TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രി സ്വയംനിരീക്ഷണത്തിൽ, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വാർത്താസമ്മേളനമില്ല, നാളെ തിരുവനന്തപുരത്ത് കടകംപള്ളി ദേശീയപതാക ഉയർത്തും

മുഖ്യമന്ത്രി സ്വയംനിരീക്ഷണത്തിൽ, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വാർത്താസമ്മേളനമില്ല, നാളെ തിരുവനന്തപുരത്ത് കടകംപള്ളി ദേശീയപതാക ഉയർത്തും

മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം ക്വാറന്റൈൻ ചെയ്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഉണ്ടാകില്ല. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്വയംനീരിക്ഷണത്തിൽ പോയത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനദുരന്തം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരുൾപ്പെടെ ഇരുപതിലധികം പേർ രോഗബാധിതരായതിന് പിന്നാലെയാണ് കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ചെന്ന കാരണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാർക്കുമൊപ്പമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അപകടസ്ഥലവും കോഴിക്കോട് മെഡിക്കൽ കോളജും സന്ദർശിച്ചത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും അഞ്ച് മന്ത്രിമാരും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സംഘത്തിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാനി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. എസ്പി ഉൾപ്പെടെയുള്ളവരുമായി സമ്പർക്കത്തിലേപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിന്റെ നിലയിലാണ് ഡിജിപി നിരീക്ഷണത്തിൽ പോയത്. മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോവുന്ന സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ജില്ലാ പൊലീസ് മേധാവി യു കരീമിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പിന്നാലെയാണ് കളക്ടർ കെ ഗോപാലകൃഷ്ണന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നത്. കരിപ്പൂർ വിമാനാപകടത്തിലെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ കളക്ടർ ഇതിന് പിന്നാലെ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം നിരീക്ഷണത്തിൽ പോയിരുന്നു. നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ തന്നെയായിരുന്നു അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ എസ്.പി ഉൾപ്പെടെയുള്ളവരുമായി സമ്പർക്കത്തിൽ വന്ന പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രവും‍ കൊവിഡ് നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.


Next Story

Related Stories