TopTop
Begin typing your search above and press return to search.

'അഞ്ച് സെന്റ് സ്ഥലവും വീട് വയ്ക്കാനുള്ള വായ്പയും എന്റെ ഭാര്യ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു'; ലൈഫ് മിഷന്‍ കത്തെഴുതിയ നീതു ജോണ്‍സണെ കാത്ത് അനില്‍ അക്കര

അഞ്ച് സെന്റ് സ്ഥലവും വീട് വയ്ക്കാനുള്ള വായ്പയും എന്റെ ഭാര്യ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു; ലൈഫ് മിഷന്‍ കത്തെഴുതിയ നീതു ജോണ്‍സണെ കാത്ത് അനില്‍ അക്കര

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കെതിരേ അനില്‍ അക്കര എംഎല്‍എ ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളും പരാതികളും കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയ സാഹര്യത്തിലായിരുന്നു മങ്കര സ്വദേശിയായ നീതു ജോണ്‍സന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ എംഎല്‍എയ്‌ക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നതും. പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന തങ്ങളുടെ പേരും ലൈഫ് മിഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ രാഷ്ട്രീയം കളിച്ച് വീടെന്ന തങ്ങളുടെ സ്വപ്‌നം തകര്‍ക്കരുതെന്നുമായിരുന്നു നീതു ജോണ്‍സണ്‍ മങ്കര എന്ന പേരില്‍ വന്ന പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇടത് സൈബര്‍ വിഭാഗം വലിയ തോതില്‍ പ്രചാരം കൊടുത്ത ഈ പോസ്റ്റില്‍ പറയുന്ന പെണ്‍കുട്ടിയെ തേടി അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും നഗരസഭ ഡിവിഷന്‍ കൗണ്‍സില്‍ സൈറ ബാനു മുസ്തഫയും എങ്കക്കാട്-മങ്കര റോഡില്‍ കാത്തിരിക്കുകയാണ്. നീതു വരികയാണെങ്കില്‍ അവര്‍ക്ക്, വീട് വയ്ക്കാനുള്ള ഭൂമിയും ഹൗസിംഗും ലോണും വാഗ്ദാനം ചെയ്താണ് അനില്‍ അക്കര കാത്തിരിക്കുന്നത്.

അനില്‍ അക്കരയുടെ വാക്കുകള്‍;

"ഞാന്‍ കാരണം ഒരു കുട്ടിക്ക് വീട് നഷ്ടപ്പെട്ടുവെന്ന് തോന്നിയപ്പോള്‍ എന്തിനു വേണ്ടിയാണ് സമരം എന്നു വരെ ആലോചിച്ചതാണ്. എന്റെ മന:സാക്ഷിക്കനുസരിച്ചാണ് സമരവുമായി ഞാന്‍ മുന്നോട്ടു പോകുന്നത്. അതേസയം, ഞാന്‍ മൂലം എന്റെ മണ്ഡലത്തില്‍ ഒരാള്‍ക്കു പോലും വീട് നഷ്ടപ്പെടരുതെന്നാഗ്രഹവും എനിക്കുണ്ട്. നീതു ജോണ്‍സന്‍ എന്ന കുട്ടിയെ കണ്ടെത്താന്‍ പല അന്വേഷണങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞില്ല. അവസാന ശ്രമമെന്ന നിലയിലാണ് ഇന്നിവിടെ കാത്തിരിക്കാന്‍ എത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരത്തെ എന്റെ ഭാര്യ എന്നോടു ചോദിച്ചു, ആ കുട്ടി വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും? എന്നിട്ട് അവര്‍ തന്നെ പറഞ്ഞു, നിങ്ങള്‍ പേടിക്കണ്ട, എനിക്ക് ഭാഗം കിട്ടിയതില്‍ നിന്നും അഞ്ചു സെന്റ് ആ കുട്ടിക്ക് കൊടുക്കാം. അവര്‍ക്കു വേണ്ടി ഒരു ഹൗസിംഗും ലോണും തയ്യാറാക്കി കൊടുക്കാം, അത് ഞാന്‍ തന്നെ അടച്ചോളാം. എന്റ ഭാര്യയുടെ കൈയില്‍നിന്നും കിട്ടിയ ആ ഉറപ്പിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഞാനിവിടെ വന്നിരിക്കുന്നത്. നല്ല മനസുള്ള ഏതോ കമ്യൂണിസ്റ്റുകാരനാണ് ആ പോസ്റ്റ് ഇട്ടിരിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ പോസ്റ്റിന്റെ ഭാഗമായി ആ കുട്ടി ഇങ്ങോട്ട് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആ കുട്ടി ഇവിടെ വന്നിട്ടില്ലെങ്കില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ചെന്ന് കുട്ടിയെ കണ്ടെത്തി തരണമെന്ന് അപേക്ഷ കൊടുക്കും, അങ്ങനെയൊരു കുട്ടിയില്ലെങ്കില്‍ ആ പോസ്റ്റിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കും'.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് അനില്‍ അക്കരയും യുഡിഎഫും.ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന കണ്ടെത്തലില്‍ വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമം (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആന്‍ഡ് റഗുലേഷന്‍ ആക്ട്-എഫ്സിആര്‍എ) പ്രകാരം സിബി ഐ കേസ് എടുത്തിരിക്കുന്നതും അനില്‍ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ യൂണിടാക് എന്ന കമ്പനിക്ക് ലഭിക്കാന്‍ സഹായിച്ചതിലൂടെ ഒരു കോടി രൂപ കമ്മിഷന്‍ ലഭിച്ചുവെന്ന ആരോപണവും പദ്ധതിക്കെതിരായ ഗുരുതര ആരോപണമാണ്. പരാതികളും ആരോപണങ്ങളും വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് സിബിഐ സ്വമേധയ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെയാണ് യുഎഇ റെഡ്ക്രസന്റും ലൈഫ് മിഷനും ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ ഒപ്പിട്ടിരിക്കുന്ന്. ഒമ്പതുകോടിയോളം രൂപയുടെ അഴിമതിയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് അനില്‍ അക്കരയും യുഡിഎഫും ഉയര്‍ത്തുന്ന ആരോപണം.Next Story

Related Stories