TopTop
Begin typing your search above and press return to search.

'യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നു, അല്ലായിരുന്നെങ്കില്‍ യുഡിഎഫ് പതനത്തിന്റെ ആഘാതം കൂടിയേനെ; പക്ഷേ ജനമനസ് അതിനൊപ്പമായിരുന്നില്ല'

യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നു, അല്ലായിരുന്നെങ്കില്‍ യുഡിഎഫ് പതനത്തിന്റെ ആഘാതം കൂടിയേനെ; പക്ഷേ ജനമനസ് അതിനൊപ്പമായിരുന്നില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഈ കച്ചവടക്കണക്കിന്റെ ബലത്തിലാണ്. എന്നാല്‍ കേരളത്തിലെ ജനമനസ് അതിനൊപ്പമായിരുന്നില്ല. അതാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തോതില്‍ വിജയം സമ്മാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നതിന് തെളിവാണ് ബിജെപിയുടെ നില. കേരളത്തില്‍ തങ്ങള്‍ക്ക് അടിവെച്ച് അടിവെച്ച് കയറ്റമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതിന് വേണ്ട സംഘടനാ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നുണ്ട്. ദേശീയ നേതാക്കളും പണവും ഉപയോഗിച്ച് പ്രചാരണം നടത്തി. എന്നാല്‍, 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ട് കുറഞ്ഞു. പുതിയ വോട്ടര്‍മാരിലെ വര്‍ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ല? പത്തിടത്ത് യുഡിഎഫ് വിജയിച്ചത് ബിജെപി വോട്ടിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി പിണറായി ആരോപിച്ചു. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബിജെപിയുടെ 14,160 വോട്ട് കുറഞ്ഞു. യുഡിഎഫിന് 4454 ഭൂരിപക്ഷം കിട്ടി. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് ഭൂരിപക്ഷം 992, ബിജെപി വോട്ടിലെ കുറവ് 6087. പാലായില്‍ ജോസ് കെ മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലാണ്. ജനങ്ങള്‍ ബിജെപിയെ കൈയൊഴിയുന്നു എന്ന സൂചനയും ഫലം കാണിക്കുന്നുണ്ട്.

യുഡിഎഫിന്റെ നേതൃത്വത്തില്‍ ധാരണകള്‍ ഉണ്ടാക്കിയെന്ന് വ്യക്തം. സാമ്പത്തിക താല്‍പര്യം ഉള്ള ആളുകള്‍ കച്ചവടം ഉറപ്പിച്ചു. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കള്‍ ഞങ്ങള്‍ ജയിച്ചെന്നും കണക്കുകൂട്ടി. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നില്‍ ഈ കച്ചടവമായിരുന്നു. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായി യുഡിഎഫിന് ജയിക്കാനായി. അതല്ലായിരുന്നുവെങ്കില്‍ യുഡിഎഫിന്റെ പതനം ഇതിനേക്കാളും വലുതാകുമായിരുന്നു. എന്നാല്‍ കേരള രാഷ്ട്രീയത്തിലെ ജനമനസ്സ് അതിനൊപ്പമായിരുന്നില്ല. അതാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തോതില്‍ വിജയം സമ്മാനിച്ചത്.

തെരഞ്ഞെടുപ്പ് രംഗം കണ്ടിരുന്ന ഒരാള്‍ക്കും നാടിന്റെ അനുഭവം അറിയുന്നവര്‍ക്കും യുഡിഎഫ് വിജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യങ്ങളെ അട്ടിമറിക്കാന്‍ കച്ചവട കണക്കിലൂടെ സാധിക്കുമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. നേരത്തെ തന്നെയുള്ള കച്ചവടം ഇപ്പോള്‍ വിപുലപ്പെട്ടു. എല്ലാം പുറത്തുവന്നിട്ടില്ലെങ്കും കുറേ കാര്യങ്ങള്‍ ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു. വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം. ബിജെപി നേതൃത്വം പാര്‍ട്ടിയെ പാര്‍ട്ടിയാക്കി നിര്‍ത്താന്‍ ശ്രമിക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories