TopTop
Begin typing your search above and press return to search.

വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട്‌ ഏത്‌ തിരഞ്ഞെടുപ്പ്‌ ജയിക്കുമെന്നാണ് കണക്കു കൂട്ടുന്നത്‌? സര്‍ക്കാരിന്റെ കൊറോണ പോരാട്ടത്തെ പ്രശംസിച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ്

വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട്‌ ഏത്‌ തിരഞ്ഞെടുപ്പ്‌ ജയിക്കുമെന്നാണ് കണക്കു കൂട്ടുന്നത്‌? സര്‍ക്കാരിന്റെ കൊറോണ പോരാട്ടത്തെ പ്രശംസിച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ്

കേരളത്തിലെ കോവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ അലവിക്കുട്ടിയെ കന്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് ഇന്നാണ്. സർക്കാറിനെയും ഭരണ സംവിധാനങ്ങളെയും പുകഴ്ത്തിക്കൊണ്ട് അലവിക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണ് നടപടിക്ക് ആധാരം. മേയ് 12-ന് അലവിക്കുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇത് വിവാദമായതോടെ അലവിക്കുട്ടി തന്റെ നിലപാട് ഒന്ന് കൂടി ഉറപ്പിച്ച് രംഗത്തെത്തി. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടിയിലേക്ക് തിരിഞ്ഞത്.

ഇതായിരുന്നു മേയ് 12-നുള്ള അലവിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

"സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഭരണകൂടത്തിൻ്റെ കുറ്റമറ്റ ഇടപെടലും കക്ഷി രാഷ്ട്രീയഭേദമന്യേ യോജിച്ച പ്രവർത്തനവും എല്ലാവിഭാഗം മതസാമുദായിക നേതാക്കളും സന്ദർഭത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് കാണിച്ച അസാധാരവും അനുകരണീയവുമായ സഹകരണവുമാണ് നമ്മുടെ നാടിനെ ലോകത്തെതന്നെ 'സുരക്ഷിത മേഖല' എന്ന മികച്ച നിലയിലേക്കുയർത്തിയത്. അതുകൊണ്ടാണ് ലോകത്തെങ്ങുമുള്ള മലയാളിസഹോദരങ്ങൾ എങ്ങനെയും നാട് പിടിക്കണമെന്ന് ആഗ്രഹിക്കുന്നതും. അവർ നമ്മുടെ സഹോദരങ്ങളാണ്. ഇത് അവരുടെ കൂടെ ഭൂമിയാണ്. ഇവിടെ ഇങ്ങനെ ഭദ്രമായി നിലനിർത്താൻ മാത്രമല്ല, നമ്മുടെ പട്ടിണിമാറ്റി മെച്ചപ്പെട്ട ജീവതം കൊണ്ടുവരാനും അവർ വഹിച്ച പങ്ക് മറക്കാനാവില്ല. അവർക്ക് ധൈര്യമായി മടങ്ങിവരാനും സന്തോഷത്തോടെ കുടുംബത്തോടൊപ്പം കഴിയാനും ഈ സമാധാനന്തരീക്ഷവും സുരക്ഷിതത്വവും നിലനിൽക്കണം. ഈ നിയന്ത്രണങ്ങളെല്ലാം തകർന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ചില പട്ടണങ്ങൾപോലെ, മറ്റു രാജ്യങ്ങളെപ്പോലെ കേരളവും കൊറോണയുടെ ഹബ്ബാവും. കൂട്ടനിലവിളികൾ ഉയരും. ചില രാജ്യങ്ങളിലെ കൂട്ടക്കുഴിമാടങ്ങൾ തീർക്കുന്ന വാർത്തകൾ കേട്ടു അമ്പരന്നവരാണ് നമ്മൾ. അങ്ങനെ ഒരു അവസ്ഥ വന്നാൽ.... ആരാണ് ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുക? ഇപ്പോൾ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നവരും പിന്തിരിയില്ലേ? അങ്ങനെ നമ്മുടെ നാട് ഒരു ദുരന്ത ഭൂമിയാകാൻ ആരാണ് കൊതിക്കുന്നത്? അങ്ങനെ ആരെങ്കിലും - വല്ല ദുഷ്ടരും- കൊതിക്കുന്നുവെങ്കിൽ, ഉടനെ അവരെ കൊറോണക്കൂട്ടിലടക്കണം. ഇവിടെ നിലനിൽക്കുന്ന സംവിധാനം തകരരുത്, തകർക്കരുത്‌. ഇനി വോട്ടും അധികാരവുമാണ് പ്രശ്നമെങ്കിൽ....

- ഇങ്ങോട്ട് വരുന്നവർ ആരാണ്, എവിടെ നിന്ന്, ക്വാറൻ്റൈൻ പാലിക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറെടുക്കാതെ, പാസോ വിവരങ്ങളോ അറിയാതെ വിടണമെന്ന മുറവിളി കൂട്ടി നിലവിലെ സമാധാനം തകർത്താൽ ആര് ഏത് കോന്തനാ വോട്ട് ചെയ്യുക? 'ഇവൻ പറ്റിച്ച പണിയാണിത്' എന്ന് പറഞ്ഞ് ഓടാൻ പറയില്ലേ ജനം..? വരുന്നവർ നമ്മുടെ കൂടെപിറപ്പുകളാണ്, വെറും വോട്ടുയന്ത്രങ്ങളല്ല. അവരുടെ ആരോഗ്യവും പ്രധാനമാണ്. അവരെയും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. കുഞ്ഞുകുട്ടികളുണ്ട്. അവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. അതെല്ലാം തകർത്ത് അവരെയും സമൂഹത്തെയാകെയും ദുരിതക്കടലിലേക്ക് വലിച്ചെറിയാൻ ഒരിറ്റ് കരുണയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ എങ്ങനെ സമ്മതിക്കും? ഏതെങ്കിലും രാഷ്ട്രീയ പാർടിയിൽ പ്രവർത്തക്കുന്നു എന്ന ഒറ്റ കാരണത്താൽ ഇതൊന്നും പറഞ്ഞുപോകരുത്, എതിരാളികളെ സഹായിക്കുമെന്ന വാദത്തോട് യോജിപ്പില്ല. ഞാനുൾക്കൊള്ളുന്ന സമൂഹത്തെ സഹായിക്കാനാകണം, അവരെ എങ്ങനെ ദ്രോഹിക്കാമെന്നല്ല, അതിനുവേണ്ടിയല്ല രാഷ്ട്രീയം പ്രയോജനപ്പെടുത്തേണ്ടത്. തുറന്നുപറയാതെ...... ഇതറിഞ്ഞുകൊണ്ടുതന്നെ...പറയട്ടെ"

ഈ ഫേസ്ബുക്ക് വന്നതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയും ആരംഭിച്ചു. തുടര്‍ന്ന് അലവിക്കുട്ടി തന്റെ നിലപാട് വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ:

ഇത്‌ രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണ്.

-----------------------------

"ദിവസങ്ങൾക്ക് മുമ്പ്‌ ഞാനിട്ടൊരു പോസ്റ്റ്‌ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പശ്ചാതലത്തിലാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്‌. ഒരു ദുരന്തമുഖത്ത്‌ രാഷ്ട്രീയക്കാർ പുലർത്തേണ്ട മിനിമം മര്യാദകളെ കുറിച്ചും സർക്കാറിന്റെ പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ഐക്യദാർഡ്യവും അതിനെ തുരങ്കം വെയ്ക്കുന്നതിലുള്ള വിയോജിപ്പുമൊക്കെയായിരുന്നു ആ പോസ്റ്റിന്റെ കാതൽ. അങ്ങനെയൊക്കെ പോസ്റ്റിടുന്നത്‌ മഹാ അപരാധമാണെന്നും കടുത്ത അച്ചടക്കലംഘനമാണെന്നും എന്തുകൊണ്ടോ എനിക്കിപ്പോഴും ബോദ്ധ്യപ്പെടുന്നില്ല. ഞാൻ പങ്കുവെച്ചത്‌ കേവലം എന്റേതായ അഭിപ്രായമല്ല, അതീ നാട്ടിലെ മനുഷ്യരുടെയാകെ ഉള്ളിലെ ആശങ്കയും ആകുലതകളുമായിരുന്നു. രാഷ്ട്രീയമെന്നാൽ സകലമനുഷ്യരുടേയും ആകുലതകൾക്കൊപ്പം നിൽക്കലാണല്ലോ. അതൊരു തെറ്റാണെന്ന് തോന്നുന്നില്ല. അതുകൊണ്ട്‌ ആരോടും ക്ഷമ ചോദിക്കുന്നില്ല. എത്ര തന്നെ വേട്ടയാടിയാലും പറഞ്ഞതിൽ നിന്ന് ഒരിഞ്ചും പിന്നാക്കം പോകുന്നുമില്ല.

സ്പാനിഷ് ഫ്ലൂവും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും വസൂരിയും കോളറയുമടക്കം മനുഷ്യകുലം പലപ്പോഴായി നേരിട്ട മഹാദുരന്തങ്ങളുണ്ടായിരുന്നു‌. അക്കാലങ്ങളിൽ പോലും ലോകമിങ്ങനെ നിശ്ചലമായി കിടന്നിട്ടില്ല. അത്രത്തോളം പടർന്നുകയറുന്നൊരു മഹാമാരിയെ ഫലപ്രദമായി നേരിടാനാകാതെ വികസിതരാജ്യങ്ങൾ പോലും ഇന്ന് വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ഈ കൊച്ചുകേരളം വളരെ സമർത്ഥമായി‌ നേരിടുകയാണ്. പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു.

കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപൊട്ടിച്ച്‌, ഗവണ്മെന്റിനൊപ്പം കൈമെയ്‌ മറന്ന് നിൽക്കേണ്ട സമയത്തും വിവാദങ്ങളുമായ്‌ പുകമറയുണ്ടാക്കാൻ ശ്രമിക്കുന്നത്‌ എത്രമാത്രം അപഹാസ്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോർത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടത്‌. ഇത്‌ രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണെന്ന് നമ്മളിൽ ചിലർ ഇനിയുമെന്താണ് മനസ്സിലാക്കാത്തത്‌? ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട്‌ ഏത്‌ തിരഞ്ഞെടുപ്പ്‌ ജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്‌?

നാടിന്റെ പൊതുവായ പ്രശ്നം ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടലാണ്. അതിനെ തുരങ്കം വെച്ച്‌ ഈ നാടൊരു ദുരന്തഭൂമിയാക്കിയിട്ട്‌, നോക്കൂ... ഭരണം മോശമാണ് എന്ന് വിമർശിക്കാനല്ല... പകരം, ഒറ്റക്കെട്ടായ്‌ നിന്ന് കൊറോണയെ അതിജീവിച്ച്‌ നിവർന്നുനിന്നിട്ട്‌, നോക്കൂ... എന്റെ നാടൊരു സ്വർഗ്ഗമാണെന്ന് ലോകത്തോട്‌ വിളിച്ച്‌ പറയാനാണെനിക്കിഷ്ടം. അതിനെല്ലാം ശേഷം നമുക്ക്‌ വിവാദങ്ങളുണ്ടാക്കാം... വിമർശിക്കാം... രാഷ്ട്രീയമായി അങ്കം വെട്ടാം.

ഏതൊരു രാഷ്ട്രീയക്കാരനും സാഹചര്യങ്ങൾക്കൊത്ത്‌ പക്വതയോടെ പെരുമാറേണ്ടതുണ്ട്‌.‌ വിവേകത്തോടെ പെരുമാറിയില്ലെങ്കിലും കുറഞ്ഞത്‌ മനുഷ്യത്വത്തോടെയെങ്കിലും പെരുമാറണമല്ലോ. ജനം അതാഗ്രഹിക്കുന്നുണ്ട്‌. ജനങ്ങൾക്കൊപ്പം പാർട്ടിയുണ്ടെന്ന് പത്രക്കുറിപ്പ്‌ ഇറക്കിയാൽ പോരല്ലോ. ജനങ്ങൾക്ക്‌ അത്‌ തോന്നുക കൂടി വേണം.

മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ രാഷ്ട്രീയപ്രവർത്തനം നടത്തണമെന്ന നെഹ്രുവിയൻ ആശയം ഒരു രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. ഒരു പീഡയുറുമ്പിനും വരുത്തരുതെന്ന നാരായണഗുരുവിന്റെ ചിന്തയും എന്നെ ആകർഷിച്ചിട്ടുണ്ട്‌. അച്ചടലംഘനങ്ങളുടെ വാറോലകൾ കൊണ്ട്‌ എത്ര ഭയപ്പെടുത്തിയാലും ആ മൂല്യങ്ങളുപേക്ഷിക്കില്ലെന്നാണ് നിലപാട്‌. ഒന്നിനുവേണ്ടിയും ആർക്കുമുന്നിലും അത്‌ അടിയറവ്‌ വെയ്ക്കുകയുമില്ല.

അവസാനശ്വാസത്തിലും ദുരിതമനുഭവിക്കുന്ന സകലജീവജാലങ്ങളോടും ഞാൻ ചേർന്ന് നിൽക്കും. അതാണെന്റെ രാഷ്ട്രീയം."

ഈ പോസ്റ്റ്‌ കൂടി പുറത്തു വന്നതോടെ പാര്‍ട്ടി അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ശശി തരൂരിനെ പോലുള്ളവര്‍ സര്‍ക്കാരിനെ പ്രശംസിക്കുമ്പോള്‍ അലവിക്കുട്ടിമാര്‍ക്ക് എതിരെ മാത്രം എന്തുകൊണ്ടാണ് നടപടിയെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമ്പോഴും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത് എന്ന ആരോപണം ശക്തവുമാണ്. അടുത്ത തെരഞ്ഞെപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരാനായാണ്‌ തങ്ങള്‍ പരിശ്രമിക്കുന്നത് എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശനെ പോലുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേവലം വോട്ടിനു വേണ്ടി നാടിനെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത് എന്നാണ് അലവിക്കുട്ടി പറയുന്നത്.

പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട ശേഷം പ്രസിദ്ധപ്പെടുത്തിയ പോസ്റ്റിലും അദ്ദേഹം പറയുന്നത് ഇക്കാര്യമാണ്.

"മൂല്യങ്ങൾ സംരക്ഷിക്കണോ സ്വാർത്ഥമായ രഷ്ട്രീയമോഹങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരുമ്പോൾ, എന്തിന് സംശയിക്കണം, മൂല്യങ്ങളോടൊപ്പം അടിയുറച്ചുനിൽക്കുക എന്ന നിലപാട് തന്നെ", അലവിക്കുട്ടി പറയുന്നു.Next Story

Related Stories