കേരളം സുപ്രധാനമായ രണ്ട് തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുകയാണ്. ഡിസംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളതും അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും. കേരളത്തിലെ മുന്നണികള്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായി ഭരണ, പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള വാക്ക്പോരും കനക്കുകയാണ്. രാഷ്ട്രീയ ആരോപണങ്ങള്‍ എന്ന പതിവില്‍ നിന്നും അന്വേഷണ ഏജന്‍സികളും കേസുകളും രാഷ്ട്രീയ പ്രതിയോഗകള്ക്ക് നേരെ ഉപയോഗിക്കുന്നു എന്ന വാദമാണ് ഇത്തവണ ഉയരുന്നത്.
കഴിഞ്ഞ നാലര വര്‍ഷം വലിയ വിവാദങ്ങളില്‍ കുടുങ്ങാതെയാണ് പിണറായി വിജയന് സര്‍ക്കാര്‍ മുന്നോട്ട് പോയതെങ്കില്‍ കോവിഡ് രോഗ ബാധ സംസ്ഥാനത്ത് ആരംഭിച്ചതിന് പിന്നാലെ നിരന്തരം വിവാദങ്ങളില്‍ ചാടുകയും ചെയ്തു. സ്പ്രിങ്ക്ളര്‍ മുതല്‍ കോവിഡ് പ്രതിരോധം വരെ വില്ലനായി. ഇതിന് പിന്നാലെയാണ് ജൂലൈ ആദ്യവാരത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയെത്തിയ ബാഗേജില്‍ സ്വര്‍ണം കണ്ടെത്തിയത്. സര്‍ക്കാരിന് വിട്ടൊഴിയാത്ത തലവേദനയാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്. കള്ളക്കടത്തിന് പിന്നില്‍ സര്‍ക്കാരിനോട് അടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആരോപണ വിധേയരായതോടെ സര്‍ക്കാരിന് മുകളില്‍ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം പതിയുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ കേരളത്തില്‍ എത്തി. എന്‍ഐഎ സെക്രട്ടേറിയേറ്റില്‍ വരെ എത്തി പരിശോധിച്ചു. പിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഇതിനിടെ കേരളത്തിലെ പ്രതിപക്ഷ മുന്നണികള്‍ സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തെങ്കിലും ധാര്‍മികത ഉയര്‍ത്തിക്കാട്ടി എല്ലാ അന്വേഷണങ്ങളും സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
എന്നാല്‍, ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് സി ആര് എ നിയമ ലംഘനം ചൂണ്ടിക്കാട്ടി സിബിഐ നേരിട്ട് സര്‍ക്കാരിനെതിരെ തിരിഞ്ഞതിന് പിന്നാലെ സാഹചര്യം തന്നെ മാറുകയായിരുന്നു. സര്‍ക്കാരിനെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം പ്രത്യക്ഷ പ്രതിരോധത്തിലേക്ക് നീങ്ങുകയും സിബിഐയെ തടയാന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഈ സമയം ഭരണപക്ഷത്തിന് മേൽ ആധിപത്യം നേടിയതിന്റെ ആത്മ വിശ്വാസം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുഡിഎഫിനും ബിജെപിക്കും നല്‍കിയത് വലിയ ആത്മവിശ്വാസമായിരുന്നു.
അപകടം തിരിച്ചറിഞ്ഞ സര്‍ക്കാരും ഭരണപക്ഷവും പ്രതിരോധ നീക്കത്തിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രാഷ്ട്രീയ നീക്കങ്ങളും സജീവമാക്കി. യുഡിഎഫില്‍ നിന്ന് പുറത്ത് പോയ ജോസ് കെ. മാണിയുടെ എല്‍ഡിഎഫ് പ്രവേശനമായിരുന്നു ഇതിലെ സുപ്രധാന രാഷ്ട്രീയ നീക്കം. ഇതിനൊപ്പം ഉണ്ടാവാനിടയുണ്ടാരുന്ന എന്‍സിപിയുടെ അസംതൃപ്തി തല്‍ക്കാലത്തേക്ക് പുറത്ത് വരാതെ തടയാനും ഇടതുപക്ഷത്തിനായി. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരേയുള്ള കേസുകളും പഴയ സോളാര്‍ കേസിന്റെ ബാക്കി ലൈംഗികാരോപണവും, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസും എല്‍ഡിഎഫിന് കാര്യമായി തന്നെ ഉപയോഗിക്കാവുന്ന തരത്തില്‍ ഉയര്‍ന്നു വന്നു.
മുസ്ലീം ലീഗ് എംഎല്‍എ കെ.എം ഷാജിക്കെതിരായ കൈക്കൂലിക്കേസ്, വീട് നിര്‍മാണത്തിലെ ചട്ട ലംഘനം സംബന്ധിച്ച ആരോപണം, കാസറഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെതിരായ ആരോപണങ്ങള്‍ എന്നിവയ്ക്ക് പുറമെ ഭൂമിയിടപാടിലെ കള്ളപ്പണ ആരോപണത്തില്‍ പി.ടി തോമസ് എംഎല്‍എയ്ക്കെതിരേ വിജിലന്‍സും അന്വേഷണം തുടങ്ങാനൊരുങ്ങുകയാണ്. മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.പി അനില്‍ കുമാറിനെതിരെ ബലാത്സംഗ ആരോപണത്തിൽ സോളാര്‍ കേസ് പ്രതിയായ സ്ത്രീ മൊഴി നല്‍കിയതോടെ വീണ്ടും സോളാര്‍ കേസും സജീവ ചര്‍ച്ചയാവുകയാണ്.
ഇതേവിഷയത്തില്‍, സര്‍ക്കാരിനെ വിമര്‍ശിച്ച കെപിസിസി അധ്യക്ഷന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു വിട്ടപ്പോള്‍ അതും ഭരണപക്ഷം ആയുധമാക്കുന്നുണ്ട്. നവമാധ്യമ പ്രചാരണത്തിന് ഒപ്പം മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തു. പിന്നാലെ സോളാര്‍ കേസിലെ പ്രതി തന്നെ വനിതാ കമ്മീഷനും ഡിജിപിക്കും മുന്നില്‍ പരാതിയുമായി എത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇഡി അറസ്റ്റ് ചെയ്തതും സര്‍ക്കാറിന് വീണ്ടും തലവേദന സൃഷ്ടിച്ചു. ബെംഗളൂരു മയക്ക് മരുന്ന് കേസിലെ പ്രതിയുമായുള്ള ബന്ധമാണ് ബിനീഷ് കോടിയേരിക്ക് കുരുക്കായത് എന്നത് രാഷ്ട്രീയ വടം വലിയില്‍ വീണ്ടും പ്രതിപക്ഷത്തിന് കരുത്ത് വര്‍ദ്ധിപ്പിച്ചു.
സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന രാഷ്ട്രീയ പ്രചാരണത്തിന് ഇടതുപക്ഷം തുടക്കമിട്ടപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. പോലീസിനെ തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. എംഎല്‍എമാര്‍ക്കെതിരായ നീക്കങ്ങളെ ഒരു മുഴം മുന്നേ എറിഞ്ഞ് തടയാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തിയത്.
യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ പോലീസില്‍ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പോലീസുമായി ബന്ധപ്പെട്ട വിവിധ പര്‍ച്ചേസുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ഡിജിപി ലോക്നാഥ് ബെഹ്റെയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് വിടുപണിയും ചെയ്യുന്ന ആളായി ഡിജിപി മാറിക്കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇതിന് പിന്നാലെ, മുന്‍ നിലപാടുകള്‍ എല്ലാം മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഏജന്‍സികളുടെ അന്വഷണത്തിന് എതിരെ രംഗത്ത് എത്തിയതും ശ്രദ്ധേയമായി. സര്‍ക്കാറിന്റെ അഭിമാന പദ്ധതികളായ കെ ഫോണ്‍, സ്മാര്‍ട്ട് സിറ്റി, ഡൗണ്ടൗണ്, ഇ മൊബിലിറ്റി തുടങ്ങിയവയിലേക്ക് അന്വഷണം നീളുന്നു എന്ന റിപ്പോര്‍ട്ടുകളാണ് മുഖ്യമന്ത്രിയെ നിലപാട് കടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് വഴിമാറിയെന്നും ഇപ്പോള്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കള്ളപ്പണം തടയലാണ് ഇഡിയുടെ പണി. അവരെ ഏല്‍പ്പിച്ച പണിക്കപ്പുറത്തുള്ള കാര്യങ്ങളിലേയ്ക്ക് അവര്‍ പോകേണ്ടതില്ല. എല്ലാ അന്വേഷണങ്ങളുമായും സര്‍ക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ലൈഫ് മിഷന് സിഇഒ യു വി ജോസിനെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണമികവ് തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. വികസനപദ്ധതികള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെ പിന്തുണയോടെയാണ് നടക്കുന്നതെന്നും താക്കീതിന്റെ സ്വരത്തിലായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നീക്കങ്ങൾക്ക് പിന്നില്‍ ബിജെപിയാണെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും രാഷ്ട്രീയമാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾക്ക് പിന്നിലെന്നാണ് പറഞ്ഞുവയ്ക്കുകയാണ് അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ ഭരണ നിര്‍വഹണ അധികാരത്തിലേക്ക് കടന്നുകയറുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ധിക്കാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരിച്ചടിച്ചു.