Top

തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികള്‍ക്ക് വേണ്ടി പിരിച്ചത് 1000 കോടി, കൊടുത്തത് എട്ടേ മുക്കാല്‍ കോടി; ഇതാരെ 'പുനര്‍ജനി'പ്പിക്കാന്‍?

തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികള്‍ക്ക് വേണ്ടി പിരിച്ചത് 1000 കോടി, കൊടുത്തത് എട്ടേ മുക്കാല്‍ കോടി; ഇതാരെ

ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നായി പിരിച്ച ആയിരം കോടിയോളം രൂപ എവിടെ? കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി നൂറോളം പേര്‍ ഇപ്പോഴും തൊഴില്‍രഹിതരായി തന്നെ തുടരുമ്പോഴും ഇവര്‍ക്കെന്ന പേരില്‍ പിരിച്ച കോടികളെവിടെ എന്നാണ് എക്സൈസ്-ധന വകുപ്പിനോടുള്ള ചോദ്യം. തൊഴിലാളികള്‍ പലതവണയായി ചോദിച്ചിട്ടും മറുപടി നല്‍കാതിരിക്കുന്ന സര്‍ക്കാരിനോട് ഇപ്പോള്‍ ഹൈക്കോടതിയും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുകയാണ്. എത്രയും വേഗം പിരിച്ച മുഴുവന്‍ തുകയുടെ കണക്കും അതിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2014-15 ലെ അബ്കാരി നയത്തിന്റെ പേരില്‍ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ തൊഴില്‍ നഷ്ടമായ തൊഴിലാളികളുടെ പുനരധിവാസത്തിനായി ആവിഷ്‌കരിച്ച 'പുനര്‍ജനി 2030' പദ്ധതിയുടെ പേരില്‍ പിരിച്ച തുകയുടെ വിവരങ്ങളാണ് ഹൈക്കോടതി തേടിയിരിക്കുന്ന്. എത്ര തുക പിരിച്ചു? തുക എവിടെ? എന്തു ചെയ്തു? പുനര്‍ജനി പദ്ധതിക്കായി എന്തു ചെയ്തു? എന്നീ ചോദ്യങ്ങളാണ് ഒക്ടോബര്‍ 26 ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് എസ് വി ഭാട്ടി ഉന്നയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരണം നല്‍കിക്കൊണ്ട് സത്യവാങ്മൂലം നല്‍കണം.

2014-15 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ നിര്‍ത്തലാക്കിയതു മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബര്‍ 14 ന് ആയിരുന്നു അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുനര്‍ജനി 2030 എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്. പുനരധിവാസ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് 2014 ഒക്ടോബര്‍ മുതല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔദ്യോഗിക ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ വില്‍പ്പന നികുതിയിന്മേല്‍ അഞ്ചു ശതമാനം പുനരധിവാസ സെസ് സര്‍ക്കാര്‍ ചുമത്താന്‍ തുടങ്ങിയത്. 2014 ഒക്ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ ഒന്നു വരെ സെസ് വഴി 1058.89 കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തുവെന്നാണ് കണക്ക്. എന്നാല്‍ തൊഴിലാളികള്‍ക്ക് ഈ കാലയാളവില്‍ ആകെ നല്‍കിയിരിക്കുന്നത് 8,73,45,000 രൂപയാണ് (2014 സെപ്തംബര്‍ നാലിലെ ഉത്തരവ് പ്രകാരം 5851 തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ വീതം 2,92,55,000 രൂപയും 2014 ഡിസംബര്‍ 20 ലെ ഉത്തരവ് പ്രകാരം 5,809 തൊഴിലാളികള്‍ക്ക് 10,000 രൂപ വീതം 5,80,90,000 രൂപയും). ഇതു കൂടാതെ തൊഴില്‍ നഷ്ടപ്പെട്ടതുമൂലം ആത്മഹത്യ ചെയ്ത മൂന്നു തൊഴിലാളികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം ആറു ലക്ഷവും പുനര്‍ജനി പദ്ധതിയില്‍ നിന്നും സമാഹരിച്ച തുകയില്‍ നിന്നും നല്‍കിയിട്ടുണ്ട്. അതായത് 1050 കോടിയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ചെലവഴിച്ചതെന്നു പറയുന്നത് 8, 79, 45,000 മാത്രം. അതും എക്സ് ഗ്രേഷ്യ പേയ്മെന്റ് ആയി. അവാസനഘട്ട സെറ്റില്‍മെന്റ് നടക്കുമ്പോള്‍ ആദ്യം നല്‍കിയ തുക കിഴിച്ചുള്ളതേ നല്‍കൂ എന്ന വ്യവസ്ഥയില്‍. ആയിരം കോടിക്കു മേല്‍ പിരിച്ചെടുത്തിട്ട് (അതും ജനങ്ങളുടെ കൈയില്‍ നിന്നും) വെറും എട്ടുകോടിയെ ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ തൊഴിലാളികള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്തിയിട്ടുള്ളൂവെങ്കില്‍ ബാക്കി പണം എവിടെ? എന്തു ചെയ്തൂ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്.

ഇരുമ്പ് കുടിച്ച വെള്ളമെന്നു സര്‍ക്കാര്‍

2014 മാര്‍ച്ച് അഞ്ചിന് സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളും മദ്യശാലകളും പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് ഓഗസ്റ്റ് 21 ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ ബാറുകളും പൂട്ടിയത്. ഇതോടെ അയ്യായിരത്തിനു മേല്‍ തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. ബാറുകള്‍ പൂട്ടാന്‍ അനുമതി നല്‍കിയപ്പോഴും സുപ്രീം കോടതി സുവ്യക്തമായി പറഞ്ഞിരുന്ന കാര്യമായിരുന്നു തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ മതിയായ ഇടപെടല്‍ നടത്തണമെന്നും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടാന്‍ തൊഴിലാളികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്നും. ഇതിനു പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പുനര്‍ജനി പദ്ധതി പ്രഖ്യാപിച്ചത്. ആ സര്‍ക്കാരാണ് രണ്ടുഘട്ടമായി 15,000 രൂപ തൊഴിലാളികള്‍ക്ക് നല്‍കിയതും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോഴും പുനര്‍ജനി പദ്ധതിയുമായു മുന്നോട്ടു പോകുമെന്നും തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിക്കുകയും ചെയ്തൂ. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ തങ്ങള്‍ക്ക് യാതൊരു സഹായം ചെയ്തിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും ധനമന്ത്രി ടി എം തോമസ് ഐസക്കും പ്രതികൂലമായി സംസാരിച്ചതോടെയാണ് തങ്ങള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും പറയുന്നു. ആലപ്പുഴയില്‍ കോമള ബാര്‍ഹോട്ടലില്‍ മുപ്പതു വര്‍ഷത്തോളം ജോലി നോക്കിയിരുന്ന ആലപ്പുഴ സ്വദേശി ഇ. കുഞ്ഞുമോനാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത്. 23 പേരോളം പേര്‍ പിന്നീട് കേസില്‍ കക്ഷി ചേര്‍ന്നു. ഈ കേസിലാണ് ഹൈക്കോടതി ഇപ്പോള്‍ സര്‍ക്കാരിനോട് പുന്‍ജനിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.

