TopTop
Begin typing your search above and press return to search.

'ആർക്കാണോ വിധിച്ചത് അവരെയാണ് വിളിച്ചത്', സർവ്വകക്ഷി യോഗത്തിൽ പിജെ ജോസഫിനെ ഒഴിവാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി

ആർക്കാണോ വിധിച്ചത് അവരെയാണ് വിളിച്ചത്, സർവ്വകക്ഷി യോഗത്തിൽ പിജെ ജോസഫിനെ ഒഴിവാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തിര‍ഞ്ഞെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ‌ ചേർന്ന സര്‍വ്വകക്ഷിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസിൽ ചില തർ‌ക്കങ്ങൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്. അത് പ്രകാരമായിരുന്നു നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സർവ കക്ഷിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജോസ് കെ മാണി നേതൃത്വം നൽകുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എം ഇപ്പോഴെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. കേരള കോൺഗ്രസ് എം ആരെന്ന് തീരുമാനക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അതിൽ അവർ തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോൾ ജോസിന് അനുകൂലമാണ് തീരുമാനം. ഇതിന് മുൻപ് പിജെ ജോസഫിനെയാണ് വിളിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നു എന്നായിരുന്നു സര്‍വ്വകക്ഷി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടത്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പുനക്രമീകരിക്കണമെന്നും ജോസ് കെ മാണി നിലപാട് എടുത്തിരുന്നു.

അച്ചടക്ക നടപടിയുടെ പേരിൽ നിലവിൽ യുഡിഎഫിന് പുറത്താണ് ജോസ് കെ മാണി വിഭാഗം. ജോസ് വിഭാഗം എൽഡിഎഫിനോട് ചേർന്ന് നിന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


Next Story

Related Stories