TopTop
Begin typing your search above and press return to search.

'വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്; 'വേസ്‌റ്റേജ് ഫാക്ടര്‍ ഡോസ്' പോലും സംസ്ഥാനം പാഴാക്കിയില്ല'

വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്; വേസ്‌റ്റേജ് ഫാക്ടര്‍ ഡോസ് പോലും സംസ്ഥാനം പാഴാക്കിയില്ല

സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വാക്‌സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. അത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. സംസ്ഥാനത്ത് ലഭിച്ച വാക്‌സിന്‍ ഒരു തുള്ളിപോലും പാഴാക്കിയിട്ടില്ല. 'വേസ്‌റ്റേജ് ഫാക്ടര്‍ ഡോസ്' പോലും ഉപയോഗിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 73,38,806 ഡോസ് വാക്‌സിനാണ് ലഭിച്ചത്. അത് ഫലപ്രദമായി ഉപയോഗിച്ചു. കൂടാതെ ഓരോ വാക്‌സിന്‍ വയലിനകത്തും 'വേസ്റ്റേജ് ഫാക്ടര്‍' എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. അതും നമ്മള്‍ പാഴാക്കിയില്ല. ശ്രദ്ധയോടെ ഉപയോഗിച്ചതുകൊണ്ട് 74,24,164 ഡോസ് വാക്‌സിന്‍ നല്‍കാനായി. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതീവ ശ്രദ്ധയോടെ വാക്‌സീന്‍ വിതരണം ചെയ്യാനായത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് നേഴ്‌സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് നേടിയത്.

വാക്സിനുകള്‍ ലഭിക്കുന്നില്ല എന്നതാണ് നിലവില്‍ നേരിടുന്ന പ്രശ്നം. ഒന്നുകില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്തെ വാക്സിന്‍ വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണം. സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു. എല്ലാ വാക്‌സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. അത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. അവരുടെ നയമനുസരിച്ച് 18 ന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണം. സര്‍ക്കാര്‍ വിചാരിച്ചാല്‍ വാക്‌സിന്‍ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18ന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്‌സിന്‍ നല്‍കണം.

മനുഷ്യന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയല്ലല്ലോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. അത് ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നിലവില്‍ പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനാണുള്ളത്. മെയ് മൂന്നിന് 272.8 മെട്രിക് ടണ്‍ ഓക്‌സിജന്‍ സ്റ്റോക്കുണ്ട്. 105.38 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഒരു ദിവസം ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories