TopTop
Begin typing your search above and press return to search.

ശിശു പീഡകര്‍ക്ക് വേണ്ടി വക്കാലത്ത്, ശിശുക്ഷേമ സമിതി തലവന്‍, കേസുകള്‍ അട്ടിമറിക്കാന്‍ സ്വാധീനം; വാളയാര്‍ കേസിന് പിന്നാലെ അഡ്വ. എന്‍. രാജേഷിനെതിരെ ഗുരുതര ആരോപണങ്ങള്‍

ശിശു പീഡകര്‍ക്ക് വേണ്ടി വക്കാലത്ത്, ശിശുക്ഷേമ സമിതി തലവന്‍, കേസുകള്‍ അട്ടിമറിക്കാന്‍ സ്വാധീനം; വാളയാര്‍ കേസിന് പിന്നാലെ അഡ്വ. എന്‍. രാജേഷിനെതിരെ ഗുരുതര ആരോപണങ്ങള്‍

2015 നവംബര്‍ 11

സ്വന്തം അമ്മയുടെ കൈകളാല്‍ ലൈംഗിക തൊഴിലിലേക്ക് നിര്‍ബന്ധപൂര്‍വം വലിച്ചെറിയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് അന്നായിരുന്നു. സ്വന്തം ശരീരത്തില്‍ അന്യര്‍ ചെയ്യുന്നതെന്തെന്നു തിരിച്ചറിയാന്‍ പോലുമാകാത്ത പ്രായത്തില്‍ അമ്മയും അമ്മൂമ്മയും സ്വീകരിച്ച തൊഴിലിന്റെ ഭാഗമാകേണ്ടി വന്ന ആ പെണ്‍കുട്ടിയുടെ കുഞ്ഞു ശരീരം വിലകൊടുത്തു വാങ്ങി ഉപയോഗിക്കാന്‍ ആളുകളെത്തിക്കൊണ്ടിരുന്നു. തന്നെ എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. 'സ്വത്ത് കളി'ക്കുകയാണെന്നായിരുന്നു അമ്മ ധരിപ്പിച്ചിരുന്നത്. വരുന്നവരോടൊപ്പം 'സ്വത്ത് കളി'ച്ചാല്‍ പണം കിട്ടും. പറ്റില്ലെന്നു പറഞ്ഞാല്‍ അമ്മ അടിക്കും. അടി പേടിച്ച് അവള്‍ പറയുന്നത് അനുസരിക്കും. ഒടുവില്‍ അവള്‍ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരാണ്, ആ കുട്ടി നേരിടുന്ന ദുരനുഭവങ്ങള്‍ കണ്ടെത്തിയത്. അവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അങ്ങനെയാണവള്‍ ആ നരക ജീവിതത്തില്‍ നിന്നും രക്ഷപ്പെടുന്നത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവളെ രക്ഷപ്പെടുത്തി പാലക്കാട് ശിശുക്ഷേമ സമിതി (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി- സിഡബ്ല്യുസി)ക്കു മുന്നില്‍ എത്തിച്ചു. സിഡബ്ല്യുസി വിവരം പോലീസില്‍ അറിയിച്ചു. ആ വര്‍ഷം മാത്രം പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 116 പോക്‌സോ കേസുകളില്‍ ഒന്നായി അവളുടെ കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

അന്വേഷണവും വിചാരണയും ശിക്ഷവിധിയും കഴിയും വരെ വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ താമസൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ച് ശിശുക്ഷേമ സമിതി നിര്‍ഭയ ഹോമിലേക്ക് അവളെ അയച്ചു. കേരള മഹിള സമാഖ്യയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ആ ഹോമില്‍ ആ കുഞ്ഞ് സുരക്ഷിതയായി തന്നെ ജീവിച്ചു. ഒരു നല്ല ജീവിതത്തിലേക്ക് അവളെ തിരികെ കൊണ്ടുവരാന്‍ ഹോമിലെ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. അവിടെ നിന്നുകൊണ്ട് തന്നെ അവള്‍ വിദ്യാഭ്യാസം തുടര്‍ന്നു. കെട്ടുപോകുമായിരുന്ന ആ പെണ്‍ജീവിതം വീണ്ടും പ്രകാശിച്ചു തുടങ്ങുകയായിരുന്നു.

എന്നാല്‍, അവളുടെ കാര്യത്തില്‍ ഈ നാട്ടിലെ നിയമസംവിധാനം വലിയ താത്പര്യം കാണിച്ചില്ല. അന്വേഷണം ഇഴഞ്ഞു. അമ്മയും അമ്മൂമ്മയും അടക്കമുള്ള പ്രതികളെ പിടികൂടിയെങ്കിലും ബാക്കി നടപടികള്‍ മുന്നോട്ടു പോയില്ല. പോക്‌സോ കേസുകളില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം തയ്യാറാക്കി ശിക്ഷാവിധി പുറപ്പെടുവിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും ഈ കേസിലും പതിവ് തെറ്റിയില്ല. പ്രതികള്‍ക്ക് എതിരേ ചാര്‍ജ്ജുകള്‍ ഫ്രയിം ചെയ്യാന്‍ പോലും സാധിക്കാത്തവണ്ണം കാലതാമസം. മറ്റ് പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായാല്‍ മാത്രമാണ് കോടതിയില്‍ വിചാരണ തുടങ്ങാനാവുക. സമയം വൈകുന്തോറും പോക്‌സോ കേസുകളില്‍ പ്രതികള്‍ക്കനുകൂലമായി കാര്യങ്ങള്‍ മാറുമെന്നതിന് കേരളത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടും ഇവിടെയും മറിച്ചൊന്നും സംഭവിച്ചില്ല.

2019 മാര്‍ച്ച് 11

അഡ്വ. എന്‍. രാജേഷ് പാലക്കാട് ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ചെയര്‍പേഴ്‌സണ്‍ ആയി ചുമതലയേറ്റിട്ട് നാലു ദിവസങ്ങള്‍ പിന്നിട്ട അന്നായിരുന്നു നിര്‍ഭയ ഹോം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായുള്ള മാനേജ്‌മെന്റ് കമ്മിറ്റി യോഗം അവിടെ കൂടിയത്. സിഡബ്ല്യുസി ചെയര്‍മാന്‍, അംഗങ്ങള്‍, ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ (ഡിസിപിഒ), നിര്‍ഭയ ഹോം ജീവനക്കാര്‍, നിര്‍ഭയ ലീഗല്‍ അഡ്വൈസര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം. ഡിസിപിഒ യോഗത്തിന്റെ അധ്യക്ഷത വഹിക്കുന്നു. സാധാരണ ഗതിയില്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ വരുന്ന കാര്യങ്ങള്‍ക്കപ്പുറം അസ്വാഭാവികമായ ഒന്ന് അന്നവിടെ സംഭവിച്ചു.

സിഡബ്ല്യുസി ചെയര്‍പേഴ്‌സണ് ഹോമിലെ ഒരു കുട്ടിയെക്കുറിച്ച് അറിയണം. " ഇന്ന പോലീസ് സ്റ്റേഷനില്‍ ഇന്ന ക്രൈം നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ ആ കുട്ടി ഇവിടയല്ലേ" എന്നായിരുന്നു, പേരെടുത്ത് പറഞ്ഞുകൊണ്ടു തന്നെ ആ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞത്. ഏതു കുട്ടിയെക്കുറിച്ചാണോ രാജേഷ് തിരക്കിയത്, ആ കുട്ടിയെക്കുറിച്ചാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.

സാധാരണഗതിയില്‍ സിഡബ്ല്യുസി ചെയര്‍പേഴ്‌സന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തൊരു നീക്കം രാജേഷില്‍ നിന്നുമുണ്ടായത് നിര്‍ഭയ ഹോമിലെ ജീവനക്കാരെ അമ്പരിപ്പിച്ചു. നിര്‍ഭയ ലീഗല്‍ അഡ്സവൈസര്‍ സഹീറ നൗഫലിന്റെ വാക്കുകളില്‍ നിന്നത് മനസിലാകും;

"ഹോമിലെ അന്തേവാസികളായ കുട്ടികളുടെ സൗകര്യങ്ങളും ആവിശ്യങ്ങളും അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളുമൊക്കെയാണ് മാനേജ്‌മെന്റ് കമ്മിറ്റിയോഗത്തില്‍ ചര്‍ച്ചയാകുന്നതെങ്കില്‍, അന്ന് യോഗം ആരംഭിച്ചപ്പോള്‍ തന്നെ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഹോമിലെ ഒരു കുട്ടിയെ പേരെടുത്ത് പറഞ്ഞ് പ്രത്യേകം തിരക്കിയത് അമ്പരപ്പിച്ചു. ആ വിക്ടിം ഇവിടെയല്ലേ താമസിക്കുന്നതെന്ന് എന്നോടാണ് തിരക്കിയത്. അതേ എന്നു പറഞ്ഞപ്പോള്‍, ആ കേസില്‍ എന്താണ് തീരുമാനം, ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ് എന്നൊക്കെ അദ്ദേഹത്തിന് അറിയണം. വിചാരണ ആരംഭിച്ചിട്ടില്ല എന്നു തുടങ്ങി കേസിന്റെ സ്ഥിതി പറഞ്ഞുകൊടുത്തു. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ചോദ്യം കുറച്ച് രൂക്ഷമായിരുന്നു, എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കെതിരേ 376 വകുപ്പ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നായിരുന്നു ചെയര്‍പേഴ്‌സണ് അറിയേണ്ടിയിരുന്നത് (ബലാത്സംഗ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ചുമത്തുന്ന ക്രിമിനല്‍ വകുപ്പ്). കുട്ടിയുടെ മാതാവും മുത്തശ്ശിയും കേസില്‍ പ്രതികളാണ്. അതാണദ്ദേഹം ഉദ്ദേശിച്ചത്. ഒന്നും രണ്ടും പ്രതികള്‍ പുരുഷന്മാരായ കേസില്‍ മൂന്നാം പ്രതിയാണ് അമ്മ. ചാര്‍ജ് ഇട്ടിരിക്കുന്നത് പോലീസ് ആണല്ലോ, അവരല്ലേ മറുപടി പറയേണ്ടതെന്നു ഞാന്‍ തിരിച്ചു പറഞ്ഞു. പിന്നീടദ്ദേഹം ആവേശം കൊണ്ടത്, എത്രകാലം എന്നു പറഞ്ഞ് ഈ കുട്ടിയെ ഇവിടെ പിടിച്ചു നിര്‍ത്തും എന്നു ചോദിച്ചായിരുന്നു. നിങ്ങള്‍ എന്ത് നീതി ആ കുട്ടിക്ക് കൊടുക്കും, അതിനെ അതിന്റെ അമ്മയുടെ കൂടെ വിടുകയല്ലേ വേണ്ടതെന്നൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. ഈ കേസ് സ്റ്റാന്‍ഡ് ചെയ്യില്ലെന്നും കുട്ടിയെ കേസ് പഠിപ്പിക്കാനൊന്നും ലീഗല്‍ അഡ്വൈസര്‍ നില്‍ക്കേണ്ടെന്നും അതൊക്കെ പബ്ലിക് പ്രോസിക്യൂട്ടര്‍ നോക്കിക്കോളും തുടങ്ങി ആ കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് പലതും അദ്ദേഹം പറഞ്ഞു. ആ കുട്ടിയെ കാണണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. ഭാഗ്യവശാല്‍ കുട്ടി സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു. ആ കാര്യം പറഞ്ഞ് ചെയര്‍പേഴ്‌സന്റെ നിര്‍ബന്ധം നടത്തിക്കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ക്കായി" .

എന്തായിരുന്നു സിഡബ്ല്യുസി ചെയര്‍പേഴ്‌സണ് ആ കുട്ടിയുടെ കാര്യത്തിലുള്ള താത്പര്യം?

"എന്ത് താത്പര്യം?" അഡ്വ. എന്‍ രാജേഷിന്റെതാണ് ചോദ്യം. "മാര്‍ച്ച് എട്ടാം തീയതിയാണ് ഞാന്‍ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. മാര്‍ച്ച് പതിനൊന്നിന് നിര്‍ഭയ ഹോമില്‍ നടന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി. അവിടെവച്ച് സ്വഭാവികമായി തിരക്കിയ കാര്യമാണ് ഏറ്റവും കൂടുതല്‍ കാലമായി ഹോമില്‍ നില്‍ക്കുന്ന കുട്ടിയാരാണെന്നത്. അവിടെയുണ്ടായിരുന്നവര്‍ ഒരു കുട്ടിയുടെ കാര്യം പറഞ്ഞു. ആ കുട്ടിയെ കാണാന്‍ കഴിയുമോ എന്നു തിരക്കി. ഞാനൊറ്റയ്ക്കല്ല, ഒരു വനിത സിബ്ല്യുസി അംഗവും എനിക്കൊപ്പമുണ്ട്. നിര്‍ഭയ ഹോമില്‍ ഉളളവര്‍ തന്നെ പറഞ്ഞത്, ഏകദേശം നാലരക്കൊല്ലത്തോളമായി ആ കുട്ടി ഹോമില്‍ തന്നെയാണുള്ളതെന്നാണ്. ഇത്രയും വര്‍ഷമായി ഇവിടെ കഴിയുന്ന കുട്ടിയെ എന്തുകൊണ്ട് മാതാപിതാക്കള്‍ക്കൊപ്പം വിടുന്നില്ലെന്നു തിരക്കി. അപ്പോഴാണ് പറയുന്നത് കുട്ടിയുടെ അമ്മയും കേസിലെ പ്രതിയാണെന്ന്. അമ്മയ്‌ക്കെതിരേ എന്താണ് കേസ്? അമ്മയ്‌ക്കെതിരേ പ്രേരണകുറ്റമുണ്ടോ എന്നു ചോദിച്ചു. ഒരു വക്കീല്‍ എന്ന നിലയ്ക്ക് ചോദിച്ചു പോയതാണ്. ഇതാണ് ആകെ നടന്നത്. അല്ലാതെ ആ കുട്ടിയുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തിട്ടില്ല" .

ചെയര്‍പേഴ്‌സണ്‍ പറയുന്നതാണോ ശരി?

അല്ല, എന്നാണ് നിര്‍ഭയ ലീഗല്‍ അഡ്വൈസര്‍ സഹീറയും മഹിള സമാഖ്യ പ്രതിനിധികളും പറയുന്നത്. " ഏറ്റവും കൂടുതല്‍ കാലം ഹോമില്‍ കഴിയുന്ന കുട്ടിയെ കാണാനാണ് താന്‍ പറഞ്ഞതെന്ന രാജേഷിന്റെ വാദം ശരിയല്ല. അങ്ങനെയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഞങ്ങള്‍ കാണിച്ചു കൊടുക്കുക ആ കുട്ടിയെ ആയിരിക്കില്ല. കാരണം, അവള്‍ ഇവിടെ വന്നിട്ട് മൂന്നര വര്‍ഷത്തിനടുത്ത് ആയതേയുള്ളൂ. നാലും അഞ്ചും വര്‍ഷമായി ഹോമില്‍ കഴിയുന്ന കുട്ടികളുണ്ട്. പാലക്കാട്ടെ നിര്‍ഭയ ഹോം ആരംഭിക്കുന്ന കാലം തൊട്ട് ഇവിടെ കഴിയുന്നവരുണ്ട്. അങ്ങനെയുള്ള കുട്ടികള്‍ ഉണ്ടെന്നിരിക്കെ അവരെയൊന്നും കാണിക്കാതെ ഈ കുട്ടിയെ മാത്രം കാണിക്കുമോ? ഈ കുട്ടിയുടെ പേരും കേസ് നമ്പറും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനും സഹിതം പറഞ്ഞാണ് രാജേഷ് കുട്ടിയെക്കുറിച്ച് അന്വേഷിച്ചത്. അതിനര്‍ത്ഥം അദ്ദേഹം ആ കുട്ടിയെക്കുറിച്ച് തന്നെ അറിയാനാണ് ശ്രമിച്ചതെന്നല്ലേ?" സഹീറ ചോദിക്കുന്നു.

ആദ്യം സംശയം, പിന്നെ അന്വേഷണം; അറിഞ്ഞതോ ഞെട്ടിക്കുന്ന സത്യവും

"ഹോമിലെ മറ്റു കുട്ടികളെക്കുറിച്ചൊന്നും തിരക്കാതെ ഒരാളെക്കുറിച്ച് മാത്രം സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു എന്നത് ഞങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കി" . അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്കു പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കാന്‍ ലീഗല്‍ അഡ്വൈസര്‍ സഹീറ തീരുമാനിച്ചു. "അങ്ങനെ നടത്തിയ അന്വേഷണത്തില്‍ കിട്ടിയ വിവരം ഞെട്ടിക്കുന്നതായിരുന്നു. സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള അഡ്വ. എന്‍. രാജേഷ് തന്നെയാണ് ആ കുട്ടിയുടെ കേസില്‍ പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍! അതും കുട്ടിയുടെ അമ്മയുടെയും അമ്മൂമ്മയുടെയും അഭിഭാഷകന്‍. ഈയൊരു കേസില്‍ മാത്രമല്ല, നിര്‍ഭയ ഹോമിലുള്ള മറ്റു കുട്ടികളുടെയടക്കം ഏകദേശം ഇരുപതോളം പോക്‌സോ കേസുകളില്‍ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. രാജേഷ് തന്നെയാണ്. മനേജ്‌മെന്റ് കമ്മിറ്റി യോഗത്തിന് എത്തിയപ്പോള്‍ എന്തുകൊണ്ട് ആ കുട്ടിയുടെ കാര്യത്തില്‍ പ്രത്യേക താത്പര്യം കാണിച്ചെന്നതിനും അമ്മയുടെ പേരിലെ കുറ്റങ്ങളെന്തൊക്കെയാണെന്നു ചോദിച്ചറിയാന്‍ ശ്രമിച്ചതും കുട്ടിയെ കാണാന്‍ നിര്‍ബന്ധം പിടിച്ചതുമൊക്കെ എന്തിനായിരുന്നു എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അതോടെ ഞങ്ങള്‍ക്ക് കിട്ടി" ; മഹിള സമാഖ്യയുടെ സംസ്ഥാനതല ഓഫീസറുടെതാണ് ഈ വാക്കുകള്‍.

അതേ, പ്രതിഭാഗം വക്കീലായിരുന്നു, പക്ഷേ...

ആ കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് എടുത്തിരുന്നുവെന്ന് അഡ്വ. എന്‍. രാജേഷ് സമ്മതിക്കുന്നുണ്ട്. "എന്നാല്‍ ആ കുട്ടിയാണ് കേസിലെ സാക്ഷിയെന്ന കാര്യം നിര്‍ഭയയില്‍ യോഗത്തിന് പോകുമ്പോള്‍ അറിയില്ലായിരുന്നു. അതിനു മുമ്പ് ആ കുട്ടിയെ കണ്ടിട്ടുണ്ടായിരുന്നില്ല. വര്‍ഷങ്ങളായി നിര്‍ഭയ ഹോമില്‍ കഴിയേണ്ടി വരുന്ന കുട്ടികളെ കുറിച്ച് അറിയുക മാത്രമാണുണ്ടായത്. ബാക്കിയെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണ്" .

ആരോപണങ്ങളല്ല, ഗുരുതരമായ തെറ്റുകള്‍

വെറും ആരോപണങ്ങള്‍ എന്നു പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല ഒന്നും എന്നാണ് സഹീറ പറയുന്നത്. " താന്‍ പ്രതിഭാഗത്തിന്റെ അഭിഭാഷകനായിട്ടുള്ള കേസിലെ സാക്ഷിയെ പ്രത്യേകം കാണാന്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ആ കേസിനെക്കുറിച്ച് സംസാരിച്ചു. അതിനെക്കാള്‍ ഗുരുതരമായ പ്രവര്‍ത്തിയായിരുന്നു കുട്ടിയെ നിര്‍ഭയ ഹോമില്‍ നിന്നും മാറ്റണമെന്ന ആവശ്യം. പോക്‌സോ കേസിലെ പ്രധാന സാക്ഷിയായാണ് അതിലെ ഇര. പ്രതികള്‍ ഉള്‍പ്പെടെ ആരാലും സ്വാധീനിക്കപ്പെടാതെ സംരക്ഷിക്കാനാണ് നിര്‍ഭയ ഹോമില്‍ പാര്‍പ്പിക്കുന്നത്. ആ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. എന്നിട്ടും കുട്ടിയെ നിര്‍ഭയയില്‍ നിന്നും മാറ്റാന്‍ സിഡബ്ല്യുസി ചെയര്‍മാന്‍ എന്ന നിലയില്‍ രാജേഷ് ആവശ്യപ്പെട്ടത് അതീവ ഗൗരവമേറിയ കാര്യമാണ്."

കുട്ടിയെ ഹോമില്‍ നിന്നും മാറ്റണമെന്നു പറഞ്ഞതായി രാജേഷും സമ്മതിക്കുന്നുണ്ട്. എന്നാലത്, മറ്റ് ഉദ്ദേശങ്ങള്‍ കൊണ്ടായിരുന്നില്ലെന്നും ഇത്രയും കാലമായി ഹോമില്‍ തന്നെ നില്‍ക്കുന്നതുകൊണ്ട് കുട്ടിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമായിരുന്നുവെന്ന ന്യായീകരണമാണ് അദ്ദേഹത്തിനുള്ളത്.

ഈ ന്യായീകരണത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്നാണ് മഹിള സമാഖ്യ പ്രതിനിധികള്‍ പറയുന്നത്. ഇങ്ങനെ പറയാന്‍ അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ആകുന്നതിനു മുമ്പ് പോക്‌സോ കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിട്ടുണ്ടെന്നു രാജേഷ് സ്വയം സമ്മതിക്കുന്നുണ്ട്. ചെയര്‍പേഴ്‌സണ്‍ ആയ ശേഷം ആ കേസുകളുടെയെല്ലാം വക്കാലത്ത് ഒഴിഞ്ഞെന്നുള്ളതാണ് വാളയാര്‍ കേസില്‍ അടക്കം തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിച്ചുകൊണ്ട് രാജേഷ് പറയുന്ന ന്യായം. എന്നാല്‍ രാജേഷിന്റെ ന്യായീകരണങ്ങള്‍ പൂര്‍ണമായി ശരിയല്ലെന്നാണ് മഹിള സമാഖ്യക്കാര്‍ പറയുന്നത്. " നിര്‍ഭയയിലെ കുട്ടിയുടെ കേസില്‍ പ്രതികളായ അമ്മയുടെയും അമ്മൂമ്മയുടെയും വക്കീല്‍ ആയിരുന്ന രാജേഷ് മാര്‍ച്ച് എട്ടിനാണ് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ആകുന്നത്. നിര്‍ഭയ ഹോം സന്ദര്‍ശിക്കുന്നതും കുട്ടിയെ ഹോമില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുന്നതും മാര്‍ച്ച് 11-നും. ഈ സമയത്ത് അദ്ദേഹം പ്രതിഭാഗത്തിന്റെ വക്കാലത്ത് ഒഴിഞ്ഞിരുന്നില്ല. 2019 മേയ് 14-നാണ് പ്രസ്തുത കേസില്‍ നിന്നും വക്കാലത്ത് ഒഴിയുന്നത്. പ്രതിഭാഗം വക്കീല്‍ ആയി നില്‍ക്കുമ്പോള്‍ തന്നെയാണ് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്ന തന്റെ അധികാരം ദുരുപയോഗം ചെയ്ത് കേസില്‍ തന്റെ കക്ഷികള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ചതെന്ന് ഇതിലൂടെ വ്യക്തമാണ്. കുട്ടിയെ ഹോമില്‍ നിന്നും മാറ്റാന്‍ പറയുമ്പോഴും അദ്ദേഹം പ്രതിഭാഗം വക്കീല്‍ ആയിരുന്നു. ക്രിമിനല്‍ കുറ്റമാണിത്. വാളയാര്‍ കേസിന്റെ കാര്യത്തിലും ഇതായിരുന്നു അവസ്ഥ. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നുകൊണ്ട് തന്നെ അദ്ദേഹം വാളയാര്‍ കേസിലെ പ്രതിക്കു വേണ്ടി കോടതിയില്‍ വിസ്താരത്തിന് എത്തിയിരുന്നു. കോടതി രേഖകള്‍ തന്നെയാണ് അതിനുള്ള തെളിവുകള്‍" .

നിര്‍ഭയ ഹോമിലെ കുട്ടിയുടെ കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് അഡ്വ. എന്‍ രാജേഷ് ഒഴിഞ്ഞതിനുശേഷം പകരം വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് അഡ്വ. എസ്. സുരേഷ് ആണ്. ഈ അഭിഭാഷകന്‍ തന്നെയായിരുന്നു വാളയാര്‍ കേസില്‍ നിന്നും രാജേഷ് വക്കാലത്ത് ഒഴിഞ്ഞതിനു പിന്നാലെ കേസ് ഏറ്റെടുത്തതും. സുരേഷ് രാജേഷിന്റെ ഓഫീസില്‍ ജൂനിയര്‍ ആയി പ്രാക്ടീസ് ചെയ്തിരുന്ന വ്യക്തിയാണ്. സുരേഷ് തന്റെ ഓഫിസില്‍ ഉണ്ടായിരുന്നത് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ആയിരുന്നുവെന്നും ഇപ്പോള്‍ സ്വന്തമായി ഓഫീസ് ഇട്ട് പ്രാക്ടീസ് നടത്തി വരുന്ന അഭിഭാഷകനാണെന്നാണ് സുരേഷുമായി ചേര്‍ത്തുള്ള ആരോപണങ്ങളെ രാജേഷ് പ്രതിരോധിക്കുന്നത്. എന്നാല്‍ പാലക്കാട്ടെ ചില അഭിഭാഷകര്‍ പറയുന്നൊരു കാര്യമുണ്ട്; "രാജേഷ് വക്കീല്‍ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ആകുന്നതിനു മുമ്പുള്ള കാലം വരെ ഒരു പോക്‌സോ കേസ് പോലും ഏറ്റെടുത്തിട്ടില്ലാത്ത, അഡ്വ. എസ്. സുരേഷിന് ഇപ്പോള്‍ ഇരുപതോളം പോക്‌സോ കേസുകളില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ആ വക്കാലത്തെല്ലാം എങ്ങനെയായിരിക്കും അദ്ദേഹത്തിന് കിട്ടിയിരിക്കുക എന്നത് അന്വേഷിച്ചാല്‍ പലതും പുറത്തുവരും" .

ഇത്തരം ആരോപണങ്ങളില്‍ യാതൊരുവിധ കഴമ്പും ഇല്ലെന്നാണ് അഡ്വ. എസ്. സുരേഷ് അഴിമുഖത്തോട് പ്രതികരിച്ചത്. "ഞാനിപ്പോള്‍ അഡ്വ. രാജേഷിന്റെ ജൂനിയര്‍ അല്ല. പത്തുകൊല്ലം മുമ്പായിരുന്നു അദ്ദേഹത്തിന്റെ ജൂനിയര്‍ ആയി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ പത്തു കൊല്ലമായി സ്വന്തമായി ഓഫീസിട്ട് കേസുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എനിക്ക് കിട്ടുന്ന കേസുകള്‍ ആരെങ്കിലും പകരം ഏല്‍പ്പിക്കുന്നതല്ല. കക്ഷികള്‍ അന്വേഷിച്ചു വന്ന് അവര്‍ ഏല്‍പ്പിക്കുന്ന കേസുകളാണ് എനിക്കുള്ളത്. അഡ്വ. രാജേഷ് പാലക്കാട്ടെ പ്രസിദ്ധനായൊരു ക്രിമിനല്‍ അഭിഭാഷകനാണ്. അദ്ദേഹത്തിന്റെ ജൂനിയറായിരുന്നതുകൊണ്ട് ഞാനും ക്രിമിനല്‍ കേസുകളില്‍ മാത്രം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകനായിരുന്നു. ക്രിമിനല്‍ കേസുകള്‍ ഞാന്‍ നടത്താറുണ്ടെന്ന് അറിഞ്ഞായിരിക്കാം കക്ഷികള്‍ നേരിട്ട് എന്റെ ഓഫീസില്‍ വരുന്നത്. അഡ്വ. രാജേഷ് ഒരു കേസും ആരെയും ഏല്‍പ്പിക്കാറില്ല. അദ്ദേഹം സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ആയതിനുശേഷം തന്റെ കക്ഷികളെയെല്ലാം വിളിച്ചു വരുത്തുകയും താന്‍ ശിശുക്ഷേമ സമിതി ചെയര്‍മാനായതുകൊണ്ട് കേസുകളില്‍ നിന്നും ഒഴിയുകയാണെന്നു പറയുകയും പകരം ഏത് അഭിഭാഷകനെയാണെന്നു വച്ചാല്‍ കേസുകള്‍ ഏല്‍പ്പിക്കാമെന്നും അറിയിച്ചിരുന്നു. അങ്ങനെ അദ്ദേഹം ഏറ്റെടുത്തിരുന്ന എല്ലാ കേസുകളില്‍ നിന്നും ഒഴിഞ്ഞപ്പോള്‍, ആ കേസുകളിലെ ചില കക്ഷികള്‍ എന്നെ തിരക്കി വന്ന് അവരുടെ കേസുകള്‍ ഏല്‍പ്പിക്കുകയായിരുന്നു. മറ്റ് ചില കക്ഷികള്‍ വേറെ അഭിഭാഷകരുടെയടുക്കലാണ് പോയത്. വാളയാര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന പ്രദീപ് കുമാറിന്റെ വക്കാലത്ത് എടുക്കുന്നതും അയാള്‍ നേരിട്ട് എന്റെയടുക്കല്‍ വന്ന് കേസ് ഏല്‍പ്പിക്കുന്നതുകൊണ്ടായിരുന്നു. ആരും പറഞ്ഞു വിട്ടതല്ല. ഞാന്‍ ഇപ്പോഴാണ് പോക്‌സോ കേസുകള്‍ നടത്താന്‍ തുടങ്ങിയതെന്നു പറയുന്നവര്‍ എന്റെ വക്കാലത്തുകള്‍ പരിശോധിക്കണം. കഴിഞ്ഞ പതിനാറ് കൊല്ലമായിട്ട് ക്രിമിനല്‍ സൈഡ് മാത്രം പ്രാക്ടീസ് ചെയ്യുന്നൊരു അഭിഭാഷകനാണ് ഞാന്‍. എല്ലാത്തരം ക്രിമിനല്‍ കേസുകളും നടത്തുന്നൊരാളാണ്. അതില്‍ പോക്‌സോ കേസുകളുണ്ട്, കൊലപാതക കേസുകളുണ്ട്..."

നിര്‍ഭയ ഹോമിലുണ്ടായിരുന്ന കുട്ടിയുടെ കേസിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതും അഡ്വ. സുരേഷ് തന്നെയല്ലേ എന്ന ചോദ്യത്തിനോട് വ്യക്തമായ പ്രതികരണം കിട്ടിയില്ല. സ്ത്രീകള്‍ പ്രതികളായ ചില കേസുകളും താന്‍ നടത്തുന്നുണ്ടെന്നും അതൊന്നും അഡ്വ. എന്‍ രാജേഷ് ഏല്‍പ്പിച്ചതല്ലെന്നും കക്ഷികള്‍ നേരിട്ട് വന്നുകണ്ട് ഏല്‍പ്പിച്ചതാണെന്നുമായിരുന്നു അഡ്വ. സുരേഷില്‍ നിന്നും കിട്ടിയ മറുപടി.

ആ കുട്ടിയിപ്പോള്‍ എവിടെയാണ്?

കേസില്‍ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. പക്ഷേ, ആ കുട്ടി ഇപ്പോള്‍ നിര്‍ഭയ ഹോമില്‍ ഇല്ല. പാലക്കാട് ശിശുക്ഷേമ സമിതി കുട്ടിയെ നിര്‍ഭയ ഹോമില്‍ നിന്നും മാറ്റി. രാജേഷ് ചെയര്‍പേഴ്‌സണ്‍ ആയി ഇരിക്കുമ്പോഴത്തെ കമ്മിറ്റിയെടുത്ത തീരുമാനം. ലൈംഗിക പീഡന കേസുകളിലെ ഇരകള്‍, സാക്ഷി കൂടി ആയതിനാല്‍ സുരക്ഷിതമായി പാര്‍പ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് നിര്‍ഭയ ഹോമുകളിലേക്ക് ഇവരെ മാറ്റുമ്പോള്‍. പ്രതിയോ, പ്രതിയുമായി ബന്ധമുള്ളവരോ, സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റാരെങ്കിലുമോ കുട്ടികളെ കാണുകയോ സംസാരിക്കുയോ ചെയ്യാതിരിക്കലാണ് പ്രധാനം. എന്നാല്‍, ഈ മുന്‍കരുതല്‍ നിരാകരിച്ചുകൊണ്ടാണ് ആര്‍ക്കു വേണമെങ്കിലും തടസങ്ങളില്ലാതെ കുട്ടിയെ കാണാനാകുന്ന ഒരു അനാഥാലയത്തിലേക്ക്, രാജേഷിന്റെ നേതൃത്വത്തില്‍ തീരുമാനം എടുത്ത് മാറ്റുന്നത്.

കുട്ടിയെ അമ്മയുടെയും മുത്തശ്ശിയുടെയും കൂടെ വീട്ടിലേക്ക് വിടണമെന്നു രാജേഷ് ആദ്യം നിര്‍ദേശിച്ചപ്പോള്‍ അത് എതിര്‍ത്തുകൊണ്ട് നിര്‍ഭയ ലീഗല്‍ അഡ്വൈസര്‍ സഹീറ പറഞ്ഞിരുന്ന കാര്യമാണ് അമ്മയും മുത്തശ്ശിയും കേസിലെ പ്രതികളായതുകൊണ്ട് അവര്‍ക്കൊപ്പം വിടുന്നത് ശരിയാകില്ലെന്ന്. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ലാത്തതിനാല്‍ പ്രതികളായവര്‍ക്കൊപ്പം തന്നെ കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയായിരുന്നു അഡ്വ. സഹീറ ഉയര്‍ത്തിയത്. അത്തരം ആശങ്കളൊന്നും ചെവിക്കൊള്ളാതെയായിരുന്നു രാജേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് സിഡബ്ല്യുസി എടുത്ത തീരുമാനപ്രകാരം കുട്ടിയെ നിര്‍ഭയയില്‍ നിന്നും റിലീസിംഗ് ഓര്‍ഡറോടു കൂടി ഒരു പ്രത്യേക മതവിഭാഗം നടത്തുന്ന അനാഥാലയത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. വര്‍ഷങ്ങളായി ഈ കുട്ടി നിര്‍ഭയ ഹോമില്‍ തന്നെ കഴിയുകയാണെന്നും അതാ കുട്ടിയുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളെയും ഹനിക്കുന്നതിനു തുല്യമാണെന്നു കാണിച്ചായിരുന്നു മറ്റൊരിടത്തേക്ക് മാറ്റിയത്.

കേസ് അട്ടിമറിക്കപ്പെടുമോ?

സാഹചര്യങ്ങള്‍ നോക്കിയാല്‍ കേസ് അട്ടിമറിക്കപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പോക്‌സോ കോടതിയിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ നല്‍കുന്ന മറുപടി. "പോക്‌സോ കേസില്‍ പിഡബ്ല്യു വണ്‍ (കേസിലെ ഒന്നാം സാക്ഷി. ഇരയായ കുട്ടി തന്നെയായിരിക്കും ഒന്നാം സാക്ഷിയും) ഹാജരായാല്‍ വിചാരണ ആരംഭിക്കണമെന്നാണ്. മേയ് മാസത്തില്‍ കേസ് കോടതിയില്‍ വന്ന സമയത്ത് പിഡബ്ല്യു വണ്‍ കോടതിയില്‍ ഹാജരായിട്ടും കേസ് നീട്ടിവയ്ക്കുകയാണുണ്ടായത്. പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കേസ് നീട്ടിയത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഒന്നാം സാക്ഷിയെ വീണ്ടും ഹാജരാക്കണം. മുന്‍പ് ഒന്നാം സാക്ഷിയെ കൊണ്ടുവന്നത് നിര്‍ഭയ ഹോമില്‍ നിന്നായിരുന്നുവെങ്കില്‍ ഇപ്പോള്‍ കുട്ടി അവിടെയല്ല ഉള്ളതെന്നത് ഗൗരവമേറിയൊരു വിഷയമാണ്. പ്രതികള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നിടത്താണ് (അനാഥമന്ദിരം) കുട്ടി നിലവില്‍ ഉള്ളത്. ഒരുപക്ഷേ, അവരുടെ സ്വാധീനത്തിന് കുട്ടി വഴങ്ങിയിട്ടുണ്ടാകും. അങ്ങനെയെങ്കില്‍ കോടതിയില്‍ കുട്ടി മൊഴി മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രതികള്‍ക്ക് അനുകൂലമായാണ് മൊഴി പറയുന്നതെങ്കില്‍ കേസ് തള്ളിപ്പോകും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ഭയ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇരകളെ പാര്‍പ്പിക്കുന്നത്" .

അപകടകരമായ നിശബ്ദ പാലിച്ച സാമൂഹ്യ നീതി വകുപ്പ്

അഡ്വ. എന്‍. രാജേഷിനെതിരെ മേല്‍പ്പറഞ്ഞ പരാതികളും വിവാദങ്ങളുമെല്ലാം മാസങ്ങള്‍ക്കു മുമ്പേ അറിഞ്ഞിട്ടും ഇപ്പോഴും ശക്തമായൊരു നിലപാട് സ്വീകരിക്കാതെ സാമൂഹ്യ നീതി വകുപ്പ് മാറി നില്‍ക്കുകയാണെന്നാണ് ആക്ഷേപം. രാജേഷ് പാലക്കാട് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുത്ത് വെറും 13 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യ നീതി വകുപ്പിന് പരാതി കിട്ടിയതാണ്. പോക്‌സോ കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് രാജേഷ് എന്നും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ദുരുപയോഗം നടത്തി പ്രതികളായ തന്റെ കക്ഷികള്‍ക്ക് അനുകൂലമായി കേസുകള്‍ തിരിച്ചുവിടാന്‍ രാജേഷ് ശ്രമം നടത്തിയതെന്നും കാണിച്ചുള്ള ആ പരാതി, വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹിള സമാഖ്യ സൊസൈറ്റിയുടേതായിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കുക. എന്നാല്‍ ഈ പരാതിയിന്മേല്‍ അടിയന്തിരമായി നടപടിയെടുക്കാന്‍ സാമൂഹ്യ നീതി വകുപ്പ് തയ്യാറായില്ല. "രാജേഷിനെ സംരക്ഷിക്കാനാണ് വകുപ്പ് ശ്രമിച്ചത്. അതിന്റെ കൂടി ഫലമാണ് വളയാര്‍ കേസില്‍ ഉണ്ടായ പ്രതികൂല വിധി. മാര്‍ച്ച് മാസത്തില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാസങ്ങളാണ് എടുത്തത്. വളയാര്‍ കേസില്‍ പ്രതികളെ മുഴുവന്‍ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി വന്നശേഷം മാധ്യമങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധവും സമ്മര്‍ദ്ദവും ഉണ്ടായതുകൊണ്ടു മാത്രമാണ് താത്കാലിക സസ്‌പെന്‍ഷന്‍ എങ്കിലും നല്‍കിയത്. വാളയാര്‍ കേസ് ഇത്രയും സാമൂഹ്യ ശ്രദ്ധ നേടിയിരുന്നില്ലെങ്കില്‍ രാജേഷ് ഇപ്പോഴും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരുമായിരുന്നു" ; അഴിമുഖത്തോട് സംസാരിച്ച മഹിള സമാഖ്യ പ്രവര്‍ത്തക പറയുന്നു.

ഇപ്പോഴത്തേത്ത് താത്കാലിക നടപടി മാത്രം

വാളയാറില്‍ ദളിത് സഹോദരിമാര്‍ 'ആത്മഹത്യ' ചെയ്ത സംഭവം അടക്കം ഇരുപതിനു മുകളില്‍ പോക്സോ (the protection of children from sexual offences) കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിട്ടുള്ള അഡ്വ. എന്‍ രാജേഷിനെ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്നും നീക്കിയെന്നു സാമൂഹ്യ നീതി വകുപ്പ് പറയുമ്പോഴും അത് താത്കാലികമായൊരു ശിക്ഷാ നടപടി മാത്രമാണ്. സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവില്‍ രാജേഷിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്നും സിഡബ്ല്യുസി അംഗത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും ഈ തീരുമാനം അന്തിമമല്ല. രാജേഷുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ അന്വേഷണം വീണ്ടും നടത്തുുമെന്നും അതിന്റെ കൂടി റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും അഡ്വ. എന്‍. രാജേഷിനെ പാലക്കാട് ശിശുക്ഷേമ സമിതിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്നാണ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. രാജേഷിനെതിരേ വനിത, ശിശു വികസന ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഈ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ രാജേഷ് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ദുരുപയോഗം നടത്തിയിട്ടുണ്ടെന്നു പറയുന്നുണ്ട്. സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ആയ ശേഷവും രാജേഷും അദ്ദേഹത്തിന്റെ ഓഫീസും പോക്‌സോ കേസുകളില്‍ പ്രതിഭാഗത്തിനുവേണ്ടി തുടര്‍ച്ചയായി ഹാജരായിട്ടുണ്ടെന്നും പോക്‌സോ കേസിലെ സാക്ഷിയായ ഒരു കുട്ടിയെ നിര്‍ഭയ ഹോമില്‍ നിന്നും മാറ്റാന്‍ താത്പര്യമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം ക്രിമനല്‍ കേസ് ചുമത്തേണ്ട സാഹചര്യം ഉണ്ടായിട്ടും വിശദമായ റിപ്പോര്‍ട്ട് വരട്ടെ എന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ നിലപാട്. അതുവരെ മറ്റൊരു മുതിര്‍ന്ന അംഗത്തിന് പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന്റെ അധിക ചുമതല നല്‍കിക്കൊണ്ട് രാജേഷിനെ താത്കാലികമായി മാറ്റി നിര്‍ത്തുക മാത്രം ചെയ്തിരിക്കുന്നു.

തന്നെ മാറ്റിയിരിക്കുന്നത് താത്കാലികമായി മാത്രമാണെന്ന് രാജേഷും വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഇതുവരെയും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചിട്ടില്ലെന്നും രാജേഷ് അഴിമുഖത്തോട് പറഞ്ഞു. "ഇപ്പോഴത്തേത് അന്തിമമായ തീരുമാനം അല്ല. രാഷ്ട്രീയപ്രേരിതമായി ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുക മാത്രമാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരണം. രാജിവയ്ക്കുന്നതിനെക്കുറിച്ചോ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചോ ഇപ്പോള്‍ തീരുമാനം ഒന്നും എടുത്തിട്ടില്ല. അത്തരം തീരുമാനങ്ങളൊക്കെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം" എന്നായിരുന്നു രാജേഷിന്റെ പ്രതികരണം.

അതേസമയം, രാജേഷിന്റെ കാര്യത്തില്‍ നീതിയുക്തമായൊരു തീരുമാനം സാമൂഹ്യനീതി വകുപ്പില്‍ നിന്നും ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് ബാലാവകാശ പ്രവര്‍ത്തകരും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നത്. "വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാജേഷിനു മേല്‍ ഉള്ളത്. അതിന്‍മേല്‍ നടത്തിയ തെളിവെടുപ്പില്‍ ആരോപണങ്ങളില്‍ യാഥാര്‍ത്ഥ്യം ഉണ്ടെന്നു സാമൂഹ്യ നീതി വകുപ്പിന് ബോധ്യമാവുകയും ചെയ്തതാണ്. എന്നിട്ടും മാസങ്ങളോളം ഒരു നടപടിയും എടുത്തില്ല. ഇത്തരമൊരു സമീപനമാണ് മുന്‍പ് ഉണ്ടായിരുന്നതെന്നു മനസിലാക്കിയാല്‍, ഇനി വരുന്ന റിപ്പോര്‍ട്ടിലും രാജേഷിന് അനുകൂലമായി തന്നെ കാര്യങ്ങള്‍ എത്തുമെന്നു കരുതേണ്ടി വരും" ; സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ നീതിക്കായി പ്രവര്‍ത്തിക്കുന്ന പി.ഇ ഉഷ ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യ നീതി വകുപ്പിന് കിട്ടിയ മഹിളാ സമാഖ്യയുടെ പരാതിയില്‍ വാളയാര്‍ കേസില്‍ മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായ നിരവധി കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി വാദിക്കുന്നയാളാണ് രാജേഷ് എന്ന് വ്യക്തമായി തെളിവുകളോടെ പറഞ്ഞിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തിയതിനു പിന്നാലെയും തന്റെ കക്ഷികള്‍ക്ക് അനുകൂലമായി കേസ് മാറ്റുന്നതിന് അധികാരദുര്‍വിനിയോഗം നടത്താന്‍ രാജേഷ് തയ്യാറായി എന്നത് തന്നെ ഏറെ പ്രധാന്യമുള്ള വിഷയമായിരുന്നു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം ക്രിമിനല്‍ കേസ് എടുക്കാവുന്ന കുറ്റം. ഇക്കാര്യമൊക്കെ സമൂഹ്യ നീതി വകുപ്പിനെ ചൂണ്ടിക്കാട്ടിയിട്ടും നടപടികള്‍ വൈകിപ്പിക്കുകയാണുണ്ടായത്.

പരാതികള്‍ മുറപോലെ, ഒന്നും നടന്നില്ലെന്നു മാത്രം

നിര്‍ഭയ ഹോമില്‍ നടത്തിയ വിവാദ ഇടപെടലിന്റെ പരാതി പോയതിനുശേഷമാണ് വാളയാര്‍ കേസിലും രാജേഷിന്റെ അധികാരദുര്‍വിനിയോഗം വിവാദമാകുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായി അവധി അപേക്ഷ നല്‍കിയത് തെളിവ് സഹിതം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതോടെയാണ് വിവരം പുറത്തു വരുന്നത്. മേയ് 16-ന് നിയമസഭയില്‍ ഈ വിഷയം ചര്‍ച്ചയായി. മേയ് 18-ന് ചുനക്കര സ്വദേശി ശാലിനി ആര്‍, രാജേഷിനെതിരേ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷനില്‍ പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ രാജേഷിനെ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു ശാലിനിയുടെ പരാതിയിലെ ആവശ്യം. "ചെറുമ വിഭാഗത്തില്‍പ്പെട്ട 12-ഉം ഒമ്പതും വയസുള്ള പെണ്‍കുട്ടികളായിരുന്നു അസ്വാഭാവികമായി മരണപ്പെട്ടത്. രണ്ടു പെണ്‍കുട്ടികളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരും ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നു വ്യക്തമാക്കിയിരുന്നു. വാളയാര്‍ പൊലീസ് സ്റ്റേഷനില്‍ 43/17,240/17 എന്നീ ക്രൈം നമ്പറുകളില്‍ 376, പോക്സോ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രദീപ് കുമാര്‍ എന്ന പ്രതിയുടെ അഭിഭാഷകനായിരുന്നു രാജേഷ്. ഇയാള്‍ തന്നെ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ ആയി ഇരിക്കുന്നതിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു ഞാന്‍ പട്ടികജാതി-വര്‍ഗ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കമ്മീഷന്‍ പാലക്കാട് ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. അതിനോടൊപ്പം തന്നെ സാമൂഹ്യ നീതി വകുപ്പിനോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വകുപ്പില്‍ നിന്നും യാതൊരു മറുപടി ഇക്കാര്യത്തില്‍ ഉണ്ടായില്ല. പൊലീസ് ആകട്ടെ അഡ്വ. രാജേഷ് ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുണ്ടോ വളയാര്‍ കേസിലെ പ്രതിക്കു വേണ്ടി ഹാജരായോ എന്നീ കാര്യങ്ങള്‍ മാത്രം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അവരുടെ നടപടി അവസാനിപ്പിച്ചു. ഡിവൈഎസ്പി എന്നെ വിളിച്ചു പറഞ്ഞത്, അദ്ദേഹം ഇപ്പോള്‍ ആ കേസില്‍ നിന്നും പിന്മാറിയിട്ടുണ്ടല്ലോ, ഇനി പ്രശ്നമൊന്നും ഇല്ലോ എന്നായിരുന്നു.

ഒടുവില്‍ അന്വേഷണം

മാര്‍ച്ച് 21 ന് അഡ്വ. എന്‍ രാജേഷിനെതിരേ മഹിള സമാഖ്യയില്‍ നിന്നും പരാതി ഉണ്ടായിട്ടും അനങ്ങാതിരുന്ന സമൂഹ്യ നീതി വകുപ്പ്, വളയാര്‍ കേസിലും രാജേഷിന്റെ പേര് വിവാദമായി വന്നതോടെയാണ് ഒരന്വേഷണം നടത്താന്‍ തീരുമാനിക്കുന്നത്. 2019 മേയ് 17 ന് സാമൂഹ്യ നീതി വകുപ്പ് രാജേഷിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. മഹിള സമാഖ്യയുടെ പരാതിയില്‍ പറഞ്ഞരിക്കുന്ന ആക്ഷേപങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു അന്വേഷണ ഉത്തരവ്. 2015 ലെ ജുവനൈല്‍ ജസ്റ്റീസ് ആക്ട്(ജെജെ ആക്ട്) സെക്ഷന്‍ 27 ന്റെ ഉപ വകുപ്പായ സെക്ഷന്‍(7) പ്രകാരം ശിശുക്ഷേമ സമിതി അംഗമായ വ്യക്തി തന്റെ സ്വാര്‍ത്ഥതാത്പര്യാര്‍ത്ഥം അധികാരങ്ങള്‍ ദുര്‍വിനിയോഗം നടത്തിയെന്നു കണ്ടെത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് ആ വ്യക്തിയെ ശിശുക്ഷേമ സമിതിയില്‍ നിന്നും നീക്കം ചെയ്യാന്‍ അധികാരമുണ്ട്. അങ്ങനെയൊരു നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി രാജേഷിനെതിരേയുള്ള പരാതിയില്‍ വാസ്തവമുണ്ടോയെന്ന് കണ്ടെത്താനായിട്ടാണ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐഎഎസ്സിനെയും സാമൂഹ്യ നീതി വകുപ്പ് ജോയ്ന്റ് സെക്രട്ടറി കെ കെ ബിന്ദുവിനെയും അന്വേഷണത്തിനു നിയോഗിക്കുന്നത്.

വിഷയം ഗൗരവമേറിയത്, പക്ഷേ അന്വേഷണം ഇഴഞ്ഞിഴഞ്ഞ്

രണ്ടംഗ അന്വേഷണ കമ്മീഷന്‍ മേയില്‍ പാലക്കാട് എത്തി നിര്‍ഭയ ഹോമിലെ ജീവനക്കാരെയും ലീഗല്‍ അഡൈ്വസറെയും കണ്ട് മൊഴിയെടുത്തു. രാജേഷിന് എതിരായ മൊഴിയായിരുന്നു എല്ലാവരും നല്‍കിയത്. ഉത്തരവ് പ്രകാരം നിര്‍ഭയ ഹോമിലെ കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ അന്വേഷണം നടത്താനായിരുന്നു ആവിശ്യമെങ്കിലും വാളയാര്‍ കേസില്‍ പ്രതിഭാഗത്തിനു വേണ്ടി രാജേഷ് ഹാജരായെന്ന പരാതിയും ഇതിനോട് ചേര്‍ത്ത് അന്വേഷിച്ചിരുന്നു. അതിന്‍പ്രകാരമായിരുന്നു പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ജലജ മാധവനില്‍ നിന്നും മൊഴിയെടുക്കുന്നത്. 'കോടതിയില്‍ ആയിരുന്ന എന്നെ അവിടെ നിന്നും വിളിപ്പിക്കുകയായിരുന്നു. വാളയാര്‍ കേസില്‍ ചെയര്‍പേഴ്‌സണ്‍ ഹാജരായ വിഷയത്തില്‍ സംസാരിക്കാനായിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ നിര്‍ഭയ ഹോമിലെ സംഭവത്തേക്കുറിച്ചും അവര്‍ ചോദിച്ചു എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ വളയാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ അന്വേഷണ കമ്മിഷനോട് പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ സ്ഥാനമേറ്റെടുത്ത ശേഷം വളയാര്‍ കേസില്‍ നിന്നും വക്കാലത്ത് ഒഴിഞ്ഞിരുന്നു എന്നാണ് അഡ്വ. രാജേഷ് പറഞ്ഞിരുന്നത്. അത് അവാസ്തവമായ കാര്യമായിരുന്നു. ചെയര്‍പേഴ്‌സണ്‍ ആയ ശേഷം വാളയാര്‍ പ്രതിയുടെ വക്കാലത്ത് തന്റെ ഓഫിസിലെ ജൂനിയര്‍ അഭിഭാഷകയ്ക്ക് നല്‍കുകയായിരുന്നു അഡ്വ. രാജേഷ് ചെയ്ത്. പക്ഷേ, കോടതിയില്‍ എതിര്‍ഭാഗത്തെ വിസ്തരിക്കാന്‍ രണ്ടുവട്ടവും ഹാജരായത് അഡ്വ. രാജേഷ് തന്നെയായിരുന്നു. കേസ് ആദ്യം അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടര്‍ പി. സി ചാക്കോയെ രാജേഷ് വിസ്തരിക്കുന്നത് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുത്തതിനുശേഷമായിരുന്നു. മറ്റു ചിലരെക്കൂടി വിസ്തരിച്ചിട്ടുണ്ട്. രണ്ടു തവണ വിസ്താരത്തിന് എത്തിയതിനുശേഷമാണ് മേയ് മൂന്നിന് പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ആണെന്നും ശിശുക്ഷേമ സമിതി സിറ്റിംഗ് ഉള്ളതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നും കാണിച്ച് ആബ്‌സന്റ് പെറ്റീഷന്‍ നല്‍കുന്നത്. ഇക്കാര്യം ജഡ്ജി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ രേഖയുടെ കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ട് കോപ്പി മാധ്യമങ്ങള്‍ക്ക് കിട്ടുന്നതോടെയാണ് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ തന്നെ വാളയാര്‍ കേസിലെ പ്രതിക്കു വേണ്ടി ഹാജരാകുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പിന്നീട് വിവാദം മുറുകിയപ്പോഴാണ് തന്റെ ജൂനിയറായിരുന്ന മറ്റൊരു അഭിഭാഷകനെ വാളയാര്‍ കേസിന്റെ വക്കാലത്ത് ഏല്‍പ്പിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഞാന്‍ അന്വേഷണ കമ്മീഷനെ അറിയിച്ചു. അഡ്വ. രാജേഷ് ആബ്‌സന്റ്‌സ് പെറ്റീഷന്‍ നല്‍കിയതിന്റെ പ്രിന്റ് ഔട്ട് കോപ്പി അന്വേഷണ കമ്മീഷന്റെ കൈവശവും കിട്ടിയിരുന്നുവെങ്കിലും പിന്നീടുള്ള നിയമനടപടികള്‍ക്ക് അത് ഉപയോഗിക്കണെങ്കില്‍ അതേ കോപ്പിയുടെ സര്‍ട്ടിഫൈഡ് കോപ്പി കോടതിയില്‍ നിന്നും ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ പറഞ്ഞു. അവര്‍ രേഖാമൂലം തന്നെ ഇക്കാര്യം ആവിശ്യപ്പെട്ടതിന്‍ പ്രകാരം സര്‍ട്ടിഫൈഡ് കോപ്പിക്കു വേണ്ടി കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരാകരിക്കപ്പെട്ടു. ആ കോപ്പി കിട്ടേണ്ടത് അത്യാവശ്യമായതുകൊണ്ട് എന്റെ ക്ലര്‍ക്ക് മുഖാന്തരം വീണ്ടും അപേക്ഷ നല്‍കി. ആ അപേക്ഷ നല്‍കി മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് എന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. വിവിധ കാരണങ്ങള്‍ കൊണ്ട് താങ്കളെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റുന്നുവെന്നു മാത്രമായിരുന്നു ആ ഉത്തരവില്‍ ഉണ്ടായിരുന്നത്'.

സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നിര്‍ഭയ ഹോമില്‍ നടത്തിയ ഇടപെടലും വാളയാര്‍ കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായതുമായും ബന്ധപ്പെട്ട് മേയ് മാസത്തില്‍ അന്വേഷണം നടത്തി മൊഴിയെടുക്കലും തെളിവ് ശേഖരിക്കലും പൂര്‍ത്തിയാക്കിയെങ്കിലും രാജേഷിനെതിരെ നടപടികള്‍ ഒന്നും ഉണ്ടായില്ല. ജലജ മാധവനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയതിനു പിന്നാലെ എന്‍. രാജേഷ് വാളയാര്‍ കേസില്‍ ആബ്‌സന്റ്‌സ് പെറ്റീഷന് അപേക്ഷിച്ചതിന്റെ സര്‍ട്ടിഫൈഡ് കോപ്പി അന്വേഷണ കമ്മീഷന്‍ വാങ്ങിച്ചെടുക്കുകയും ചെയ്തിരുന്നു. തെളിവുകളും മൊഴികളും രാജേഷിന് എതിരായിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നു മാത്രം. ഇതിനിടയില്‍ ഷീബ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറി. പകരം മറ്റൊരാള്‍ വന്നു. അദ്ദേഹവും പോയ ശേഷം ടി വി അനുപമ ഡയറക്ടര്‍ സ്ഥാനത്ത് വന്നശേഷമാണ് രാജേഷിനെതിരേയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത്. വാളയാര്‍ കേസില്‍ വിധി വരുന്നതിനും മുന്‍പേ തന്നെ ആ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അപ്പോഴും വകുപ്പ് തലത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ല. ഒടുവില്‍ വാളയാര്‍ കേസില്‍ പ്രതികളെ മുഴുവന്‍ വെറുതെ വിട്ടുകൊണ്ട് കോടതിവിധി വന്നതിനു പിന്നാലെ ശക്തമായ പ്രതിഷേധം സമൂഹത്തില്‍ ഉയര്‍ന്നപ്പോള്‍ മാത്രമാണ് രാജേഷിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനെങ്കിലും സാമൂഹ്യ നീതി വകുപ്പ് തയ്യാറായത്. വകുപ്പ് തലത്തില്‍ നിന്നും ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം വാളയാര്‍ കേസില്‍ ആബ്‌സന്റ് പെറ്റീഷന്‍ നല്‍കിയതിന്റെ സര്‍ട്ടിഫൈഡ് കോപ്പി അടക്കം ചില തെളിവുകള്‍ കിട്ടാന്‍ വൈകിയതുകൊണ്ടാണെന്നാണ്.

ക്രിമിനല്‍ കേസ് എടുക്കുമോ?

വളയാര്‍ കേസില്‍ മാത്രമല്ല, തന്റെ അധികാരം എന്‍. രാജേഷ് ദുര്യുപയോഗം ചെയ്തിരിക്കുന്നതെന്നും നിര്‍ഭയ ഹോമില്‍ നിന്നും താന്‍ പ്രതിഭാഗത്തിന്റെ അഭിഭാഷകനായുള്ള കേസിലെ സാക്ഷിയെ മാറ്റാനും കുട്ടിയെ സ്വാധീനിക്കാനും ചെയ്തതിന് രാജേഷിനെതിരേ ക്രിമനല്‍ കേസ് എടുത്ത് നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് ശിശുക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നത്. അത്തരം നടപടികള്‍ക്കൊന്നും മുതിരാതെ താത്കാലിക സസ്‌പെന്‍ഷന്‍ മാത്രം നല്‍കിയിരിക്കുന്നത് രാജേഷിനെ തിരികെ ശിശുക്ഷേമ സമിതിയുടെ തലപ്പത്തേക്ക് തന്നെ കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇവര്‍ ആരോപിക്കുന്നു. വാളയാര്‍ കേസില്‍ പ്രതിക്കു വേണ്ടി ഹാജരായി എന്ന പരാതി തള്ളിപ്പോകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചുകൊണ്ട് രാജേഷിനെ കുറ്റവിമുക്തനാക്കി തിരികെ കൊണ്ടുവന്നേക്കാമെന്നും ശിശുക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നു. അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമായ ശിശുക്ഷേമ സമിതിയില്‍ ചെയര്‍മാനെ പുറത്താക്കുക നിയമപരമായി സമൂഹ്യ നീതി വകുപ്പിന് മാത്രമായി തീരുമാനം എടുക്കാനും കഴിയാത്ത കാര്യമാണ്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോഴാണ് രാജേഷ് മടങ്ങി വരാനുള്ള സാധ്യതകള്‍ കൂടുന്നതെന്നാണ് പി ഇ ഉഷയെ പോലുള്ളവര്‍ പറയുന്നത്. അതേസമയം നിര്‍ഭയ ഹോമിലെ രാജേഷിന്റെ ഇടപെടലിനെതിരേ ക്രിമിനല്‍ കേസ് എടുത്താല്‍ രാജേഷിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒടുവില്‍ വാളയാറിലെ പോലെ ഒരു അട്ടിമറി നടക്കുമോ?

വനിത ശിശു വികസന വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷ്ണത്തില്‍ ഇനി രാജേഷിന്റെ മൊഴിയെടുക്കലും മറ്റ് തെളിവ് ശേഖരിക്കലുമൊക്കെ നടക്കണം. അതെല്ലാം പൂര്‍ത്തിയാക്കിയശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇനിയാണ് അട്ടിമറികള്‍ക്ക് സാധ്യതയും. അതിനുള്ള ഏറ്റവും വലിയ ഉദ്ദാഹരണമാണ്, നിര്‍ഭയ ഹോമിലെ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ വച്ച് തന്നെയാണ് പോക്‌സോ കേസ് സാക്ഷിയായ കുട്ടിയുടെ വിവരങ്ങള്‍ ചോദിക്കുകയും ആ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞു വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തതെങ്കിലും യോഗത്തിന്റെ മിനിട്‌സില്‍ ആ വിവരങ്ങള്‍ ഇല്ല. യോഗത്തിന്റെ അധ്യക്ഷന്‍ തയ്യാറാക്കിയ മിനിട്‌സിന്റെ കോപ്പി നിര്‍ഭയ ഹോമിലേക്ക് അയച്ചു കൊടുത്തിരുന്നു. അപ്പോഴാണ് രാജേഷിന്റെ വിവാദ പരാമര്‍ശങ്ങള്‍ മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നു മനസിലാകുന്നത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതിന് ഉത്തരമില്ല. നാളെ ഇതേ മിനിട്‌സ് രാജേഷിനെതിരേയുള്ള അന്വേഷണത്തില്‍ അദ്ദേഹത്തിന് അനുകൂലമായി മാറുകയും ചെയ്യും. ഇതപോലെ പല അട്ടിമറികളും നടന്നേക്കാമെന്നാണ് സഹീറയെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. എങ്കില്‍ പോലും, രാജേഷിനെതിരേയുള്ള മറ്റു പല തെളിവുകളിലും ഇവര്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ആ പ്രതീക്ഷ എത്രത്തോളം ഫലവത്താകുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.


Next Story

Related Stories