TopTop
Begin typing your search above and press return to search.

'തീവ്രവാദികള്‍ക്ക് മുഖ്യധാരയിലെത്താന്‍ മുസ്ലിം ലീഗ് വാതില്‍ തുറന്നു കൊടുക്കരുത്': ജമാഅത്തെ ഇസ്ലാമിയുമായുള്ള ബാന്ധവത്തിനെതിരെ സമസ്ത മുഖപത്രത്തില്‍ ലേഖനം

കേരള രാഷ്ട്രീയത്തില്‍ മതനിരപേക്ഷ മുഖമുള്ള മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള വാതില്‍ തുറന്നു കൊടുക്കരുതെന്ന് സമസ്ത. സംഘടനയുടെ മുഖപത്രമായ 'സുപ്രഭാത'തത്തില്‍ ഉമര്‍ഫൈസി മുക്കം എഴുതിയ ലേഖനത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. അവരുമായുള്ള ലീഗിന്റെ കൂട്ടുകെട്ട് കേരളത്തിലെ മുസ്ലിം സമൂഹത്തിന് അപകടകരമായിത്തീരുമെന്ന മുന്നറിയിപ്പും ലേഖനം നല്‍കുന്നുണ്ട്. സമസ്തയുടെ സ്ഥാപകന്‍ ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസലിയാര്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്ഐഒയെ സയണിസ്റ്റ് സംഘടനയെന്ന് വിശേഷിപ്പിച്ച കാര്യവും ഉമര്‍ഫൈസിയുടെ ലേഖനം ചൂണ്ടിക്കാട്ടുന്നു. സുന്നി യുവജനസംഘം സെക്രട്ടറിയാണ് ഉമര്‍ ഫൈസി.

കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങള്‍ വെളിച്ചമായി കണ്ടുവരുന്നത് ന്യൂനപക്ഷങ്ങളുടെ പ്രതിബദ്ധതയുള്ള രാഷ്ട്രീയ നിലപാടുകളാണെന്നും ജമാഅത്ത് പോലുള്ളവരുടെ രംഗപ്രവേശം ഇതരസമുദായങ്ങളില്‍ക്കിടയില്‍ ഇക്കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ലേഖനം പറയുന്നു. നക്കാപ്പിച്ച രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഷ്ട്രീയ സദാചാരവും ധര്‍മവും കാശിക്ക് പറഞ്ഞയയ്ക്കരുത്. ജമാഅത്തെ പോലുള്ളവരുടെ സാന്നിധ്യം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയിട്ടുള്ള സംശയങ്ങള്‍ വളരാതെ നിര്‍ത്തിയിട്ടുള്ളത് കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സമീപനങ്ങള്‍ തന്നെയാണ്. ഇടതുപക്ഷവും വലതുപക്ഷവും ഇതില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഫൈസി ചൂണ്ടിക്കാണിക്കുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ചട്ടുകമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തുന്ന നീക്കുപോക്കുകള്‍ സ്വയം കുളംതോണ്ടുന്നതിന് സമാനമാണെന്ന് ഫൈസി ലേഖനത്തില്‍ പറഞ്ഞു. മധ്യപൗരസ്ത്യ നാടുകളില്‍ നിലവിലുള്ള രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദവും ജമാഅത്തെ പോലുള്ള മതരാഷ്ട്രീയ സംഘങ്ങളുടെ സംഭാവനയാണ്. ഒരു രാഷ്ട്രീയ സംഘടനയായ ഐസിസ് ഉയര്‍ത്തിയ തീവ്രവാദപരമായ നിലപാടുകള്‍ ഇസ്ലാമിന്റെ ചുമലിലാണ് വന്നുചേര്‍ന്നതെന്ന വസ്തുതയും ഫൈസി ചൂണ്ടിക്കാട്ടുന്നുണ്ട് ലേഖനത്തില്‍.

ഒരു സമഗ്ര പ്രത്യയശാസ്ത്രമെന്ന നിലയില്‍ രാഷ്ട്രീയവും ഇസ്ലാമിന് അന്യമല്ലെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മതമൗലികവാദ രാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് മതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുകയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ലേഖനം പറയുന്നു. വിശുദ്ധ ഇസ്ലാമിന്റെ മിതവാദ സമീപനങ്ങള്‍ക്ക് ചെവിയും ബുദ്ധിയും കൊടുക്കാത്ത ഭരണാന്ധത ബാധിച്ച ആശയദാരിദ്ര്യമാണ് ജമാഅത്തെ ഇസ്ലാമിയുടെ സഞ്ചിയിലുള്ളതെന്ന് ഉമര്‍ ഫൈസില്‍ വിശദീകരിക്കുന്നു.

മതന്യൂനപക്ഷങ്ങളുടെ വോട്ടുകളില്‍ മതമൗലികവാദത്തിന്റെ അംശം കടന്നുകൂടിയാല്‍ അത് ഫാഷിസ്റ്റുകള്‍ക്ക് പാല്‍പ്പായസമാകുമെന്ന് ലേഖനം പറയുന്നു. കടുത്ത വലതുപക്ഷ തീവ്രവാദ സ്വഭാവമുള്ള പ്രഭാഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി കേരളത്തില്‍പ്പോലും പ്രചാരണം നടത്തുന്നതെന്ന അപകടവും ലേഖനം എടുത്തുകാണിക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയം പൊതുസമൂഹത്തിന് ബോധ്യപ്പെടാത്ത ഒന്നാണ്. ജനാധിപത്യത്തിന് അത് പ്രഹരമേല്‍പ്പിക്കുമെന്നും സമസ്ത മുഖപത്രത്തിലെ ലേഖനം പറയുന്നു.

പൊതുവില്‍ മുസ്ലിം ലീഗിനൊപ്പം രാഷ്ട്രീയ നിലപാടെടുത്ത് നില്‍ക്കുന്ന സമുദായ സംഘടനയാണ് ഇകെ സുന്നി വിഭാഗത്തിന്റെ സമസ്ത. ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ നടന്ന കര്‍ഷക കലാപത്തിനു ശേഷം സമുദായത്തിനകത്ത് വളര്‍ന്നു വരികയായിരുന്ന സലഫി മുന്നേറ്റത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി ഉയര്‍ന്നുവന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിന്നീട് രണ്ടായി പിളരുകയായിരുന്നു.


Next Story

Related Stories