വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും സിപിഎമ്മിലും ഇടതുമുന്നണിയിലും ഇതുണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍ ഉടന്‍ അവസാനിച്ചേക്കില്ല. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു നിയമം വീണ്ടുവിചാരമില്ലാതെ കൊണ്ടുവരാന്‍ ഇടയായത് എന്നതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തന്നെ ഇന്നലെ പ്രകടിപ്പിക്കുകയൂം ചെയ്തു. പാര്‍ട്ടിക്ക് സര്‍ക്കാരിന്റെ മേല്‍ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇല്ലെന്നതും നിര്‍ണായക വിഷയങ്ങളില്‍ പോലും കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നതുമടക്കമുള്ള വിമര്‍ശനങ്ങളും സജീവമാണ്.
നിരവധി വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പിണറായി വിജയന് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ള പങ്ക് വളരെ കുറവാണ്. നേരത്തെ സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിക്ക് കൃത്യമായ സംവിധാനവും അതിനുള്ള അവസരവും ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള പിന്നോട്ടു പോക്കാണ് കുറെക്കാലമായി നടക്കുന്നതെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ പ്രധാന ഉദാഹരണമാണ് മിക്ക വകുപ്പുകളിലും ആ വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സികളെ നിയമിക്കാനുള്ള തീരുമാനങ്ങള്‍. കണ്‍സള്‍ട്ടന്റ് ഏജന്‍സികളിലൂടെ യോഗ്യതയില്ലാത്തവര്‍ പോലും സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ പിടിമുറുക്കുന്നതിന്റെ ഉദാഹരണമായാണ് സ്വപ്ന സുരേഷിന്റെ വിവിധ വകുപ്പുകളിലുള്ള നിയമനങ്ങള്‍ എന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പാര്‍ട്ടിയോട് അനുഭാവമുള്ളവരും യോഗ്യതയുള്ളവരുമൊക്കെ ധാരാളമുള്ളപ്പോഴാണ് ഇവരുടെ തലയ്ക്ക് മുകളിലൂടെ കണ്‍സള്‍ട്ടന്‍സികളുടെ പേരിലും വിദഗ്ധോപദേശകരെന്ന നിലയിലും പലരും പല വകുപ്പുകളിലും വലിയ ശമ്പളത്തിന് നിയമിതരായത്. സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നേരിട്ട് നിയമിക്കുന്നില്ല എന്ന സാങ്കേതികത പറയുമ്പോള്‍ പോലും സംവരണ തത്വങ്ങളോ മറ്റ് യോഗ്യതാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇത്തരക്കാരെ തിരുകിക്കയറ്റുന്നത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇങ്ങനെയുള്ള നടപടികളുടെ ഒടുവില്‍ സംഭവിച്ച കാര്യം മാത്രമാണ് ഇപ്പോഴത്തെ പോലീസ് നിയമ ഭേദഗതിയെന്നുമാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു നില്ക്കുന്നവര് പറയുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായ സാഹചര്യവും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതുമായ സാഹചര്യവും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിരോധവും വഴി നൂല്‍പ്പാലത്തിലൂടെയാണ് സര്‍ക്കാര്‍ കുറച്ചു നാളായി സഞ്ചരിക്കുന്നത്. ഇതിനിടെയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നത്. ആരോപണങ്ങളില്‍ സ്വന്തം ഭാഗം വിശദീകരിക്കാനും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുമുള്ള ഒന്നായാണ് സിപിഎം ഇതിനെ കണ്ടതും യുവാക്കളുടെ വലിയ നിരയെ തന്നെ പോരാട്ടത്തിനിറക്കിയതും. എന്നാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടു നില്ക്കുമ്പോള് തന്നെ യാതൊരു ആലോചനകളും കൂടാതെ എങ്ങനെയാണ് 118 എ കൊണ്ടുവന്നത് എന്ന ചോദ്യമാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ ഉന്നയിക്കുന്നത്.
സര്‍ക്കാര്‍ നടപ്പാക്കുന്ന മികച്ച കാര്യങ്ങള്‍ പോലും ഇത്തരത്തിലുള്ള ഏകപക്ഷീയവും ചര്‍ച്ചകളില്ലാതെ നടപ്പാക്കുന്നതുമായ നടപടികള്‍ കൊണ്ട് മുങ്ങിപ്പോകുന്നു എന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്. "വിമര്‍ശന വിധേയമാകുന്ന വിധത്തില്‍ നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മ"യാണ് എന്ന് എം.എ ബേബി ഇന്നലെ തുറന്നടിച്ചതും ഈ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിലനില്ക്കുന്നതു കൊണ്ടു കൂടിയാണ്. ദേശീയ തലത്തില്‍ തന്നെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല നയപരിപാടികള്‍ക്കുമെതിരെ സിപിഎം ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കേരളത്തിലെത്തുമ്പോള്‍ ഇതൊന്നുമല്ല സംഭവിക്കുന്നത് എന്നത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും പ്രശ്നമുണ്ടാക്കുന്നുണ്ട്. യുഎപിഎയുടെ കാര്യത്തിലായാലും ഇപ്പോള്‍ 118 എയുടെ കാര്യത്തിലായാലും ഇതു തന്നെയാണ് സ്ഥിതി. കേന്ദ്ര സര്‍ക്കാരിനെതിരായ പല കാര്യങ്ങളിലും പാര്‍ട്ടി നിലപാടുകള്‍ക്ക് സാധുത കിട്ടി വരുമ്പോഴായിരിക്കും പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള നിലപാടുകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്ന കാര്യവും യുഎപിഎ ചുമത്തുന്നതുമൊക്കെ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് എതിരായിരിക്കെയാണ് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനം പാര്‍ട്ടി നിലപാടുകള്‍ പരിഗണിക്കാതെ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വിമര്‍ശനം.
സര്‍ക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു പോലുമില്ല എന്നതും തങ്ങളുടെ വകുപ്പുകളില്‍ കൈകടത്തുന്നു എന്ന വിമര്‍ശനവും സിപിഐ കുറെ നാളായി പ്രകടിപ്പിക്കുന്നതാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളായിട്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ടതില്ല എന്നു കരുതിയാണ് പരസ്യവിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നത് എന്നാണ് സിപിഐ നേതൃനിരയിലുള്ളവര്‍ പറയുന്നത്. 118 എയുമായി ബന്ധപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതിഷേധമറിയിച്ചിരുന്നു. സംസ്ഥാനത്ത് മികച്ച ഏകോപനമില്ലാതാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ എന്നും സിപിഐ നേതൃത്വം പറയുന്നുണ്ട്.
വിവാദ പോലീസ് നിയമ ഭേദഗതി ഇത്തരത്തില്‍ സിപിഎമ്മില്‍ സജീവമായി ചര്‍ച്ച നടത്താതെ കൊണ്ടുവന്ന വിഷയമാണ് എന്നതു കൊണ്ടു തന്നെ നേതൃനിരയിലെ ഒരു വിഭാഗം അസ്വസ്ഥരാണ്. പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്നവരും പാര്‍ട്ടി അണികള്‍ പോലും സര്‍ക്കാരിനെതിരാകുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വൈകാതെ തന്നെ തിരുത്താന്‍ തയാറായെങ്കിലും തുടക്കത്തില്‍ തന്നെ ഇതൊഴിവാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവാതിരിക്കുകയും പകരം ഉദ്യോഗസ്ഥ, ഉപദേശക തീരുമാനങ്ങളെ മാത്രം ആശ്രയിച്ചതും എന്തുകൊണ്ടാണ് എന്നതില്‍ പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്. ഇത്തരമൊരു നിയമനിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് പാര്‍ട്ടിക്ക് അറിയാമായിരുന്നു എങ്കിലും അതിന്റെ വരുംവരായ്കകളെ കുറിച്ച് പാര്‍ട്ടി വേദികളിലൊന്നും തന്നെ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നതാണ് സര്‍ക്കാര്‍ നടപടികളില്‍ സിപിഎമ്മിനുള്ളില്‍ പുകയുന്ന അസ്വാരസ്യം.