TopTop
Begin typing your search above and press return to search.

ആരോഗ്യ രംഗത്ത് കേരളം ഒന്നാം നമ്പര്‍ ആയതിന്റെ ആദ്യ ക്രെഡിറ്റ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്: എ.കെ ആന്റണി

ആരോഗ്യ രംഗത്ത് കേരളം ഒന്നാം നമ്പര്‍ ആയതിന്റെ ആദ്യ ക്രെഡിറ്റ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്: എ.കെ ആന്റണി

കൊറോണ വൈറസ് രോഗബാധയെ നേരിടുന്നതില്‍ കേരള മോഡലിനെ ലോക മുഴുവന്‍ പ്രശംസിക്കുന്നുണ്ടെങ്കിലും അഹങ്കരിക്കാന്‍ സമയമായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി. അഴിമുഖത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. (അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം: എ.കെ ആന്റണി എക്സ്ക്ലൂസീവ്: ധൂര്‍ത്തുള്‍പ്പെടെ പോസ്റ്റ്‌മോര്‍ട്ടം കോവിഡ് യുദ്ധം കഴിഞ്ഞിട്ടാകാം, രാജ്യം പോകുന്നത് വലിയ പട്ടിണി മരണത്തിലേക്ക്) കേരളം ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്തെത്തിയതിന്റെ ആദ്യ ക്രെഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

"വല്ലാതങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ട. കൊറോണ ബാധയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി രക്ഷപ്പെട്ട് നിൽക്കുന്ന സംസ്ഥാനമാണെങ്കിലും കേരളം ഇപ്പോഴും കരകയറിയിട്ടില്ല. ഇന്ത്യ മുഴുവൻ രോഗം പടർന്നു പിടിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഭയാനകമായി പടർന്നിരിക്കുന്നു. കന്യാകുമാരി മുതൽ വയനാട് വരെയുള്ള കേരള അതിർത്തികളിലും ഇത് എത്തിയിരിക്കുകയാണ്. അതിർത്തികളിലെല്ലാം കൊറോണ ഭയാനകമായി വ്യാപിക്കുമ്പോൾ രക്ഷപ്പെട്ടുവെന്ന് പറയാൻ പറ്റുമോ?" എന്ന് അദ്ദേഹം ചോദിക്കുന്നു.

അതേസമയം, എല്ലാവരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി വ്യാപനം തടയാൻ നമുക്കാകുന്നുണ്ട് എന്നും ആന്റണി പറഞ്ഞു. "രോഗം വ്യാപിക്കുന്ന പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ള മലയാളികൾ മടങ്ങി വരികയാണ്. അവർ മടങ്ങി വരണം. അവർക്ക് അതിന് അവകാശമുണ്ട്. കാരണം അവർ അന്യദേശങ്ങളിൽ കിടന്ന് കഷ്ടപ്പെട്ട് പണിയെടുത്തതിന്റെ ഫലമായാണ് ഇത്രയും കാലം കേരളം കഷ്ടപ്പാടില്ലാതെ കഴിഞ്ഞത്. അവർ നാട്ടിലേക്ക് മടങ്ങിവരുമ്പോൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം. പക്ഷെ അവരെല്ലാം മടങ്ങിവരുമ്പോൾ രോഗത്തിന്റെ എണ്ണം കൂടാൻ സാധ്യതയുണ്ട്", അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വളരെ മുമ്പ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഇപ്പോള്‍ മെച്ചപ്പെട്ട അവസ്ഥ സംസ്ഥാനത്ത് ഉണ്ടായതിനു കാരണമെന്നും ആന്റണി പറയുന്നു: "രണ്ട് വർഷമായി ഞാൻ പാർലമെന്റിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ്. ഡോക്ടർമാരായ പന്ത്രണ്ട് എംപിമാരുണ്ട് നമുക്ക്. അവരുമായും ആയുർവേദ, അലോപ്പതി രംഗത്തെ വിദഗ്ധന്മാരുമായെല്ലാം ഞാൻ സംസാരിക്കാറുണ്ട്. കൂടാതെ ആരോഗ്യ സംഘടനകളുമായും ചർച്ച നടത്താറുണ്ട്. ഇതിൽ ഞാൻ മനസിലാക്കിയത് ഇന്ത്യയിൽ ആരോഗ്യ രംഗത്ത് ഇന്ന് കേരളമാണ് നമ്പർ വൺ എന്നാണ്. അതിന്റെ കാരണം, വളരെ മുമ്പേ ആരംഭിച്ചതാണ്. തിരുവിതാംകൂർ കൊട്ടാരത്തിനാണ് അതിന്റെ ആദ്യ ക്രെഡിറ്റ്. തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണ്. വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യൻ മിഷണറിമാർ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സർക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സർക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു. ഒടുവിൽ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവൺമെന്റുകൾക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നൽ കൊടുത്തത്. റവന്യൂ വരുമാനത്തിന്റെ ഏറ്റവും കൂടുതൽ പോകുന്നത് ഈ വിഭാഗങ്ങളിലാണ്.

അങ്ങനെ തുടർച്ചയായി വന്ന വിവിധ ജനകീയ സർക്കാരുകളുടെ പ്രവർത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തിൽ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്. സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകളും ഇവിടെയുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങൾ ഒരു സർക്കാരും നിർത്തിയിട്ടില്ല എന്നാണ്. അതിന്റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സർക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു. അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്റെ പ്രധാന കാരണം", ആന്റണി വ്യക്തമാക്കി.


Next Story

Related Stories