TopTop
Begin typing your search above and press return to search.

പൊളി, കിടു, കിക്കിടു; ജീവിത പരിസരവും സിനിമ സ്റ്റൈലുമൊക്കെ ഉള്‍പ്പെടുത്തിയ ബേഡഡുക്കയിലെ ഇടത് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ വൈറല്‍

പൊളി, കിടു, കിക്കിടു; ജീവിത പരിസരവും സിനിമ സ്റ്റൈലുമൊക്കെ ഉള്‍പ്പെടുത്തിയ ബേഡഡുക്കയിലെ ഇടത് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ വൈറല്‍

കൈകള്‍ കൂപ്പി, ആകര്‍ഷകമായി ചിരിച്ച് വീടുംതോറി കയറിയിറങ്ങിയുള്ള പതിവ് വോട്ടഭ്യര്‍ത്ഥന ഇക്കുറി സാധ്യമല്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവേണം തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണവും വോട്ട് അഭ്യര്‍ത്ഥനയും. നോട്ടീസ്, ലഘുലേഖ വിതരണത്തിനുപോലും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന് സോഷ്യല്‍ മീഡിയ വേദിയായിരിക്കുകയാണ്. വെര്‍ച്ച്വല്‍ സ്‌പേസിന്റെ സകല സാധ്യതകളും പയറ്റിയാണ് പ്രചാരണം. പതിവുശൈലികള്‍ ഒഴിവാക്കി, പുതു തലമുറയെപ്പോലും വേഗം ആകര്‍ഷിക്കുന്ന തരത്തിലാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഡിജിറ്റല്‍ പ്രചരണത്തിനുള്ള പോസ്റ്ററുകള്‍ തയ്യാറാക്കുന്നത്. അവയെല്ലാം വാര്‍ഡും ബ്ലോക്കും ജില്ലയും കടന്ന് സംസ്ഥാനമാകെ തരംഗം തീര്‍ക്കുകയാണ്. ബേഡഡുക്കയിലെ ഇടതു സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാണ് ഇത്തരത്തില്‍ ഏറെ വൈറലായിരിക്കുന്നത്. സിനിമ പോസ്റ്ററുകളുടെ മാതൃകയിലാണ് പോസ്റ്ററുകള്‍. മാത്രമല്ല, സ്ഥാനാര്‍ഥികളുടെ ജീവിതവുമായി ഏറെ അടുത്ത നില്‍ക്കുന്ന പരിസരങ്ങളും ഇടങ്ങളുമൊക്കെയാണ് പോസ്റ്ററുകള്‍ക്ക് പശ്ചാത്തലം.


പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് ഡി വത്സല. കുടുംബശ്രീയുടെ ടൈലറിംഗ് യൂണിറ്റിലാണ് ജോലി. അതിനാല്‍ തുന്നല്‍ ജോലി ചെയ്യുന്ന ചിത്രം തന്നെയാണ് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്. രണ്ടാം വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രിയ കെ പുഴയോടു ചേര്‍ന്നാണ് താമസം. അതിനാല്‍ തോണിയില്‍ നാട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. പത്താം വാര്‍ഡിലെ സ്ഥാനാര്‍ഥി എച്ച ശങ്കരന്‍ ശില്‍പിയാണ്. ശങ്കരന്‍ ഒരു ശില്‍പത്തിന് ഫൈനല്‍ ടച്ച് ചെയ്യുന്നത് കുട്ടികള്‍ നോക്കിനില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിനായി പ്രയോജനപ്പെടുത്തിയത്. പതിനേഴാം വാര്‍ഡിലെ എം. ഗോപാലകൃഷ്ണന്റെ പോസ്റ്ററില്‍ ഗ്രാമത്തിലെ മുതിര്‍ന്ന സ്ത്രീയുമായി സംസാരിക്കുന്ന ഫോട്ടോയാണുള്ളത്. 30 വര്‍ഷത്തിലേറെയായി ബീഡി തെറുപ്പു ജോലി ചെയ്യുന്ന കെ രമണി ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ബീഡി തെറുക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.


സിനിമാപോസ്റ്ററുകളെ വെല്ലുന്നവയും ഇക്കൂട്ടത്തിലുണ്ട്. പൃഥ്വിരാജ് ചിത്രമായ കടുവയുടെ പോസ്റ്ററിന് സമാനമായാണ് ആറാം വാര്‍ഡ് സ്ഥാനാര്‍ഥി ചെമ്പക്കാട് നാരായണന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ജീപ്പിന്റെ ബോണറ്റില്‍ സിനിമ സ്‌റ്റൈലില്‍ ഇരിക്കുകയാണ് സ്ഥാനാര്‍ഥി. കര്‍ഷകനായ നാരായണന്‍ നെല്ല് മെതിക്കുന്നതിന്റെ ചിത്രം ഉള്‍പ്പെടുന്ന പോസ്റ്ററുമുണ്ട്. ചായക്കടയിലെ സംഭാഷണവും വഴിയരികിലെ പുതു തലമുറയോട് സംസാരിക്കുന്നതും പ്രായമേറിയവരോട് കുശലം പറയുന്നതുമൊക്കെ പോസ്റ്ററുകളില്‍ നിറയുന്നു.


പാര്‍ട്ടി യുവജന സംഘടനയാണ് ഫോട്ടോ സ്‌റ്റോറികള്‍ പോലെ കഥ പറയുന്ന പോസ്റ്ററുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ബേഡഡുക്ക സിപിഎം ശക്തി കേന്ദ്രമാണ്. ഇതുവരെ സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. 2015ല്‍ 17ല്‍ 16 സീറ്റുകളും സിപിഎം നേതൃത്വത്തിലുള്ള സഖ്യം നേടിയിരുന്നു. പോസ്റ്ററുകള്‍ സ്വീകരിക്കപ്പെട്ടതുപോലെ സ്ഥാനാര്‍ഥികളെയും ജനം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.


Next Story

Related Stories