TopTop
Begin typing your search above and press return to search.

ജോസ്-ജോസഫ് തര്‍ക്കത്തില്‍ യുഡിഎഫ്; തോമസ്‌ ചാണ്ടിയുടെ സഹോദരനെ ഇറക്കി എല്‍ഡിഎഫ്; സുഭാഷ്‌ വാസു നേടിയ വോട്ടില്‍ കണ്ണുംനട്ട് എന്‍ഡിഎ; കുട്ടനാട്ടില്‍ പടപ്പുറപ്പാട് തുടങ്ങി

ജോസ്-ജോസഫ് തര്‍ക്കത്തില്‍ യുഡിഎഫ്; തോമസ്‌ ചാണ്ടിയുടെ സഹോദരനെ ഇറക്കി എല്‍ഡിഎഫ്; സുഭാഷ്‌ വാസു നേടിയ വോട്ടില്‍ കണ്ണുംനട്ട് എന്‍ഡിഎ; കുട്ടനാട്ടില്‍ പടപ്പുറപ്പാട് തുടങ്ങി

കുട്ടനാട് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി. തന്റെ സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് പി ജെ ജോസഫ്. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വീണ്ടും സജീവമാവുമ്പോള്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വാക്‌പോരും രൂക്ഷമാവുന്നു. തോമസ് ചാണ്ടിയുടെ സഹോദരനായ തോമസ് കെ തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എല്‍ഡിഎഫ് ഒരു മുഴം മുന്നേ തിരഞ്ഞെടുപ്പിന് തയ്യാറാവുമ്പോള്‍ രാഷ്ട്രീയ പോരിനിടയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ഥിയാവും എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സുഭാഷ് വാസു നേടിയ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ആത്മവിശ്വാസത്തില്‍ ശക്തമായ മത്സരമൊരുക്കാനുള്ള ആലോചനകളിലാണ് എന്‍ഡിഎ.

പാര്‍ട്ടി ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ഉപയോഗിക്കാനുള്ള അവകാശം ജോസ് കെ മാണി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു. ജോസ് കെ മാണി കുട്ടനാട്ടില്‍ രണ്ടില ഇറക്കി മത്സരിച്ചാല്‍ ജോസഫ് പക്ഷം അതിനെ എങ്ങനെ നേരിടും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. യുഡിഎഫ് തങ്ങള്‍ക്ക് നേരത്തെ അനുവദിച്ച സീറ്റില്‍ മത്സരിക്കുമെന്നാണ് ജോസഫിന്റെ വാദം. ഈ മാസം എട്ടിനോ ഒമ്പതിനോ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പില്‍ ചിഹ്നം വിലങ്ങുതടിയാവില്ല എന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. എന്നാല്‍ കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ജോസ് കെ മാണി ആവര്‍ത്തിക്കുന്നു. കാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള അവകാശവും കേരള കോണ്‍ഗ്രസിന് തന്നെയാണെന്ന് പറഞ്ഞ ജോസ് കെ മാണി, എന്ത് അടിസ്ഥാനത്തിലാണ് പി ജെ ജോസഫ് കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പ്രതികരിച്ചു. ഇരു വിഭാഗവും വാക്‌പോര് തുടരവെ കുട്ടനാട് സീറ്റില്‍ അവകാശവാദമുന്നയിച്ച് ഇരുവിഭാഗങ്ങളും കടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് യുഡിഎഫിനുണ്ടാക്കിയിരിക്കുന്ന തലവേദന ചെറുതല്ല.

2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജേക്കബ് എബ്രഹാമിനെ നേരത്തെ തന്നെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. അതേസമയം സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ജോസ് വിഭാഗം അഞ്ചംഗ സമിതിയെയും നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് നീണ്ട് പോയെങ്കിലും ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി കണക്കാക്കുന്ന ജോക്കബ് എബ്രഹാം മാസങ്ങള്‍ക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം. കോണ്‍ഗ്രസിനോ യുഡിഎഫിലെ മറ്റു കക്ഷികള്‍ക്കോ ജോക്കബിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തര്‍ക്കവുമില്ല. എന്നാല്‍ ജോസ് കെ മാണി മുന്നണിയിലേക്ക് തിരികെ വന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ ജോസ് വിഭാഗത്തേയും കൂടി പരിഗണിക്കേണ്ടി വരും. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ നിലപാട് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിന് ശേഷം പ്രഖ്യാപിക്കാമെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കിയാലും മത്സരിക്കാന്‍ ബാനറോ ചിഹ്നമോ സ്ഥാനാര്‍ഥിക്കുണ്ടാവില്ല എന്നത് യുഡിഎഫ് നേരിടുന്ന പ്രതിസന്ധിയാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് നല്‍കാതിരുന്നതിനാല്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥി ജോസ് ടോം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിച്ചത്. നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ മത്സരിക്കണമെങ്കില്‍ ജോസഫ് വിഭാഗത്തിന് പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരും.

സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് മത്സരിക്കാനിറങ്ങാനുള്ള സാധ്യതകളും നേതാക്കളടക്കം തള്ളിക്കളയുന്നില്ല. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഒമ്പതാം തീയതിയോടെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാവുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിനായി നല്‍കിയ സീറ്റ് ഏറ്റെടുക്കുന്നതില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണ യോജിപ്പില്ല. അതേ സമയം, മുതിര്‍ന്ന നേതാവ് വി.എം സുധീരനെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്ന കാര്യം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 55,253 വോട്ടായിരുന്നു കൊടുക്കുന്നില്‍ സുരേഷിന് കുട്ടനാട്ടില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ചിറ്റയം ഗോപകുമാര്‍ 52,603 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി തഴവ സഹദേവന്‍ 14,476 വോട്ടുകളും സ്വന്തമാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടമായിരുന്നു മൂന്ന് മുന്നണികളും കാഴ്ചവച്ചത്. 50,114 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടി വിജയിച്ചത്. തോമസ് ചാണ്ടിയേക്കാള്‍ 4891 വോട്ടുകളുടെ കുറവായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാമിന്. എന്‍ഡിഎ സ്ഥാനാര്‍ഥി സുഭാഷ് വാസു 33044 വോട്ടുകളും നേടി.

അതിനിടെ യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി മുതലെടുക്കാനാണ് എന്‍സിപിയുടെ നീക്കം. കുട്ടനാട് എംഎല്‍എ ആയിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ എന്ന നിലയിലുള്ള വോട്ടുകളും എല്‍ഡിഎഫ് ലക്ഷ്യമിടുന്നു. എന്നാല്‍ തോമസ് കെ തോമസിനെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതില്‍ ഒരു വിഭാഗം എന്‍സിപി നേതാക്കളില്‍ കടുത്ത അമര്‍ഷമുണ്ട്. അതേ സമയം, ജോസ് കെ മാണിയും ജോസഫും രണ്ട് സ്ഥാനാര്‍ഥികളെ ഇറക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുക എല്‍ഡിഎഫിനായിരിക്കും എന്നും പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ തവണ ബിഡിജെഎസിനായിരുന്നു എന്‍ഡിഎ സീറ്റ്. ഇത്തവണ ഇതില്‍ മാറ്റമുണ്ടാവില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവച്ച സുഭാഷ് വാസുവും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ഇപ്പോള്‍ അകല്‍ച്ചയിലാണ്. ആര് മത്സരിക്കണമെന്ന ചര്‍ച്ചകള്‍ എന്‍ഡിഎയിലും ആരംഭിച്ചിരിക്കുകയാണ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories