TopTop
Begin typing your search above and press return to search.

സിപിഎമ്മിനെ തിരുത്തിക്കാനുള്ള ശേഷി സിപിഐയ്ക്ക് ഇല്ലെന്ന് സി ദിവാകരൻ, 'കണ്‍സൽട്ടന്‍സികളും കുത്തകകളുമായുള്ള ബന്ധം ഇടതുപക്ഷത്തിന് യോജിച്ചതാണോയെന്ന് പരിശോധിക്കണം'

സിപിഎമ്മിനെ തിരുത്തിക്കാനുള്ള ശേഷി സിപിഐയ്ക്ക് ഇല്ലെന്ന് സി ദിവാകരൻ, കണ്‍സൽട്ടന്‍സികളും കുത്തകകളുമായുള്ള ബന്ധം ഇടതുപക്ഷത്തിന് യോജിച്ചതാണോയെന്ന് പരിശോധിക്കണം

സിപിഎമ്മിനെ തിരുത്തിക്കാനുള്ള ശേഷിയൊന്നും സിപിഐയ്ക്ക് ഇല്ലെന്ന് പാർട്ടി നേതാവും എം എൽഎയുമായ സി ദിവാകരൻ. സ്പീക്കർ ശ്രീരാമകൃഷ്ണൻ, സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ സ്ഥാപനം ഉദ്ഘാടനം ചെയ്തതതുമായ വിവാദത്തെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ സ്പീക്കറെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചുവെന്നും ദിവാകരന്‍ പറഞ്ഞു. താന്‍ അതില്‍ പങ്കെടുക്കാതിരുന്നത് എന്നെ അതിലേക്ക് ക്ഷണിക്കാതിരുന്നത് കൊണ്ടാണ്. ക്ഷണിക്കാതെയും തന്റെ അനുമതിയുമില്ലാതെയാണ് അധ്യക്ഷ സ്ഥാനത്ത് പേര് വച്ചത്. താന്‍ ആ ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനുള്ള ആദ്യ കാരണം അതായിരുന്നു. ആരാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് തനിക്ക് ഇപ്പോഴും അറിയില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം സ്പീക്കര്‍ പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ എന്തുകൊണ്ട് എംഎല്‍എ പങ്കെടുക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കും. അതുകൊണ്ടായിരിക്കും അനുവാദം ചോദിക്കാതെ അധ്യക്ഷ സ്ഥാനത്ത് എന്റെ പേര് വച്ചത്. നെടുമങ്ങാട്ടില്‍ ഉള്ള എംഎല്‍എ ഓഫീസില്‍ ഒരു ക്ഷണക്കത്ത് ഇടുക മാത്രമാണ് അവര് ചെയ്തതെന്നും സി ദിവാകരൻ പറഞ്ഞു. നിയമസഭയില്‍ പങ്കെടുക്കണമെന്നത് കൊണ്ടാണ് ഇത്തരം സ്വകാര്യ പരിപാടിക്ക് പോകാതിരുന്നതെന്നും ദിവനാകരന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നെടുമങ്ങാട് എന്ന് സന്ദീപ് നായരെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ഈ സംഭവം വീണ്ടും ആലോചിച്ചെടുത്തതെന്നും സി ദിവാകരന്‍ പറഞ്ഞു.

'ഇടതുപക്ഷം എന്ന് പറയുന്നത് സിപിഐ മാത്രം അല്ലല്ലോ? സിപിഎം അല്ലേ ഇടതുപക്ഷത്തിന്റെ മുഖ്യധാര. അവര് കൂടി ശ്രമിച്ചാലല്ലേ തെറ്റുകള്‍ സംഭവിക്കാതിരിക്കൂ. സിപിഎമ്മിനെ ശരിയാക്കാനുള്ള ശക്തി സിപിഐയ്ക്ക് ഇല്ല. അതാണ് ഒരു വിഷയം. ഇടതുപക്ഷ പ്രസ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒരു നയം തുടരാന്‍ പാടില്ല എന്ന് തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫിന്റെ നേതൃത്വമാണ്. ആതിരപ്പള്ളി പദ്ധതി ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞു. കണ്‍സൽട്ടന്‍സികളും കുത്തകകളും തമ്മിലുള്ള ബന്ധം ഇടതുപക്ഷ പ്രസ്ഥാനത്തിന് യോജിച്ചതാണോയെന്നത് ഒരു ചോദ്യമാണ്. അതാണ് ജനയുഗത്തിൽ വന്ന പ്രകാശ് ബാബുവിന്റെ ലേഖനത്തില്‍ ചോദിച്ചിരിക്കുന്നത്. ഗൗരവമേറിയ രാഷ്ട്രീയ വിഷയമാണ് പ്രകാശ് ബാബു ഉന്നയിച്ചിരിക്കുന്നത്. അത് പാര്‍ട്ടിയും മുന്നണിയും ഗൗരവമായി തന്നെ കാണേണ്ടതാണ്. അത് രാഷ്ട്രീയ നേതൃത്വം ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും വേണം എന്നാണ് എന്റെ അഭിപ്രായം.' സി ദിവാകരൻ കൂട്ടിചേർത്തു

ബൂര്‍ഷ്വ ബ്യൂറോക്രസി ബന്ധങ്ങള്‍ എങ്ങനെ ഭരണകൂടത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നത് തിയററ്റിക്കല്‍ ആയി തന്നെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും സി ദിവാകരന്‍ പറയുന്നു. . ഇത് ഞാന്‍ മന്ത്രിയായിരിക്കുമ്പോഴും വി എസിന്റെ മന്ത്രിസഭയുടെ മുന്നില്‍ വന്നിട്ടുള്ള വിഷയങ്ങളാണ്. ഞങ്ങള്‍ അന്ന് പൂര്‍ണ്ണമായും ഉദ്യോഗസ്ഥന്‍ ശരിയാണെന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴും ജനങ്ങളുടെ പ്രതീക്ഷ അത് തന്നെയാണ്. കാരണം പിണറായി വിജയന്‍ ശക്തനായ ഭരണാധികാരിയാണ്. ഉദ്യോഗസ്ഥന്മാരെ തളയ്ക്കാന്‍ കഴിവുള്ള ഒരു മുഖ്യമന്ത്രിയാണ് അദ്ദേഹം. ജനങ്ങള്‍ക്ക് ഇപ്പോഴും ഈ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. നാല് കൊല്ലത്തിനിടയില്‍ തല്‍ക്കാലം വന്ന ഒരു ചെറിയ കാര്യം മാത്രമാണ് ഇത്. ഇത് ഇതിന്റെ വഴിക്ക് പോകുമെന്നും ദിവാകരന്‍ പറയുന്നു.

ഇത് ബിജെപി അല്ല, കോണ്‍ഗ്രസ് അല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്‍കൈയുള്ള ഒരു ഭരണ സംവിധാനമാണ്. ഈ ഭരണസംവിധാനം ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയണം. . അതായിരിക്കണം ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ സംഭാവന. അതിന് സിപിഐയെക്കാള്‍ ജാഗ്രത കാണിക്കേണ്ടത് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും നയിക്കുന്ന സിപിഎം ആണ്.

പ്രതിപക്ഷം ശ്രമിക്കുന്നത് കള്ളകടത്തുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ്. ഒരു അവിശ്വാസം കൊണ്ടുവരാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയൊന്നും ഇത് മാറാന്‍ പാടില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും സി ദിവാകരന്‍ വ്യക്തമാക്കി, നരേന്ദ്ര മോദി വന്നതിന് ശേഷം പോലും എത്രയോ കള്ളക്കടത്ത് കേരളത്തിലേക്ക് നടന്നിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തെ ഇപ്പോഴത്തെ സംഭവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. . യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വഴിമാറിപ്പോകുന്നതാകും അത്. ഇവിടുത്തെ യഥാര്‍ത്ഥ വിഷയം കള്ളക്കടത്താണ്. അതിന് പിന്നിലുള്ളവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ കടമയെന്നും സി ദിവാകരന്‍ പറയുന്നു. അതിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories