TopTop
Begin typing your search above and press return to search.

ഇനിയെങ്കിലും മക്കള്‍ രാഷ്ട്രീയത്തിന്റെ കറ മായ്ക്കാന്‍ എം വി ശ്രേയാംസ്കുമാറിന് കഴിയുമോ?

ഇനിയെങ്കിലും മക്കള്‍ രാഷ്ട്രീയത്തിന്റെ കറ മായ്ക്കാന്‍ എം വി ശ്രേയാംസ്കുമാറിന് കഴിയുമോ?


1997 ല്‍ അധികാരമേറ്റ ഐ കെ ഗുജ്റാള്‍ മന്ത്രിസഭയില്‍ തൊഴില്‍, നഗരകാര്യ, പാര്‍ലമെന്‍ററി കാര്യ മന്ത്രിയായി ചുമതലയേറ്റ എം പി വീരേന്ദ്രകുമാറിന് പാനൂരില്‍ ഒരു സ്വീകരണം നല്‍കാന്‍ പി ആര്‍ കുറുപ്പ് തീരുമാനിച്ചു. ജനതാ ദളിലെ അന്നത്തെ ശക്തനായ നേതാവായിരുന്നു പി ആര്‍ കുറുപ്പ്. പൊതുവേ ചുവന്നു കിടക്കുന്ന കണ്ണൂരിലെ ഒരു സോഷ്യലിസ്റ്റ് തുരുത്തുകളായിരുന്നു പാനൂരും പരിസര പ്രദേശങ്ങളും. പി ആര്‍ കുറുപ്പ് എന്ന മാടമ്പി നേതാവിന്റെ ശക്തി കൊണ്ടുമാത്രമാണ് അത് സംഭവിച്ചതും.
അന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടു പ്രസംഗിക്കുമ്പോള്‍ എം പി വീരേന്ദ്ര കുമാര്‍ സദസിലേക്ക് നോക്കി ആനുഷംഗികമായി ഒരു പ്രസ്താവന നടത്തി. "ഞാന്‍ അറിയാതെ എന്റെ മകനൊക്കെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് കയറിവരുന്നുണ്ട്" എന്നായിരുന്നു തമാശയില്‍ പൊതിഞ്ഞ പക്ഷേ ദീര്‍ഘവീക്ഷണപരമായ ആ കമന്‍റ്.
കേന്ദ്ര മന്ത്രിയായ പിതാവിന്റെ സ്വീകരണ ചടങ്ങ് കാണാന്‍ എത്തിയതായിരുന്നു എം വി ശ്രേയാംസ് കുമാര്‍ അന്നവിടെ. അന്ന് സജീവ പാര്‍ട്ടി പ്രവര്‍ത്തകനൊന്നും ആയിരുന്നില്ല ശ്രേയാംസ്. അതേസമയം പി ആര്‍ കുറുപ്പിന്റെ മകന്‍ കെ പി മോഹനന്‍ യുവജനതാദള്‍ നേതാവായിരുന്നു.
എന്തായാലും രാഷ്ട്രീയ കേരളത്തിന്റെ ചക്രം കുറേ മുന്നോട്ട് ഉരുണ്ടപ്പോള്‍ കെ പി മോഹനന്‍ മന്ത്രിയും അതേ ഗവണ്‍മെന്റിന്റെ കാലത്ത് എം എല്‍ എയുമായി ശ്രേയാംസ്കുമാര്‍. ഒടുവില്‍ നിര്യാണത്തെ തുടര്‍ന്ന് പിതാവ് ഒഴിഞ്ഞ രാജ്യ സഭ എം പി സ്ഥാനം ശ്രേയാംസിന് ഇപ്പോള്‍ കൈവന്നിരിക്കുന്നു.
അച്ഛനുണ്ടായിരുന്ന കാലത്ത് തന്നെ മുന്നണികള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിയെങ്കിലും എം വി ശ്രേയാംസ് കുമാര്‍ എന്ന രാഷ്ട്രീയ ശബ്ദം ആ കാലഘട്ടങ്ങളില്‍ ഒന്നും ഉയര്‍ന്നു കേട്ടിരുന്നില്ല. പകരം പാര്‍ട്ടിക്ക് വേണ്ടി "ഞങ്ങളെ എ കെ ജി സെന്ററില്‍ നിന്നും ചവിട്ടി പുറത്താക്കുകയായിരുന്നു" എന്നതടക്കമുള്ള പ്രസിദ്ധമായ ഡയലോഗുകള്‍ എല്ലാം വന്നത് എം പി വീരേന്ദ്രകുമാറില്‍ നിന്നായിരുന്നു.

ഇതിനിടയില്‍ പാര്‍ട്ടി പിളരുകയും മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതു മുന്നണിയുടെ ഭാഗമാവുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വീരന്‍ പക്ഷത്തേക്കാള്‍ നേട്ടം കൈവരിക്കുകയും ചെയ്തു. ഈ രണ്ടു നിയമസഭകളിലും (ആദ്യം വി എസ് ഗവണ്‍മെന്‍റിന്റെ കാലത്ത് ഭരണപക്ഷത്ത്, പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഭരണപക്ഷത്ത്) ശ്രേയാംസ് കുമാര്‍ ഉണ്ടായിരുന്നു. കല്‍പ്പറ്റയില്‍ നിന്നുള്ള എം എല്‍ എ ആയി.

പൊതുവേ കോണ്‍ഗ്രസ്സ് അനുകൂല നിലപാട് സ്വീകരിക്കുന്ന വയനാട്ടിലെ മൂന്നു മണ്ഡലങ്ങളും ഇടതു പക്ഷത്തേക്ക് ചാഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസ്സിലെ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ വെറും 1841 വോട്ടിനാണ് തോല്‍പ്പിച്ചത്. തൊട്ടടുത്ത ബത്തേരിയില്‍ സി പി എമ്മിലെ പി കൃഷ്ണപ്രസാദ് കാല്‍ ലക്ഷം വോട്ടിനും വടക്കേ വയനാട്ടില്‍ സി പി എമ്മിലെ കെ സി കുഞ്ഞിരാമന്‍ 15,000 വോട്ടിനും തിളക്കമാര്‍ന്ന വിജയം കൈവരിച്ചപ്പോഴാണ് ശ്രേയാംസ് കുമാറിന്റെ നിറം കെട്ട വിജയം.

കാരണം മറ്റൊന്നുമല്ല മക്കള്‍ രാഷ്ട്രീയത്തിന്റെ തിരിച്ചടിയാണ് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനൊരു കാരണവും ഉണ്ട്. 1989ല്‍ നടന്ന കല്‍പ്പറ്റ കൂടി ഉള്‍പ്പെടുന്ന കോഴിക്കോട് മണ്ഡലത്തില്‍ കെ കരുണാകരന്‍ തന്റെ മകനായ കെ മുരളീധരനെ മത്സരിപ്പിച്ചപ്പോള്‍ അതിനെ ഏറ്റവും നിശിതമായി വിമര്‍ശിച്ച ആളായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായ എം പി വീരേന്ദ്രകുമാര്‍. "അച്ഛനും മകനും ഒരു കഴുതയും" എന്ന വീരന്റെ പരിഹാസം വലിയ ചര്‍ച്ചയായിരുന്നു.
എന്തായാലും രണ്ടാം തവണ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ചപ്പോള്‍ തിരിച്ചുവന്ന കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ട് ബാങ്കിന്റെ സഹായത്തോടെ ഭൂരിപക്ഷം 18,000 ആക്കാന്‍ ശ്രേയാംസിന് കഴിഞ്ഞു. 2001ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ നേടിയ ഭൂരിപക്ഷത്തെക്കാള്‍ സ്വല്പം കൂടുതല്‍.
അപ്പോഴും പാര്‍ട്ടിയിലെ സീനിയോറിറ്റിയും വീരേന്ദ്രകുമാറിന്റെ 'ആദര്‍ശ' നിലപാടും (1987ല്‍ സത്യപ്രതിജ്ഞ ചെയ്തു 48 മണിക്കൂര്‍ കൊണ്ട് രാജി വെച്ച ആളാണ് വീരന്‍) ഒക്കെ കാരണം മന്ത്രി പദവിയിലേക്കെത്താന്‍ മാത്രം ശ്രേയാംസ് കുമാറിന് കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പാര്‍ട്ടിയില്‍ തന്നെക്കാള്‍ സീനിയറായ കെ പി മോഹനന്‍ മന്ത്രിയായി.

ഹാട്രിക് വിജയം ആഗ്രഹിച്ച് 2016ല്‍ കല്‍പ്പറ്റയില്‍ മത്സരിച്ച ശ്രേയാംസ്കുമാറിന് പക്ഷേ കാലിടറി. ലാളിത്യത്തിന്റെ ആള്‍രൂപം എന്ന നിലയില്‍ ജനപ്രീയനായ സി പി എമ്മിലെ സി കെ ശശീന്ദ്രനോട് 13,000 വോട്ടിനാണ് ശ്രേയാംസ് പരാജയം സമ്മതിച്ചത്. ആ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും വീരന്‍ -സിപിഎം പോര് അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റിലെ 15 ഏക്കറോളം ഭൂമി ആദിവാസി ഭൂമി കയ്യേറിയതാണ് എന്ന ദേശാഭിമാനിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. ഈ ഭൂമിയിലേക്ക് സി പി എം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതി കുടില്‍ കെട്ടി സമരം നടത്തിക്കൊണ്ട് വലിയ പ്രക്ഷോഭം തന്നെ അഴിച്ചുവിട്ടു. ഇടതുപക്ഷത്തിന്റെ കൂടെ ഉണ്ടായിരുന്നപ്പോഴും ഇതേ ഭൂമി ശ്രേയാംസ് കുമാറിന്റെ കയ്യിലുണ്ടായിരിക്കെ ശത്രു പക്ഷത്തായപ്പോള്‍ നടത്തിയ സമരം കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പല്ലാതെ മറ്റൊന്നും അല്ല എന്ന വിലയിരുത്തലാണ് പൊതുവില്‍ ഉണ്ടായത്.

ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംഭാവനയായി 50 ഏക്കര്‍ കാപ്പിത്തോട്ടം മടക്കിമലയില്‍ സൌജന്യമായി നല്‍കിക്കൊണ്ടാണ് തങ്ങള്‍ ആര്‍ത്തിമൂത്ത കയ്യേറ്റ മാഫിയയാണ് എന്ന പ്രചരണത്തിന്റെ മുനയൊടിക്കാന്‍ വീരേന്ദ്രകുമാറും ശ്രേയാംസ്കുമാറും ശ്രമിച്ചത്. ഇതിനിടയില്‍ കോണ്‍ഗ്രസ്സിലെ ചില യുവ എം എല്‍ എമാരോടൊപ്പം ചേര്‍ന്ന് ഹരിത എം എല്‍ എ ആവാനുള്ള ശ്രമവും എം വി ശ്രേയാംസ്കുമാര്‍ നടത്തി.
സ്വന്തം പാര്‍ട്ടിയിലും മുന്നണികള്‍ക്കിടയിലും പ്രക്ഷുബ്ധമായ രാഷ്ട്രീയ കോലാഹലങ്ങളിലൂടെ കടന്നു പോവുമ്പോഴും ഇതിലൊന്നും വലിയ താത്പര്യമില്ലാത്ത മട്ടിലായിരുന്നു എം വി ശ്രേയാംസ്കുമാറിന്റെ പ്രവര്‍ത്തനശൈലി. രാഷ്ട്രീയ വിവാദങ്ങളില്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നില്ല. എതിരാളികളെ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതും കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒഴികെ തന്റെ മണ്ഡലത്തില്‍ വന്‍ വികസനം എത്തിച്ചു എന്നു പറയുന്നതും കേട്ടിട്ടില്ല. പൊതുവേ വഴിതെറ്റി രാഷ്ട്രീയത്തിലെ എത്തിയ ഒരാളുടെ അന്താളിപ്പ് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രേയാംസ്കുമാറില്‍ കണ്ടുപിടിച്ചാലും അതില്‍ തെറ്റ് പറയാന്‍ പറ്റില്ല.

അതേസമയം തന്റെ കുടുംബത്തിന് ഉടമസ്ഥതയുള്ള മാതൃഭൂമിയിലെ സാങ്കേതിക വികാസത്തിന് നേതൃത്വം കൊടുക്കാന്‍ എം വി ശ്രേയാംസ് കുമാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. മാതൃഭൂമിയുടെ ഇലക്ട്രോണിക്സ് മീഡിയ വിഭാഗത്തിന്റെ മുഖ്യ ചുമതലക്കാരനായി അദ്ദേഹം മാറി. മാതൃഭൂമി ഓഡിയോ സിഡി രംഗത്തേക്കും സിനിമാ നിര്‍മ്മാണത്തിലേക്കും കൈവെച്ചത് ഈ കാലഘട്ടത്തിലാണ്. ഏഷ്യാനെറ്റുമായി കൈകോര്‍ത്തു കമല്‍ സംവിധാനം ചെയ്ത മേഘമല്‍ഹാര്‍ മാതൃഭൂമിക്ക് വേണ്ടി എം വി ശ്രേയാംസ് കുമാറാണ് നിര്‍മ്മിച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അത്. എന്നാല്‍ നിര്‍മ്മാണ രംഗത്ത് ശ്രേയാംസ് അധികകാലം പിടിച്ച് നിന്നില്ല. ശ്രേയാംസിന്റെ കാലത്താണ് മാതൃഭൂമി എഫ് എം റേഡിയോ രംഗത്ത് കാല്‍ വെച്ചതും മാതൃഭൂമി ന്യൂസ് ചാനല്‍ ആരംഭിച്ചതും. ഇപ്പോള്‍ മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറാണ് ശ്രേയാംസ് കുമാര്‍.
എല്ലാക്കാലത്തും മതേതര പക്ഷത്തു നിലപാട് കൈക്കൊണ്ട നേതാവാണ് എം പി വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റുകള്‍ നാള്‍ക്ക് നാള്‍ ശോഷിച്ചു വരുമ്പോഴും വീരേന്ദ്രകുമാറിന്റെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം കിട്ടിയതു നിലപാടിലെ ദൃഢത കൊണ്ടാണ്. പ്രത്യേകിച്ചും ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രധാന്യം വീരേന്ദ്രകുമാറിന് ഉണ്ടായിരുന്നു. ആ ഒരു രാഷ്ട്രീയ ഒഴിവിലേക്ക് കൂടിയാണ് ശ്രേയാംസ് കുമാര്‍ രാജ്യസഭ എം പിയായി ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുന്നത്.
എസ് ഹരീഷിന്റെ മീശ നോവല്‍ മാതൃഭൂമിയില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നതിനെതിരെ എന്‍ എസ് എസും ആര്‍ എസ് എസും ശക്തമായി നിലകൊള്ളുകയും ബോയ്ക്കോട്ട് അടക്കമുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആഴ്ചപ്പതിപ്പിന്റെ നിലപാടിനൊപ്പം നിലകൊണ്ടയാളാണ് എം വി ശ്രേയാംസ്കുമാര്‍ എന്നു ആ മാധ്യമവുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങള്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി ആണ് എന്നു തന്നെയാണ് ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ ശബ്ദം പുറത്തു കേള്‍പ്പിക്കാന്‍ അയാള്‍ തയ്യാറായില്ല. പൊതുവേ ബി ജെ പി അനുകൂലിയായി കണക്കാക്കപ്പെട്ടിരുന്ന പി വി ചന്ദ്രനിലൂടെ ആര്‍ എസ് എസ് സമ്മര്‍ദം ശക്തമാക്കുകയും നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം എടുക്കുകയുമായിരുന്നു. വീരേന്ദ്രകുമാറിന്റെ മതേതര -പുരോഗന നിലപാടിന് ഏറെ കോട്ടം തട്ടിയ സംഭവമായിരുന്നു അത്. പിന്നീട് ചങ്ങനാശ്ശേരിയില്‍ എത്തി എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായരുമായി സന്ധി സംഭാഷണം നടത്തേണ്ട ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ എത്തി.
ഇനിയെങ്കിലും ഉറച്ച ശബ്ദത്തോടെ നിലപാട് പറയുന്ന ഒരു രാഷ്ട്രീയക്കാരന്‍ ആകാന്‍ എം വി ശ്രേയാംസ് കുമാറിന് കഴിയുമോ എന്നാണ് ചോദ്യം. ഇല്ലെങ്കില്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ ആനുകൂല്യത്തില്‍ പദവികള്‍ കൈപ്പിടിയിലാക്കിയ ഒരാള്‍ എന്നതില്‍ കവിഞ്ഞു മറ്റൊരു വിശേഷണവും അദ്ദേഹത്തിന് ചാര്‍ത്തി കിട്ടാന്‍ പോകുന്നില്ല.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories