TopTop

അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടിയത് സംഘവരിവാർ വിധേയത്വം മൂലമെന്ന് കേരള സര്‍ക്കാർ പ്രസിദ്ധീകരണം

അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടിയത് സംഘവരിവാർ വിധേയത്വം മൂലമെന്ന് കേരള സര്‍ക്കാർ പ്രസിദ്ധീകരണം

പ്രശസ്തകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജ്ഞാനപീഠ നേട്ടത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ച് കേരള സർക്കാർ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി. അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാൻ സഹായകമായത് സംഘപരിവാർ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്നാണ് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആരോപണം.

വിജ്ഞാന കൈരളിയുടെ ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റർ സി. അശോകന്റെ 'മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠമെത്തുമ്പോൾ' എന്ന ലേഖനത്തിലാണ് വിമർശനങ്ങൾ. അക്കിത്തത്തിന്റെ ആദ്യകാല കവിതകളെയും പിൽക്കാലത്തെ ഹിന്ദുത്വ നിലപാടുകളെയും വിമർശിക്കുന്ന ലേഖനത്തിലാണ് സംഘപരിവാർ പ്രത്യയശാസ്ത്ര അനുകുല നിലപാടുകളും പുരസ്കാര നേട്ടവും തമ്മിൽ ബന്ധപ്പെടുത്തുന്നത്.

അക്കിത്തത്തിന് ജ്ഞാനപീഠം നേട്ടം മലയാളത്തിന് അഭിമാനകരം തന്നെയാണ്. അദ്ദേഹം അതിന് അർഹനല്ലെന്ന് ആരും പറയില്ലെന്ന് വ്യക്തമാക്കിയാണ് ലേഖനം ആരംഭിക്കുന്നത്. പിന്നാലെ അക്കിത്തത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന വിഖ്യാത കവിതയിലെ പുരോഗമന ആശയമുള്ള വരികൾ പിൽക്കാലത്തെ കവിയുടെ നിലപാടുകളെ ചോദ്യംചെയ്യുന്നവയാണെന്നും ആരോപിക്കുന്നു.

'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്ന കവിയുടെ വരികൾ പിന്നീട് വിരോധാഭാസമായി. ഹിന്ദുത്വ ഫാസിസത്തിന്റെ വിദ്വേഷാന്ധത ബാധിച്ച് അഭിനവ ധൃതരാഷ്ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവർത്തനങ്ങളെക്കാൾ ഭേദം തമസ്സാണെന്ന് കവിത പ്രഖ്യാപിക്കുന്നതായി നാം മനസ്സിലാക്കുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താവും പ്രയോക്താവുമായി മാറിയ അക്കിത്തത്തിന് അങ്ങനെയൊരു കൃതി രചിക്കുക സാധ്യമല്ല. ആ കൃതി നാളിതുവരെ പ്രവർത്തിച്ചുവരുന്നത് ജീവിച്ചിരിക്കുന്ന അക്കിത്തത്തിന്റെ ഹിന്ദുത്വ നിലപാടുകളെ പിളർത്തിക്കൊണ്ടാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

സാംസ്കാരിക ദേശീയത എന്ന പേരിൽ പഴയ പൗരോഹിത്യ സംസ്കാരമായ ബ്രാഹ്മണ്യത്തിന്റെ യാഗങ്ങളെയും യജ്ഞങ്ങളെയും മലയാളത്തിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹം നേതൃതംവ നൽകി. എന്നാൽ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളെയും ഹൈന്ദവ യാഥാസ്ഥിക വീക്ഷണങ്ങളെയും അക്കിത്തം പിന്തുണയ്ക്കുകയാണ് ഉണ്ടായത്. എന്നാൽ അദ്ദേഹത്തിന്റെ കവിതകൾ ഈ സാഹചര്യങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വന്നു നിൽക്കുകയാണെന്നും ലേഖനം അവകാശപ്പെടുന്നു.


Next Story

Related Stories