സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം വിലക്കണമെന്ന സിപിഎം തീരുമാനത്തിന് പിന്തുണയുമായി സിപിഐ. രാഷ്ട്രീയപ്രേരിതമായി ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലാതെ സിബിഐ അന്വേഷണം പാടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി. സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ക്ക് പൊതുവായി നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കുന്നതിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ നിയമവശം പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് പരസ്യ പിന്തുണയുമായി സിപിഐയും രംഗത്തെത്തിയത്.
സിബിഐ അധികാരത്തെയല്ല, ദുരുപയോഗത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് നിയമമന്ത്രി എ.കെ ബാലന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തെ കേന്ദ്രമന്ത്രി വി.മുരളീധരന് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്നതിനാലാണ് സിബിഐക്കു പൂട്ടിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ കൊലകള്‍ സിബിഐ അന്വേഷിക്കുന്നതിന് തടയിടാനുമാണ് സര്‍ക്കാര്‍ നീക്കമെന്നും മുരളീധരന് ആരോപിച്ചു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സിപിഐ നിലപാട് വ്യക്തമാക്കിയത്.
സിബിഐ അന്വേഷണം സര്‍ക്കാരിന്റെ അറിവോടെയല്ലാതെ പാടില്ലെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം മുന്നണിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. സിബിഐ രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. കേന്ദ്രമന്ത്രി വി മുരളീധരന്റെ തറവാട്ടു സ്വത്തല്ല. സിബിഐ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കുമെതിരെയും വേണ്ടതല്ലേ. ടൈറ്റാനിയം കേസ് ഏറ്റെടുക്കാത്ത സിബിഐ സംസ്ഥാന ഏജന്‍സി അന്വേഷിക്കുന്ന കേസ് ഏറ്റെടുത്തു. ഏകപക്ഷീയമായ ഇത്തരം നടപടികള്‍ ശരിയല്ല. തിരഞ്ഞെടുപ്പുവരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ നീട്ടാനുള്ള ദുഷ്ടലാക്കാണുള്ളത്. തോട്ടണ്ടി അഴിമതിയില്‍ മതിയായ തെളിവുകളില്ലാത്തതിനാലാകും സര്‍ക്കാരിനു പ്രോസിക്യൂഷന് അനുമതി നല്‍കാത്തതെന്നും കാനം അഭിപ്രായപ്പെട്ടു. നേരത്തെ, ലൈഫ് മിഷന് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ സിപിഐ ആദ്യം തന്നെ എതിര്‍പ്പറിയിച്ചിരുന്നു.
മറ്റ് പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ സിബിഐ അന്വേഷണത്തെ വിലക്കിയിട്ടുണ്ടെങ്കിലും കേരളം അങ്ങനെയൊരു സമീപനം സ്വീകരിച്ചിരുന്നില്ല. ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐ കടന്നുവന്നതാണ് സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രകോപിപ്പിച്ചത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി രണ്ട് മാസം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിബിഐ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹി പൊലീസ് ആക്ട് അനുസരിച്ചാണ്. ഡല്‍ഹിയിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് യഥാര്‍ത്ഥത്തില്‍ സിബിഐയുടെ അന്വേഷണ പരിധി. എന്നാല്‍ ചില പ്രത്യേക കേസുകള്‍ സംസ്ഥാനങ്ങളില്‍ അന്വേഷിക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന് അതത് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് കേസുകള്‍ അന്വേഷിക്കാന്‍ നേരത്തെ തന്നെ പൊതു അനുമതി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. അനുമതിയില്ലെങ്കിലും ഹൈക്കോടതിയും സുപ്രീം കോടതിയും ആവശ്യപ്പെടുന്ന കേസുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയും സിബിഐയ്ക്ക് അന്വേഷിക്കാന്‍ കഴിയും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുമ്പോഴാണ് സിബിഐയെ വിലക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്നത് ശ്രദ്ധേയമാണ്.