TopTop
Begin typing your search above and press return to search.

സംഘ് പരിവാർ അനുകൂലികളുടെ എതിർപ്പിനെ തുടർന്ന് തീയ്യ വിഭാഗത്തെക്കുറിച്ചുള്ള ചരിത്രലേഖനം ചന്ദ്രിക ആഴ്ചപതിപ്പ് പിൻവലിച്ചു

സംഘ് പരിവാർ അനുകൂലികളുടെ എതിർപ്പിനെ തുടർന്ന് തീയ്യ വിഭാഗത്തെക്കുറിച്ചുള്ള ചരിത്രലേഖനം ചന്ദ്രിക ആഴ്ചപതിപ്പ് പിൻവലിച്ചു

ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം സംഘ്പരിവാർ അനുകൂലികളുടെയും സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പിൻവലിക്കുന്നു. സംഘടനകളുടെ കടുത്ത ഭീഷണിയെത്തുടര്‍ന്ന് ലേഖനം പിന്‍വലിക്കുന്നതായി ലേഖകൻ തന്നെയാണ് വെളിപ്പെടുത്തിയത്. പേരാമ്പ്ര ഗവ. കോളജ് ചരിത്രവിഭാഗം അസി. പ്രഫസര്‍ പി.ആര്‍ ഷിത്തോര്‍ ആണ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. 2020 ജൂണ്‍ 20 ന്റെ ചന്ദ്രിക ആഴ്ചപ്പതിപ്പ് കവര്‍ സ്റ്റേറിയായി പ്രസിദ്ധീകരിച്ച 'തിയ്യരും ഹിന്ദുവല്‍കരണവും' എന്ന തന്റെ ലേഖനം പിന്‍വലിക്കണം എന്നാണ് ഷിത്തോര്‍ ചന്ദ്രിക പത്രാധിപരോട് ആവശ്യപ്പെടുന്നത്. ഇതേ തുടർന്ന് ചന്ദ്രിക അവരുടെ ഫേസ് ബുക്ക് പേജിൽനിന്ന് ലേഖനം നീക്കി.

ലേഖനം തിയ്യ വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രതിഷേധം ഉയര്‍ന്നിരുന്നു. ലേഖകനെ ചിലർ കഴിഞ്ഞ ദിവസം നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നതായാണ് അറിയുന്നത്. . ഇതിനു പുറമെ ലേഖനത്തിനെതിരെ ചന്ദ്രിക കോഴിക്കോട് ഓഫീസിലേക്ക് ഇന്ന് ചിലര്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.

''പാരമ്പര്യമായി കീഴാള സമുദായങ്ങളോട് എന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പോരുന്ന ചന്ദ്രികയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടും എസ്എൻഡിപി , തിയ്യമഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തിലും ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുകയാണ് . ആയതിനാല്‍ കൂടുതല്‍ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിന്‍വലിക്കാന്‍ എഡിറ്ററോട് അഭ്യര്‍ത്ഥിക്കുന്നു .' എന്നാണ് ഷിത്തോര്‍ തന്റെ പോസ്റ്റില്‍ പറയുന്നത്. ഈ വിവാദം വർഗീയമായി ഉപയോഗിക്കപ്പെടാതിരിക്കാനാണ് ലേഖനം പിൻവലിക്കുന്നതെന്ന് ഷിത്തോർ അഴിമുഖത്തോട് പറഞ്ഞു.


തീയ സമൂദായം എങ്ങനെയാണ് ഹിന്ദുവല്‍ക്കരിക്കപ്പെട്ടത് എന്നതിനെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തയ്യാറാക്കിയതായിരുന്നു ലേഖനം. ഇത് ഒരേ സമയം ഹിന്ദുത്വ സംഘടനകളെയും ചില ഈഴവ സംഘടനകളെയും ചൊടപ്പിക്കുകയും അവര്‍ സോഷ്യല്‍ മീഡിയ വഴി വലിയ എതിര്‍പ്പ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന ചന്ദ്രിക ആഴ്ചപതിപ്പിന്റെ ഫേസ്ബുക്ക് പേജില്‍നിന്നും ലേഖനം നീക്കിയിട്ടുണ്ട്.

സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് എസ് ഹരീഷിന്റെ നോവല്‍ മീശ മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പിലും സമാന സംഭവം അരങ്ങേറുന്നു എന്നാണ് പുതിയ സംഭവത്തിലൂടെ തെളിയുന്നത്.


Next Story

Related Stories