Top

പ്രതിഷേധം, 81 കുടുംബങ്ങളെ പെരുവൻമലയിൽനിന്ന് തൽക്കാലം ഒഴിപ്പിക്കില്ലെന്ന് ദേവസ്വം ബോർഡ്

പ്രതിഷേധം, 81 കുടുംബങ്ങളെ പെരുവൻമലയിൽനിന്ന് തൽക്കാലം ഒഴിപ്പിക്കില്ലെന്ന് ദേവസ്വം ബോർഡ്

പെരുവന്‍മലയിലെ കുടിയൊഴിപ്പിക്കല്‍ തല്‍ക്കാലമില്ല. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കുടിയൊഴിപ്പിക്കല്‍ തല്‍ക്കാലം ഉണ്ടാവില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പ് നല്‍കിയതായി മുരളി പെരുനെല്ലി എംഎല്‍എ അറിയിച്ചു. ഇതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ച 81 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. ആക്ഷന്‍ കമ്മറ്റി വിപുലപ്പെടുത്തി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെപ്പിക്കാനുള്ള നീക്കത്തിലാണ് പെരുവന്‍മല നിവാസികളും ജനപ്രതിനിധികളും. ഇതിനായി ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിച്ച് ചേര്‍ത്ത് ആക്ഷന്‍ കമ്മറ്റി വിപുലീകരിച്ചു. ഒഴിപ്പിക്കൽ നടപടി നേരിടുന്ന കുടുംബങ്ങളുടെ ദുരിതത്തെ കുറിച്ച് അഴിമുഖം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കൊച്ചിന്‍ വേസ്വം ബോര്‍ഡിന്റെ അധീനതയിലുളള ഭൂമിയാണെന്ന് കാണിച്ചാണ് കുന്നംകുളം മഴുവഞ്ചേരി പെരുവന്‍മലയില്‍ 81 കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. കുന്നംകുളം താലൂക്കിലെ എരനെല്ലൂര്‍, ചിറനെല്ലൂര്‍ വില്ലേജുകളുടെ പരിധിയിലുള്ള കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞുപോവണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് വിതരണം ചെയ്തത്. പതിനഞ്ച് ദിവസത്തിനകം സ്ഥലം ഒഴിഞ്ഞു പോവണമെന്നും അല്ലാത്ത പക്ഷം പോലീസിനെ ഉപയോഗിച്ച് കുടിയിറക്കുമെന്നും സ്ഥാവരജംഗമ വസ്തുക്കള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് കണ്ടുകെട്ടുമെന്നുമാണ് നോട്ടീസിലെ അന്ത്യശാസനം. വര്‍ഷങ്ങളായി പ്രദേശത്ത് വീട് വച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. പെരുവന്‍മല മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയെന്ന് കാണിച്ചാണ് ദേവസ്വം ബോര്‍ഡ് അന്തിമ നടപടികളിലേക്ക് കടന്നത്. ഇതോടെ ഏത് സമയവും ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന ഭീതിയിലായിരുന്നു കുടുംബങ്ങള്‍. ഇവരില്‍ ബഹുഭൂരിപക്ഷവും നിര്‍ധന കുടുംബങ്ങളാണ്. കുടിയൊഴിപ്പിക്കാന്‍ നോട്ടീസ് വിതരണം ആരംഭിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. സിപിഎം കുന്നംകുളം ഏരിയാ കമ്മറ്റി കുടിയൊഴിപ്പില്‍ അനുവദിക്കില്ല എന്ന നിലപാടെടുത്ത് രംഗത്തെത്തുകയും ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. ജില്ലാ വികസന സമിതി യോഗത്തില്‍ മുരളി പെരുനെല്ലി എംഎല്‍എ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ലെന്നും അതിനുള്ള നടപടികള്‍ നിര്‍ത്തി വക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റവന്യൂ അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

പിന്നീട് സര്‍വകക്ഷികളെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മറ്റി വിപുലപ്പെടുത്തുകയും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്താനും തീരുമാനിച്ചു. സിപിഎം ജില്ലാ കമ്മറ്റിയംഗം പി ബി അനൂപ് കണ്‍വീനറായും ഡിസിസി അംഗം ശ്രീകുമാര്‍ ചെയര്‍മാനുമായുള്ള കമ്മറ്റിയില്‍ എം പി ടി.എന്‍.പ്രതാപന്‍, എംഎല്‍എ മുരളി പെരുനെല്ലി, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനനെ നേരില്‍ ചെന്ന് കാണുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു എന്ന് എംഎല്‍എ മുരളി പെരുനെല്ലി പറയുന്നു,
' തല്‍ക്കാലം നോട്ടീസില്‍ പറഞ്ഞത് പോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിയമ പ്രകാരം ചെയ്യേണ്ട കാര്യം ചെയ്തു എന്നതിനപ്പുറം ഇപ്പോള്‍ നടപടികള്‍ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെയും മന്ത്രിയെയും കണ്ട് കാര്യത്തിന്റെ ഗൗരവം അവതരിപ്പിക്കും. നിയമപരമായി മുന്നോട്ട് പോണോ വേണ്ടയോ എന്ന കാര്യം ആക്ഷന്‍ കമ്മറ്റി ആലോചിച്ച് തീരുമാനിക്കും.'

ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തിലുള്ള പെരുവന്‍മല ശിവ ക്ഷേത്ര ഭൂമി സംരക്ഷണ സമിതിയാണ് കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി നീങ്ങിയത്. പരാതിയെ തുടര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാറെ നിയമിച്ച് സര്‍വേ നടത്തി. സര്‍വേയില്‍ ദേവസ്വം ബോര്‍ഡിന്റെ ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു. എഴുപതും എണ്‍പതും വര്‍ഷം മുമ്പെ പെരുവന്‍മലയില്‍ താമസിച്ച് വരുന്നവരാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നവരിലേറെയും. നാല് തലമുറകളായി ഇവിടെ താമസിക്കുന്നവരുമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും വസ്തുവിന്റെ ആധാരവും, കരമടച്ച രേഖകളും റേഷന്‍ കാര്‍ഡും കൈവശമുണ്ട്. രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ അധികൃതര്‍ ഇവര്‍ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പട്ടയമില്ലാത്തവരുടെ മറ്റ് രേഖകള്‍ സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ ആരോപണമുന്നയിക്കുന്നു. രണ്ടര സെന്റ് മുതല്‍ 20 സെന്റ് വരെ കൈവശം വക്കുന്നവരാണ് 81 കുടുംബങ്ങളും. ഇതില്‍ 36 കുടുംബങ്ങള്‍ പട്ടികജാതിക്കാരും ബാക്കിയുള്ളവര്‍ മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവരുമാണ്. റവന്യു അധികൃതര്‍ നോട്ടീസ് വിതരണം ചെയ്യാനെത്തിയെങ്കിലും ആരും തന്നെ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. എന്നാല്‍ ദിവസങ്ങളെണ്ണി ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
വര്‍ഗീയ വിദ്വേഷമാണ് ഹിന്ദുഐക്യ വേദിയുടെ ആവശ്യത്തിന് പിന്നിലെന്ന് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ പി ബി അനൂപ് പറയുന്നു. പശുവിനെ കൊന്നു കൊണ്ടിട്ടതടക്കം മുമ്പും പലതവണ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായി പ്രദേശവാസികളും ആക്ഷന്‍ കമ്മറ്റിയും ആരോപിച്ചിരുന്നു. പി ബി അനൂപ് പറയുന്നു, ' ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്ഷന്‍ കമ്മറ്റിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കുടിയൊഴിയാന്‍ നോട്ടീസ് ലഭിച്ച ഇരുപതോളം കുടുംബങ്ങള്‍ ബിജെപി അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്നു. അവരും ഞങ്ങളോടൊപ്പം സമരത്തിന് ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ഹിന്ദു ഐക്യവേദിക്കും മറ്റ് പരിവാര്‍ സംഘടനകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. കുടിയൊഴിപ്പിക്കല്‍ തടയാന്‍ നിയമപരമായി മുന്നോട്ട് പോവുന്ന കാര്യം കമ്മറ്റി ആലോചിച്ച് വരികയാണ്. മുണ്ടൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളാണ് 81 കുടുംബങ്ങളുടേയും കൈവശമുള്ളത്. അത് സംബന്ധിച്ച എല്ലാ രേഖകളും വിശദമായി പരിശോധിച്ചതിന് ശേഷമേ നിയമ സഹായം തേടൂ. പക്ഷെ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാക്കി, നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ്.'

അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ച് പിടിക്കാന്‍ ദേവസ്വം ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇതിനായി 14 ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയോഗിച്ചു. ദേവസ്വം ഭൂമി സര്‍വേ പലയിടങ്ങളിലും നടന്നിരുന്നുവെങ്കിലും കുടിയൊഴിപ്പിക്കലുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പെരുവന്‍ മലയില്‍ ഭൂമി തിരികെ പിടിക്കണമെന്ന ആവശ്യത്തില്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകള്‍ ഉറച്ച് നിന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പെരുവന്‍മലയില്‍ വടക്കുന്നാഥ ദേവസ്വത്തിന്റേതായ 110 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് പരാതിക്കാരുടെ അവകാശ വാദം. രണ്ട് വര്‍ഷം മുമ്പ് ഹിന്ദു ഐക്യവേദി ക്ഷേത്ര പരിസരത്ത് ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതേതുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

Read Also: ഹിന്ദുഐക്യവേദിയുടെ സമരത്തെ തുടര്‍ന്ന് കുന്നംകുളത്ത് 81 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു



Next Story

Related Stories