TopTop
Begin typing your search above and press return to search.

ജോസിനെ സ്വീകരിക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് പറയാതെ ബിജെപി; കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നു സംസ്ഥാന നേതൃത്വം

ജോസിനെ സ്വീകരിക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് പറയാതെ ബിജെപി; കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നു സംസ്ഥാന നേതൃത്വം

യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ബിജെപി കേരള നേതൃത്വം. എന്‍ ഡി എ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും സാഹചര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നുമാണ് സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ അഴിമുഖത്തോട് പ്രതികരിച്ചത്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നോക്കേണ്ടതുണ്ട്. അതില്‍ കൂടുതലൊന്നും ഈ സമയത്ത് പറയാനില്ല; സന്ദീപ് വാര്യര്‍ പറഞ്ഞു.

ജോസ് കെ മാണിയേയും കൂട്ടരെയും ബിജെപിയുടെ സഖ്യകക്ഷിയാക്കുന്ന കാര്യം തള്ളിക്കളയുന്ന സാഹചര്യമുണ്ടാകുമോ എന്ന ചോദ്യത്തിന്, ഒന്നും പറയാന്‍ കഴിയില്ല, രാഷ്ട്രീയമല്ലേ എന്നായിരുന്നു ബിജെപി വക്താവിന്റെ മറുപടി. രാഷ്ട്രീയമായതുകൊണ്ട് തന്നെ ഇനിയുണ്ടാകുന്ന സംഭവ വികാസങ്ങളെ നോക്കി കാണേണ്ടതുണ്ടെന്നും ഈയൊരു ഘട്ടത്തില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നതുമാത്രമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവനയെന്നും സന്ദീപ് ജീ വാര്യര്‍ കൂട്ടിച്ചേര്‍ത്തു. കെ എം മാണിയുണ്ടായിരുന്ന സമയത്ത് കേരള കോണ്‍ഗ്രസ് എമ്മിനെ എന്‍ഡിഎ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ ബിജെപി നീക്കം നടത്തിയിരുന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറില്‍ ബിജെപിക്ക് നേട്ടം ഉണ്ടാക്കാന്‍ ജോസ് കെ മാണി വിഭാഗത്തിനെ കൊണ്ട് കഴിയുമെന്ന വിചാരവും ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്.

ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാതെ വരുന്ന പഞ്ചായത്ത്/ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ വെല്ലുവിളിയാകുമെന്നതിനാല്‍ ബിജെപി ക്ഷണം ഉണ്ടായാല്‍ അത് തള്ളിക്കളയാന്‍ ജോസ് വിഭാഗം തയ്യാറായേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജോസി കെ മാണി ലോക്സഭ അംഗമാണെന്നതിനാല്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് കേന്ദ്രസര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടു വയ്ക്കാനും സാധ്യതയുണ്ട്. പിടിച്ചു നില്‍ക്കാന്‍ അധികാരവും ശക്തമായൊരു പിന്തുണയും ജോസ് കെ മാണി വിഭാഗം ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ബിജെപി ഓഫര്‍ അവര്‍ നിരാകരിക്കാതിരിക്കാനാണ് സാധ്യത. അതേസമയം എല്‍ഡിഎഫില്‍ സ്ഥാനം കിട്ടുന്ന കാര്യം സംശയത്തിലായതിനാല്‍ ബിജെപിയുമായി കൂട്ടുകൂടുകയെന്നതാണ് ഇപ്പോള്‍ ജോസ് പക്ഷത്തിനു മുന്നിലുള്ള വഴി. ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കുമോയെന്ന കാര്യത്തില്‍ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മാണിയെ കൊണ്ടുവരാന്‍ സിപിഎമ്മും പരിശ്രമിച്ചതായിരുന്നു. അന്നതിന് എതിര്‍പ്പ് ഉയര്‍ത്തിയ സിപി ഐ തന്നെയാണ് ജോസ് കെ മാണിയുടെ വരവിനെയും മുളയിലെ നുള്ളുന്നത്. യാതൊരു കാരണവശാലും ജോസ് വിഭാഗത്തെ എല്‍ഡിഎഫിനൊപ്പം അടുപ്പിക്കില്ലെന്നാണ് സിപി ഐ ഉറപ്പിച്ചു പറയുന്നത്.

ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു. ആര്‍ക്കും കേറി വരാവുന്നൊരിടമല്ല എല്‍ഡിഎഫ് എന്നായിരുന്നു ഈ വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിച്ചപ്പോള്‍ കാനം പറഞ്ഞത്. 'ആര്‍ക്കും കേറിവരാവുന്നൊരു ഇടമാണ് എല്‍ഡിഎഫ് തോന്നുന്നുണ്ടോ? അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ക്ക് തെറ്റി. ഞങ്ങള്‍ക്ക് അവരെ വേണ്ട. അങ്ങനെയൊരു കാര്യമേ എല്‍ഡിഎഫിന്റെ ചര്‍ച്ചയില്‍ വന്നിട്ടില്ല. ജോസ് കെ മാണി വിഭാഗത്തിന് എല്‍ഡിഎഫില്‍ സ്ഥാനം കിട്ടാന്‍ യാതൊരു സാധ്യതയുമില്ല. അവര്‍ക്കിടയില്‍ സ്ഥാനത്തിന്റെ പേരില്‍ തര്‍ക്കം വന്നതിന് ഞങ്ങളെന്ത് ചെയ്യാനാണ്? പ്രതിഷേധിക്കുന്നവര്‍ക്ക് വന്നുകേറാനുള്ള സ്ഥലമാണിതെന്ന് ആരാണ് പറഞ്ഞത്? ല്‍ഡിഎഫില്‍ വന്നാല്‍ ഇവിടെ നിന്നും എപ്പോഴാണ് മറ്റൊരിടത്തേക്ക് പോകുന്നതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? എല്‍ഡിഎഫില്‍ വന്നിട്ട് ഇവിടെ എന്തെങ്കിലും പ്രശ്നം വന്നാല്‍ ഉടനെ ഇവിടെ നിന്നും പോകും. അതാണവരുടെ രീതി. അങ്ങനെയുള്ളവരെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യമൊന്നും ഞങ്ങള്‍ ആലോചിച്ചിട്ടില്ല; എന്നായിരുന്നു കാനത്തിന്റെ വാക്കുകള്‍. തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗം കൂടെയുണ്ടെങ്കില്‍ എല്‍ ഡി എഫിന് ഗുണം ചെയ്യില്ലെ എന്ന ചോദ്യത്തിന്, അങ്ങനെയൊരു സഹായം എല്‍ഡിഎഫിന് ആവശ്യമില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.

അതേസമയം യുഡിഎഫിനെതിരേ ശക്തമായ പ്രതിഷേധമാണ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയിരിക്കുന്നതെന്നും മുന്നണിയെ 38 വര്‍ഷം സംരക്ഷിച്ച രാഷ്ട്രീയത്തെയാണ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നതെന്നുമായിരുന്നു ജോസ് കെ മാണി പറഞ്ഞത്. അതേസമയം മറ്റേതെങ്കിലും മുന്നണിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായിട്ടില്ലെങ്കിലും അത്തരമൊരു സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. യുഡിഎഫില്‍ നിന്നും പുറത്തായെങ്കിലും ചേരേണ്ടപ്പോള്‍ ആരുമായും ചേരും. ഇന്ത്യയിലെ ഏതു മുന്നണി സ്വാഗതം ചെയ്താലും ആലോചിച്ചു തീരുമാനിക്കുമെന്നും ആയിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതിനിധിയായ റോഷി അഗസ്റ്റില്‍ എം എല്‍ എ പറയുന്നത്.


Next Story

Related Stories