച്ചു. കമ്മീഷന്‍ ഓഫ് എന്ക്വയറീസ് ആക്ട് അനുസരിച്ചുള്ള അന്വേഷണത്തിനു വിധേയരായ അഞ്ചു മന്ത്രിമാരും രാജിവെച്ചായിരിക്കണം അന്വേഷണത്തെ നേരിടേണ്ടതെന്ന പ്രതിപക്ഷ ആവശ്യത്തിനു സര്‍ക്കാര്‍ വഴങ്ങിയില്ല. ഈ നിലപാട് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് സഭയ്ക്കകത്തു സത്യഗ്രഹം നടത്തുന്നതിനുള്ള തീരുമാനം പ്രതിപക്ഷം കൈക്കൊണ്ടത്.

പ്രതിപക്ഷ നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സഭയ്ക്കകത്ത് ആരംഭിച്ച സത്യഗ്രഹം അന്നു രാത്രിയിലും പിറ്റേദിവസം സഭ സമ്മേളിച്ചപ്പോഴും തുടര്‍ന്നു. സത്യഗ്രഹികള്‍ സഭയ്ക്കകത്തു തന്നെ ഉറങ്ങി. 30 മണിക്കൂര്‍ നീണ്ട സത്യഗ്രഹത്തിനുശേഷമായിരുന്നു പ്രതിപക്ഷം സമരം അവസാനിപ്പിച്ചത്.

അവിശ്വാസ പ്രമേയങ്ങള്‍

സി. അച്യുതമേനോന്‍ മന്ത്രിസഭയ്‌ക്കെതിരെ 1971 ഏപ്രില്‍ ആറിന് സി.ബി.സി വാര്യരും 1971 നവംബര്‍ 26നു ജോണ്‍ മാഞ്ഞൂരാനും 1972 സെപ്റ്റംബര്‍ 25ന് ഇ. ബാലാനന്ദനും അവിശ്വാസ പ്രമേയങ്ങള്‍ കൊണ്ടുവന്നു. ഈ പ്രമേയങ്ങളൊക്കെ പരാജയപ്പെടുകയാണ് ഉണ്ടായത്. സി.ബി.സി വാര്യര്‍ കൊണ്ടുവന്ന പ്രമേയത്തില്‍ 48 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 69 പേര്‍ എതിര്‍ത്തു. 13 മെമ്പര്‍മാര്‍ നിഷ്പക്ഷത പാലിച്ചു. ജോണ്‍ മാഞ്ഞുരാന്റെ പ്രമേയത്തിന് അനുകൂലമായി 56 പേര്‍ വോട്ടു ചെയ്തപ്പോള്‍ 72 പേര്‍ അതിനെ എതിര്‍ത്തു. ഇ. ബാലാനന്ദന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 58 പേരാണ് അനുകൂലിച്ചത്. 70 പേര്‍ എതിര്‍ക്കുകയും ചെയ്തു.
1974 ഒകടോബര്‍ 14ന് ആറ്റിങ്ങല്‍ ഗോപാല പിള്ളയും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. പക്ഷെ ആ പ്രമേയത്തിന് അവതരണാനുമതി ലഭിക്കുകയുണ്ടായില്ല.

അവലംബം

1. അറുപതിലെത്തിയ കേരള തെരഞ്ഞെടുപ്പ് രാഷ്ട്രീയം -ഡോ.എസ്. രാമചന്ദ്രന്‍ നായര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം
2. ജനാധിപത്യ കേരളം- കെ. ബാലകൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്, തൃശൂര്‍
3. അച്യുതമേനോന്‍ മുഖംമൂടിയില്ലാതെ-തെക്കുംഭാഗം മോഹന്‍, ഡിസി ബുക്‌സ്, കോട്ടയം
4. കേരള നിയമസഭ ചരിത്രവും ധര്‍മ്മവും-കെ.ജി. പരമേശ്വരന്‍ നായര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം
5. വോട്ടു ചരിതം, കേരള നിയമസഭ, ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, തിരുവനന്തപുരം
6. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം- പി.കെ ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം
7. ആര്‍. ബാലകൃഷ്ണ പിള്ളയുടെ ആത്മകഥ, ഡിസി ബുക്‌സ് കോട്ടയം
8. കഥ ഇതുവരെ-ഡി. ബാബുപോള്‍, ഡിസി ബുക്‌സ് കോട്ടയം


Next Story

Related Stories