TopTop

അലനും താഹയും നഗര മാവോയിസ്റ്റുകളെന്ന് പൊലീസ്, ഇരുവരും കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികള്‍

അലനും താഹയും നഗര മാവോയിസ്റ്റുകളെന്ന് പൊലീസ്, ഇരുവരും കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികള്‍

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ലഘുലേഖ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ശുഐബും താഹ ഫൈസലും നഗര മാവോയിസ്റ്റുകളെന്ന് പൊലീസ്. ഇരുവരും കാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ നഗരത്തിലെ കണ്ണികളാണ് എന്നും പൊലീസ് ആരോപിക്കുന്നു. അലനേയും താഹയേയും നിരീക്ഷിച്ചുവരുകയായിരുന്നു. മറ്റൊരു കോഴിക്കോട് സ്വദേശി രക്ഷപ്പെട്ടതായും കൂടുതല്‍ പേര്‍ ഇവരുടെ സംഘത്തിലുണ്ടെന്നും പൊലീസ് പറയുന്നു. കോഴിക്കോട് നഗരത്തില്‍ ഇവര്‍ വിവര ശേഖരണവും ആശയപ്രചാരണവും നടത്തിവരുകയായിരുന്നു. അതേസമയം അറസ്റ്റ് ചെയ്തവര്‍ക്ക് മേല്‍ ചുമത്തിയ യുഎപിഎ നിലിനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര പറഞ്ഞു.

അതേസമയം പൊലീസ് സർക്കാറിന്റ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നെന്ന ആരോപണം ശക്തമാവുമ്പോള്‍ വിരുദ്ധ നിലപാടുമായി മന്ത്രി ജി സുധാകരൻ രംഗത്തെത്തി. പൊലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയത്തിന് അനുസരിച്ച് തന്നെയാണ് എന്ന് ജി സുധാകരൻ പറഞ്ഞു. യുഎപിഎ ചുമത്തിയ അറസ്റ്റും സാഹചര്യങ്ങളും മുഖ്യമന്ത്രി പരിശോധിക്കും. ഉചിതമായ തീരുമാനം മുഖ്യമന്ത്രി എടുക്കും. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ കൂടുതല്‍ സംസാരിക്കേണ്ട കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും നിലപാടിന് വിരുദ്ധമായാണ് രണ്ട് യുവാക്കള്‍ക്കെതിരായ യുഎപിഎയില്‍ പൊലീസ് പ്രവര്‍ത്തിച്ചത് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങിയവര്‍ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.




Next Story

Related Stories