TopTop
Begin typing your search above and press return to search.

നക്‌സല്‍ സമരങ്ങളല്ല കേരളത്തിലെ ജന്മിത്വത്തെ ഇല്ലാതാക്കിയത്, കോങ്ങാട് സംഭവത്തിന് പിന്നില്‍ സംഘടനയിലെ ഭിന്നത-ഭാസുരേന്ദ്ര ബാബു പറയുന്നു

നക്‌സല്‍ സമരങ്ങളല്ല കേരളത്തിലെ ജന്മിത്വത്തെ ഇല്ലാതാക്കിയത്, കോങ്ങാട് സംഭവത്തിന് പിന്നില്‍ സംഘടനയിലെ ഭിന്നത-ഭാസുരേന്ദ്ര ബാബു പറയുന്നു

കോങ്ങാട് തലവെട്ട് സംഭവമോ അതിന് മുമ്പും പിമ്പും നടന്ന നക്‌സല്‍ സമരങ്ങളോ അല്ല കേരളത്തിലെ ജന്മിത്വത്തെ ഇല്ലാതാക്കിയതെന്ന് മുന്‍ നക്സലൈറ്റ് നേതാവും സാമൂഹ്യ നിരീക്ഷകനുമായ ഭാസുരേന്ദ്ര ബാബു. അതിനൊക്കെ മുമ്പ് തന്നെ ദീര്‍ഘകാലത്തെ സമരങ്ങളുടെ ഫലമായി ജന്മിത്വം ഇല്ലാതായെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ജന്മിത്വത്തിന്റെ അവശിഷ്ട രൂപങ്ങളെ ഇല്ലാതാക്കാന്‍ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു. ഇവിടെ എതിര്‍ക്കപ്പെടേണ്ടത് സാമ്രാജ്യത്വമാണെന്നായിരുന്നു നക്സല്‍ നേതാവ് കുന്നിക്കല്‍ നാരായണന്റെ നിലപാട്. അല്ല ജന്മിത്വമാണെന്നായിരുന്നു ചാരു മജുംദാറിന്റെ സിദ്ധാന്തം. ഈ രണ്ട് നിലപാടുകളും ശരിയായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, വര്‍ഗ്ഗ ബന്ധങ്ങള്‍ മാറിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കാതെ പോയതിനാലാണ് ഇന്ത്യയിലെ നക്‌സലൈറ്റ് പ്രസ്ഥാനം ശിഥിലമായി പോയതെന്നും അദ്ദേഹം അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഭാസുരേന്ദ്ര ബാബുവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്. (ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-കോങ്ങാട്: ഉന്മൂലന 'പരീക്ഷണ'ത്തിന്റെ 50 വര്‍ഷങ്ങള്‍)

നക്‌സലൈറ്റ് മുന്നേറ്റങ്ങളില്‍ ഞാന്‍ ഏതെങ്കിലും ഒരു സമരത്തെ മാറ്റിനിര്‍ത്തുന്നില്ല. തലശ്ശേരി-പുല്‍പ്പള്ളി മുതല്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിനകത്ത് നടന്ന സായുധ സമരങ്ങളുടെ ഒരു അലയുണ്ടായിരുന്നു. തിരുവനന്തപുരത്തെ നഗരൂര്‍-കുമ്മിള്‍-കിളിമാനൂര്‍ വരെ അത് തുടര്‍ന്നു. ഈ സമരങ്ങളുടെ ഏറ്റവും ആക്രമണ സ്വഭാവമുള്ളതായിരുന്നു കോങ്ങാട് നടന്നത്. കോങ്ങാട് സമരത്തിലെത്തുമ്പോള്‍ കുറെക്കൂടി ജനവിരുദ്ധനായ ഒരു ജന്മിയുടെയും അദ്ദേഹത്തിന്റെ പോലീസ് മേധാവിയായ മരുമകന്റെയും സാന്നിധ്യമുണ്ടായിരുന്നു. ഈ ഘടകം അതിന് കൂടുതല്‍ പ്രസക്തി നല്‍കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ തലയറുക്കല്‍ നടന്നതും അവിടെയാണ്. കുമ്മിളിലാണ് രണ്ടാമത്തെ തലയറുക്കല്‍ നടന്നത്. അതെല്ലാം തന്നെ പൊതുവില്‍ ജന്മിത്വ വിരുദ്ധം എന്ന നിലയ്ക്കാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പരിചിതമല്ലാത്ത മുഖം മലയാളികള്‍ക്ക് കാണാന്‍ സാധിച്ചു. ഉന്മൂലനസമരം എന്ന് വിശേഷിപ്പിച്ച തലയറുക്കലിനെക്കുറിച്ച് ചാരു മജുംദാര്‍ തന്നെ പറഞ്ഞത് ഉന്മൂലന സമരം വര്‍ഗ്ഗസമരത്തിന്റെ ഒരു ഉയര്‍ന്ന രൂപമാണെന്നും കര്‍ഷക സൈന്യത്തിന്റെ രൂപീകരണത്തിന്റെ ആദ്യഘട്ടമാണെന്നുമാണ്. അതെന്തുകൊണ്ടെന്നാല്‍ ജന്മിത്വം നിലനില്‍ക്കുന്ന നാട്ടിന്‍പുറങ്ങളില്‍ ആത്യന്തികമായി ജന്മിമാര്‍ക്ക് അധികാരമുള്ള വ്യവസ്ഥയാണ് ഉള്ളത്. ആ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നത് ജന്മിമാരെ നേരിട്ട് കൃഷിക്കാര്‍ ആക്രമിച്ചുകൊണ്ടാണ്. കൃഷിക്കാര്‍ ഇവിടെ ഭയത്തെ അതിജീവിക്കുന്നു. ഭയത്തെ നിരാകരിച്ചുകൊണ്ട് സ്വയമൊരു സൈന്യമായി സംഘടിപ്പിക്കപ്പെടുന്ന അവസ്ഥയെയാണ് ചാരു മജുംദാര്‍ വര്‍ഗ്ഗസമരത്തിന്റെ ഉയര്‍ന്ന രൂപമെന്നും ജനകീയ സേനാ രൂപീകരണത്തിന്റെ ആദ്യപടിയെന്നും വിളിച്ചത്. ജന്മിമാരെ കൃഷിക്കാര്‍ കൊല്ലുന്നത് ഭീകര പ്രവര്‍ത്തനമല്ല, മറിച്ച് വിമോചന സംരഭമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ലോകത്ത് പുതിയതല്ല. ചൈനയില്‍ മാവോ സെ തുങ് സ്വീകരിച്ച ഒരു കാര്യമാണ്. അവിടെയും നാട്ടിന്‍പുറങ്ങളെ മോചിപ്പിച്ച് നഗരത്തെ വളയുകയാണ് ഉണ്ടായത്. അങ്ങനെ വരുമ്പോള്‍ നാട്ടിന്‍പുറത്തെ മോചിപ്പിക്കുക,എന്നാല്‍ ഫ്യൂഡല്‍ ടെററിനെ അതിജീവിക്കുക എന്നതാണ്. ജന്മിത്വത്തെ അവസാനിപ്പിക്കുന്നുവെന്നാണ് നക്‌സലിസം അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ അങ്ങനെ പറയാന്‍ പറ്റുന്ന ജന്മിത്വം കോങ്ങാട് ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ജന്മിത്വം ഉണ്ടാകണമെങ്കില്‍ വലിയ വ്യാപ്തിയില്‍ പ്രദേശങ്ങള്‍ ജന്മിമാരുടെ അധീനതയില്‍ ഇരിക്കണം. അവിടെ ജന്മിത്വത്തിന്റെ സ്വാധീനമല്ലാതെ മറ്റൊന്നും ഉണ്ടാകരുത്. ജന്മി താമസിക്കുന്ന സ്ഥലങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ അടിയാന്മാരും കുടിയാന്മാരും താമസിക്കുന്ന സ്ഥലവും മാത്രമായിരിക്കണം ഉണ്ടാകേണ്ടത്. നക്‌സല്‍ബാരി പോലുള്ള സ്ഥലങ്ങളിലും ബംഗാളിലും അതുണ്ട്. കേരളത്തില്‍ ഒരു പ്രദേശത്തും 1970ല്‍ അതില്ല. അതിപ്പോള്‍ കുമ്മിളില്‍ ആയാലും കോങ്ങാട് ആയാലും മനുഷ്യര്‍ ഇടതൂര്‍ന്ന് തന്നെ ജീവിക്കുന്ന അവസ്ഥ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ജന്മിത്വത്തിന്റെ പ്രകടിത രൂപം അവിടെയില്ല.

1970ല്‍ തന്നെ ജന്മിത്വത്തിന്റെ അവശിഷ്ടഘടകത്തെയും അച്യുതമേനോന്‍ മന്ത്രിസഭ ഇല്ലാതാക്കിയിരുന്നു. പക്ഷെ, മിച്ചഭൂമി സമരത്തിന് ശേഷമുള്ള ജന്മിത്വത്തിന്റെ അവശിഷ്ട രൂപത്തെക്കൂടി ഇല്ലാതാക്കാന്‍ നക്‌സല്‍ സമരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ജന്മിത്വത്തിനെതിരെ വലിയ സമരങ്ങള്‍ നേരത്തെ തന്നെ നടന്നിട്ടുണ്ട്. അതിന്റെയൊരു അവശിഷ്ട രൂപത്തെ ടെറര്‍ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ അവശിഷ്ട രൂപം കാര്യമായിട്ട് ഉണ്ടായിരുന്നില്ല. ദീര്‍ഘമായ ജന്മിത്വ വിരുദ്ധ സമരങ്ങള്‍ കേരളത്തിലുണ്ട്. മറ്റൊരു വശത്ത് കൂടി കേരളത്തില്‍ നഗരവല്‍ക്കരണം നടക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ട് ജന്മികളുടെ സ്ഥലങ്ങളും അടിയാന്മാരുടെ സ്ഥലവും രണ്ട് തരത്തില്‍ ധ്രുവീകരിക്കപ്പെട്ട പ്രദേശം കോങ്ങാട് കേസ് നടക്കുമ്പോള്‍ പോലും കേരളത്തില്‍ ഇല്ല. പിന്നെയും കേരളത്തില്‍ അത് കാണാന്‍ സാധ്യതയുള്ളത് വയനാട് ആണ്. ചാരു മജുംദാര്‍ വിഭാവനം ചെയ്ത രീതിയില്‍ ഒരു ഉന്മൂലന സമരത്തിന്റെ സാഹചര്യം ഇവിടെയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ ആശയം പരിശീലിപ്പിക്കപ്പെട്ടവര്‍ കണ്ടെത്തിയ ഒരു സമരമുറയാണ് ഇവിടെയുണ്ടായത്.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാനായത് നക്‌സലിസത്തോടുള്ള ജന്മിമാരുടെ ഭയം കൊണ്ടായിരുന്നുവെന്ന് പറയുന്നതൊക്കെ വെറുതെയാണ്. കുടികിടപ്പ് എന്ന് പറയുന്നത് ജന്മിത്വത്തിന്റെ ഒരു സ്വഭാവമാണ്. കുടികിടക്കുന്നതായിരുന്നു ജന്മിത്വത്തിന്റെ ഒരു വ്യവസ്ഥ. കുടികിടപ്പ് അവകാശം 1957ല്‍ നിയമപ്രകാരം കിട്ടിയ ഒരു സമൂഹമാണ് നമ്മുടേത്. പിന്നീട് കേരളത്തില്‍ കുടിയൊഴിക്കല്‍ നടന്നിട്ടില്ല. എന്നു പറഞ്ഞാല്‍ തങ്ങളുടെ തൊഴിലാളികള്‍ എവിടെ താമസിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം 1957ല്‍ ജന്മിമാര്‍ക്ക് നഷ്ടപ്പെട്ടു. ആ അര്‍ത്ഥത്തില്‍ ജന്മിത്വത്തിന്റെ ഒരു വലിയ ഘടകം ഇല്ലാതായി. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് ഭയപ്പെടാന്‍ ജന്മിമാരൊന്നും ഇവിടെ ഇല്ലായിരുന്നു. മറിച്ച് ഏത് ചൂഷകനും ഇവിടെ ഭയത്തോടെയാണ് ജീവിച്ചിരുന്നത്. അത് ജന്മിയായിരുന്നത് കൊണ്ടൊന്നും ആയിരുന്നില്ല പകരം ജനമര്‍ദ്ദകര്‍ ആയിരുന്നതുകൊണ്ടാണ്. ഉദാഹരണത്തിന് പണം പലിശയ്ക്ക് കൊടുക്കുന്ന ആളുകളാകാം, വന്‍തോതില്‍ കച്ചവടത്തില്‍ കൃത്രിമത്വം കാണിച്ച് കാശുണ്ടാക്കുന്നവരാകാം, നഗരത്തിലെ മുതലാളിമാരാകാം, വിദ്യാഭ്യാസ കച്ചവടക്കാരാകാം അവരെല്ലാം പേടിച്ചിട്ടുണ്ട്. നമ്മള്‍ തോന്ന്യവാസം കാണിച്ചാല്‍ തലവെട്ടിക്കളയാന്‍ ആളുണ്ടാകുമെന്ന ചിന്തയിലാണ് ആ പേടി. അവര്‍ ആ പ്രവര്‍ത്തിയെയാണ് ഭയപ്പെട്ടത്.

അങ്ങനെ ലക്ഷണമൊത്ത ജന്മിത്വമില്ല, ജന്മിമാരില്ല, കുടികിടപ്പവകാശം 57ല്‍ തന്നെ കിട്ടുകയും ചെയ്തു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നു. പിന്നെയും ടെറര്‍ ഉണ്ടാക്കാന്‍ പറ്റും. അത് ചാരു മജുംദാര്‍ പറയുന്നത് പോലെ ലക്ഷണമൊത്ത ടെറര്‍ ഒന്നുമല്ല. ആ ടെറര്‍ ഈ പറയുന്ന വാക്കുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ നക്‌സലൈറ്റുകളുടെ ജനസമുദായത്തില്‍ നിന്നും ഒറ്റപ്പെടുത്താനല്ലേ സഹായിക്കുകയുള്ളൂ. ഇടത്തരക്കാര്‍ അതിനെ പിന്തുണച്ചോ? ഒട്ടും പിന്തുണച്ചില്ലല്ലോ? അവര്‍ ഒറ്റപ്പെട്ടുപോയി. 1968ല്‍ അജിതയെയും ഫിലിപ്പ് എം പ്രസാദിനെയും സാധാരണ കൃഷിക്കാര്‍ വളഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്. ഇതേ സംഭവം ഗീതാനന്ദന്റെ കാര്യത്തിലും സി കെ ജാനുവിന്റെ കാര്യത്തിലും സംഭവിച്ചു. ഗീതാനന്ദന് നക്‌സലൈറ്റ് പശ്ചാത്തലമെങ്കിലും ഉണ്ടായിരുന്നു. ജാനുവിന് അതും ഇല്ലായിരുന്നു. എന്നിട്ടും അവരെയും വളഞ്ഞുവച്ച് നാട്ടുകാര്‍ പോലീസിന് പിടിച്ചുകൊടുത്തു. ഇതൊന്നും നക്‌സലൈറ്റ് വിരുദ്ധത കൊണ്ടല്ല, മറിച്ച് ഇവര് കാണിക്കുന്ന പ്രവര്‍ത്തിയുടെ തീവ്രസ്വഭാവം കൊണ്ടാണ്. അതിലുള്ള ഇടത്തരക്കാരുടെ ഭയം കൊണ്ടാണ്. വര്‍ഗ്ഗശത്രുക്കളായത് കൊണ്ടൊന്നും അല്ല അവര്‍ അത് ചെയ്യുന്നത്. കേരളം പോലെ ഡെമോക്രറ്റൈസ് ചെയ്തിരിക്കുന്ന സ്ഥലത്ത് അങ്ങനെയൊക്കെ ചെയ്താല്‍ ആളുകള്‍ക്ക് പെട്ടെന്ന് പേടി വരും. നമ്മുടെ ജനാധിപത്യവല്‍ക്കരണം വളരെ മുന്നോട്ട് പോയിട്ടുണ്ടെന്നാണ് ഇതിന് അര്‍ത്ഥം. തെരഞ്ഞെടുപ്പ് രാഷ്ട്രീയമൊക്കെ വളരെ ജനകീയമായിരിക്കുന്നു.


നഗരൂര്‍-കുമ്മിള്‍-കിളിമാനൂര് സംഭവം നടക്കുമ്പോഴും കൊങ്ങാട് സംഭവം നടക്കുമ്പോഴും ജന്മിത്വം പാടെ നശിച്ചു കഴിഞ്ഞെങ്കിലും കേരളത്തില്‍ വലിയ വ്യത്യാസം വര്‍ഗ്ഗ ബന്ധങ്ങളില്‍ ഇല്ല. പിന്നെ ഇവിടെ സംഭവിച്ചത് നക്‌സലൈറ്റുകള്‍ക്ക് ഇടയില്‍ തന്നെയുണ്ടായ ഭിന്നതകളാണ്. ഉദാഹരണത്തിന് ആദ്യ സംഭവങ്ങളില്‍ വെടിവച്ചാണ് കൊന്നത്. എന്തുകൊണ്ട് അന്ന് തലയറുത്തില്ല? കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ തന്നെ ചാരു മജുംദാര്‍ വിരുദ്ധമായാണ് ആലോചിച്ചത്. ചാരു മജുംദാര്‍ കേരളത്തില്‍ വരികയും കുന്നിക്കല്‍ നാരായണനുമായി ചര്‍ച്ച നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുഖ്യ വൈരുദ്ധ്യം സാമ്രാജ്യത്വമാണെന്നാണ് കുന്നിക്കല്‍ നാരായണന്‍ വിചാരിക്കുന്നത്. എന്നാല്‍ ജന്മിത്വമാണെന്നാണ് ചാരു മജുംദാര്‍ വിചാരിക്കുന്നത്. ജന്മിത്വം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ ജന്മിമാരെ ഉന്മൂലനം ചെയ്ത് ടെറര്‍ ഉണ്ടാക്കി ജനകീയ വിമോചന സൈന്യം രൂപീകരിക്കാന്‍ പറ്റൂ. ഇതാണ് വീക്ഷണം. എന്നാല്‍ ഇതിനോട് വിയോജിച്ച് കുന്നിക്കല്‍ നാരായണന്‍ പിരിഞ്ഞ് പോകുകയും ചെയ്തു.


കുന്നിക്കല്‍ നാരായണന്റെ ശിഷ്യനായാണ് വര്‍ഗ്ഗീസ് വരുന്നത്. അതുകൊണ്ട് വര്‍ഗ്ഗീസിന് തലയറുക്കല്‍ എന്ന സിദ്ധാന്തം തന്നെ അറിയണമെന്നില്ല. ചിലപ്പോള്‍ വായിച്ച് പോയിട്ടുണ്ടാകും. അതില്‍ ഉറച്ച് നില്‍ക്കണമെന്ന ആഗ്രഹമൊന്നും അദ്ദേഹത്തിന് ഉണ്ടാകില്ല. കൊല്ലാന്‍ തീരുമാനിച്ചാല്‍ എളുപ്പത്തില്‍ കൊല്ലുക എന്നുള്ളത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നും ഇന്നും വയനാട്ടിലും ഇടുക്കിയിലുമെല്ലാം തോക്കുകള്‍ സുലഭവുമാണ്. അല്ലാതെ വിമോചന സൈന്യത്തെ രൂപീകരിക്കുകയൊന്നും അവര്‍ ചെയ്തിട്ടില്ല. തലശ്ശേരി-പുല്‍പ്പള്ളി ആക്രമത്തിന്റെ രീതി സൈന്യം രൂപീകരിക്കാനായിരുന്നു. തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തോക്ക് എടുക്കുക. അവിടെ നിന്നും വയനാട്ടിലേക്ക് മാര്‍ച്ച് ചെയ്യുക. അപ്പോള്‍ മറ്റൊരു സംഘം പുല്‍പ്പള്ളിയില്‍ സ്റ്റേഷന്‍ ആക്രമിച്ച് തോക്കെടുത്ത് അവരും വയനാട്ടിലേക്ക് മാര്‍ച്ച് ചെയ്യുക എന്നതായിരുന്നു പദ്ധതി. രണ്ട് വിഭാഗം ആളുകളും മാര്‍ച്ച് ചെയ്ത് ഒരു സ്ഥലത്ത് വച്ച് ഒന്നിച്ച് ജനകീയ സൈന്യത്തിന്റെ പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതായിരുന്നു അവരുടെ ലക്ഷ്യം. സാമ്രാജ്യത്വ വിരുദ്ധ സമരമാണ് അവര്‍ നടത്തിയതും.

ജന്മിത്വത്തെ ഇല്ലാതാക്കിയെന്ന നക്‌സലെറ്റുകളുടെ വാദമുഖം ശരിയല്ലെന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. നക്‌സല്‍ ബാരിയിലും ആന്ധ്രയിലെ ശ്രീകാകുളത്തുമാണ് കോങ്ങാട് തലയറുക്കല്‍ സംഭവത്തിന് മാതൃകയായ ആക്ഷനുകള്‍ നടന്നത്. പക്ഷെ അവിടെയും പെട്ടെന്ന് സൈന്യം എത്തിച്ചേരുകയും കലാപം അടിച്ചമര്‍ത്തുകയും ചെയ്തു. സൈന്യം എന്നാല്‍ പാരാമിലിറ്ററിയാണ് എത്തിച്ചേര്‍ന്നത്. അതിനാലൊക്കെ തന്നെ ചാരു മജുംദാറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് കനു സന്യാലൊക്കെ തള്ളിപ്പറയാന്‍ കാരണമായിട്ടുണ്ട്. കൃഷിക്കാരെക്കുറിച്ച് അറിയാത്ത ഒരു നേതാവിന്റെ റൊമാന്റിക് സങ്കല്‍പ്പങ്ങളെന്നാണ് ഗിരിവര്‍ഗ്ഗക്കാരനായ കനു സന്യാല്‍ അതിനെ വിശേഷിപ്പിച്ചത്. ഒരു അളവ് വരെയും അങ്ങനെ തന്നെയാണ്.

ഞങ്ങളൊക്കെ പ്രസ്ഥാനത്തില്‍ വരുമ്പോള്‍ ആദ്യഘട്ടത്തിലൊക്കെ ജന്മിത്വമുണ്ടെന്ന മജുംദാരുടെ നിലപാടാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥ കാലത്ത് നടത്തിയ സമരത്തിലാണ് ഞങ്ങള്‍ ജയിലില്‍ പോയത്. ജയിലില്‍ പോയതിന് ശേഷം അവിടെ വച്ചാണ് ഞങ്ങള്‍ മാറിയത്. കേരളത്തിലെയും ഇന്ത്യയിലെയും സാഹചര്യങ്ങള്‍ വളരെയധികം മാറിയിരിക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ആ മാറ്റം. വര്‍ഗ്ഗീസിന്റെയും രക്തസാക്ഷികളായ മറ്റുള്ളവരുടെയും ഗതി തന്നെ വരുമെന്ന് ഉറപ്പായിരുന്നു. സാംസ്‌കാരിക വേദികളോ സംഘടനകളോ ഉപയോഗിച്ച് പ്രാദേശിക നിലവാരത്തിലുള്ള വര്‍ഗ്ഗസമര രീതികള്‍ കണ്ടെത്തുകയാണ് പിന്നീട് ഞങ്ങള്‍ ചെയ്തത്. ഇന്ത്യന്‍ സാഹചര്യത്തിന് അനുസരിച്ചുള്ള രീതികളാണ് കണ്ടെത്താന്‍ ശ്രമിച്ചത്. പിന്നീട് നമുക്കൊരിക്കലും യാന്ത്രികമായ വീക്ഷണം ഉണ്ടായില്ല. രാവുണ്ണിയേട്ടനൊക്കെ അത് ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത് മറ്റ് കാര്യങ്ങള്‍ ഇല്ലാത്തതിനാലാണ്. അവരുടെ നിലനില്‍പ്പ് ശരി എന്ന് വ്യാഖ്യാനിക്കണമെങ്കില്‍ അത് ജന്മിത്വത്തെ പേടിപ്പിച്ചുവെന്നൊക്കെ പറയേണ്ടി വരും. അങ്ങനെ പേടിക്കാന്‍ ഇവിടെ ജന്മിമാരുണ്ടായിരുന്നില്ല എന്ന് നമ്മള്‍ പറഞ്ഞു കഴിഞ്ഞു.

ഗള്‍ഫില്‍ തൊഴിലവസരങ്ങളുണ്ടായത് നക്‌സല്‍ പ്രസ്ഥാനം ശിഥിലമായി പോകാന്‍ കാരണമായി എന്നത് കേരളത്തിന്റെ അവസ്ഥയില്‍ ശരിയാണെന്ന് പറയാം. അതൊരു കോംപ്ലിമെന്ററി ഫാക്ടര്‍ ആണ്. എന്നാല്‍ നക്‌സല്‍ ബാരിയിലും ശ്രീകാകുളത്തും എങ്ങനെയാണ് ഈ പ്രസ്ഥാനം പൊളിഞ്ഞത്? അവിടെയൊന്നും ആളുകള്‍ ഗള്‍ഫിലേക്ക് പോയിട്ടില്ലല്ലോ? അതല്ല അപ്പോള്‍ കാരണം. ഇന്ത്യന്‍ സാഹചര്യത്തില്‍ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലൂടെ വന്നിരിക്കുന്ന മാറ്റങ്ങളില്ലേ. ആ മാറ്റങ്ങള്‍ സായുധസമരത്തിന്റെ ചിന്തയെ സഫലീകരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് ജനകീയമായതിലൂടെയും എല്ലായിടത്തും പോലീസ് സ്‌റ്റേഷന്‍ എന്ന സംവിധാനത്തിലൂടെയും ഇവിടെയൊരു പൊതുഘടനയുണ്ടായിട്ടുണ്ട്. മര്‍ദ്ദിതരെ സഹായിക്കാന്‍ പ്രാപ്തമല്ലാത്ത സംവിധാനങ്ങള്‍ ഉള്ള വലിയ നാട്ടിന്‍പുറങ്ങള്‍ പോലെയല്ല അല്ലെങ്കില്‍ ചൈനയിലേത് പോലെയുള്ള വലിയ നാട്ടിന്‍പുറങ്ങളല്ല ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ ഇപ്പോഴെന്നല്ല, എണ്‍പതുകളിലും അങ്ങനെയല്ല, എഴുപതുകളിലും അങ്ങനെയല്ല. പെട്ടെന്ന് പോലീസിനെത്താനും സമരം അടിച്ചമര്‍ത്താനും ഇവിടെ സാഹചര്യങ്ങളുണ്ട്. അതുകൊണ്ടാണ് ഇവിടെ നക്‌സല്‍ പ്രസ്ഥാനം പൊളിഞ്ഞ് പോയത്. അല്ലാതെ ടാക്ടിക്‌സിന്റെ അഭാവം കൊണ്ടല്ല, പകരം വര്‍ഗ്ഗബന്ധങ്ങള്‍ മാറിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ്.Next Story

Related Stories