TopTop
Begin typing your search above and press return to search.

വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത വായ്പ, 20 ലക്ഷം പേര്‍ക്ക് തൊഴില്‍; നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത വായ്പ, 20 ലക്ഷം പേര്‍ക്ക് തൊഴില്‍; നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19വരെ നീളുന്ന നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ്മപരിപാടിയിൽ പ്രാധാന്യം നൽകുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യൽ, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കൽ എന്നിവയ്ക്ക് അതീവ ശ്രദ്ധ നൽകും. കാർഷികമേഖലയിൽ ഉൽപാദന വർദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാർത്ഥങ്ങളുടെ നിർമ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ചതാണ്. ഒരു സംഘം പരമാവധി 5 ലക്ഷം രൂപ വായ്പയായി നല്‍കുന്ന പദ്ധതിയാണിത്. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും..

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000ല്‍ 5 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്. കെഎസ്‌ഐഡിസി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കും. ഒരു വ്യക്തിക്കു 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും.

ഗെയില്‍ പൈപ്പ് ലൈന്‍ (കൊച്ചി-പാലക്കാട്) നൂറു ദിവസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുങ്ങും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. സ്‌പെഷല്‍ ഓഫിസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും വീടുകളില്‍ എത്തിക്കുന്ന ഇഓട്ടോറിക്ഷാ ഫീഡര്‍ സര്‍വീസ് തുടങ്ങും. പട്ടിക ജാതി വികസന വകുപ്പ് പൂര്‍ത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിര്‍മാണം, വൈദ്യുതീകരണം, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കും.

1,519 കോടിയുടെ പദ്ധതികള്‍ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കും. നൂറുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. നവീകരിച്ച 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. കശുവണ്ടി മേഖലയില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പാക്കും. കൃഷി വകുപ്പ് 25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂനികുതി അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കും.

ലൈഫ് മിഷന്‍ പദ്ധതിയില്‍ നൂറു ദിവസത്തിനകം പതിനായിരം വീടുകള്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. 250 പഞ്ചായത്തുകളില്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ മത്സ്യകൃഷി നടപ്പാക്കും. 2254 അംഗന്‍വാടികള്‍ വൈദ്യുതികരിക്കും. സംഭരണ, സംസ്‌കരണ, വിപണന സാധ്യത ഉറപ്പാക്കി കുട്ടനാട്ടില്‍ രണ്ടു പുതിയ റൈസ് മില്ലുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


Next Story

Related Stories