"ഞങ്ങളുടെ പുനരധിവാസത്തിനെന്ന പേരിലാണ് ജനങ്ങളുടെ കൈയിലെ പണം സര്‍ക്കാര്‍ പിരിച്ചെടുത്തത്. എന്നിട്ടത് ഞങ്ങള്‍ക്ക് തരുന്നില്ല. പണമായിട്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഒരു തൊഴില്‍ സൗകര്യം ഒരുക്കി തന്നാല്‍ മതി. ഈ ആവിശ്യവുമായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആ പണം സര്‍ക്കാരിന്റെതാണെന്നും നിങ്ങള്‍ക്ക് തരാന്‍ കഴിയില്ലെന്നുമായിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫിസില്‍ ചെന്നപ്പോള്‍ അവിടെ നിന്നു കിട്ടിയ മറുപടി; കൊല്ലന്റെ ആലയിലെ ചുട്ടുപഴുത്ത ഇരുമ്പ് വെള്ളത്തില്‍ മുക്കുമ്പോള്‍ ഇരുമ്പ് ധാരാളം വെള്ളം കുടിക്കും ആ വെള്ളം ഇരുമ്പ് തിരിച്ചു തരില്ല. അതുപോലെയാണ് സര്‍ക്കാരിലേക്ക് കിട്ടുന്ന പണവും. ആ പണം തിരിച്ചു ചോദിച്ചാല്‍ തരാന്‍ കഴിയില്ല'എന്നായിരുന്നു. തുടര്‍ന്നാണ് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത്രയും പണം പിരിച്ചെടുത്തിട്ട് ആകെ തൊഴിലാളിക്ക് കൊടുത്തതെന്നു പറയുന്നത്, രണ്ടു തവണയായി പതിനയ്യായിരം രൂപയാണ്. ബാക്കി പണം സര്‍ക്കാരിന്റെ കൈയിലാണ്. എത്ര രൂപ ഇതുവരെ പിരിച്ചെന്നും അതിലെത്ര ചെലവിട്ടെന്നും അറിയണം. അതിനാണ് കോടതിയെ സമീപിച്ചത്. പുനര്‍ജനി 2030 എന്നൊരു പദ്ധതി ഇപ്പോഴുമുണ്ടോയെന്നു പോലും വ്യക്തതയില്ല. ഫ്ളാറ്റ് പൊളിച്ചപ്പോള്‍ 25 ലക്ഷം വീതം നല്‍കാന്‍ സര്‍ക്കാരിന് യാതൊരു മടിയും ഉണ്ടായില്ല, കൊലപാതക കേസ് സിബിഐ അന്വേഷിക്കാതിരിക്കാന്‍ വേണ്ടി 25 ലക്ഷം കൊടുത്ത് വക്കീലിനെ കൊണ്ടുവരാനും പണം തടസമില്ല. പാവപ്പെട്ട ഞങ്ങളുടെ കാര്യത്തില്‍ മാത്രമെന്താണ് സര്‍ക്കാരിന് ഇത്ര വാശിയും ധാര്‍ഷ്ട്യവും? നൂറോളം മനുഷ്യര്‍ ഇപ്പോഴും ജീവിക്കാന്‍ വഴിയില്ലാതെ നടക്കുകയാണ്. ഞാനും ആ കൂട്ടത്തിലൊരാളാണ്. മുപ്പത് വര്‍ഷത്തോളം ജോലി ചെയ്തിരുന്നിടത്തു നിന്നും പെട്ടെന്നൊരു ദിവസം ഇറങ്ങിപ്പോരേണ്ടി വന്നപ്പോള്‍ സ്ഥാപനം നടത്തി വന്നവരും ഒന്നും തന്നില്ല. ഞങ്ങളായിട്ട് പൂട്ടിയതല്ലല്ലോ സര്‍ക്കാരല്ലേ, അവരോട് ചോദിക്കൂ എന്നായിരുന്നു പറഞ്ഞത്. സഹായിക്കാമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് ഇങ്ങനെയും. ഒരാളുടെ ജോലി നഷ്ടമാകുമ്പോള്‍ ഒരു കുടുംബം കൂടിയാണ് പട്ടിണിയാകുന്നത്, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസമാണ് മുടങ്ങുന്നത്. ഞങ്ങളില്‍ പലരും മധ്യവയസ് പിന്നിട്ടവരാണ്. വേറെയൊരു ജോലി അന്വേഷിച്ചു ചെല്ലുമ്പോള്‍ പ്രായം ചെന്നവരെ വേണ്ട. കൂലിപ്പണിക്കു പോകാമെന്നു വച്ചാല്‍, അതിനുള്ള ആരോഗ്യം പോലും ഇല്ലാത്തവരുണ്ട്. അങ്ങനെയുള്ള ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ആത്മഹത്യ ചെയ്യണോ? ഞങ്ങള്‍ക്ക് നീതി കിട്ടണം. അതിനാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്നും ഞങ്ങള്‍ക്ക് നീതി കിട്ടും എന്നു തന്നെയാണ് വിശ്വാസം"; കുഞ്ഞുമോന്റെ വാക്കുകള്‍.

പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ബിവറേജസ് കോര്‍പ്പറേഷന്റെ എഫ് എല്‍ വണ്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തില്‍ അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തുക വഴി ലഭിക്കുന്ന തുക തൊഴിലാളികളുടെ പുനരധിവാസത്തിനും മദ്യവിമോചന പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കൂ എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞിട്ടുള്ള കാര്യമാണ്. സുപ്രീം കോടതിയുടെ നിര്‍ദേശം ഇക്കാര്യത്തില്‍ ഉണ്ട്. എന്നിട്ടും സര്‍ക്കാര്‍ പറഞ്ഞ വാക്കില്‍ നിന്നും പിന്മാറിയപ്പോഴാണ് തൊഴിലാളികള്‍ കോടതി സമീപിച്ചത്. 2017 നവംബര്‍ ഒന്നിന് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലും മദ്യത്തിനുമേല്‍ ചുമത്തിയ അഞ്ചു ശതമാനം സെസ് പ്രകാരം പിരിച്ച തുക ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്നും രണ്ടു മാസത്തിനകം അതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പറയുന്നുണ്ട്.

കോടതിയില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് എക്സൈസ് കമ്മീഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. പുനര്‍ജനി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന (ഇപ്പോഴത്തെ ചീഫ് സെക്രട്ടറി) ടോം ജോസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു സമിതിയെക്കൊണ്ടും തങ്ങള്‍ക്ക് യാതൊരുവിധ ഗുണവും ഉണ്ടായില്ലെന്നാണ് ഹര്‍ജിക്കാരായ തൊഴിലാളികള്‍ പറയുന്നത്. സിംഗിള്‍ ബഞ്ച് ഉത്തരവ് പ്രകാരം 2018 ജനുവരിക്കകം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നുവെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയിതില്ല. നാലു മാസത്തെ സമയം കൂടി വേണമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതുപ്രകാരം സമയം നീട്ടിക്കൊടുക്കുകയും ചെയ്തു. ആ സമയവും കഴിഞ്ഞ് ഒരു വര്‍ഷത്തിനുമേല്‍ ആയിട്ടും ഇതുവരെ ഒരു രൂപപോലും തങ്ങള്‍ക്കായി ചെലവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നത്.

"തൊഴിലാളികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടി പിരിച്ച പണം തൊഴിലാളികള്‍ക്ക് കൊടുക്കും. അത് കൈയില്‍ വെയ്ക്കാനോ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാനോ സര്‍ക്കാരിന് യാതൊരു അവകാശവും ഇല്ല. പുനര്‍ജനി 2030 ന്റെ പേരില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്ത മദ്യത്തില്‍ അഞ്ചു ശതമാനം സെസ് ഏര്‍പ്പെടുത്തുക വഴി സര്‍ക്കാര്‍ പിരിച്ചത് 1050 കോടി രൂപയാണ്. ടാക്സ് അല്ല സെസ് ആയിട്ടാണ് ഈ പണം പിരിച്ചതെന്നോര്‍ക്കണം. quid proquo (ഏതെങ്കിലും ഒരാവശ്യത്തിന് വേണ്ടി എടുക്കുന്ന തുക അക്കാര്യത്തിന് വേണ്ടി മാത്രം ചെലവഴിക്കുക) വഴിയാണ് പണം പിരിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഇവിടെയൊരു ട്രസ്റ്റിയുടെ ചുമതലയാണുള്ളത്. പണത്തിന്റെ ഉടമയല്ല. ആ തുക അതിനര്‍ഹരായിട്ടുള്ളവരാരാണോ അവര്‍ക്കുള്ളതാണ്. ട്രസ്റ്റി മാത്രമല്ല, കസ്റ്റോഡിയന്‍ കൂടിയാണ് സര്‍ക്കാരെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം തുക ചെലവഴിക്കുകയോ പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് Criminal breach of trust ആണ്. ജീവപര്യന്തം കിട്ടാവുന്ന കുറ്റം. കോടതി ഈ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സെസ് എന്നത് പിന്‍വലിച്ച് മുഴുവനും ടാക്സ് ആക്കിയത്. ടാക്സ് ആണെങ്കില്‍ അത് സര്‍ക്കാരിന് ഉപയോഗിക്കാമല്ലോ, ധനമന്ത്രിയുടെ തന്ത്രം. അതെന്തുമായിക്കോട്ടെ. പക്ഷേ, ടാക്സ് ആക്കുന്നതുവരെ പിരിച്ച പണമുണ്ടല്ലോ അതെവിടെയെന്നാണ് ചോദ്യം. എത്ര തുക പിരിച്ചു, പിരിച്ച തുകയെവിടെ, അതിലെത്ര ചെലവാക്കി, എങ്ങനെ ചെലവാക്കി എന്നീ ചോദ്യങ്ങള്‍ക്കെല്ലാം കോടതിയില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ", ഹര്‍ജിക്കാരുടെ അഭിഭാഷകനായ അഡ്വ. മനു വില്‍സന്‍ പറഞ്ഞു.

"സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന പരാതിയാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്നത്. ബാറുകള്‍ വീണ്ടും തുറന്നുവെങ്കിലും 2014 ല്‍ പൂട്ടിയിട്ട് ഇപ്പോഴും തുറക്കാത്തതായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി 13 ഓളം ബാറുകള്‍ ഇപ്പോഴുമുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നൂറോളം പേര്‍ തൊഴില്‍ ഇല്ലാതെ നില്‍ക്കുന്നു. ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പലതും ഞങ്ങള്‍ക്കു വേണ്ടി ചെയ്യുന്നുണ്ടെന്നു പറഞ്ഞ് വന്നത്. കോടതിയെ ബോധിപ്പിക്കാന്‍ മാത്രമായിരുന്നു അതെല്ലാം. സ്വയം തൊഴില്‍ വായ്പ്പ ഏര്‍പ്പെടുത്തുമെന്നായിരുന്നു ഒരു വാഗ്ദാനം. കേരള സംസ്ഥാന അബ്കാരി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വഴി രണ്ടരലക്ഷം രൂപ വായ്പ്പയായും അരലക്ഷം രൂപ സബ്സിഡി നിരക്കിലും മൊത്തം മൂന്നുലക്ഷം രൂപ സ്വയം തൊഴില്‍ കണ്ടെത്താന്‍ അനുവദിക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞു. പക്ഷേ, ഞങ്ങള്‍ ബോര്‍ഡില്‍ അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആദ്യം കിട്ടിയ മറുപടി അങ്ങനെയയൊരു പദ്ധതിയെക്കുറിച്ച് അവര്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു. ഇപ്പോള്‍ പറയുന്നുണ്ട്, ആര്‍ക്കൊക്കയോ കൊടുക്കുന്നുണ്ടെന്ന്. ഞങ്ങള്‍ക്ക് കിട്ടിയില്ല. കാരണം, അബ്കാരി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമായിരിക്കണമെന്ന നിബന്ധനയുണ്ട്. അവിടെ ഷാപ്പ് തൊഴിലാളികളാണ് അംഗങ്ങളില്‍ ഭൂരിഭാഗവും. ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ ഇല്ല. അങ്ങനെ വന്നാല്‍ ഞങ്ങള്‍ക്ക് വായ്പ്പ കിട്ടില്ല. ഇതൊക്കെയാണ് സര്‍ക്കാരിന്റെ കളികള്‍. അതിലും വലിയ തമാശ, ഇപ്പോള്‍ കോടതിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കെന്ന പേരില്‍ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. നൂറോളം പേര്‍ വരുമെന്നാണ് പറയുന്നത്. ആ ലിസ്റ്റില്‍ ഞങ്ങളാരും ഇല്ല. പകരം ആരുടെയൊക്കെയോ പേരുകള്‍. ആനുകൂല്യങ്ങള്‍ വാങ്ങിച്ച് ജോലി ചെയ്തിരുന്നവരാണ് ഞങ്ങള്‍. അടിയന്തിര സഹായമായി പതിനയ്യായിരം രൂപ കിട്ടിയതുമാണ്. അതുകൊണ്ട് തൊഴില്‍നഷ്ടപ്പെട്ടവരുടെ ഔദ്യോഗിക ലിസ്റ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടേണ്ടവര്‍. കേസും കോടതിയുമായി അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടാന്‍ നടക്കുന്നവരെ പുറത്താക്കിക്കൊണ്ടൊരു ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അതിനര്‍ത്ഥം ഞങ്ങളോട് പ്രതികാരം കാണിക്കുകയാണെന്നല്ലേ?", കുഞ്ഞുമോനും കേസില്‍ കക്ഷിയായിട്ടുള്ള രജര്‍ഷിയും ചോദിക്കുന്നു. .

കോടതി ഇടപെടലിലൂടെ സര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍ അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയോടെയാണ് കുഞ്ഞുമോനെയും രാജര്‍ഷിയേയും പോലുള്ള നൂറു കണക്കിനു പേര്‍. (ഈ വിഷയത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതികരണം ലഭ്യമായിട്ടില്ല. ലഭിക്കുന്ന മുറക്കെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)




Next Story

Related Stories