TopTop
Begin typing your search above and press return to search.

ബിനീഷിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി അഭിപ്രായം പറയേണ്ട കാര്യമില്ല, നാട്ടുകാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് അമേരിക്കയിലെ രാഷ്ട്രീയം നോക്കിയല്ല: കാനം രാജേന്ദ്രന്‍

ബിനീഷിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി അഭിപ്രായം പറയേണ്ട കാര്യമില്ല, നാട്ടുകാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് അമേരിക്കയിലെ രാഷ്ട്രീയം നോക്കിയല്ല: കാനം രാജേന്ദ്രന്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് അമേരിക്കയിലെ രാഷ്ട്രീയം നോക്കിയല്ലെന്ന് സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍. അടുത്തമാസം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രതീക്ഷകളെയും മുന്നൊരുക്കങ്ങളെയും കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പഞ്ചായത്തിലും നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ നാലര വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസനങ്ങള്‍ക്കുമാകും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച കൂടുന്ന എല്‍ഡിഎഫ് യോഗത്തിലേ തെരഞ്ഞെടുപ്പ് പ്രചരണ രീതികളും മുന്നണിയുടെ പ്രതീക്ഷകളും ചര്‍ച്ച ചെയ്യുകയുള്ളൂ. ഉറച്ച വിശ്വാസത്തോടെയാണ് എല്‍ഡിഎഫ് മുന്നോട്ട് പോകന്നത്. ബിനീഷ് കോടിയേരിയുടെ കേസ് രാഷ്ട്രീയമായ കാര്യമല്ല, അതൊരു കേസിന്റെ കാര്യമാണ്. അതിനൊരു രാഷ്ട്രീയ പാര്‍ട്ടി അഭിപ്രായം പറയേണ്ട കാര്യമില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞുവെന്ന് തനിക്ക് തോന്നുന്നില്ലെന്നും അതൊക്കെ മറ്റുള്ളവര്‍ക്ക് തോന്നുന്നതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളുടെ മനസ്സിലെ വിശ്വാസം പുറത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അളക്കാന്‍ സാധിക്കുകയില്ല. നാലര വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി തന്നെ വിധിയെഴുതുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. "മറ്റുള്ളതെല്ലാം പ്രചരണങ്ങളാണ്. ആ പ്രചരണങ്ങളൊന്നും വോട്ടിനെ സ്വാധീനിക്കാന്‍ പോകുന്നില്ല. നാട്ടുകാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് അമേരിക്കയിലെ രാഷ്ട്രീയം നോക്കിയല്ല. ആ പഞ്ചായത്തിലെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് ജനങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. കഴിഞ്ഞ നാലര വര്‍ഷക്കാലം പാവപ്പെട്ട ജനങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്", കാനം പറഞ്ഞു.

രാഷ്ട്രീയമല്ലാത്ത, വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്നും ബിനീഷ് കോടിയേരി, എം. ശിവശങ്കരന്‍ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories