TopTop
Begin typing your search above and press return to search.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ അനുവദിക്കില്ലെന്ന് എകെ ബാലന്‍, ഗവര്‍ണറെ തിരിച്ച്‌ വിളിക്കാനുള്ള പ്രമേയത്തെ സര്‍ക്കാര്‍ പിന്തുണച്ചേക്കില്ല

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ അനുവദിക്കില്ലെന്ന് എകെ ബാലന്‍, ഗവര്‍ണറെ തിരിച്ച്‌ വിളിക്കാനുള്ള പ്രമേയത്തെ സര്‍ക്കാര്‍ പിന്തുണച്ചേക്കില്ല

പൗരത്വ നിയമത്തെ അനുകൂലിച്ചും, നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുന്ന ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തെ ഭരണപക്ഷം പിന്തുണക്കില്ലെന്ന് സൂചനകള്‍. നിയമസഭയെ അവഹേളിക്കുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സംസ്ഥാന നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്‌പീക്കര്‍ക്ക്‌ പ്രതിപക്ഷ നേതാവ് നോട്ടീസും നല്‍കി. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിയമ മന്ത്രി എകെ ബാലന്റെ നിലപാട്.

പൗരത്വ നിയമത്തിന് എതിരെ പ്രതിപക്ഷത്തെ കൂടെകൂട്ടി സമരങ്ങള്‍ക്ക് തുടക്കമിടുകയും അതുവഴി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ച്‌ പറ്റുകയും ചെയ്ത സര്‍ക്കാറിനെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ കഴിഞ്ഞ ദിവസത്തെ പ്രമേയം സംബന്ധിച്ച പ്രഖ്യാപനം. നീക്കം സര്‍ക്കാറിന്റെ നടപടികളെ കവച്ച്‌വയ്ക്കുന്ന നില വന്നതോടെയാണ് പ്രതിരോധവുമായി നിയമമന്ത്രി തന്നെ രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയില്‍ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ടെന്ന് വ്യക്തമാക്കിയ എകെ ബാലന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സര്‍ക്കാരും ഭരണഘടനാ പരമായി തന്നെ ഗവര്‍ണറും കടമകള്‍ നിര്‍വ്വഹിക്കും. അതില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അത് ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ല. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതിന് സര്‍ക്കാര്‍ ഉചിതമായ സമയത്ത് കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Next Story

Related Stories