TopTop
Begin typing your search above and press return to search.

കേരള, ദേശീയ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം എകെ ആന്റണിക്ക് 80 വയസ്

കേരള, ദേശീയ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം എകെ ആന്റണിക്ക് 80 വയസ്

ആദര്‍ശ രാഷ്ട്രീയത്തിന്റെ സൗമ്യ സാന്നിധ്യം എ.കെ ആന്റണിക്ക് ഇന്ന് 80ാം പിറന്നാള്‍. കേരള രാഷ്ട്രീയത്തില്‍ മൂന്നര പതിറ്റാണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ഒന്നര പതിറ്റാണ്ടുമായി തിളങ്ങിനില്‍ക്കുന്ന ആന്റണിക്ക് ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, കൂടുതല്‍ കാലം പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തി എന്നിങ്ങനെ നേട്ടങ്ങളും സ്വന്തം. പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും ആന്റണിക്ക് പതിവില്ല. രണ്ടാഴ്ച മുമ്പ് കോവിഡ് മുക്തനായി വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍, കോണ്‍ഗ്രസിന്റെ 136ാം സ്ഥാപക ദിനത്തില്‍ അതിന്റെ ആഘോഷ തിരക്കുകളിലായിരിക്കും ആന്റണി.

ആലപ്പുഴ ചേര്‍ത്തലയില്‍ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി 1940 ഡിസംബര്‍ 28നായിരുന്നു ആന്റണിയുടെ ജനനം.ചേര്‍ത്തല ഗവ. ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ട ആന്റണി യൂത്ത് കോണ്‍ഗ്രസിനൊപ്പം വളര്‍ച്ചയുടെ പടവുകള്‍ കയറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ ജോലിചെയ്താണ് പഠനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പണം കണ്ടെത്തിയിരുന്നത്.

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവികള്‍ക്കുപിന്നാലെ 1969ല്‍ 29ാം വയസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. തൊട്ടടുത്ത വര്‍ഷം ചേര്‍ത്തലയില്‍നിന്ന് നിയമസഭയിലെത്തി. യുഡിഎഫ് കണ്‍വീനറുമായി. 1973 മുതല്‍ 1977 കെപിസിസി പ്രസിഡന്റായി. 1978-1982, 1987-1992 വര്‍ഷങ്ങളിലും കെപിസിസിയെ നയിച്ചു. 1977ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചപ്പോള്‍ ആന്റണി മുഖ്യമന്ത്രിയായി. 37 വയസായിരുന്നു ആന്റണിക്ക്. അതോടെ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന പദവി ആന്റണിക്ക് സ്വന്തമായി. 1984ല്‍ 44ാം വയസില്‍ എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായി. മൂന്നു തവണയായി അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായെങ്കിലും രണ്ടു തവണയും ഇടയ്ക്കുവെച്ച് സ്ഥാനമൊഴിഞ്ഞു. വികെ കൃഷ്ണമേനോനുശേഷം കേരളത്തില്‍ നിന്ന് പ്രതിരോധ മന്ത്രിയാകുന്ന ആദ്യ മലയാളി എന്ന ബഹുമതിയും കേരള മുഖ്യമന്ത്രിയായശേഷം പ്രതിരോധ മന്ത്രിയായ ഏക വ്യക്തിയെന്ന ഖ്യാതിയും ആന്റണിക്ക് സ്വന്തമാണ്.


Next Story

Related Stories