TopTop
Begin typing your search above and press return to search.

ജോസ് Vs ജോസഫ്: യുഡിഎഫ് പിടിച്ചു നില്‍ക്കുന്നത് ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിൽ; കോണ്‍ഗ്രസിനെ വ്യാകുലപ്പെടുത്തുന്നതും ഈ കണക്കുകള്‍

ജോസ് Vs ജോസഫ്: യുഡിഎഫ് പിടിച്ചു നില്‍ക്കുന്നത് ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിൽ; കോണ്‍ഗ്രസിനെ വ്യാകുലപ്പെടുത്തുന്നതും ഈ കണക്കുകള്‍

ജോസ് കെ മാണിയുടേയും കൂട്ടരുടേയും കാര്യത്തില്‍ കോണ്‍ഗ്രസും യുഡിഎഫും കൂടുതല്‍ ആലോചനാമഗ്നരാകുന്നത് എന്തുകൊണ്ടാണ്? രണ്ടില തിരികെ നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കൂടുതല്‍ ആഹ്ലാദചിത്തരാക്കിയിരിക്കവെയാണ് കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള യുഡിഎഫ് യോഗം നീണ്ടുപോകുന്നത്. ജോസിനെ പുറത്താക്കിയിട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍ കൂടുതല്‍ സൗമ്യമാകുന്നതും സമവായ പാതകളുടെ സാധ്യതകള്‍ വൈകിയും തേടുന്നതും എന്തുകൊണ്ടാവും? അതോ തങ്ങളായി പുറത്താക്കിയിട്ടില്ല, സ്വയം പുറത്തേക്കുപോകുന്നുവെന്ന ജോസ് കെ. മാണിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണോ? യുഡിഎഫ് ക്യാമ്പിലെ പ്രതികരണങ്ങള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതല്ല.

തെരഞ്ഞെടുപ്പിലെ വോട്ടുകണക്കും അന്തര്‍ധാരകളും പരിശോധിക്കുമ്പോള്‍ ജോസിനെ മറുകൂടാരത്തില്‍ അയയ്ക്കുന്നത് നഷ്ടക്കച്ചവടമാകുമോയെന്ന ഭയാശങ്കകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ പലര്‍ക്കുമുണ്ട്. സംസ്ഥാനത്ത് ശക്തമായ ഭരണ-സിപിഎം വിരുദ്ധ വികാരം ഉണ്ടെന്നും അതൊന്നുകൊണ്ടു മാത്രം വലിയ ഭൂരിപക്ഷത്തോടെ തങ്ങള്‍ക്ക് അധികാരത്തിലെത്താന്‍ സാധിക്കുമെന്നും കരുതുന്ന കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കളേറെ. പക്ഷെ, സര്‍ക്കാരിന്റെ ടേം അവസാനിക്കാന്‍ ഇനിയും മാസങ്ങളുണ്ട്. രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ ഏതു നിമിഷത്തിലും മാറി മറിയാം. സിപിഎം അവസാനത്തെ കളിയ്ക്കുള്ള ഇന്ധനം നിറച്ചുവെച്ചിട്ടുണ്ടെന്ന് ആശങ്കപ്പെടുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്. അങ്ങനെവന്നാല്‍ ഉറപ്പുള്ളതെല്ലാം ഉറപ്പിച്ചുനിര്‍ത്തിയില്ലെങ്കില്‍ വിപരീത സാഹചര്യം സജാതമാകുമെന്നും അവര്‍ക്കറിയാം. അതാണ് കാലങ്ങളായുള്ള വോട്ടു ഗതികളിലേക്കും കണക്കുകളിലേക്കും നേതൃത്വങ്ങളെ കൊണ്ടുപോകുന്നത്.

തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ക്കുള്ള പങ്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റിയ തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നും 42 എംഎല്‍എമാരെയാണ് മുന്നണിക്ക് ലഭിച്ചത്. 75 ഭൂരിപക്ഷ സമുദായാംഗങ്ങളായ സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കിയപ്പോള്‍ അതില്‍ ജയിച്ചുവന്നത് 27 പേര്‍ മാത്രമായിരുന്നു. എന്നാല്‍ ശേഷിച്ച മണ്ഡലങ്ങളില്‍ മത്സരിച്ച 65 ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളില്‍ 45 പേരെ മുന്നണിക്ക് വിജയിപ്പിക്കാനായി. ന്യൂനപക്ഷ വോട്ടുകളിലെ അടക്കമുള്ള വലിയ തിരിച്ചടിയാണ് 2016ല്‍ യുഡിഎഫിന് കനത്ത പരാജയം സമ്മാനിച്ചതും.

കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് യുഡിഎഫ് വിജയത്തിന്റെ പ്രധാന ചാലകശക്തി ന്യൂനപക്ഷ വോട്ടുകളാണെന്നതാണ്. യുഡിഎഫ് വിജയിച്ച എല്ലാ കാലത്തും സമാനമായിരുന്നു അവസ്ഥ. ശബരിമലയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഹിന്ദുവോട്ടുകളില്‍ നല്ല പങ്ക് സമാഹരിക്കാന്‍ കഴിഞ്ഞുവെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരിഗണനാക്രമങ്ങള്‍ വ്യത്യസ്തമാണെന്ന കാര്യം നേതാക്കള്‍ക്കറിയാം. ഹിന്ദു വോട്ടുകള്‍ പഴയതുപോലെ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അവര്‍ കരുതുന്നില്ല. പരമ്പരാഗത വോട്ടുബാങ്കായ നായര്‍ സമുദായത്തിലേയും ഈഴവ സമുദായത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെയും വോട്ടുകളില്‍ ബിജെപിക്ക് അനുകൂലമായ ഒഴുക്കുണ്ടെന്ന കാര്യവും കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരമാവധി ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച് പെട്ടിയിലെത്തിക്കേണ്ടതിന്റെ പ്രാധാന്യം കോണ്‍ഗ്രസും യുഡിഎഫും തിരിച്ചറിയുന്നത്. ആ വോട്ടുകള്‍ പടര്‍ന്നുപോകുമ്പോള്‍ കരിപുരളുന്നത് യുഡിഎഫ് വിജയ പ്രതീക്ഷയുടെ മേലെയാണ്.

കേരള കോണ്‍ഗ്രസ് വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ അണികള്‍ മാണിയ്‌ക്കൊപ്പമായിരുന്നു. മാണിയാനന്തര കേരള കോണ്‍ഗ്രസിന് പഴയ ശക്തിയില്ലെങ്കിലും ഈ പേരിലുള്ള പാര്‍ട്ടികളില്‍ മലയോര മേഖലകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സാന്നിധ്യമുള്ളതും അണികള്‍ അധികമുള്ളതും ജോസ് കെ. മാണിയ്ക്കുതന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. കേരളത്തിലെ വോട്ട് പങ്കിന്റെ ആറു ശതമാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കളുടെ അവകാശ വാദം. ജോസും ജോസഫും എന്ന തരത്തില്‍ അത് പകുക്കപ്പെടുമ്പോഴും അതിലെ ഏറിയ പങ്ക് ജോസ് വിഭാഗത്തിനൊപ്പമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടാകില്ല. അതായത് മൂന്നിനും നാലിനും ഇടയില്‍ ശതമാനം. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമാകുന്നത് ഇത്തരത്തിലുള്ള ചെറു ശതമാനം ചാഞ്ചാട്ട വോട്ടുകളാണ്.

കെ.എം. മാണിയുടെ മരണശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പാല കൈവിട്ടുപോകുകയും മുതിര്‍ന്ന നേതാക്കളില്‍ ഏറെപ്പേര്‍ ജോസഫ് കൂടാരത്തില്‍ എത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അണികളില്‍ നല്ല പങ്ക് ഇപ്പോഴും ജോസ് കെ. മാണിക്കൊപ്പമുണ്ട്. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയം നന്നായിട്ടറിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അക്കാര്യങ്ങള്‍ നന്നായി അറിയാം. ഒട്ടേറെ നേതാക്കള്‍ക്ക് മാണി വിഭാഗത്തോട് താല്പര്യമില്ലെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലുള്ളവര്‍ ജോസ് കെ മാണിയെ ഒപ്പം നിര്‍ത്തണമെന്ന് ചിന്തിക്കുന്നത് വോട്ടിന്റെ പരമ്പരാഗതമായ സഞ്ചാരവഴികള്‍ നന്നായി അറിയുന്നതുകൊണ്ടാവും.

കോണ്‍ഗ്രസ് നടത്തുന്ന പുനരാലോചനകള്‍ ജോസ് കെ മാണിയേയും കൂട്ടരേയും ആഹ്ലാദിപ്പിക്കുന്നുണ്ടെങ്കിലും എല്‍ഡിഎഫുമായുള്ള നീക്കുപോക്കു ചര്‍ച്ചകളൊക്കെ അനൗപചാരികമായി ഏറെ പുരോഗമിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വിശേഷിച്ചും. ആ വഴിയിലൂടെ മുന്നോട്ടുതന്നെയാണ് തങ്ങളെന്നാണ് അവര്‍ പറയുന്നത്. യുഡിഎഫ് തീരുമാനം വന്നുകഴിയുമ്പോള്‍ ബാക്കി കാര്യങ്ങളാവാം എന്നാണ് ജോസ് കെ മാണിയുടെ നിലപാട്. കേരളത്തിലെ മൂന്നു മേഖലകളിലേയും ഭാരവാഹി യോഗങ്ങളും അടുത്തിടെ പൂര്‍ത്തിയാക്കി കാര്യങ്ങള്‍ വിശദീകരിച്ചു കഴിഞ്ഞു. അതേസമയം, എല്‍ഡിഎഫിലും ജോസ് വിഭാഗത്തിനകത്തും തന്നേയും ഈ പുതിയ ബാന്ധവം പിടിക്കാത്തവരുണ്ടെന്നതും കാണാതിരിക്കേണ്ട. അവരുണ്ടാക്കുന്ന പ്രശ്‌നങ്ങളും തലപൊക്കാതിരിക്കില്ല. അധികാരത്തിന്റെ പേരില്‍ പക്ഷെ, ഏതുതരത്തിലുള്ള ഒത്തുതീര്‍പ്പുകളും സാധ്യമാകുക എന്നതാണ് രാഷ്ട്രീയമാകുന്ന കല. അത് ഏതു രൂപത്തിലും സംഭവിക്കാം.


Next Story

Related Stories