TopTop
Begin typing your search above and press return to search.

"അറിഞ്ഞുകൊണ്ട് ഞങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സര്‍ക്കാര്‍"; പുനരധിവാസം വേണ്ട, കരയിലേക്ക് കയറുന്ന കടലിൽനിന്ന് രക്ഷിച്ചാൽ മതിയെന്ന് ചെല്ലാനം വാസികൾ

"അറിഞ്ഞുകൊണ്ട് ഞങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സര്‍ക്കാര്‍"; പുനരധിവാസം വേണ്ട, കരയിലേക്ക് കയറുന്ന കടലിൽനിന്ന് രക്ഷിച്ചാൽ മതിയെന്ന് ചെല്ലാനം വാസികൾ

കനത്ത മഴയിലും തീരത്തേക്കടിച്ച് വരുന്ന ശക്തമായ തിരകള്‍ക്കിടയിലും നിന്ന് ചിലര്‍ മണ്ണ് വെട്ടുകയാണ്. കൈക്കോട്ടില്‍ കടല്‍ തീരത്തെ മണ്ണ് വെട്ടിയെടുത്ത് ചട്ടിയിലാക്കി പല കൈകള്‍ മറിഞ്ഞ് അവസാനം ബാഗിനുള്ളിലേക്ക്. പതിവിലും അധികമായി തിരയെത്തുമ്പോള്‍ തങ്ങളുടെ ജീവനും ജീവിതവും രക്ഷിക്കാനായി ഒരു ശ്രമം നടത്തിനോക്കുകയാണ് ആ മനുഷ്യര്‍. ജിയോ ബാഗുകള്‍ നിറച്ച് തിരയെ തടുക്കാമെന്നത് അവരുടെ ചെറിയ പ്രതീക്ഷ മാത്രമാണ്. 'എന്നാല്‍ അതെങ്കിലുമായി' എന്ന് പറഞ്ഞ് കഴിയാവുന്നത്ര ജിയോ ബാഗുകള്‍ മണ്ണ് നിറച്ച് തീരത്തടുക്കി വക്കുന്ന ജോലി രാവിലെ മുതല്‍ തുടങ്ങിയതാണ്. ഒരു ബാഗ് നിറയുമ്പോഴേക്കും ചുരുങ്ങിയത് ഒരു മണിക്കൂര്‍ നീങ്ങും. രാത്രി വൈകിയും അവര്‍ ഇത് തുടര്‍ന്നു. 'മഹ' ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിച്ചില്ലെങ്കിലും കടലിനെ ഇളക്കി മറിച്ചു. ആ ദിവസങ്ങളില്‍ ചെല്ലാനത്ത് നിന്നുള്ള കാഴ്ചയായിരുന്നു ഇത്. ജിയോ ബാഗ് ഇല്ലാത്തയിടങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകളും ടര്‍പ്പോളിന്‍ ഷീറ്റുകളും നെയ്ത് തങ്ങളുണ്ടാക്കിയ ബാഗിലും മണ്ണ് നിറച്ച് സുരക്ഷിതരായിരിക്കാന്‍ ആവുന്നത് ചെയ്യുകയാണ് ചെല്ലാനം കടലോര നിവാസികള്‍. 'സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ല. പിന്നെ ഞങ്ങള്‍ക്ക് ഇതല്ലേയുള്ളൂ ഒരു വഴി' സെബാസ്റ്റ്യന്‍ പ്രതികരിച്ചു. '17 വര്‍ഷമായി സമരം ചെയ്യുന്നവരാണ് ഞങ്ങള്‍. എന്നിട്ട് ഞങ്ങള്‍ക്ക് ഒരു പരിഹാരമായിട്ടില്ല. ഇനിയും സമരത്തിനിറങ്ങിയിരിക്കുകയാണ്. കനിവ് വിചാരിച്ച് ഒരു പരിഹാരം ഞങ്ങള്‍ക്ക് ഉണ്ടാക്കി തരും എന്നാണ് പ്രതീക്ഷ' ചെല്ലാനംകാര്‍ക്ക് പുതുതായൊന്നും പറയാനില്ല. കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി മഴക്കാലവും, കടല്‍ കയറ്റവും വന്നാല്‍ ചെല്ലാനത്തേക്കെത്തുന്ന മാധ്യമങ്ങള്‍ക്കും പുതുതായൊന്നും പറയാനോ കാണിക്കാനോ ഇല്ല. 'ചെല്ലാനത്തിന്റെ ദുരിതം' പോലും ക്ലീഷേ ആയിരിക്കുന്ന അവസ്ഥയിലും പുതുതായി എന്തെങ്കിലും പറയാന്‍ ഒരു മാറ്റവും വന്നില്ല എന്നത് തന്നെയാണ് തീരവാസികളുടെ ദുരിതവും. കടല്‍ ഭിത്തി കെട്ടി കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമത്തെ രക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. സമരങ്ങള്‍, ചര്‍ച്ചകള്‍, മന്ത്രിസഭാ തീരുമാനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ ചെല്ലാനത്തെ ചുറ്റിപ്പറ്റി നിരവധി കാര്യങ്ങള്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നു. എന്നാല്‍ ഓരോ നിമിഷവും കയറിക്കൊണ്ടിരിക്കുന്ന, വീടുകള്‍ക്കുള്ളിലേക്ക് അലച്ചെത്തുന്ന തിരകളെ നോക്കി രാവും പകലും ജീവഭയത്തോടെ ജീവിക്കുന്ന അവസ്ഥയില്‍ നിന്ന് ഇനിയെങ്കിലും തങ്ങള്‍ക്ക് ഒരു മോചനം വേണമെന്ന് അവര്‍ ആവശ്യപ്പെട്ട് കൊണ്ടേയിരിക്കുന്നു.

'ലക്ഷക്കണക്കിന് രൂപ വേണമെന്നോ വീട് വേണമെന്നോ സ്ഥലം വേണമെന്നോ എന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. അതൊന്നും ഞങ്ങളുടെ ആവശ്യവുമല്ല. ജീവിക്കുന്ന കാലത്തോളം കടലില്‍ പണിക്കിറങ്ങി അതില്‍ നിന്ന് ആവുന്നത് സമ്പാദിച്ച് സ്ഥലവും വീടും ജീവിതവുമൊക്കെ ഞങ്ങളുണ്ടാക്കിക്കോളാം. ആകെ ആവശ്യപ്പെടുന്നത് കടലിനെ തടഞ്ഞ് നിര്‍ത്താനാണ്. എത്ര കോടികള്‍ പ്രഖ്യാപിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിഞ്ഞ കടല്‍ ഭിത്തി കെട്ടിയുയര്‍ത്താന്‍ ഇത്ര ആലോചനയും താമസവും എന്താണ്? സര്‍ക്കാര്‍ എന്തിനാണ് അറിഞ്ഞുകൊണ്ട് ഞങ്ങളെ കൊലയ്ക്ക് കൊടുക്കുന്നത്?' മേരി ചോദിക്കുന്നു. ചെല്ലാനം ആലുങ്കല്‍ കടപ്പുറവും വേളാങ്കണ്ണി കടപ്പുറവും കണ്ണമാലിയുമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഭൂരിഭാഗവും കടലെടുത്ത നിലയിലാണ്. കടല്‍ത്തീരമെന്ന് പറയാന്‍ പോലും സ്ഥലം അവശേഷിക്കുന്നില്ല. തിരകള്‍ എത്തുന്നയിടങ്ങളിലും വീടുകളാണ്. വീട്ടുമുറ്റത്തേക്കും വീടിനുള്ളിലേക്കും വെള്ളം കയറാതിരിക്കാന്‍ മണല് കൂനകൂട്ടിയിട്ടിരിക്കുന്നു. ചാക്കിലും ബാഗുകളിലും മണല്‍ നിറച്ച് ചെറിയ സംരക്ഷണ ഭിത്തികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും. 'പക്ഷെ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ശക്തമായി അടിച്ചിങ്ങോട്ട് വരുമ്പോള്‍ ഇതൊക്കെ ഒലിച്ച് പോവും. ജിയോ ബാഗുകളും ജിയോ ട്യൂബും കഴിഞ്ഞ് വെള്ളം വീട്ടിനുള്ളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. വെള്ളമിറങ്ങുമ്പോള്‍ വീടിനുള്ളില്‍ ഒരു ലോഡ് മണലും ചെളിയും കാണും. മണല് കേറുന്നിടത്ത് ചെളി കുറവാണ്. വേറെ ചിലയിടത്ത് ചെളി മാത്രം കേറും മണലുണ്ടാവില്ല. രണ്ടാണെങ്കിലും ദുരിതം തന്നെ. അടിച്ച് കഴുകി കഴുകി നടുവൊടിഞ്ഞു. ഒരു വിധേന വൃത്തിയാക്കി വരുമ്പോള്‍ പിന്നേം കടല് കേറി വരും. രാത്രിയും പകലും എന്നില്ലാതെ ഇതിങ്ങനെ തുടര്‍ന്ന് പോരുവാണ്.' മോളി പറയുന്നു. കടല്‍ കയറാത്ത സമയത്തും മിക്ക വീടുകളിലും മുറ്റത്തും വെള്ളം തളം കെട്ടിക്കിടക്കുകയാണ്. വെള്ളമൊഴുകിപ്പോവാനുള്ള കനാലുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ അതും നിറഞ്ഞ് കവിഞ്ഞ് വീടുകളിലേക്ക് കയറുന്നു. 'ലക്ഷക്കണക്കിന് രൂപ കൊടുത്ത് ഉണ്ടാക്കിയിട്ടിരിക്കുന്ന വീടുകളാണ് ആര്‍ക്കും താമസിക്കാന്‍ കഴിയാതെ ഒഴിഞ്ഞ് പോയിരിക്കുന്നത്. ആരെങ്കിലും അതിന് വാങ്ങിക്കാന്‍ പോലും വരില്ല. കാശുള്ളവര്‍ക്ക് എവിടെയെങ്കിലും മാറിയെങ്കിലും താമസിക്കാം. പക്ഷെ പലര്‍ക്കും അതിന് കഴിവുള്ളവരല്ല. രാത്രിയില്‍ കിടക്കല്‍ പായില്‍ വന്ന് വെള്ളം തൊടുമ്പഴാണ് കടല് കേറി വരുന്നത് അറിയാറ്. അത് ഒന്ന് ശക്തിയായി വന്നാല്‍ ഒലിച്ച് പോവാവുന്നതേയുള്ളൂ ഞങ്ങളുടെ ജീവനുകള്‍.' ചെല്ലാനം ആലുങ്കല്‍ പ്രദേശത്ത് താമസിക്കുന്ന ജോര്‍ജിന്റെ വീട്ടില്‍ ഇപ്പോഴും വെള്ളമാണ്. കടല്‍ എടുത്തുകൊണ്ടിരിക്കുന്ന പ്രദേശമാണ് ചെല്ലാനം. താരതമ്യേന താഴ്ന്ന പ്രദേശമായതിനാല്‍ കടല്‍കയറ്റ സാധ്യത എപ്പോഴും ഏറി നില്‍ക്കുന്ന പ്രദേശവുമാണ്. പലപ്പോഴും മൂന്ന് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ തിരമാല ഉയരാറുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നിരുന്നാലും തീരം വിട്ട് പോവാന്‍ ചെല്ലാനംകാര്‍ ഒരുക്കമല്ല. പുനരധിവാസം തങ്ങളുടെ ആവശ്യമല്ല എന്നും ഉയരത്തിലുള്ള കടല്‍ഭിത്തി നിര്‍മ്മിച്ച് തങ്ങളെ രക്ഷിക്കണമെന്നുമാണ് അവരുടെ ആവശ്യം. മത്സ്യബന്ധനം തൊഴിലാക്കിയ തങ്ങള്‍ക്ക് തീരത്ത് നിന്ന് പോയാല്‍ ഉപജീവനവും നഷ്ടമാവുമെന്ന ഭീതിയും അവര്‍ക്കുണ്ട്. 'പരമ്പരാഗതമായി മത്സ്യ ബന്ധനം മാത്രം ഉപജീവനമാര്‍ഗമാക്കി ജീവിക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ മനസ്സുറച്ച് തൊഴിലിന് പോവാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്. ഇവിടെ നിന്ന് പോയാല്‍ തൊഴിലുമുണ്ടാവില്ല. കുഞ്ഞുങ്ങള് രാത്രി കടല് കയറണ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന് കരയും. കൊച്ചുങ്ങളെ സ്‌കൂളില്‍ അയക്കാന്‍ പോലും പറ്റാത്ത സ്ഥിതിയുണ്ട്.' ജോസഫ് പറഞ്ഞു.

ചെല്ലാനത്തിന് സമഗ്ര പാക്കേജ് എന്ന പ്രഖ്യാപനം

കടല്‍ കയറ്റത്തെ തുടര്‍ന്ന് ജീവിതം ദുസഹമായ ചെല്ലാനം മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുമായി സമഗ്ര പാക്കേജ് തയ്യാറാക്കാന്‍ 2017 ഡിസംബര്‍ ഏഴിന് എറണാകുളം ജില്ലാ കളക്ട്രേറ്റില്‍ കെ ജെ മാക്സി എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. കടല്‍ഭിത്തി, പുലിമുട്ട്, വീടുകളുടെ അറ്റകുറ്റപ്പണി, കനാല്‍ ശുചീകരണം, സര്‍വീസ് റോഡ് നിര്‍മ്മാണം, കടല്‍ ഭിത്തിയോട് ചേര്‍ന്ന മണ്‍ഭിത്തി, കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ എന്നിവയടങ്ങുന്ന പദ്ധതിയാണ് ജില്ലാ ഭരണകൂടം സര്‍ക്കാരിന് സമര്‍പ്പിച്ചത്. പിന്നീട് ചെല്ലാനത്ത് കടലാക്രമണം തടയാന്‍ ജിയോ ട്യൂബുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ടെന്‍ഡര്‍ ക്ഷണിക്കുകയും 2018 ജൂലൈയില്‍ മലപ്പുറം സ്വദേശിക്ക് കരാര്‍ നല്‍കുകയുംചെയ്തു. കരിങ്കല്‍ ഭിത്തിക്ക് പകരമായി ഭിത്തികള്‍ ഇല്ലാത്തയിടങ്ങളില്‍ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മിക്കാനായിരുന്നു തീരുമാനം. സര്‍ക്കാര്‍ ഇതിനായി എട്ട് കോടി രൂപ അനുവദിച്ചു. ജൂലൈയില്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പദ്ധതിയുടെ ഉദ്ഘാടനം നടന്നത് 2019 ജനുവരിയിലാണ്. എന്നാല്‍ ജിയോ ട്യൂബ് ഭിത്തികള്‍ സ്ഥാപിക്കാന്‍ കരാര്‍ എടുത്തിരുന്നയാള്‍ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ തീരജനത വീണ്ടും പ്രതിസന്ധിയിലായി. ചെല്ലാനത്തെ വേളാങ്കണ്ണി, ചെറിയകടവ്, വാച്ചാക്കല്‍, കമ്പനിപ്പടി, ബസാര്‍ കടപ്പുറങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ട്യൂബ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 1200 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബുകള്‍ സ്ഥാപിക്കേണ്ടിയിരുന്നയിടത്ത് ചുരുങ്ങിയ സ്ഥലത്ത് പോലും അത് സ്ഥാപിക്കാന്‍ കരാറുകാരനായില്ല. ട്യൂബില്‍ നിറക്കാന്‍ ആവശ്യത്തിന് മണ്ണ് കടലില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കരാറുകാരന്റെ വിശദീകരണം. എന്നാല്‍ കടലില്‍ നിന്ന് മണ്ണ് ശേഖരിക്കാന്‍ കരാറുകാരന്‍ ഉപയോഗിച്ചത് ശേഷി കുറഞ്ഞ ഡ്രഡ്ജറായിരുന്നു എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആക്ഷേപം. പണി ആരംഭിക്കുന്നതിന് മുമ്പ് തന്നെ കരാറുകാരന്‍ സ്ഥാപിച്ച യന്ത്രസംവിധാനം കൊണ്ട് കടലില്‍ നിന്ന് മണല്‍ പമ്പ് ചെയ്യാന്‍ കഴിയില്ലെന്ന വിവരം പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരോ കരാറുകാരനോ ഇത് കണക്കിലെടുത്തില്ല എന്നും നാട്ടുകാര്‍ പറയുന്നു. മണ്ണെടുക്കുന്നതിനിടെ യന്ത്രം കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഒരു ദിവസം കൊണ്ട് ഒരു ട്യൂബ് നിറയുമെന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് ദിവസം തുടര്‍ച്ചയായി പരിശ്രമിച്ചതിന് ശേഷമാണ് നിലവില്‍ പൂര്‍ത്തീകരിച്ച വര്‍ക്ക് പോലും കഴിഞ്ഞത്. ആദ്യ കരാര്‍ കാലാവധി കഴിഞ്ഞിട്ടും അതേ കരാറുകാരനെ തന്നെ ജോലികള്‍ ഏല്‍പ്പിക്കുകയായിരുന്നു. ജിയോ ട്യൂബ് നിറയ്ക്കാന്‍ 200 കുതിരശക്തിയുള്ള സാന്‍ഡ് പമ്പിംഗ് മോട്ടോര്‍ വേണമെന്നിരിക്കെ 25 കുതിരശക്തിയുള്ള സാധാരണ മോട്ടോര്‍ ഉപയോഗിച്ച് പരിചയ സമ്പന്നരല്ലാത്തവരെ കൊണ്ടുവന്നു നിര്‍മാണം തുടങ്ങിയതാണ് പദ്ധതിയുടെ അനിശ്ചിതത്വത്തിനു കാരണമായതെന്നാണ് ആരോപണം. നിര്‍മാണം ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 25 മീറ്റര്‍ നീളവും 5 മീറ്റര്‍ വ്യാസവുമുള്ള ജിയോ ട്യൂബ് 145 എണ്ണം 1200 മീറ്റര്‍ നീളത്തില്‍ ഉണ്ടാകും എന്നതായിരുന്നു ഉറപ്പ്. 125 മീറ്റര്‍ ജിയോ ട്യൂബ് സ്ഥാപിക്കാന്‍ ഇത്തരത്തിലുള്ള 18 ട്യൂബുകള്‍ ആവശ്യമാണ്. രണ്ടു ട്യൂബുകള്‍ മാത്രമാണ് നാളിതുവരെ സ്ഥാപിക്കാനായത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിറയേണ്ട ജിയോ ട്യൂബുകള്‍ ഇത്രമാസമെടുത്തിട്ടും നിറയാത്തത് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ചെല്ലാനം സ്വദേശികളുടെ ആരോപണം. ജിയോ ട്യൂബുകള്‍ ഇറിഗേഷന്‍ വകുപ്പുതന്നെയാണ് കരാറുകാര്‍ക്ക് ഏര്‍പ്പാടാക്കി നല്‍കിയത്. കരാറുകാരന്‍ പണി നിര്‍ത്തിയപ്പോള്‍ ചെല്ലാനം വേളാങ്കണ്ണി തീരത്ത് മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയ്ക്കു കടലില്‍ മണല്‍ കണ്ടെത്താന്‍ ശ്രമിച്ചു. കുഴല്‍കിണര്‍ താഴ്ത്താന്‍ ഉപയോഗിക്കുന്ന ബോറിങ് പൈപ്പുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മേല്‍ത്തട്ടിലെ ചെളിക്കുതാഴെ മണല്‍ ഉണ്ടെന്ന് മനസിലായി. ഇക്കാര്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്ന ഇറിഗേഷന്‍ വകുപ്പിലെ എന്‍ജിനീയര്‍മാരെ അറിയിച്ചു. ഇവര്‍ കരാറുകാരനുമായി ബന്ധപ്പെട്ടപ്പോഴാണ് മുഖ്യകരാരുകാരന്‍ നിര്‍മാണം പലര്‍ക്കായി ഉപകരാറുകള്‍ കൊടുത്തിട്ടുള്ള കാര്യം വെളിവായത്. കളക്ടറും ജനപ്രതിനിധികളും നിരന്തരമായി ഇടപെട്ടിട്ടും കരാറുകാരന്‍ പണി പുനരാരംഭിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ സമയം കരാറുകാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തകള്‍ പുനരാരംഭിക്കണമെങ്കില്‍ ഓരോ വര്‍ക്കിനും 40ശതമാനം തുക സര്‍ക്കാരിലേക്ക് മുന്‍കൂര്‍ കെട്ടിവക്കണം എന്ന് സര്‍ക്കാര്‍ കരാറുകാരനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ കരാറുകാരന്‍ ഇതിനെതിരെയും കോടതിയെ സമീപിച്ചു. ഒടുവില്‍ ഇരുപത് ശതമാനം തുക സര്‍ക്കാരിലേക്ക് കെട്ടിവച്ച് നിര്‍മ്മാണം പതിനഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ പതിനഞ്ച് ദിവസം എന്ന കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ഇതേവരെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ ആഴ്ച അവസാനത്തോടെ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് കെ ജെ മാക്സി എംഎല്‍എ പറഞ്ഞു. 'പഴയ കരാറുകാരന്‍ തന്നെ വര്‍ക്ക് പൂര്‍ത്തിയാക്കും. 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് കോടതിയും സര്‍ക്കാരും നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല്‍പ്പത് ശതമാനം സെക്യൂരിറ്റി എന്നത് 20 ശതമാനം ആക്കിയതോടെ പ്രതിസന്ധികള്‍ അവസാനിച്ചു. ശനിയാഴ്ചയോടെ നിര്‍മ്മാണം ആരംഭിക്കാനാവും എന്നാണ് കരുതുന്നത്.'

വീണ്ടും സമരം

നിലവില്‍ ചെല്ലാനവുമായി ബന്ധപ്പെട്ടുണ്ടായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമെല്ലാം തുടര്‍ച്ചയായ സമരങ്ങളിലൂടെ നേടിയെടുത്തതാണെന്ന് നാട്ടുകാര്‍ പറയുന്നു. ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തില്‍ വീണ്ടും സമരമാരംഭിച്ചിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ കയറ്റ പ്രശ്നം പരിഹരിക്കുക, തോടുകള്‍ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചത്. എന്നാല്‍ കടല്‍ കയറ്റത്തിന് ജിയോ ട്യൂബുകള്‍ സ്ഥാപിക്കുക എന്നത് താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും തീരവാസികളുടെ പുനരധിവാസം മാത്രമാണ് ശാശ്വതമായ പോംവഴിയെന്നും എംഎല്‍എ അഭിപ്രായപ്പെടുന്നു. ' തീരത്ത് നിന്ന് ഒഴിഞ്ഞ് പോവാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അത് കേള്‍ക്കുന്നില്ല. പത്ത് ലക്ഷം രൂപ നല്‍കാം എന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ തയ്യാറായി എത്തിയിരിക്കുന്നത് വളരെ ചുരുക്കം പേര്‍ മാത്രമാണ്. പത്ത് ലക്ഷം നല്‍കിയാലും അവരുടെ ഇപ്പോഴുള്ള സ്ഥലം സര്‍ക്കാരിന് വേണ്ട. അവിടെ ഇനി വീട് വക്കാന്‍ പറ്റില്ല എന്നേയുള്ളൂ. മരങ്ങള്‍ വച്ചുപിടിപ്പിക്കുകയോ സ്ഥലം അങ്ങനെ തന്നെ നിലനിര്‍ത്തുകയോ ചെയ്യാം. എന്നാല്‍ ഈ വ്യവസ്ഥകളൊന്നും അവര്‍ സ്വീകരിക്കുന്നില്ല. അവിടെ നിന്ന് ഒഴിയാന്‍ കഴിയില്ലെന്നാണ് പറയുന്നത്.' എന്നാല്‍ തങ്ങളുടെ ഉപജീവനവും വളര്‍ന്നയിടവും ഉപേക്ഷിച്ച് പത്ത് ലക്ഷം രൂപ നല്‍കിയാലും പോവാനാവില്ലെന്ന് നാട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു. ഉയരത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിച്ച് തങ്ങളിലേക്ക് കടലെത്താതെ സര്‍ക്കാര്‍ സംരക്ഷിച്ചാല്‍ മതിയെന്നും അവര്‍ പറയുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories