Top

ബിജെപിയില്‍ വീണ്ടും തമ്മിലടി; സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള യോഗം മാറ്റി

ബിജെപിയില്‍ വീണ്ടും തമ്മിലടി; സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള യോഗം മാറ്റി

സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി നാളെ ചേരാനിരുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു. നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണിതെന്നാണ് വിവരം. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് യോഗം വിളിച്ചത്.

ആര്‍എസ്എസില്‍ നിന്നുമുയര്‍ന്ന കടുത്ത എതിര്‍പ്പാണ് അധ്യക്ഷസ്ഥാന നിര്‍ണയത്തില്‍ തര്‍ക്കമുയരാന്‍ കാരണം. ബി എല്‍ സന്തോഷുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആര്‍എസ്എസ് നിലപാടെടുത്തിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിര്‍പ്പിന് കാരണം. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റതോടെയാണ് ബിജെപി അധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. എന്നാല്‍ ബിഎല്‍ സന്തോഷ് വിളിച്ചുചേര്‍ത്ത യോഗത്തോട് ആര്‍എസ്എസ് എതിര്‍പ്പുയര്‍ത്തിയതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. കാല്‍ ലക്ഷത്തോളം വോട്ട് കുറയുകയും ചെയ്തു. മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിലൂടെ അട്ടിമറി വിജയമാണ് നേടിയതെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. പതിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം പ്രശാന്ത് മണ്ഡലത്തില്‍ നേടുകയും ചെയ്തു.

മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ആര്‍എസ്എസ് നിലപാട്. എന്നാല്‍ കുമ്മനത്തിന്റെ പേര് അവസാന നിമിഷം ബിജെപി നേതൃത്വം ഒഴിവാക്കുകയും ചെയ്തു. പകരം അഡ്വ. എസ് സുരേഷിനെയാണ് രംഗത്തിറക്കിയത്. ഇദ്ദേഹത്തിന് പ്രതീക്ഷിച്ച മുന്നേറ്റം മണ്ഡലത്തിലുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍എസ്എസിനുണ്ടായ അതൃപ്തി പ്രചരണത്തിലും പ്രകടമായിരുന്നു. എസ് സുരേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങിയിരുന്നില്ല.

കുമ്മനം മിസോറാം ഗവര്‍ണറായി പോയപ്പോഴും സംസ്ഥാന നേതൃത്വത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. പികെ കൃഷ്ണദാസ്-വി മുരളീധരന്‍ പക്ഷങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. പികെ കൃഷ്ണദാസിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് കൃഷ്ണദാസ് വിഭാഗവും കെ സുരേന്ദ്രനെ വേണമെന്ന് മുരളീധര പക്ഷവും വാദിച്ചു. അന്ന് എന്തുവന്നാലും സുരേന്ദ്രനെ അധ്യക്ഷനാക്കില്ലെന്നാണ് ആര്‍എസ്എസ് നിലപാടെടുത്തത്. ഒടുവില്‍ സമവായമെന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കിയത്. രണ്ട് മാസത്തോളം നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. എന്നാല്‍ ഇന്ന് കെ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന് വാദിക്കുന്നത് ഇതേ ആര്‍എസ്എസ് തന്നെയാണ്. എം ടി രമേശിനെയാണ് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് സൂചന. അമിത് ഷായ്ക്ക് താല്‍പര്യമുണ്ടായിട്ടും സുരേന്ദ്രന് പ്രസിഡന്റാകാനാകാതെ വന്നത് ആര്‍എസ്എസിന്റെ എതിര്‍പ്പ് മൂലമായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ സാധ്യതകളേറെ കല്‍പ്പിക്കുന്നത് സുരേന്ദ്രന് തന്നെയാണ്. എന്നാല്‍ ബിഎല്‍ സന്തോഷിന്റെ ഇടപെടലിലാണ് ആര്‍എസ്എസ് എതിര്‍പ്പുന്നയിക്കുന്നത്.


Next Story

Related Stories