TopTop
Begin typing your search above and press return to search.

പെരിയ ഇരട്ടകൊലപാതകം, സിബിഐ കടുത്ത നടപടിയിലേക്ക്, കേസ് ഡയറി ഉടന്‍ ഹാജരാക്കാന്‍ സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം, ഇല്ലെങ്കില്‍ പിടിച്ചെടുത്തേക്കും

പെരിയ ഇരട്ടകൊലപാതകം, സിബിഐ കടുത്ത നടപടിയിലേക്ക്, കേസ് ഡയറി ഉടന്‍ ഹാജരാക്കാന്‍ സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം, ഇല്ലെങ്കില്‍ പിടിച്ചെടുത്തേക്കും

പെരിയ ഇരട്ട കൊലപാതകക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയും സംസ്ഥാന പൊലീസും തുറന്ന പോരിലേക്ക്. കേസ് ഡയറി ഇതുവരെ നല്‍കാത്ത കേരള പൊലീസിന്റെ നടപടിക്കെതിരെ നിയമപരമായ നടപടികളിലേക്ക് സിബിഐ കടന്നു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ സിബിഐ നിര്‍ദ്ദേശം നല്‍കി. സാധാരണ ഗതിയില്‍ ഉപയോഗിക്കാത്ത സിആര്‍പിസിയിലെ 91-ാവകുപ്പനുസരിച്ചാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പെരിയ കേസില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കേസ് രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര ഏജന്‍സി നിരവധി തവണ സംസ്ഥാന പൊലീസിനോട് ആവശ്യുപ്പെട്ടിരുന്നു. 2019 ഒക്ടോബർ മൂന്ന് മുതൽ 2020 സെപ്റ്റംബർ 12 വരെ സംസ്ഥാന പൊലീസിലെ ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഒമ്പത് തവണ സിബിഐ കത്തെഴുതി. എന്നാല്‍ രേഖകൾ കൈമാറാൻ സംസ്ഥാന പൊലീസ് തയ്യാറായില്ല. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലും പിന്നീട് സുപ്രീം കോടതിയിലും ഹര്‍ജി നല്‍കി. 89 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഹൈക്കോടതിയില്‍ വാദിച്ചത്. അവിടെ തോറ്റതിന് ശേഷം പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതിയും വിസമ്മതിക്കുകയായിരുന്നു.

അന്വേഷണത്തിന്റെ രേഖകള്‍ ഇതുവരെ സിബിഐയ്ക്ക് കൈമാറിയുമില്ല. ഇതെ തുടര്‍ന്നാണ് ഇപ്പോള്‍ അസാധാരണ നടപടിയിലേക്ക് സിബിഐ കടന്നിരിക്കുന്നത്.

ഇപ്പോഴത്തെ നിര്‍ദ്ദേശവും അനുസരിച്ചില്ലെങ്കില്‍ സിആര്‍പിസി 93 -ാം വകുപ്പ് അനുസരിച്ച് രേഖകള്‍ തിരച്ചില്‍ നടത്തി പിടിച്ചെടുക്കാനുള്ള അധികാരം സിബിഐയ്ക്കുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു കാര്യം ആലോചിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്ര പിണറായി വിജയന്‍ പറഞ്ഞത്.

2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്രിപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സെപ്റ്റംബറില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കേസ് ഡയറി കിട്ടാത്തതിനാല്‍ സിബിഐയ്ക്ക് അന്വേഷണം തുടരാന്‍ കഴിഞ്ഞിട്ടില്ല.

സിബിഐയ്ക്ക് എങ്ങനെയാണ് രേഖകള്‍ കൈമാറേണ്ടതെന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസിന് സംശയങ്ങള്‍ ഉണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞായാഴ്ച കത്തയച്ചതായും ഇതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിബിഐയെ പ്രേരിപ്പിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്ങനെ ഫയലുകള്‍ കൈമാറാമെന്നത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിരിക്കയാണെന്നാണ് പൊലീസ് സിബിഐയെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നതാണ് ആരോപണം.


Next Story

Related Stories