Top

ആദ്യം എംഡിയെ മാറ്റി, പിന്നെ ഖനാനുമതി റദ്ദാക്കി, സ്വകാര്യമേഖലയെ സഹായിച്ച് കെഎംഎംഎല്ലിനെ തകർക്കൽ ആരുടെ ഗൂഢാലോചന?

ആദ്യം എംഡിയെ മാറ്റി, പിന്നെ  ഖനാനുമതി റദ്ദാക്കി, സ്വകാര്യമേഖലയെ സഹായിച്ച് കെഎംഎംഎല്ലിനെ തകർക്കൽ ആരുടെ ഗൂഢാലോചന?

കേരള മിനറൽസ് ആൻ്റ് മെറ്റൽസിന് സംസ്ഥാന സർക്കാറിന് കീഴിലെ ജിയോളജി വകുപ്പ് ഖനാനുമതി നിഷേധിച്ചത് സ്വകാര്യമേഖയെ സഹായിക്കാനാണെന്ന സംശയം ബലപ്പെടുന്നു. ഖനാനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് കമ്പനിക്ക് ലഭിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാതെ ഖനനം അനുവദിക്കില്ലെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ മാസം 24 -ാം തീയ്യതി ഒരു വർഷത്തേക്ക് ഖനനാനുമതി സർക്കാർ നൽകിയതിന് ശേഷം പുതിയ ഉത്തരവ് ഇറക്കിയതിന് പിന്നിൽ സ്ഥാപിത താൽപര്യമുണ്ടെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഖനാനുമതി റദ്ദായതോടെ കമ്പനിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുമൊ എന്ന ആശങ്കയും തൊഴിലാളികൾ പ്രകടിപ്പിക്കുന്നു

