TopTop
Begin typing your search above and press return to search.

മഹാകവി അക്കിത്തം അന്തരിച്ചു

മഹാകവി അക്കിത്തം  അന്തരിച്ചു

മഹാകവി അക്കിത്തം (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അക്കിത്തം അച്യുതൻ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് രാവിലെ 8.10 നാണ് മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട് ഹൈടെക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് മരണം.

സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തത്തിനായിരുന്നു. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം 2008ല്‍ ഇദ്ദേഹത്തിനു ലഭിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 24 നാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലായിരുന്നു ജനനം. ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി 46-ഓളം കൃതികളാണ് മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്റെതായുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി (കവിത), മനസാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍), ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍), ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983), അമൃതഗാഥിക (1985), ക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ (1986), കളിക്കൊട്ടിലില്‍ (1990) അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം(1946-2001). ശുകപുരം: വള്ളത്തോള്‍ വിദ്യാപീഛീ, 2002, സമത്വത്തിന്റെ ആകാശം, കരതലാമലകം, വിദ്യാര്‍ത്ഥിമിത്രം, ആലഞ്ഞാട്ടമ്മ, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ. ഉപന്യാസങ്ങള്‍ ഉപനയനം (1971), സമാവര്‍ത്തനം (1978). എന്നിവയാണ് പ്രധാന രചനകള്‍.

ബലിദര്‍ശനം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സഞ്ജയന്‍ പുരസ്‌കാരം(1952), പത്മപ്രഭ പുരസ്‌കാരം (2002), അമൃതകീര്‍ത്തി പുരസ്‌കാരം (2004), എഴുത്തച്ഛന്‍ പുരസ്‌കാരം (2008), വയലാര്‍ അവാര്‍ഡ് -2012 - അന്തിമഹാകാലം, എന്നിവയ്ക്ക് പുറമെ 2017ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സംസ്കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും ചെറുപ്പത്തിൽ തന്നെ മികവ് നേടിയിരുന്ന അക്കിത്തം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ലാണ് അക്കിത്തം ആകാശവാണിയിൽ നിന്നും വിരമിയ്ക്കുന്നത്.


Next Story

Related Stories