TopTop
Begin typing your search above and press return to search.

'പിണറായി മൂലധനശക്തികള്‍ക്ക് മുന്‍പില്‍ കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; അത് ഗോവിന്ദന്‍ മാസ്റ്ററെ ദുഃഖിപ്പിച്ചിട്ടുണ്ടാകും'

പിണറായി മൂലധനശക്തികള്‍ക്ക് മുന്‍പില്‍ കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; അത് ഗോവിന്ദന്‍ മാസ്റ്ററെ ദുഃഖിപ്പിച്ചിട്ടുണ്ടാകും

സിപിഎം നേതാവ് എം വി ഗോവിന്ദന്റെ പ്രസ്താവന പിണറായി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജന്‍മിത്വത്തിന്റെ പിടിയില്‍നിന്നുപോലും മോചിതമാകാത്ത ഇന്ത്യന്‍ സമൂഹത്തില്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാന്‍ കഴിയില്ലെന്ന് അധ്യാപക സംഘടനയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. ഈ പ്രസ്താവനയാണ് പിണറായി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ത്യന്‍ സമൂഹത്തില്‍ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീര്‍ണമാണ്. നമ്മളില്‍ പലരുടെയും ധാരണ വൈരുദ്ധ്യാത്മക ഭൗതികവാദം ഇതിനു പകരം വെയ്ക്കാമെന്നാണ്. ആവില്ല. വിശ്വാസികളെ അംഗീകരിച്ചുകൊണ്ടു മാത്രമേ ഏത് വിപ്ലവ പാര്‍ട്ടിക്കും മുന്നോട്ട് പോകാനാവൂയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

മൂലധനശക്തികള്‍ക്കൊപ്പം നിലനില്‍ക്കുന്നു എന്ന ഗോവിന്ദന്റെ വിമര്‍ശനം പിണറായി വിജയന് നേരെയുള്ള വിമര്‍ശനമാണ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയി മണി അടിക്കുകയും അവിടെ മസാല ബോണ്ട് വില്‍ക്കുകയും ചെയ്ത പിണറായി വിജയന് മൂലധനശക്തികള്‍ക്കു മുന്‍പില്‍ സമ്പൂര്‍ണമായും കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഇന്ത്യയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ പ്രസ്താവന പിണറായി ഗവണ്‍മെന്റിനെക്കുറിച്ചുള്ള വിലയിരുത്തലാണ്. മൂലധനശക്തികള്‍ക്കൊപ്പം നിലനില്‍ക്കുന്നു എന്ന എം വി ഗോവിന്ദന്റെ വിമര്‍ശനം പിണറായി വിജയന് നേരെയുള്ള വിമര്‍ശനമാണ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയി മണി അടിക്കുകയും അവിടെ മസാല ബോണ്ട് വില്‍ക്കുകയും ചെയ്ത പിണറായി വിജയന് മൂലധനശക്തികള്‍ക്കു മുന്‍പില്‍ സമ്പൂര്‍ണമായും കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്. അത് ഗോവിന്ദന്‍മാസ്റ്ററെ ദുഃഖിപ്പിച്ചിട്ടുണ്ടാകും. അമേരിക്കന്‍ മുതലാളിത്ത കമ്പനിയായ സ്പ്രിംഗ്ലറുമായി പാര്‍ട്ടി അഭിപ്രായം ധിക്കരിച്ച് നടത്തിയ ഇടപാട് ഇതുമായി ചേര്‍ത്തു വായിക്കേണ്ട കാര്യമാണ്. ബഹുരാഷ്ട്ര കുത്തകയായ പി ഡബ്ല്യു സി സെക്രട്ടറിയേറ്റില്‍, ഞങ്ങള്‍ എതിര്‍ത്തില്ലായിരുന്നു എങ്കില്‍, ഇന്ന് ഓഫീസ് തുറന്നേനെ. സ്വന്തം പാര്‍ട്ടി അഞ്ചുവര്‍ഷം കൊണ്ട് ഇതാണ് ചെയ്തതെങ്കില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം എങ്ങനെ നടപ്പിലാക്കുമെന്ന് ഗോവിന്ദന്‍ മാഷ് ആശങ്കപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. ശതകോടീശ്വരന്മാരുടെയും മൂലധനശക്തികളുടെയും വക്താക്കളായി മാറിയിരിക്കുകയാണ് കേരളത്തിലെ സിപിഎം.

വിശ്വാസികളെ മാറ്റിനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാനാവില്ല എന്നും ഗോവിന്ദന്‍മാസ്റ്റര്‍ പറയുന്നു. അതാണ് പാര്‍ട്ടി നയം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ ശബരിമല വിഷയത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഗോവിന്ദന്‍മാസ്റ്റര്‍ മുന്‍കൈ എടുക്കുമോ? വിധി വന്നതിനുശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്യാം എന്നതാണ് എല്‍ ഡി എഫ് നിലപാട്. ഇത് വിശ്വാസ സമൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ്. ഈ നിലപാട് സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഗവണ്‍മെന്റ് അതിനെതിരെ നിലപാടെടുക്കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നതിനുശേഷം ചര്‍ച്ച ചെയ്യാം എന്നു പറയുന്നത് കബളിപ്പിക്കാനാണ്. ശബരിമലയില്‍ വിശ്വാസികളോടൊപ്പം ആണെങ്കില്‍ ഈ സര്‍ക്കാര്‍ നിലവിലെ സത്യവാങ്മൂലം പിന്‍വലിച്ച് അനുകൂലമായി സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകണം. നിലപാട് പറയാതെ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ കഴിയില്ല. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകര്‍ത്തു കൊണ്ടുള്ള നിലപാടാണ് ശബരിമല വിഷയത്തില്‍ ഗവണ്‍മെന്റ് സ്വീകരിച്ചത്.

താല്‍ക്കാലിക നിയമനങ്ങള്‍ പാര്‍ട്ടി സഖാക്കള്‍ക്ക് മാത്രം ലഭിക്കുകയാണ്. മുന്‍ എംപിമാരുടെ ഭാര്യമാര്‍ക്ക് ലഭിക്കുന്ന നിയമനങ്ങളെ സംബന്ധിച്ച് എന്തുകൊണ്ടാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കാത്തത്? കാലടി സര്‍വകലാശാലയിലെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതാണെന്ന് പറഞ്ഞത് ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജെക്ടസ് എക്സ്പേര്‍ട്ടുകളാണ്. അവരാരും കോണ്‍ഗ്രസുകാരോ കോണ്‍ഗ്രസ് അനുഭാവികളോ അല്ല. ഇടതുപക്ഷ അനുഭാവികളാണ്. സത്യം പറയാന്‍ ധൈര്യം കാണിച്ച ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ തേജോവധം ചെയ്യുന്നത് ഈ സര്‍ക്കാരും പാര്‍ട്ടിയും എത്രമാത്രം ജീര്‍ണ്ണാവസ്ഥ നേരിടുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ്. കള്ളത്തരം കണ്ടു പിടിക്കുമ്പോള്‍ അത് കണ്ടുപിടിക്കുന്ന ആളെ മോഷ്ടാവാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരും പാര്‍ട്ടിയും ഉന്നയിക്കുന്ന ഉപജാപക സിദ്ധാന്തം അപഹാസ്യമാണ്. മൂന്നു സബ്ജക്റ്റ് എക്സ്പേര്‍ട്ടുകളും സര്‍വകലാശാല വി സിക്ക് നല്‍കിയ കത്ത് ഉപജാപകത്തിനാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. സഖാക്കള്‍ ഇനിയെങ്കിലും കുറച്ചുകൂടെ വിശ്വാസയോഗ്യമായ കളവുകള്‍ പറയണം.


Next Story

Related Stories