TopTop
Begin typing your search above and press return to search.

'ഇരുട്ടല്ല വെളിച്ചമാണ് ആവശ്യം,അജ്ഞതയല്ല അറിവാണ് അവകാശം'; വീട്ടുമുറ്റത്ത് സമരവുമായി അട്ടപ്പാടിയിലെ കുട്ടികള്‍

ഇരുട്ടല്ല വെളിച്ചമാണ് ആവശ്യം,അജ്ഞതയല്ല അറിവാണ് അവകാശം; വീട്ടുമുറ്റത്ത് സമരവുമായി അട്ടപ്പാടിയിലെ കുട്ടികള്‍

വീടുകളില്‍ വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ നിഷേധിക്കപ്പെട്ട് അട്ടപ്പാടി കുടിയേറ്റഗ്രാമമായ കുറുക്കന്‍കുണ്ടിലെ 24 കുട്ടികള്‍. കേരളത്തിലെ ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പഠനത്തിനായി ഉപയോഗിക്കുമ്പോള്‍ തങ്ങൾക്ക് അത് നിഷേധിക്കപ്പെടുന്നതിനെതിരെ വീട്ടുമുറ്റത്ത് സമരത്തിനിറങ്ങിയിരിക്കുകയാണ് ഇവര്‍.

വൈദ്യുതിയ്ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുംവേണ്ടി കുറുക്കന്‍കുണ്ടിലെ ഇരുപത്തിയേഴ് കുടുംബങ്ങള്‍ പല സര്‍ക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങുന്നു. എന്നാല്‍ ആറ് പതിറ്റാണ്ടായി കൈവശമുള്ള ഭൂമിയില്‍ വൈദ്യുതിയും, വെള്ളവും, വഴിയും ലഭിക്കാന്‍ തടസമാവുന്നത് വനംവകുപ്പാണെന്ന് ഇവർ പറയുന്നു. വനത്താല്‍ ചുറ്റപ്പെട്ട കുറുക്കന്‍കുണ്ടിലേക്ക് എത്തണമെങ്കില്‍ സാമൂഹിക വനത്തിലൂടെയുള്ള റോഡിലൂടെ സഞ്ചരിക്കണം. എന്നാല്‍ ഈ ഭൂമി വനം വകുപ്പിന്റെതാണെന്ന് പറഞ്ഞുകൊണ്ടാണ് ഇതിലെ റോഡ് ടാറ് ചെയ്യാനോ, വൈദ്യുതി ലൈന്‍ എടുക്കാനോ അവർ അനുവദിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇക്കാലമത്രയും ഈ ഗ്രാമത്തിലെ കുട്ടികള്‍ ഏഴ്കിലോമീറ്റര്‍ നടന്നാണ് സ്‌കൂളുകളില്‍ പോയിരുന്നത്. തിരിച്ചെത്താന്‍ വൈകുന്നതിനാല്‍തന്നെ പോകുമ്പോള്‍ ബാഗുകളില്‍ ടോര്‍ച്ച് കരുതിയിരുന്നു. 'ഇരുട്ടിക്കഴിഞ്ഞാണ് വീട്ടിലെത്തുക. വഴിയില്‍ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാറുണ്ട്. മാതാപിതാക്കള്‍ വഴിയില്‍ കത്ത്‌നില്‍ക്കുമായിരുന്നു. എന്നാല്‍ പ്രയാസങ്ങള്‍ എത്രയുണ്ടായാലും ഞങ്ങള്‍ ക്ലാസുകള്‍ മുടക്കാറില്ലായിരുന്നു. ഈ ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഞങ്ങളുടെ അവകാശം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. രണ്ട് മാസമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് എന്നാല്‍ ഞങ്ങളാരും ഇതുവരെ ഒരു ക്ലാസില്‍പോലും പങ്കെടുത്തിട്ടില്ല.' എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആന്‍മരിയ പറയുന്നു.

ഒന്നാം ക്ലാസ് മുതല്‍ പീജി വരെ പഠിക്കുന്ന കുട്ടികള്‍ ഇവിടെയുണ്ട്. ഓണ്‍ലൈന്‍ പഠനംമാത്രം സാധ്യമാവുന്ന ഈ കൊറോണക്കാലത്ത് തങ്ങളുടെ അവകാശം പൂര്‍ണ്ണമായും ഇല്ലാതായപ്പോഴാണ് മുതിര്‍ന്നവരുടെ സ്വപ്‌നമായിരുന്ന വൈദ്യുതിയ്ക്കായുള്ള പരിശ്രമങ്ങള്‍ പുതുതലമുറ ഏറ്റെടുത്തത്. ജില്ലാ കളക്ടര്‍ക്കും ജില്ലയിലെ ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും വിദ്യാര്‍ത്ഥികള്‍തന്നെ തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതികള്‍ അവഗണിക്കപ്പെട്ടപ്പോഴാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ സമരത്തിനായി മുന്നിട്ടിറങ്ങിയത്. തങ്ങള്‍ക്ക് പഠിക്കാന്‍ വൈദ്യുതി വേണമെന്ന് ആവശ്യപ്പെട്ട് അഗളി കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ സമരം ചെയ്യുന്നതിനുള്ള അനുവാദത്തിനായി പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് ഹൈക്കോടതി 31വരെ സമരങ്ങള്‍ വിലക്കിയിരിക്കുകയാണെന്ന് ഇവര്‍ അറിയുന്നത്. ഇതേതുടര്‍ന്ന് വീടിന് മുന്‍പില്‍ നിരാഹാരം ഇരിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വീടിന് മുന്‍പിലെ ചുമരുകളില്‍ വിദ്യാഭ്യാസ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നൊക്കെ എഴുതി ഒട്ടിച്ച്, ഇരുട്ടല്ല വെളിച്ചമാണ് ആവശ്യം. 'അജ്ഞതയല്ല അറിവാണ് ആവശ്യം. ഞങ്ങളും കുട്ടികളാണ് ഞങ്ങള്‍ക്കും പഠിക്കണം' തുടങ്ങിയ പ്ലാക്കര്‍ഡുകളും പിടിച്ച് അവര്‍ സമരം ആരംഭിക്കുകയിരുന്നു.

'കൈയ്യിലുള്ള മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍പോലും നാല് കിലോമീറ്റര്‍ അപ്പുറമുള്ള വീടുകളില്‍ പോവേണ്ട അവസ്ഥയാണ്. എന്നാല്‍ കൊറോണക്കാലത്ത് അത് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്റ് ചെയ്യാന്‍ ഒരു വഴിയും ഇല്ലാതായ സാഹചര്യത്തിലാണ് ഞങ്ങള്‍ ഇത്തരത്തില്‍ ഒറ്റ ദിവസം നീളുന്ന നിരാഹാസ സമരത്തിന് വീട്ട്മുറ്റത്തേക്ക് ഇറങ്ങിയത്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയാണ് ലക്ഷ്യം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്' പത്താംക്ലാസുകാരിയായ ആല്‍ബി പറയുന്നു.

അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിതന്നെ ഇവര്‍ സമരംചെയ്യുന്നു. ലോകം മുഴുവന്‍ ഓണ്‍ലൈന്‍ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോള്‍ ഈ കുട്ടികള്‍ക്ക് അറിവ് നിഷേധിക്കപ്പെടുന്നു. എന്നാല്‍ അവരുടെ സമരം ഫലം കാണുമെന്ന് തന്നെയാണ് പ്രതീഷിക്കുന്നത്. പാലക്കാട് രൂപതയ്ക്ക് കീഴിലുള്ള കരിയര്‍ ഓറിയന്റേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായ ഫാ. സജി ജോസഫ് പറഞ്ഞു. അധികൃതർ ഇനിയെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഉടൻ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.


Next Story

Related Stories