TopTop

സിഎജി റിപ്പോർട്ട്: പ്രതിരോധിക്കാൻ ഡിജിപി, രമൺ ശ്രീവാസ്തവയ്‌ക്കൊപ്പം ഗവർണറെ കണ്ടു, അസാധാരണ പത്രക്കുറിപ്പുമായി ചീഫ് സെക്രട്ടറി

സിഎജി റിപ്പോർട്ട്:  പ്രതിരോധിക്കാൻ ഡിജിപി, രമൺ ശ്രീവാസ്തവയ്‌ക്കൊപ്പം ഗവർണറെ കണ്ടു, അസാധാരണ പത്രക്കുറിപ്പുമായി ചീഫ് സെക്രട്ടറി

സംസ്ഥാന പോലീസ് സേനയെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തിയ സിഎജി റിപ്പോർട്ടിൽ പ്രതിരോധം ശക്തമാക്കി അധികൃതർ. വിഷയം പ്രതിപക്ഷം സർക്കാറിനെതിരായ ആയുധമാക്കി മാറ്റാൻ ശ്രമങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരുടെ അസാധാരണ നീക്കങ്ങൾ. സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കുമ്പോളും അദ്ദേഹത്തെ നേരിട്ട് കണ്ട് വിഷയം വിശദീകരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കൊപ്പം ഡിജിപി രാജ്ഭവനിലെത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതിനൊപ്പം അസാധാരണ പത്രക്കുറിപ്പുമായി ചീഫ് സെക്രട്ടറിയും രംഗത്തെത്തി.

സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഡിജിപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ലോക്നാഥ് ബെഹ്റയും രമണ്‍ ശ്രീവാസ്തവയുടെയും സന്ദര്‍ശനം. ഒരുമണിക്കൂറിലധികം നീണ്ട കുടിക്കാഴ്ചയിൽ സിഎജി റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഗവര്‍ണറോട് ഇരുവരും വിശദീകരിച്ചെന്നാണ് പുറത്ത് വരുന്ന വിവരം.

ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രി സഭായോഗവും സിപിഎം സെക്രട്ടറിയേറ്റും സിഎജി റിപ്പോർട്ട് ചർച്ച ചെയ്തിരുന്നില്ല. ഡിജിപിക്കെതിരായ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിക്രമങ്ങള്‍ ആ വഴിക്ക് പോകട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ കണക്കൂട്ടൽ. സിഎജിയുടെ കണ്ടെത്തലുകള്‍ പലതും യുഡിഎഫ് കാലത്തേതാണെന്ന് വിലയിരുത്തുന്ന സെക്രട്ടറിയേറ്റ് ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് തന്നെ മറുപടി നൽകാനാവുമെന്നും പ്രതികരിച്ച് വിഷയം വഷളാക്കേണ്ടെന്ന നിലപാടുമാണുള്ളത്.

എന്നാൽ, അസാധാരണ പത്രക്കുറിപ്പ് പുറത്തിറക്കിയ ചീഫ് സെക്രട്ടറി ടോം ജോസ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്നാണ് വ്യക്തമാക്കുന്നത്. സി.എ.ജിയുടെ നടപടികളിൽ സംശയം ഉന്നയിക്കാനും ചീഫ് സെക്രട്ടറി പത്രക്കുറിപ്പിൽ മുതിരുന്നുണ്ട്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. റിപ്പോർട്ട് സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായാതായാണ് സംശയം ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടാകെ, കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടേറിയേറ്റിൽ ഉയർന്ന നിലപാടുകൾക്ക് സമാനമായ വാദങ്ങളും ചീഫ് സെക്രട്ടറി ഉന്നിയിക്കുന്നുണ്ട്. ഏപ്രില്‍ 2013 മുതല്‍ മാര്‍ച്ച് 2018 വരെ രണ്ടു സര്‍ക്കാരുകളുടെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ളതാണ് റിപ്പോർട്ട് എന്ന് വ്യക്തമാക്കുന്ന അദ്ദേഹം സിഎജിയുടെ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ സിഎജി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ടെന്ന് വ്യക്തമാക്കുന്ന അദ്ദേഹം തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണെന്നും ആരോപിക്കുന്നു.

ചീഫ് സെക്രട്ടറി ടോം ജോസിന് വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണത്തെയും പത്രക്കുറിപ്പ് പ്രതിരോധിക്കുന്നത്. ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ലെന്നും മറ്റുള്ള ആരോപമങ്ങള്‍ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ന്യായീകരിക്കുന്നു.

അതേസമയം,ഓരോ സ്ഥാപനങ്ങൾക്കും അവരവരുടെ ചുമതലയുണ്ട്. ഓരോരുത്തരും അവരവരുടെ ജോലി ചെയ്യട്ടെ എന്നുമായിരുന്നു സിഎജി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്നലെ ഗവർണര്‍ നടത്തിയ പ്രതികരണം. സ്ഥാപനങ്ങളുടെ ചുമതല നിർവഹിക്കുന്നതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. പോലീസ് മേധാവി റിപ്പോർട്ട് നൽകുന്നത് സർക്കാറിനാണ്. ഇപ്പോൾ തയ്യാറാക്കപ്പെട്ട സി എ ജി റിപ്പോർട്ട് പിഎസിയ്ക്കും പിന്നീട് നിയമസഭയിലേക്കും പോകും. അതിനായി കാത്തിരിക്കാമെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം.


Next Story

Related Stories