സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ജനയുഗം എഡിറ്റോറിയല്‍ സര്‍ക്കാരിനെതിരേയുള്ള പരോക്ഷവിമര്‍ശനമായി വിലയിരുത്തപ്പെടുന്നതിനെ തള്ളാതെയും കൊള്ളാതെയും സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേന്‍. ഇപ്പോള്‍ വന്നിരിക്കുന്നതുപോലൊരു ആരോപണം ഒരിക്കലും ഉയര്‍ന്നു വരാനുള്ള സാഹചര്യം ഉണ്ടാകരുതെന്നായിരുന്നു ജനയുഗം എഡിറ്റോറിയലില്‍ പറയുന്നത്. ഇതാണ് സര്‍ക്കാരിനെതിരെയുള്ള പരോക്ഷ വിമര്‍ശനമായി വ്യാഖ്യാനിക്കുന്നത്. എന്നാല്‍ ഇത്തരം വ്യാഖ്യാനങ്ങളോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്നാണ് കാനം അഴിമുഖത്തോട് പറഞ്ഞത്. അതേസമയം ജനയുഗത്തിന്റെ എഡിറ്റോറിയല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണോ എന്ന ചോദ്യത്തിന് അല്ലായെന്നു പറയാനും കാനം തയ്യാറായില്ല. "പറയാനുള്ളത് എഡിറ്റോറിയില്‍ എഴുതിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് എങ്ങനെയാണോ തോന്നുന്നത് അങ്ങനെ കണക്കാക്കിക്കോ, എന്തു വ്യാഖ്യാനിക്കണമെങ്കിലും ആകാം", എന്നായിരുന്നു കാനം രാജേന്ദ്രന് അഴിമുഖത്തോട് പറഞ്ഞത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന ആരോപണമാണ് സര്‍ക്കാരിനും മുന്നണിക്കും ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഇക്കാര്യമാണ് സിപി ഐയും ചൂണ്ടിക്കാണിക്കുന്നത്. ഐടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കര്‍ ഐ എ എസിന് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെ തന്നെയും കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശിവശങ്കറിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ അദ്ദേഹത്തെ തല്‍സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ പോലും ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരാനുള്ള സഹാചര്യം ഉണ്ടാക്കരുതെന്നാണ് സിപി ഐ പറയുന്നത്. നേരത്തെ സ്പ്രിങ്ക്ളര്‍ വിവാദത്തിലും പ്രതിസ്ഥാനത്തു വന്നയാളായിരുന്നു ശിവശങ്കര്‍. അവിടെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമായും ആക്രമിച്ചത്. അന്ന് ശിവശങ്കറെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. എന്നാല്‍ ഇത്തവണ ആരോപണങ്ങള്‍ ഏറെ ഗൗരവമേറിയതും അതിനുള്ള തെളിവുകളും പുറത്തു വന്നതോടെയാണ് ശിവശങ്കറെ പിണറായി വിജയന് കൈവിട്ടത്. എങ്കിലും ആരോപണങ്ങള്‍ പൂര്‍ണമായും ഇപ്പോഴും മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് തന്നെയാണ് നടക്കുന്നത്. ഇത് സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുമെന്നാണ് സിപിഐ മുന്നറിയിപ്പ് കൊടുക്കുന്നത്.
"സരിത്തിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ പുറത്തുവരുന്ന വിവരങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ മൊഴിയനുസരിച്ച് കൂട്ടുപ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ പേരുവിവരങ്ങളാണ് വിവാദത്തിനുള്ള വിഷയമായി പ്രതിപക്ഷവും മാധ്യമങ്ങളും ആഘോഷമാക്കുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊഴുക്കുന്നത്. അവര്‍ക്കുള്ള ബന്ധങ്ങളും അവരുടെ ജീവിത പശ്ചാത്തലങ്ങളും കണ്ടെത്തി രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഐടി വകുപ്പുമായി ബന്ധമുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഓപ്പറേഷണല്‍ മാനേജര്‍ എന്ന പദവിയാണ് വിവാദത്തിനും ആരോപണങ്ങള്‍ക്കുമുള്ള കാരണമായി ഉപയോഗിക്കപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന ഉടന്‍തന്നെ പ്രസ്തുത ജോലിയില്‍ നിന്ന് അവരെ ഒഴിവാക്കി. സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഐടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കര്‍ ഐഎഎസിനെ തല്‍സ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ മാറ്റുകയും ചെയ്തു. എങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
മുന്‍സര്‍ക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിന്റെ പുറത്താക്കലും എം ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും. ഇപ്പോഴത്തെ സംഭവത്തോട് താരതമ്യംചെയ്യുന്ന മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ വിവാദത്തില്‍ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്താല്‍ മനസിലാക്കാനാകും. പലരേയും അവസാന ഘട്ടംവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. ഇവയെല്ലാം പരിശോധിച്ചാല്‍തന്നെ ഈ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകും. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ആരോപണങ്ങളും കഥകളും മെനഞ്ഞ് വന്‍ സ്വര്‍ണക്കള്ളക്കടത്ത് എന്ന യഥാര്‍ത്ഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂടാ. കാരണം നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന വിധത്തിലാണ് സ്വര്‍ണക്കടത്ത് നടക്കുന്നതെന്നാണ് വിവരം. പ്രതിവര്‍ഷം 200 ടണ്‍ സ്വര്‍ണമെങ്കിലും അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തേക്കെത്തുന്നുണ്ട്"; ജനയുഗം എഡിറ്റോറിയയില്‍ പറയുന്ന കാര്യങ്ങളാണിത്.
സ്വര്‍ണ കടത്ത് കേസില്‍ സര്‍ക്കാരിനെ പൂര്‍ണമായി കുറ്റപ്പെടുത്തുകയോ പ്രതിപക്ഷത്തിന്് സഹായം ചെയ്തുകൊടുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ പോലും പ്രതിരോധിക്കുന്നതിനൊപ്പം തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് സംഭവിച്ച വീഴ്ച്ചയ്ക്കെതിരെ സിപിഐ വിരല്‍ ചൂണ്ടുന്നതും.