TopTop
Begin typing your search above and press return to search.

കള്ളക്കടത്തിന് കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്ന് പി.ടി തോമസ്; തന്നെ തോമസിന് മനസിലായിട്ടില്ലെന്ന് പിണറായി

കള്ളക്കടത്തിന് കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്ന് പി.ടി തോമസ്; തന്നെ തോമസിന് മനസിലായിട്ടില്ലെന്ന് പിണറായി

സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം. പി.ടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പിടി തോമസ് ആരോപിച്ചു. കള്ളക്കടത്തിനും സ്വര്‍ണ്ണക്കടത്തിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്നും തോമസ് ചോദിച്ചു. അതേസമയം, സഭ പൂരപ്പാട്ടിനുള്ള സ്ഥലം അല്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി തുടങ്ങിയത്. ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ അടിവേരുകള്‍ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര ഏജന്‍സി വേണമെന്ന നിലപാട് എടുത്തത് സംസ്ഥാന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുകയാണെന്നും പി.ടി തോമസ് പരിഹസിച്ചു. പ്രളയം കേരളീയര്‍ക്ക് നരകം ആയിരുന്നെങ്കില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ചാകരക്കാലമായിരുന്നു. പുത്രവാത്സല്യത്താല്‍ അന്ധനായി തീര്‍ന്ന ധൃതരാഷ്ട്രരെ പോലെ പുത്രീ വാത്സല്യത്താല്‍ കേരളത്തെ നശിപ്പിക്കരുത്. കേന്ദ്ര ഏജന്‍സികളുടെ പട വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടി. എം ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ശിവശങ്കറുമായുള്ള പിണറായിയുടെ ബന്ധം തുടങ്ങുന്നത് ലാവ്‌ലിന്‍ സംഭവുമായി ബന്ധപ്പെട്ടാണ്. സ്വപ്നയുമായി ശിവശങ്കര്‍ വിദേശ യാത്രകള്‍ക്ക് പോയപ്പോള്‍ ചോദ്യം ചെയ്യാനുള്ള ഉളുപ്പ് മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നോ? സ്വപ്നയെ പൊലീസ് അസോസിയേഷന്‍ നേതാവിനെ വിട്ട് ജയിലില്‍ വിരട്ടി. സര്‍ക്കാര്‍ പദ്ധതികളക്കുറിച്ച് വിദേശരാജ്യങ്ങള്‍ക്കുവരെ വിവരം ലഭ്യമാക്കി. ഒരു ടിഷ്യൂ പേപ്പര്‍ കാണിച്ചാലും ഒപ്പിട്ട് നല്‍കുന്ന മരമണ്ടനാണോ മുഖ്യമന്ത്രി? ആരാണ് സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്? മുഖ്യമന്ത്രിയെയോ കുടുംബാംഗങ്ങളെയോ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മുഖ്യമന്ത്രിയും മറുപടി പറഞ്ഞു. പ്രമേയ അവതാരകനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ആകില്ല. മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന മോഹം ഇതുവരെ പൂവണിഞ്ഞിട്ടില്ല. ശിവശങ്കറിന് ഐഎഎസ് കിട്ടിയത് എകെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണെന്ന് ഓര്‍മ്മിപ്പിച്ചു. യുഡിഎഫിന്റെ ഭരണകാലത്ത് ശിവശങ്കര്‍ ഡിപിഐ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കെഎസ്ഈബി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വിവിധ ചുമതലകള്‍ വഹിക്കാന്‍ പ്രാപ്തനായിരുന്നു അദ്ദേഹം. എന്നാല്‍, നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. അതിന്റെ ഉറവിടം കണ്ടെത്തണം എന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സംഭവത്തില്‍ രാഷ്ട്രീയമായി ഇടപെട്ട് തുടങ്ങിയപ്പോഴാണ് സര്‍ക്കാര്‍ കേന്ദ്രത്തെ നിലപാട് അറിയിച്ചത്. ശിവശങ്കരന്റെ വിദേശയാത്രയില്‍ തനിക്ക് എന്തിനാണ് ഉളുപ്പുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സിഎം രവീന്ദ്രനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തത്. ആവര്‍ത്തിക്കപ്പെടുന്ന വ്യാജ ആരോപണം ജനം വിശ്വസിക്കില്ല. പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരുടെ മുന്നിലും തല ഉയര്‍ത്തി നില്‍ക്കാനുള്ള മനക്കരുത്ത് നെഞ്ചിലുണ്ടെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അവകാശപ്പെട്ടു. ടിഷ്യൂ പേപ്പര്‍ കാണിച്ചാല്‍ പോലും ഒപ്പിടുന്ന ആളാണ് താനെന്ന് ശിവശങ്കരന്‍ പറഞ്ഞിട്ടില്ലെന്നും പിണറായി വിജയനെ ഇങ്ങനെയാക്കിയത് പിആര്‍ ഏജന്‍സികള്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story

Related Stories