TopTop
Begin typing your search above and press return to search.

'പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം; സിപിഎമ്മിന് വോട്ട് കുറഞ്ഞു, പാലക്കാട് വോട്ട് കച്ചവടം നടത്തി'

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം; സിപിഎമ്മിന് വോട്ട് കുറഞ്ഞു, പാലക്കാട് വോട്ട് കച്ചവടം നടത്തി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്കും മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത് എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. പിണറായി മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. 2016ലെ കണക്ക് നോക്കിയാല്‍ എട്ട് ശതമാനം വോട്ട് സിപിഎമ്മിന് നഷ്ടമായി. ഈ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വോട്ട് കുറഞ്ഞു. പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു. 2016നെ അപേക്ഷിച്ച് 5000ത്തോളം വോട്ട് അധികം പോള്‍ ചെയ്തിട്ട് പാലക്കാട് സിപിഎമ്മിന് 2500 വോട്ട് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000 വോട്ടാണ് സിപിഎമ്മിന് കുറഞ്ഞത്. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ പറഞ്ഞത്. വോട്ട് കച്ചവടം നടന്നുവെന്ന് ഇതിലൂടെ പകല്‍ പോലെ വ്യക്തമല്ലേ?

മഞ്ചേശ്വരത്ത് 11,000 വോട്ടുകള്‍ അധികമായി പോള്‍ ചെയ്തിട്ടും മൂന്ന് ശതമാനം അല്ലെങ്കില്‍ 5000 വോട്ടുകള്‍ അവിടെ കുറഞ്ഞു. 47000 വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിന് കിട്ടിയ സിപിഎമ്മിന് അവിടെ 40,000 വോട്ടാണ് കിട്ടിയത്. നേമത്തും സിപിഎമ്മിന് വോട്ട് കുറഞ്ഞു. 59144ഉം 33960ഉം ആണ് 2016, 2019 നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേമത്ത് കിട്ടിയത്. കാല്‍ലക്ഷം വോട്ടാണ് പോയത്. അന്ന് വോട്ട് വിറ്റതായിരുന്നോ? കുണ്ടറയില്‍ ഇത്തവണ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ? തൃപ്പൂണിത്തുറയിലും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രം കൂടി സിപിഎം നോക്കണം.

ശക്തമായ വര്‍ഗീയ ധ്രുവീകരണമാണ് തെരഞ്ഞെടുപ്പില്‍ നടന്നത്. കല്‍പ്പറ്റയിലെ സിപിഎമ്മിലെ മുസ്ലീം പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു. ലീഗ് മത്സരിക്കാത്ത ഇടങ്ങളിലും മുസ്ലീം വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടി. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന കാര്യം മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് രമേശ് ചെന്നിത്തല നോക്കേണ്ടത്. ബിജെപിയുടെ ഒന്നര ശതമാനം വോട്ട് അന്വേഷിച്ച് നടക്കുന്ന ചെന്നിത്തല സ്വന്തം വോട്ട് എങ്ങോട്ട് പോയെന്ന് പരിശോധിക്കണം.

തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ല. പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണ്. രണ്ടിടത്ത് മത്സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. അതു ഒരോരുത്തരുടെ അഭിപ്രായമാണ്. താന്‍ പാര്‍ട്ടിക്ക് വിധേയനാണ്. പാര്‍ട്ടി ശാസനകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ നിലപാടുമാടി ബിജെപി മുന്നോട്ടുപോകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories