TopTop
Begin typing your search above and press return to search.

മുട്ടില്‍ മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി കണ്ടു; ചിത്രം പുറത്തുവിട്ട് പി.ടി. തോമസ്

മുട്ടില്‍ മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി കണ്ടു; ചിത്രം പുറത്തുവിട്ട് പി.ടി. തോമസ്

മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് ഹസ്തദാനം ചെയ്യുന്ന ചിത്രം കാണിച്ച പി.ടി. തോമസ് താനാണോ മാപ്പ് പറയേണ്ടതെന്നും ചോദിച്ചു. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കൊച്ചിയില്‍ മാംഗോ മൊബൈല്‍ വെബ്‌സൈറ്റ് ഉദ്ഘാടനചടങ്ങില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് പ്രതികള്‍ക്ക് ഹസ്തദാനം നടത്തിയതെന്ന് പി.ടി. തോമസ് ആരോപിച്ചു.

പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ' ഞാനാണോ മാപ്പ് പറയേണ്ടതെന്ന് പടം നോക്കിയിട്ട് തീരുമാനിക്കൂ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തു നില്‍ക്കുന്ന പടമാണ്. ഇത് കോഴിക്കോട് എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് കൈകൊടുത്ത് നില്‍ക്കുന്നയാളാണ് ഈ കുപ്രസിദ്ധ കേസിലെ ഒന്നാമത്തെയാള്‍. ഇത് യഥാര്‍ത്ഥ പടത്തില്‍ നിന്ന് എടുത്തതാണ്. ഇത് സഭയില്‍ ഞാന്‍ കാണിച്ചു. 2017 ജനുവരി 22ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, 2017 ഫെബ്രുവരി 16,18,20, 24 തീയതികളില്‍ ദേശാഭിമാനി മാംഗോയുടെ പരസ്യം കൊടുത്തതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി, ചിരപരിചിതനായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോയെന്ന് കേരളം തീരുമാനിക്കട്ടെ. എം.ടിയെ ആദരിക്കുന്ന ചടങ്ങ് 24നായിരുന്നു. അവിടെവെച്ചാണ് കൈ കൊടുത്തതെന്നാണ് വിചാരിക്കുന്നത്. ഇല്ലെങ്കില്‍ ഈ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചോട്ടെ.'- പി.ടി. തോമസ് പറഞ്ഞു.

2017 ജനുവരി 22നാണ് പിണറായി വിജയന്‍ എറണാകുളം ഗസ്റ്റ് ഹൗസിലെ ഹാളില്‍ മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്. ചടങ്ങിനായി എറണാകുളത്ത് തലേന്ന് എത്തിയ മുഖ്യമന്ത്രി മുകേഷ് എം.എല്‍.എയ്‌ക്കൊപ്പം ഉടമകളെ കണ്ടു. എന്നാല്‍, നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകര്‍ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈല്‍ ഉടമയുമായി കോഴിക്കോട്ട് ഹസ്തദാനം ചെയ്തത് പി.ടി. തോമസ് പറഞ്ഞു.

ഈപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് തേവര പൊലീസ് സ്റ്റേഷനില്‍ നേരത്തെ കൊണ്ടുപോയിട്ടുണ്ട്. കര്‍ണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ വയനാട്ടില്‍ വന്നപ്പോള്‍, പൊലീസിനെ ഓടിച്ചിട്ട് അടിച്ചതിന്റെ കേസുണ്ട്. ലുക്കൗട്ട് നോട്ടീസുണ്ട്. ദുബായില്‍ ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. മാറി നില്‍ക്ക് എന്ന് രീതിയില്‍ നിങ്ങളോട് പറഞ്ഞ രീതിയില്‍ ഇയാളുടെ കൈ തട്ടിക്കളഞ്ഞിരുന്നെങ്കില്‍ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് ശരിയായിരുന്നു. ഞാന്‍ സഭയില്‍ മാപ്പും പറഞ്ഞേനെ.' - പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.

മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും, 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി.ടി. തോമസിന്‍റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് പി.ടി. തോമസ് രംഗത്തെത്തിയത്.


Next Story

Related Stories