TopTop

വാളയാര്‍ കേസ്: പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്തിനെന്നറിയില്ലെന്ന് അഡ്വ. ജലജ; 'അതൊരുതരത്തില്‍ നന്നായി'

വാളയാര്‍ കേസ്: പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്തിനെന്നറിയില്ലെന്ന് അഡ്വ. ജലജ;

വാളയാര്‍ അട്ടപ്പള്ളത്ത് ലൈംഗിക ചൂഷണത്തിനിരയായ രണ്ടുപെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ട കേസില്‍ പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും വെറും മൂന്നു മാസങ്ങളുടെ ഒടുവില്‍ താന്‍ ഒഴിവാക്കപ്പെട്ടത്തിന്റെയും പഴയ പബ്ലിക് പ്രോസിക്യൂട്ടര്‍ തിരിച്ചു വന്നതിന്റെയും കാരണങ്ങള്‍ ദുരൂഹമാണെന്ന് പാലക്കാട് ബാറിലെ മുതിര്‍ന്ന അഭിഭാഷക ജലജാ മാധവന്‍.

'പാലക്കാട് പോക്‌സോ കോടതി നിലവില്‍ വരുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. അന്ന് യു ഡി എഫ് നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെയാണ് ഇന്നും അട്ടപ്പള്ളം അടക്കം അവിടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. അവരെ മാറ്റി കഴിഞ്ഞ ഫെബ്രുവരി അവസാനം എന്നെ കൊണ്ടുവന്നത് എന്തിനെന്നോ കൃത്യം മൂന്നു മാസം കഴിഞ്ഞു എന്നെ ഒഴിവാക്കി അവരെ തന്നെ തിരിച്ചു കൊണ്ടുവന്നത് എന്തിനെന്നോ എനിക്കറിയില്ല. ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ പി വി രാജേഷ് മുന്‍പ് പോക്‌സോ കേസുകളില്‍ കോടതിയില്‍ പ്രതികള്‍ക്കായി ഹാജരായിരുന്നു. ഈ കേസിലും ഹാജരായിട്ടുണ്ട്. അദ്ദേഹത്തിന്റെ താല്‍പര്യത്തിലാണോ എന്നെ മാറ്റിയത് എന്ന് സത്യമായും എനിക്കറിയില്ല,'' ഇടതുപക്ഷ സഹയാത്രികയും സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമായ ജലജാ മാധവന്‍ അഴിമുഖത്തോട് പറഞ്ഞു.

'സാധാരണ ഗതിയില്‍ ഭരണം മാറുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മാറേണ്ടതാണ്. ഈ കോടതിയില്‍ മാത്രമല്ല. എല്ലാ കോടതികളിലും. അങ്ങനെ നിയമനം കിട്ടാന്‍ ഞാനും അപേക്ഷിച്ചിരുന്നു. ആ അപേക്ഷ പരിഗണിച്ചാകാം വളരെ വൈകി ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ എനിക്ക് ഈ പോസ്റ്റ് തന്നത്. ലതാ ജയരാജിനെ മാറ്റി എന്നെ നിയമിക്കുകയായിരുന്നു. കൃത്യം മൂന്നാം മാസം അവര്‍ തിരിച്ചു വന്നു. ഞാന്‍ പടിയിറങ്ങി. അത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു,'' ജലജ പറഞ്ഞു.

'രണ്ടു കുട്ടികള്‍ രണ്ടു തിയതികളിലായി സംശയാസ്പദ സാഹചര്യങ്ങളില്‍ മരണപ്പെട്ടതാണ്. അവയില്‍ രണ്ടു കേസുകള്‍ ആണ് ഉണ്ടാകേണ്ടിയിരുന്നത്. ഞാന്‍ ഫയലുകള്‍ നോക്കിയപ്പോള്‍ ആറ് വ്യത്യസ്ത കേസുകളാണ് എടുത്തിരിക്കുന്നത്. അവയെ തന്നെ ഒരുമിച്ചു പരിഗണിച്ചിട്ടുമില്ല. വെവ്വേറെയാണ് പരിഗണിച്ചത്. എന്നാല്‍ ഓരോ കേസിലും തെളിവുകള്‍ പ്രത്യേകം പ്രത്യേകം സമര്‍പ്പിച്ചിരുന്നില്ല. ചില കേസുകളില്‍ തെളിവുകള്‍ തന്നെ ഇല്ലായിരുന്നു. കേസുകള്‍ തോല്‍ക്കാന്‍ വേറെ കാരണം ഒന്നും വേണ്ടല്ലോ?'' ജലജ ചോദിച്ചു. ഓരോ കേസിലും എന്തുകൊണ്ട് തെളിവുകളുടെ പ്രത്യേകം പ്രത്യേകം ഡോക്കുമന്റേഷന്‍ ഉണ്ടായില്ല എന്നത് പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ആണ് വിശദീകരിക്കേണ്ടത്. ഞാന്‍ അവിടെ ഉണ്ടായിരുന്ന മൂന്നു മാസം തെളിവുകളുടെ പകര്‍പ്പുകള്‍ എടുത്ത് ഓരോ കേസിലും പ്രത്യേകം പ്രത്യേകം നല്‍കാനാണ് ശ്രമിച്ചത്. പ്രതിഭാഗത്തിനു വേണ്ടി വാദിച്ചവര്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്റെ ജൂനിയര്‍മാര്‍ ആയിരുന്നു എന്ന ആരോപണം ഞാനും കണ്ടു. സത്യം എനിക്കറിയില്ല,'' ജലജ പറഞ്ഞു.

പരമാവധി തെളിവുകള്‍ ലഭ്യമാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ നിര്‍ണ്ണായകമായ പല തെളിവുകളും നഷ്ടപ്പെട്ടിരുന്നു. ആരും താല്‍പര്യം കാണിക്കാഞ്ഞത് കൊണ്ടാകാം. സീന്‍ മഹസര്‍ പോലും കോടതിയില്‍ ലഭ്യമാക്കിയില്ല. രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പി ബി ഗുജ്‌റാള്‍ തന്റെ സംശയങ്ങള്‍ എന്നോടും പോലീസിനോടും പറഞ്ഞിരുന്നു. പോലീസ് അതിനെയും ഗൗരവമായി എടുത്തില്ല. ജനങ്ങളുടെ വിമര്‍ശനത്തില്‍ നിന്നും രക്ഷനേടാന്‍ എന്തെല്ലാമോ തട്ടിക്കൂട്ടി ദുര്‍ബലമായ കേസ് പടയ്ക്കുകയായിരുന്നു അവര്‍. ആ പ്രദേശം കണ്ടിട്ടില്ലേ. അവിടുത്തെ മനുഷ്യരുടെ ജീവന് അത്ര വിലയേ എല്ലാവരും കല്പിച്ചിട്ടുള്ളു. തുടക്കത്തില്‍ കേസ് അന്വേഷിച്ച എസ് ഐ ചാക്കോ പാവമായിരിക്കാം. പക്ഷെ കേസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. ജാഗ്രത കാട്ടിയില്ല. പിന്നീട് വന്ന സോജനും ടീമിനും എങ്ങനെയും ജനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു- ജലജ പറഞ്ഞു.

ഞാന്‍ വരുമ്പോള്‍ ഒറ്റ പ്രതിയുടെയും മൊഴിപ്പകര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ഇല്ലായിരുന്നു. എന്തുകൊണ്ട് സൂക്ഷിച്ചില്ല എന്ന ചോദ്യത്തിന് ആ പതിവില്ലെന്നും ആവശ്യം ഇല്ലെന്നുമായിരുന്നു മറുപടി. വാദിക്കുമ്പോള്‍ മൊഴിപ്പകര്‍പ്പുകള്‍ കയ്യില്‍ ഉണ്ടാകുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പലതും വിട്ടുപോകും,'' അവര്‍ പറഞ്ഞു.


Next Story

Related Stories