TopTop
Begin typing your search above and press return to search.

മുന്നറിയിപ്പിലാതെ റോയൽ എൻഫീൽഡ് ഷോറൂം അടച്ചുപൂട്ടി, തുറന്ന് പ്രവർത്തിപ്പിച്ച് വ്യത്യസ്ത സമരമുഖം തുറന്ന് സിഐടിയു തൊഴിലാളികൾ

മുന്നറിയിപ്പിലാതെ  റോയൽ എൻഫീൽഡ് ഷോറൂം  അടച്ചുപൂട്ടി, തുറന്ന് പ്രവർത്തിപ്പിച്ച് വ്യത്യസ്ത സമരമുഖം തുറന്ന് സിഐടിയു തൊഴിലാളികൾ

നാൽപതോളം തൊഴിലാളികളുള്ള വൈബ്രന്റ് ഓട്ടോ മോട്ടീവ് റോയൽ എൻഫീൽഡ് ഷോറൂം കഴിഞ്ഞ ദിവസം ഉടമ അടച്ചു പൂട്ടി. രാവിലെ തൊഴിലാളികളെത്തുമ്പോൾ കണ്ടത് ചങ്ങലയിട്ട് ഗെയ്റ്റ് പൂട്ടിയ ഷോറൂമാണ്. ഇന്നു മുതൽ ഷോറൂം തുറക്കേണ്ടതില്ലെന്ന് മാനേജർ രാത്രി വിളിച്ചു പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാരൻ തൊഴിലാളികളെ അറിയിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനമടച്ചു പൂട്ടിയതോടെ പകച്ചു നിന്ന തൊഴിലാളികൾ തീർത്തും വ്യത്യസ്തമായ ഒരു സമരമുറയിലേക്ക് തിരിഞ്ഞു. ഉടമയുടെ ഉത്തരവിനെ അവഗണിച്ച് അവർ ഷോറൂം തുറന്ന് പ്രവർത്തനം തുടങ്ങി. പണിമുടക്കിക്കൊണ്ടും ഗെയ്റ്റ് പൂട്ടിക്കൊണ്ടുമുള്ള സാധാരണ തൊഴിലാളി സമരങ്ങളിൽ നിന്നു വ്യത്യസ്തമായി ഗെയ്റ്റ് തുറന്നു കൊണ്ടും പണിയെടുത്തു കൊണ്ടുമുള്ള തൊഴിൽ സമരം അങ്ങനെ ആരംഭിച്ചു.

മുന്നറിയിപ്പില്ലാതെ സ്ഥാപനം അടച്ചു പൂട്ടിയതറിഞ്ഞ് സ്ഥലത്തെത്തിയ കേരള ഓട്ടോമൊബൈൽ സെയിൽസ് ആന്റ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (CITU) സംസ്ഥാന സെക്രട്ടറി സി.ദിവാകരന്റെ നേതൃത്വത്തിലായിരുന്നു പുത്തൻ രീതിയിലുള്ള സമരം തുടങ്ങിയത്. ഒരു പ്രഭാതത്തിൽ തൊഴിലാളികളെ തെരുവിലേക്കിറക്കി വിടുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സി.ദിവാകരൻ പറഞ്ഞു.

"പി.എഫും ഇ.എസ്.ഐ യും എല്ലാമുള്ള തൊഴിലാളികളാണ് ഈ സ്ഥാപനത്തിലെ ഏറെ പേരും. നാല് വർഷം മുൻപ് ഓട്ടോമൊബൈൽ മേഖലയിലെ തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളാണ് അവയെല്ലാം. നാല് വർഷത്തെ സർവീസുള്ള തൊഴിലാളികളാണ് ഈ സ്ഥാപനത്തിലെ ഭൂരിഭാഗം പേരും. ആറ് മാസം കൂടിക്കഴിഞ്ഞാൽ അവർ ഗ്രാറ്റുവിറ്റിക്ക് അർഹരാകും. അത്തരമൊരു സാഹചര്യത്തിൽ എല്ലാ ചട്ടങ്ങളെയും മറികടന്ന് തൊഴിലാളികളെ പുറത്താക്കാനുള്ള നീക്കമാണ് മാനേജുമെന്റ് ഇവിടെ നടത്തുന്നത്.
സ്ഥാപനത്തിന്റെ വിൽപന നടപടികൾ തുടങ്ങി എന്നാണ് അറിയാൻ സാധിച്ചത്. അങ്ങനെയെങ്കിൽ തൊഴിലാളികളോട് ഇനി മുതൽ ഇങ്ങോട്ട് വരേണ്ടതില്ല എന്നല്ല മാനേജുമെന്റ് പറയേണ്ടത്. അതിനായുള്ള നടപടിക്രമങ്ങളെല്ലാം മാനേജ്മെന്റ് പാലിക്കേണ്ടതുണ്ട്..
ഓരോ തൊഴിലാളിക്കും കത്തു കൊടുക്കണം, സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ പതിക്കണം, ലേബർ ഓഫീസിലും വ്യവസായ വകുപ്പിലും ഔദ്യോഗികമായിത്തന്നെ അറിയിക്കണം. അംഗീകൃത ട്രേഡ് യൂണിയൻ ഉള്ള സാഹചര്യത്തിൽ യൂണിയനെയും അറിയിക്കണം. ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല. എതാനും ദിവസങ്ങൾക്കു മുൻപ് ഒരു യോഗം വിളിച്ച് ഈ സ്ഥാപനം വിൽക്കുകയാണെന്നും അന്നേ ദിവസം മുതൽ നിങ്ങൾക്ക് അവധിയിൽ പ്രവേശിക്കാമെന്നും പറയുകയായിരുന്നു സ്ഥാപന അധികാരികൾ.

ആഴ്ചകൾക്കു മുൻപ് ഇതേ ഗ്രൂപ്പിന്റെ തന്നെ തളിപ്പറമ്പിലെ സ്ഥാപനം മാനദണ്ഡങ്ങൾ പാലിക്കാതെ അടച്ചുപൂട്ടിയിരുന്നു. അവിടെയും മാനേജ്മെന്റ് തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു എന്ന് ഞങ്ങൾ സംശയിക്കുന്നു. പുതിയ മാനേജ്മെൻറ് വരുമ്പോൾ നിലവിലെ തൊഴിലാളികളെ ഇൻറർവ്യൂ വഴി എടുത്തുകൊള്ളും എന്ന് പറഞ്ഞാണ് ആ സ്ഥാപനവും അടച്ചു പൂട്ടിയത്.

ഇത് യഥാർത്ഥത്തിൽ പിരിച്ചുവിടൽ തന്നെയാണ്. ഇത്തരത്തിൽ പിരിച്ചു വിടപ്പെട്ട ശേഷം മാസങ്ങൾ കഴിഞ്ഞ് തിരിച്ചെടുത്തു എങ്കിൽ പോലും തൊഴിലാളികൾക്ക് അവരുടെ സർവീസ് തുടർച്ച നഷ്ടപ്പെടുകയാണ് ചെയ്യുക. നിയമപരവും പ്രായോഗികവുമായ നിർദേശങ്ങൾ മുന്നോട്ടു വച്ചു കൊണ്ടാണ് ഞങ്ങൾ ഇവിടെ സമരം തുടങ്ങിയിട്ടുള്ളത്. മാനേജ്മെന്റ് അടിയന്തരമായി തൊഴിലാളികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും ചർച്ചയ്ക്കു വിളിച്ച് ഒരു വ്യവസ്ഥയിലെത്തണം. പിരിഞ്ഞു പോകാനാഗ്രഹിക്കുന്നവർക്ക് നോട്ടീസ് കാലാവധിയിലെ ശമ്പളം കൊടുക്കണം. ഇവിടെ തന്നെ തുടരാനാഗ്രഹിക്കുന്നവർക്ക് പുതിയ സ്ഥാപനം തുടങ്ങുന്നതു വരെയുളള ശമ്പളം കൊടുക്കണം. ഈ കാലാവധിയിൽ തൊഴിലാളികളെ സംബന്ധിച്ച് ശമ്പളത്തേക്കാൾ പ്രധാനം സർവീസ് തുടര്‍ച്ച നഷ്ടപ്പെട്ടുപോകാതിരിക്കലാണ്. സർവീസിന്റെ തുടർച്ച ഉറപ്പാക്കിക്കൊണ്ടുള്ള കരാറുണ്ടാക്കുകയും തൊഴിലാളികളുടെ പുനപ്രവേശനം സാധ്യമാക്കുകയും വേണം.

ഇത്തരം ഒരു വ്യവസ്ഥയിലെത്തുന്നതു വരെ തൊഴിലാളികൾ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കും. പ്രാദേശിക വർക്ക് ഷോപ്പുകളിലെ തൊഴിലുകളെല്ലാം അറിയുന്ന ആൾക്കാരാണ് നിലവിൽ സ്ഥാപനത്തിലുള്ളവർ. ബുള്ളറ്റിന്റെ മാത്രം സർവീസ് സെന്ററാണിത്. സമരത്തിന്റെ ഭാഗമായി മറ്റെല്ലാ കമ്പനികളുടെയും വാഹനങ്ങൾ ഞങ്ങൾ ഇവിടെ എത്തിച്ച് സർവീസ് ചെയ്തു നൽകും."
ദിവാകരൻ പറഞ്ഞു.

അഞ്ച് വനിതകളുൾപ്പടെ 36 തൊഴിലാളികൾ വ്യാഴാഴ്ച ജോലിക്കെത്തിയിരുന്നു. തൊഴിലാളികൾ മാനേജ്മെന്റ് നടപടിക്കെതിരെ ലേബർ ഓഫീസിൽ പരാതി നൽകിട്ടുണ്ട്. ഞങ്ങളെ മാനേജ്മെന്റ് വഞ്ചിക്കുകയായിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു.

"മൂന്ന് മാസം മുൻപ് മുഴുവൻ പേരെയും പങ്കെടുപ്പിച്ച് നടത്തിയ ജീവനക്കാരുടെ യോഗത്തിൽ വച്ച് സ്ഥാപനം വിൽക്കുമ്പോൾ തൊഴിലാളികളെയുൾപ്പടെയാണ് കൈമാറുകയെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഉറപ്പു തന്നിരുന്നതാണ്. ഇതിനായി കരാറുണ്ടാക്കുമെന്നും പറഞ്ഞിരുന്നു. മാനേജിംഗ് ഡയറക്ടറും സ്ഥാപനത്തിന്റെ പേരും മാത്രമേ മാറുകയുള്ളൂവെന്നും തൊഴിലാളികൾ നിങ്ങൾ തന്നെയായിരിക്കുമെന്നും എം.ഡി. അന്ന് ഉറപ്പിച്ചു പറഞ്ഞതാണ്. ഈ ഉറപ്പാണ് എതാനും ദിവസം മുൻപ് ഉച്ചയ്ക്ക് പെട്ടന്ന് യോഗം വിളിച്ച് മാനേജ്മെന്റ് അട്ടിമറിച്ചത്. എല്ലാവരും ഇന്നു മുതൽ അവധിയിൽ പൊയ്ക്കൊള്ളാനായിരുന്നു അന്നത്തെ നിർദ്ദേശം, പുതിയ മാനേജ്മെന്റ് വരുമ്പോൾ അവർക്ക് ആവശ്യമുള്ളവരെ ഇന്റർവ്യൂ നടത്തി എടുക്കും എന്നും ആ യോഗത്തിൽ വച്ച് ജനറൽ മാനേജർ ഞങ്ങളെ അറിയിച്ചു.. മൂന്ന് മാസം മുൻപ് എം.ഡി നൽകിയ ഉറപ്പിനു വിരുദ്ധമാണിതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ആ യോഗത്തിൽ ഞങ്ങൾ പറഞ്ഞു. ഞങ്ങളുടെ പരാതി മാനേജിംഗ് ഡയറക്ടറെ അറിയിച്ച ശേഷം ഉചിതമായ നടപടി കൈക്കൊള്ളാമെന്നാണ് ജനറൽ മാനേജരും ഹ്യൂമൺ റിസോഴ്സ് മാനേജരും അന്ന് അറിയിച്ചത്. എന്നാൽ മേൽ നടപടികളൊന്നും ഉണ്ടായില്ല. പിന്നീട് ഞങ്ങൾ കാണുന്നത് ഇന്നലെ ജോലിക്കു വന്നപ്പോൾ ഗെയ്റ്റ് ചങ്ങലയിട്ട് പൂട്ടിയതാണ്. മൂന്നും നാലും വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഇത്തരത്തിൽ ഇറക്കി വിടുന്നതിനെ അംഗീകരിക്കാനാകില്ല. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിതം പുലർത്തുന്നവരാണ് ഇവിടുത്തെ തൊഴിലാളികളെല്ലാം. മൂന്ന് മാസം മുൻപ് മാനേജിംഗ് ഡയറക്ടർ തന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു തൊഴിലും അന്വേഷിക്കാതെ ഞങ്ങൾ ഇവിടെ തുടർന്നത്."
പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞു.

സ്ഥാപനം വിൽക്കാനുള്ള നടപടികൾ നേരത്തേ തന്നെ മാനേജ്മെന്റ് തുടങ്ങിയിരുന്നു എന്ന് ജീവനക്കാർ സംശയിക്കുന്നു. കണ്ണൂരിലെ ഷോറൂമിൽ നിന്നും വാഹനങ്ങളെല്ലാം മാസങ്ങൾക്കു മുൻപേ മാറ്റിത്തുടങ്ങിയിരുന്നുവത്രേ.

ഓട്ടോമൊബൈൽ രംഗത്തെ തൊഴിൽ ചൂഷണങ്ങളവസാനിപ്പിക്കാൻ 2014 ലാണ് ഈ മേഖലയിൽ തൊഴിലാളി യൂണിയൻ പ്രവർത്തനം വ്യാപകമാകുന്നത്. രണ്ട് ദശകമായി ഇന്‍ഡസ് സ്ഥാപനങ്ങളിൽ മാത്രമായി ഒതുങ്ങി നിന്ന യൂണിയൻ പ്രവർത്തനം ഇന്ന് സംസ്ഥാനത്തെ അൻപത് ശതമാനം സ്ഥാപനങ്ങളിലും ഉണ്ട്. സി ഐ ടി യുവിന് മാത്രമേ ഈ രംഗത്ത് ഇപ്പോൾ യൂണിയനുള്ളൂ. യൂണിയൻ പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ മാനേജ്മെൻറുകൾ പോലും യൂണിയനെ അകറ്റി നിർത്താനായി തൊഴിൽ നിയമങ്ങൾ പാലിച്ചു തുടങ്ങിയെന്ന് നേതാക്കൾ അവകാശപ്പെടുന്നു. കണ്ണൂർ ജില്ലയിലെ 95 ശതമാനം സ്ഥാപനങ്ങളിലും ഇപ്പോൾ യൂണിയൻ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും തൊഴിലാളി യൂണിയൻ പ്രവർത്തനം സജീവമാകുന്നത്.

കാരണം കാണിക്കാതെ പിരിച്ചുവിടുക, ആനുകൂല്യങ്ങൾ നിഷേധിക്കുക, തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് സ്ഥാപനത്തിന്റെ വിൽപന നടത്തുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഈ മേഖലയിലുണ്ടായിരുന്നു. ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ യൂണിയൻ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു. ഇന്ന് ഈ മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് ഇ.എസ്.ഐ. യും പി.എഫും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട്.

തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം സജീവമായതോടെ മൂന്നു വർഷം മുൻപ് ഉടമകളും അസോസിയേഷനുണ്ടാക്കി. തൊഴിൽ ചൂഷണത്തിനുള്ള പുത്തൻ മാർഗങ്ങളന്വേഷിക്കുകയാണ് സ്ഥാപന ഉടമകളെന്ന് തൊഴിലാളി നേതാക്കൾ ആരോപിക്കുന്നു. യൂണിയനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം ചില മാനേജുമെൻറുകൾ സ്ഥാപനത്തിനകത്ത് യോഗം ചേരുന്നത് വിലക്കിക്കൊണ്ട് കത്തു നൽകിയതായി ഭാരവാഹികൾ പറയുന്നു.

ഉടമ അടച്ചു പൂട്ടിയ സ്ഥാപനം തൊഴിലാളികൾ ഏറ്റെടുത്തു നടത്തുന്ന വ്യത്യസ്തമായ തൊഴിലാളി സമരം കണ്ണൂർ പുഴാതിയിലെ വൈബ്രന്റ് ഓട്ടോമോട്ടീവ്സിൽ രണ്ടാം ദിവസവും തുടരുകയാണ്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് കണ്ണൂരിലെ ഈ സംഭവത്തിലും പ്രതിഫലിക്കുന്നത്. സാമ്പത്തിക മേഖലയിലെ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് ഓട്ടോമൊബൈൽ മേഖലയിലായിലാണ്.

ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ വ്യവസായമാണ് രാജ്യത്തെ മാനുഫാക്ചറിംങ് മേഖലയുടെ ആകെ ഉത്പാദനത്തിന്റെ 49 ശതമാനവും ഉള്‍ക്കൊള്ളുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്നര ലക്ഷം തൊഴിലുകളാണ് സാമ്പത്തിക വളര്‍ച്ചാ മാന്ദ്യത്തെ തുടര്‍ന്ന് ഉണ്ടായത്. നിരവധി കമ്പനികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ കുറച്ചു. പലയിടങ്ങളിലും ഉത്പാദനം കുറച്ചു. ഷോറുമുകള്‍ അടച്ചുപൂട്ടി. ഇങ്ങനെ ഓട്ടോമൊബൈല്‍ മേഖലയെയാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് വീണ്ടും കുറയുകയാണ ചെയ്തത്. 4.5 ശതമാനമാണ് പുതിയ കണക്ക് പ്രകാരം സാമ്പത്തിക വളർച്ച. . ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണത്.നിശാന്ത് പരിയാരം

നിശാന്ത് പരിയാരം

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories