TopTop
Begin typing your search above and press return to search.

അച്യുതമേനോനെ അംഗീകരിക്കാത്ത കുറ്റകരമായ മൗനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബിനോയ് വിശ്വം; കോവിഡ് കേരള മോഡലിന്റെ ശക്തിയും പരിമിതിയും തുറന്നുകാട്ടി

അച്യുതമേനോനെ അംഗീകരിക്കാത്ത കുറ്റകരമായ മൗനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബിനോയ് വിശ്വം; കോവിഡ് കേരള മോഡലിന്റെ ശക്തിയും പരിമിതിയും തുറന്നുകാട്ടി

കേരള മോഡലിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മറക്കാന്‍ പാടില്ലാത്തയാള്‍ സി. അച്യുതമേനോനെന്ന് സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം. ഇന്ന് കേരളം പിന്തുടരുന്ന പലതും അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതാണ്. വിയോജിപ്പുകള്‍ക്കപ്പുറത്തേക്ക് അച്യുതമേനോന്‍ നടപ്പാക്കിയ രാഷ്ട്രീയവും ആശയവും എന്തെന്ന് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യണം. അദ്ദേഹം കൈക്കൊണ്ടതും നടപ്പാക്കിയതും ഇടതുപക്ഷ മൂല്യങ്ങളാണ്. അതിനെ വിസ്മരിച്ചു കൊണ്ട് കേരള മോഡലിനെക്കുറിച്ച് സംസാരിക്കാനുമാവില്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. കോവിഡ് കാലത്തെ ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയൊരു മോഡല്‍ ആണെന്നും ആ മോഡല്‍ ജനങ്ങളുടെയും ജനങ്ങളെ കൈകോര്‍ത്തിണക്കി കൊണ്ട് പോവുന്ന സര്‍ക്കാരിന്റെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കേരള മോഡലി'ന്റെ അവകാശികള്‍ ആര് എന്നതില്‍ അടുത്തിടെ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞിരുന്നു. കേരളത്തിലെ ഇന്നത്തെ സാര്‍വത്രിക പൊതുജനാരോഗ്യ സംവിധാനത്തിന് തുടക്കമിട്ടതിന്റെ ആദ്യ ക്രെഡിറ്റ് തിരുവിതാംകൂര്‍ രാജകുടുംബത്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ചൂട് പിടിച്ചത്. ഈ സാഹചര്യത്തില്‍ കേരള മോഡലിനെ മറ്റൊരു കാഴ്ചപ്പാടിലൂടെയാണ് നോക്കി കാണേണ്ടത് എന്ന് പറയുകയാണ് അഴിമുഖം പരമ്പരയില്‍ ബിനോയ് വിശ്വം.

സി. അച്യുതമേനോന്റേത് ഇടത് രാഷ്ട്രീയം

1957-ലെയും 67ലെയും ഇടത് സര്‍ക്കാര്‍ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ എണ്‍പതുകളിലെ നായനാര്‍ സര്‍ക്കാര്‍ എന്നാണ് സാധാരണ പറയുക. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ പൊളിറ്റിക്കല്‍ വാക്വം ഉണ്ടെന്ന് കരുതും. എന്നാല്‍ ആ വാക്വം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മുമ്പത്തെ ഇടത് സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന അതേ രാഷ്ട്രീയ മൂല്യങ്ങള്‍ പിന്തുടര്‍ന്ന് അത് നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടായിരുന്നു. അത് അച്യുതമേനോന്‍ സര്‍ക്കാരാണ്. ഇടത് ട്രെഡീഷന്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ തത്വങ്ങളേയും മുന്നോട്ട് കൊണ്ട് പോയ സര്‍ക്കാരായിരുന്നു അക്കാലത്ത്. കാര്‍ഷിക ബന്ധ ബില്‍ കൊണ്ടുവന്നു. ജന്മിത്വത്തിന് അന്ത്യം കുറിച്ച് അതിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചു. കേരള ആരോഗ്യ മോഡലില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ച ശ്രീചിത്ര ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഗ്രാമങ്ങള്‍ തോറുമുള്ള വ്യവസായ കേന്ദ്രങ്ങള്‍, കാര്‍ഷിക രംഗത്തെ വലിയ മാറ്റങ്ങള്‍, എല്ലാ രംഗത്തും ഗവേഷണ സ്ഥാപനങ്ങള്‍, തൊഴിലാളി നിയമങ്ങള്‍ എന്നിങ്ങനെ സര്‍വ മേഖലയിലും മാറ്റങ്ങള്‍ കൊണ്ട് വന്ന കാലമായിരുന്നു അത്. ആരോഗ്യ രംഗത്തും അന്നുണ്ടായ ചലനങ്ങള്‍ ചെറുതല്ല. അതിനെ കാണാതിരിക്കുക എന്നത് ഇന്റലക്ച്വല്‍ ഹോണസ്റ്റി അല്ല. അതിനാല്‍ അച്യുത മേനോനെ അംഗീകരിക്കാത്ത കുറ്റകരമായ മൗനം ഇനിയെങ്കിലും അവസാനിപ്പിക്കണം. രാഷ്ട്രീയത്തില്‍ പല അഭിപ്രായ വ്യത്യസങ്ങളും വിയോജിപ്പുകളും ഉണ്ടാവും. എന്നാല്‍ വിദ്യാഭ്യാസം, കാര്‍ഷിക രംഗം, ആരോഗ്യം എന്ന് വേണ്ട എല്ലാ മേഖലകളിലുമുള്ള ചെയ്തികളുടെ മഹത്വവും അത് കേരളത്തിലുണ്ടാക്കിയ സ്വാധീനവും മൂടിവക്കാന്‍ ശ്രമിക്കരുത്. എല്ലാ രംഗത്തും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും ആശയങ്ങളും നടപ്പാക്കിയ, ഇടത് മൂല്യങ്ങള്‍ പിന്തുടര്‍ന്ന അദ്ദേഹത്തെ വിസ്മരിക്കാനും വിമര്‍ശിക്കാനും ആവില്ല.

ജനങ്ങള്‍ ഏറ്റെടുത്തത് ഇടതുപക്ഷം പിന്തുടര്‍ന്നുണ്ടായ കേരള മോഡല്‍

കേരള മോഡല്‍ എന്നതിന് കംപാര്‍ട്‌മെന്റ്‌സ് ഉണ്ടാക്കേണ്ടതില്ല. രാജാക്കന്‍മാരുടെ മഹാമനസ്‌കതയാണ് അതിന് കാരണമെന്നും മിഷണറീസിന്റെ പങ്കും എല്ലാം അതിന് പിന്നില്‍ പലരും പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ കേരള മോഡലിന്റെ ഉത്തരവാദികള്‍ ഇവിടുത്തെ സാമൂഹികബോധമുള്ള ജനതയാണ്. രാജാക്കന്‍മാരെ പൊതുജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചതും നിര്‍ബന്ധിതരാക്കിയതും ജനങ്ങളാണ്. ജനങ്ങളുടെ സാമൂഹിക, സാംസ്‌ക്കാരിക ബോധത്തില്‍ നിന്നാണ് എല്ലാം സംഭവിച്ചത്. അതില്‍ നിന്ന് കാലഘട്ടങ്ങളിലൂടെ, തലമുറകളിലൂടെ ഉരുത്തിരിഞ്ഞ് വന്നതാണ് ഇന്നത്തെ കേരള മോഡല്‍. ഇതില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ തള്ളിക്കളയാനാവില്ല. എന്നാല്‍ അതിനേക്കാള്‍ മുന്നോട്ട് പോവാന്‍ കേരളത്തിലെ ഇടത് പക്ഷത്തിന് സാധിച്ചു. തൊഴിലാളി പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് ഇത്തരത്തിലുള്ള പല കാര്യങ്ങളെ ഉള്‍ക്കൊള്ളിക്കാനും നല്ല ആശയങ്ങളെ ഉള്‍ക്കൊണ്ട്, അല്ലാത്തതിനോട് കലഹിച്ചും ശരിയുടെ പക്ഷം തീര്‍ത്തുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷം ഇത് സാധിച്ചത്. 57ന് മുമ്പ് തന്നെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ ഇടതിന് ഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന് ദൂരക്കാഴ്ചയോടെ മുന്നോട്ട് പോവാനായി. ഗ്രാമങ്ങള്‍ തോറും സ്‌കൂളുകള്‍ ഉണ്ടായി. ആലപ്പുഴയില്‍ ടി വി തോമസ് നഗരസഭാ ഭരണം ഏറ്റെടുത്തത് മറ്റൊരു പ്രധാന മുന്നേറ്റമായിരുന്നു. അത്രനാള്‍ കോണ്‍ഗ്രസ് വക്കീലന്മാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കുമെല്ലാം ലഭ്യമായിരുന്ന നഗരസഭാ ഭരണം ഇടതുപക്ഷത്തിന്റെ കയ്യില്‍ വന്നതോടെ പാവങ്ങളേയും സാധരണക്കാരേയും കൂട്ടിപ്പിടിക്കുന്നതായി അത്. കേരള മോഡലിന്റെ ചര്‍ച്ചകള്‍ വരുമ്പോള്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡും ആലപ്പുഴ മുന്‍സിപ്പാലിറ്റിയുമെല്ലാം അതില്‍ വരേണ്ടതാണ്. ഈ അനുഭവങ്ങള്‍ ചേര്‍ത്ത് വച്ചാണ് 57ല്‍ ഇടത് സര്‍ക്കാര്‍ ഉണ്ടാവുന്നത്.

ശക്തിയും ദൗര്‍ബല്യവും തുറന്ന് കാണിച്ച കോവിഡ്

കോവിഡ് ബാധിച്ച കേരളം കേരള മോഡലിന്റെ ശക്തിയും ദൗര്‍ബല്യവും ഒരു പോലെ തുറന്ന് കാണിക്കുന്നതാണ്. അത്ഭുതപ്പെടുത്തുന്ന വിധമുള്ള സാമൂഹ്യ സുരക്ഷയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമാണ് അതിന്റെ ഏറ്റവും വലിയ ശക്തി. പ്രതിശീർഷ വരുമാനം കുറഞ്ഞ ഒരു സംസ്ഥാനത്തെ സംബന്ധിച്ച് വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമുള്ള മുന്നേറ്റം അതിശയകരമാണ്. കേരളത്തിന്റെ വികസനത്തില്‍ വഴി കാണിച്ചിട്ടുള്ള മുന്നേറ്റങ്ങള്‍ വഴി സാമൂഹ്യ ബോധവും സാമൂഹ്യ ഉത്തരവാദിത്തവുമുള്ള ഒരു ജനത ഇവിടെയുണ്ടെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. മറ്റൊന്ന് ജനങ്ങളുടെ കൈകോര്‍ത്ത് പിടിക്കലാണ്. അത് പ്രതീക്ഷയാണ്. ജനങ്ങളെ കോര്‍ത്തിണക്കി വീണ് പോവാതെ മുന്നോട്ട് കൊണ്ട് പോവുന്ന സര്‍ക്കാരാണ് മറ്റൊരു ശക്തി. ചെറിയ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി ജനങ്ങളുടേയും സര്‍ക്കാരിന്റെയും നിശ്ചയദാര്‍ഢ്യമാണ് കേരളത്തെ ഇതുവരെ എത്തിച്ചത്.

എന്നാല്‍ സാമ്പത്തിക അടിത്തറയില്ലായ്മയാണ് കേരള മോഡലിന്റെ ദൗര്‍ബല്യം. പ്രൊഡക്ടിവിറ്റിയും പ്രൊഡക്ഷനും, ഇതില്‍ രണ്ടിലും താഴെയാണ് സംസ്ഥാനം. കാര്‍ഷിക രംഗവും വ്യവസായവും വളരെ ദുര്‍ബലമാണ്. ഇതില്‍ രണ്ടിലും താഴെ നില്‍ക്കുമ്പോഴും മറ്റ് കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നിരുന്നാലും കോവിഡ് പഠിപ്പിച്ച പാഠങ്ങള്‍ ചിലതുണ്ട്. ടൂറിസം പോലുള്ള മേഖലകളേയും അല്ലെങ്കില്‍ വിദേശത്തെ ആശ്രയിച്ചുള്ള സാമ്പത്തിക ഭദ്രതയാണ് സംസ്ഥാനത്തിനുണ്ടായിരുന്നത്. ഒരു കാറ്റ് വീശിയാല്‍ ആ ഭദ്രത ഇല്ലാതാവും എന്നതാണ് കോവിഡ് പഠിപ്പിച്ചത്. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ തിരിച്ചെത്തുന്നതോടെ ആ വരുമാനവും ഇല്ലാതാവും. വെള്ളപ്പൊക്കത്തില്‍ ഉണ്ടായ ആഘാതത്തില്‍ നിന്ന് കേരളം കരകയറിയിട്ടില്ല. അതിനിടയിലാണ് കോവിഡ് പോലത്തെ മഹാമാരിയും വന്ന് പെട്ടിരിക്കുന്നത്. ഇനി എങ്ങനെ മുന്നോട്ട് പോവും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ എല്ലാ രംഗത്തും ഉണ്ടാവേണ്ടതുണ്ട്. അത് കേരളത്തിന്റെ വെല്ലുവിളിയാണ്.

കേരള മോഡലിന്റെ ക്രെഡിറ്റ് ആര്‍ക്ക്?


Next Story

Related Stories