സ്വകാര്യ മേഖലയ്ക്ക് സഹായകമാവുന്ന തീരുമാനം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കമ്പനിയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്ന തീരുമാനം പൊതുമേഖലയെ തകര്‍ക്കാനുതകുന്നതെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഖനനം റദ്ദാക്കി കത്ത് ലഭിച്ചെങ്കിലും ഖനനം നിര്‍ത്തി വക്കില്ല എന്ന് കെഎംഎംഎല്‍ മാനേജിങ് ഡയറക്ടര്‍ ജെ ചന്ദ്രബോസ് അഴിമുഖത്തോട് പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി വിദേശ യാത്രയിലും കെഎംഎംഎല്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടറിമാരും അഡീഷണല്‍ സെക്രട്ടറിമാരും അവധിയിലായ ഘട്ടത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയതിനെ ദുരൂഹമായാണ് തൊഴിലാളികള്‍ കാണുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനങ്ങളെടുത്തിരുന്ന മാനേജിങ് ഡയറക്ടറെ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് നീക്കി മറ്റൊരാളെ നിയമിച്ചതിലും ദുരൂഹത ആരോപിക്കപ്പെടുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖനനാനുമതിക്കായി കെഎംഎംഎല്‍ 2013 മുതല്‍ ശ്രമം തുടങ്ങിയതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ട്രാ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയെ പഠനത്തിന് നിയോഗിച്ചിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ഹിയറിങ് ഉള്‍പ്പെടെ നടത്തി പഠന റിപ്പോര്‍ട്ട് 2017ല്‍ പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കി. എന്നാല്‍ ഇതേവരെ പരിസ്ഥിതി മന്ത്രാലയം ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും താല്‍ക്കാലിക ഖനനാനുമതി നല്‍കുകയായിരുന്നു പതിവ്. ഈ വര്‍ഷവും ഖനനാനുമതി അവസാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലിക ഖനനത്തിനുള്ള അനുമതി നല്‍കി ഉത്തരവിറക്കി. ഇക്കാര്യം ഉറപ്പിക്കേണ്ടത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണെന്ന നിര്‍ദ്ദേശവും ഉത്തരവില്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. തുടര്‍ന്നാണ് മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം നവംബര്‍ 30ന് ഖനനം റദ്ദാക്കിക്കൊണ്ട് കെഎംഎംഎല്ലിന് കത്ത് നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സും ക്ലിയറന്‍സും ലഭിച്ചതിന് ശേഷമേ ഖനനം തുടരാനാവൂ എന്നാണ് നിര്‍ദ്ദേശം.
രാജ്യത്ത് ടൈറ്റാനിയം പിഗ്മന്റ് ഉത്പാദിപ്പിക്കുന്ന ഒരേയൊരു പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎല്‍. ടൈറ്റാനിയം പിഗ്മന്റ് ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുവായ സിന്തറ്റിക് റൂട്ടെയില്‍ ഫാക്ടറിയില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. കരിമണല്‍ ഖനനം ചെയ്ത് അതില്‍ നിന്ന് വേർതിരിച്ച കരിമണ്ണില്‍ നിന്നാണ് സിന്തറ്റിക് റൂട്ടെയില്‍(ബെനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റ്) ഉണ്ടാക്കുന്നത്. ഇതിനായി പ്രത്യേക പ്ലാന്റും കെഎംഎംഎല്ലില്‍ ഉണ്ട്. സിന്തറ്റിക് റൂട്ടെയില്‍ കെഎംഎംഎല്ലില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിനാല്‍ ദിവസേന 30 ലക്ഷം വരെ കമ്പനിക്ക് ലാഭം ലഭിക്കുന്നു എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഒരു ദിവസം 35,000-40,000 രൂപ ചെലവില്‍ ഇതിന്റെ ഉത്പാദനം നടക്കും. എന്നാല്‍ കരിമണല്‍ ഖനനം അവസാനിപ്പിച്ചാല്‍ സിന്തറ്റിക് റൂട്ടെയില്‍ സ്വകാര്യ കകമ്പനികളില്‍ നിന്ന് എത്തിക്കേണ്ടതായി വരും. തൊണ്ണൂറായിരം മുതല്‍ ഒരു ലക്ഷം രൂപ നിരക്കിലാണ് സ്വകാര്യ കമ്പനികള്‍ സിന്തറ്റിക് റൂട്ടെയില്‍ വിതരണം ചെയ്യുന്നത്. പുറത്ത് നിന്ന് അസംസ്‌കൃത വസ്തു എത്തിച്ച് ടൈറ്റാനിയം പിഗ്മന്റ് ഉണ്ടാക്കിയാല്‍ ഇപ്പോള്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തും എന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു. ഐഎന്‍ടിയുസി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ ജയകുമാര്‍,
'കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 കോടി രൂപ ലാഭം ലഭിച്ച സ്ഥാപനമാണ് കെഎംഎംഎല്‍. കേരളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണിത്. ലൈസന്‍സ് പുതുക്കി നല്‍കാതെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കെഎംഎംഎല്ലിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലിക അനുമതി നല്‍കുന്നതിനാല്‍ ഫാക്ടറി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അതാണ് ഇപ്പോള്‍ മൈനിങ് ആന്‍ഡി ജിയോളജി ഇടപെട്ട് നിര്‍ത്തി വക്കാന്‍ പറഞ്ഞിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തെ തകര്‍ത്ത് സ്വകാര്യ മേഖലയ്ക്ക് സഹായം ചെയ്യുന്നതാണ് തീരുമാനം. സിന്തറ്റിക് റൂട്ടെയില്‍ പുറത്ത് നിന്ന് വാങ്ങിയാല്‍ ഇപ്പോള്‍ കെഎംഎംഎല്ലിനുള്ള ലാഭം ഇല്ലാതാവും എന്ന് മാത്രമല്ല വലിയ നഷ്ടവും സംഭവിക്കും. പതിനായിരക്കണക്കിന് പേരെ പട്ടിണിയിലാക്കുന്നതാവും നടപടികളെല്ലാം.'
കടല്‍ത്തീരങ്ങളില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന കരിമണല്‍ (റോ സാന്‍ഡ്) കെഎംഎംഎല്‍ സെപ്പറേഷന്‍ പ്ലാന്റിലെത്തിച്ച് വേര്‍തിരിച്ച് എടുക്കുന്ന ഇല്‍മനൈറ്റ് ഒഴികെയുള്ള ധാതുക്കള്‍ കമ്പനി വില്‍ക്കുകയും ഇല്‍മനൈറ്റ് സിന്തറ്റിക് റൂട്ടെയില്‍ ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യുക. സിന്തറ്റിക് റൂട്ടെയില്‍ കമ്പനിയിലേക്ക് പുറത്ത് നിന്നെത്തിക്കാന്‍ കാലങ്ങളായി ശ്രമം നടക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എന്നാല്‍ നേരത്തെ മാനേജിങ് ഡയറക്ടറായിരുന്ന ഫെബി വര്‍ഗീസ് ഇതിനെ എതിര്‍ത്ത് നില്‍ക്കുകയും സ്വകാര്യ വ്യക്തികളില്‍ നിന്ന് അസംസ്‌കൃത വസ്തു സ്വീകരിക്കേണ്ടെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. തൊഴിലാളി യൂണിയനുകളും ഈ നീക്കത്തെ എതിര്‍ത്തിരുന്നു. കമ്പനി മാനേജ്മന്റും തൊഴിലാളി സംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിന്നതോടെ ഈ നീക്കം പൊളിഞ്ഞു. എന്നാല്‍ അതിലേക്ക് കെഎംഎംഎല്ലിനെ എത്തിക്കുന്നതിനുള്ള ഗൂഢ നീക്കമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത മാനേജിങ് ഡറക്ടറെ നീക്കി സര്‍ക്കാര്‍ മറ്റൊരാളെ നിയമിച്ചതും ഇതിന്റെ ഭാഗമാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും ഇക്കാര്യത്തില്‍ ദുരൂഹത ആരോപിക്കുന്നു. 'ഉയര്‍ന്ന നിലവാരമുള്ള സിന്തറ്റിക് റൂട്ടെയില്‍ ആണ് കെഎംഎംഎല്ലില്‍ ഉത്പാദിപ്പിക്കുന്നത്. അത് സ്വകാര്യ വ്യക്തികളില്‍ നിന്ന് എടുത്ത് വലിയ കമ്മീഷന്‍ വാങ്ങാനുള്ള ഗൂഢനീക്കമായാണ് ഇതിനെ കാണാനാവുക. സിന്തറ്റിക് റൂട്ടെയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ മുമ്പ് തന്നെ കെഎംഎംഎല്ലില്‍ നടന്നിരുന്നു. എന്നാല്‍ പുറത്ത് നിന്ന് വാങ്ങിയാല്‍ കമ്പനി നഷ്ടത്തിലാവും എന്നതില്‍ തര്‍ക്കമില്ല. ഈ നീക്കത്തെ എതിര്‍ത്ത എംഡിയെ സ്ഥാനത്ത് നിന്ന് മാറ്റി. സര്‍ക്കാര്‍ നല്‍കിയ താല്‍ക്കാലിക ഖനനപ്പാട്ടം ആണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഇല്‍മിനേറ്റ് വന്‍തോതില്‍ പുറത്ത് നിന്ന് എത്തിക്കാനുള്ള ഉന്നതതല ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. പാര്‍ട്ടി തലത്തിലും ഭരണ തലത്തിലും ഗൂഢാലോചന നടന്നിട്ടുണ്ട്. വലിയ തോതില്‍ കമ്മീഷനും കൈപ്പറ്റിയെന്ന് സംശയിക്കുന്നു. ഖനന ഭൂമിയില്‍ ഖനനം ത്വരിതപ്പെടുത്താനോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടാനോ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ അഞ്ച് ദിവസം മുമ്പ് എംഡിയെ മാറ്റിയതും സംശയിക്കപ്പെടേണ്ടതാണ്', എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് മറികടന്നുകൊണ്ട് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കത്ത് നല്‍കാന്‍ കഴിയില്ലെന്നും അത് നിയമപരമല്ലെന്നും സിഐടിയു സെക്രട്ടറി എ എ നവാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡര്‍ 24ന് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൈനിങ് ആന്‍ഡ് ജിയോളജി ഒരു കത്ത് മാത്രമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ആ കത്ത് നിലനില്‍ക്കുന്നതാണോ എന്ന് വിശദമായി പഠിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഖനനം നിര്‍ത്തിയാല്‍ അയ്യായിരത്തോളം കുടുംബങ്ങള്‍ പട്ടിണിയാവുമെന്നതിനാല്‍ ഖനനാനുമതി റദ്ദാക്കി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്ന് കത്ത് ലഭിച്ചെങ്കിലും ഖനനം നിര്‍ത്തിവക്കില്ലെന്ന് കെഎംഎംഎല്‍ മാനേജിങ് ഡയറക്ടര്‍ ജെ ചന്ദ്രബോസ് അറിയിച്ചു.
'സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ഖനനാനുമതി നീട്ടി ഉത്തരവ് നല്‍കി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഇക്കാര്യമുറപ്പിക്കേണ്ടതെന്ന് സര്‍ക്കാര്‍ ആ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് വകുപ്പില്‍ നിന്നുണ്ടായ സ്വാഭാവിക ഇടപെടലായാണ് ഇതിനെ കാണുന്നത്. എന്നാല്‍ ഖനനം നിര്‍ത്തി വക്കില്ല. ഡിജിറ്റല്‍ ജിപിആര്‍എസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടനെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടാനാണ് അടുത്ത നിര്‍ദ്ദേശം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അതില്‍ കുറച്ച് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം പരിശോധിച്ചതിന് ശേഷം ജനുവരിയോടെ വീണ്ടും അപേക്ഷ സമര്‍പ്പിക്കും. അതോടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.'
എന്നും അദ്ദേഹം പറഞ്ഞു.
1970കളുടെ തുടക്കത്തിലാണ് കെഎംഎംഎല്ലിന് ഖനനാനുമതി ലഭിച്ചത്. കൊല്ലം, ആലപ്പുഴ തീരങ്ങളിലാണ് പ്രധാനമായും ഖനനം നടക്കുന്നത്. പിന്നീട് തൊണ്ണൂറുകളുടെ ആദ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളായ വെസ്ട്രേലിയന്‍ സാന്‍ഡ്സ് ലിമിറ്റഡിനും റെന്നിസണ്‍ ഗോള്‍ഡ് ഫീല്‍ഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനും ഈ പ്രദേശങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കി. എന്നാല്‍ അതിനെതിരെ വലിയ പ്രക്ഷോഭമുണ്ടാവുകയും സര്‍ക്കാരിന് തീരുമാനത്തില്‍ നിന്ന് പിന്‍മാറേണ്ടതായും വന്നു. 1996ല്‍ എ കെ ആന്റണി മന്ത്രിസഭ കൊച്ചി കേന്ദ്രമായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടെയില്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഖനനാനുമതി നല്‍കി. പിന്നീട് വിഎസ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ ഖനനാനുമതി റദ്ദാക്കുകയും കെഎംഎംഎല്ലിനെ തിരികെ കൊണ്ടുവരികയും ചെയ്തു.


Next Story

Related Stories