TopTop
Begin typing your search above and press return to search.

സെബി നിരോധിച്ചത് ഓഡിറ്റിങ് കമ്പനിയെ; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കേന്ദ്രം എംപാനല്‍ ചെയ്ത സ്ഥാപനം: പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

സെബി നിരോധിച്ചത് ഓഡിറ്റിങ് കമ്പനിയെ; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കേന്ദ്രം എംപാനല്‍ ചെയ്ത സ്ഥാപനം: പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുടങ്കം വെക്കാന്‍ ഏത് നടപടിയെയും തെറ്റായി ചിത്രീകരിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം മുന്‍നിര്‍ത്തി സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിര്‍ത്തു. പ്രളയം വന്നപ്പോള്‍ ദുരിതാശ്വാസ നിധിയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ജനങ്ങള്‍ പ്രതിസന്ധിയിലായാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതിയെന്ന മാനസികാവസ്ഥ. അതിന്റെ ഉദാഹരണമാണ് ടെക്നോസിറ്റിയില്‍ കളിമണ്‍ ഖനനം നടത്തുന്നെന്നും അത് അഴിമതിയാണെന്നും കാണിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ടെക്നോസിറ്റിയിലേക്ക് ഓടിയെത്തി അഴിമതിയാരോപണം ഉന്നയിച്ചു. സ്ഥലത്ത് കളിമണ്ണുണ്ട് എന്നത് ശരിയാണ്. അത് ഖനനം ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാകാം. എന്നാല്‍ സര്‍ക്കാര്‍ ആ വഴിക്ക് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളാ ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനം ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചിരുന്നു. ഇതിന് സാധ്യതാപഠന സംഘത്തെ നിയോഗിച്ചു. ഈ സമിതിയുടെ പരിശോധനയില്‍ നിര്‍ദ്ദേശം അംഗീകരിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ അത് സ്വീകരിക്കുകയും ചെയ്തു. ഇതില്‍ എങ്ങനെയാണ് അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഇതുവരെ ഉന്നയിച്ച ഒരാരോപണവും ക്ലച്ച് പിടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്രസമ്മേളനം വിളിച്ച് ഒരടിസ്ഥാനവുമില്ലാത്ത ഒരാരോപണം ഉന്നയിച്ച് കുറച്ചു ദിവസം അത് ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. പിന്നീട് വാക്ക് മാറ്റി പിന്മാറുക. ഇതാണ് പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇ മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ചാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറയുന്നത്. അതില്‍ സര്‍ക്കാരിന് വ്യക്തത വരുത്തേണ്ടി വരും. അങ്ങനെ കുറെ സമയം നഷ്ടപ്പെടും. ഇത്തരമൊരു ഘട്ടത്തില്‍ ദുരാരോപവുമായി ഇറങ്ങുന്നത് നാടിനും നാട്ടുകാര്‍ക്കും ഗുണകരമല്ല.

ഇ മൊബിലിറ്റി സര്‍ക്കാരിന്റെ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം കൂട്ടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. 2022ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ പുറത്തിറക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതൊന്നും തോന്നുംപോലെ നടപ്പാക്കാനാകില്ല. അതിനു വേണ്ടിയാണ് സാധ്യതാ പഠനം നടത്തുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിക്സി എന്ന സ്ഥാപനവുമായി എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ് പ്രൈസ് വാട്ടേഴ്സ്. നിക്സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ ബസ് പോര്‍ട്ടുകള്‍, ഇ മൊബിലിറ്റിക്കുള്ള കര്‍മ പദ്ധതി തയ്യാറാക്കാനുള്ള കണ്‍സള്‍ട്ടന്റുകളായി നിയമിച്ചിട്ടുണ്ട്. അതിലൊന്നാണ് പ്രൈസ് വാട്ടേഴ്സ്. മറ്റൊന്ന് കെപിഎംജിയാണ്. വേറൊരെണ്ണം ഏണസ്റ്റ് ആന്‍ഡ് യങ് ഗ്ലോബല്‍ ആണ്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് സെബിയുടെ വിലക്ക് നിലവിലില്ല. വിലക്ക് നിലവിലുള്ളത് പ്രൈസ് വാട്ടര്‍ ഹൗസ് ആന്‍ഡ് കമ്പനി എന്ന ഓഡിറ്റിങ് സ്ഥാപനത്തിനാണ്. ആ സ്ഥാപനമാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് അഗുസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയത്. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങള്‍ വേണ്ടി വന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനിയാണ്. കേരള സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത് മറ്റൊരു സ്ഥാപനത്തെയാണ്.

കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories