TopTop
Begin typing your search above and press return to search.

ആരായിരുന്നു സഖാവ് കുഞ്ഞാലി? നിന്നെ ഞാൻ ശരിയാക്കുമെന്ന് അന്ന് കോൺഗ്രസുകാരനായ ടി.കെ ഹംസ വെല്ലുവിളിക്കാനുള്ള കാരണമെന്ത്? അന്വേഷണ പരമ്പര ആരംഭിക്കുന്നു

ആരായിരുന്നു സഖാവ് കുഞ്ഞാലി? നിന്നെ ഞാൻ ശരിയാക്കുമെന്ന് അന്ന് കോൺഗ്രസുകാരനായ ടി.കെ ഹംസ വെല്ലുവിളിക്കാനുള്ള കാരണമെന്ത്? അന്വേഷണ പരമ്പര ആരംഭിക്കുന്നു

കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സിപിഎം നേതാവും എംഎല്‍എയുമായിരുന്ന കുഞ്ഞാലിയുടെത്. ഒരു ജനകീയ നേതാവ് കൊല്ലപ്പെട്ടുവെന്നത് മാത്രമായിരുന്നില്ല, അതില്‍ പ്രതിയാക്കപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ടു കൂടിയാണ് ആ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചത്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ആണ് ആയിരുന്നു കേസിലെ പ്രതി. പിന്നീട് കോടതി വിട്ടയച്ചെങ്കിലും, ദശകങ്ങള്‍ കഴിഞ്ഞ് ഇപ്പോഴും ആര്യാടനെതിരായ ഒരു ആരോപണമായി ഇത് നിലനില്‍ക്കുന്നു. സമീപകാലത്ത് ആര്യാടന്‍ കുഞ്ഞാലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ നിരപരാധിത്വം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഈ സാഹചര്യത്തിലാണ് അഴിമുഖം അന്ന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അന്ന് കുഞ്ഞാലിയൊടൊപ്പം ഉണ്ടായിരുന്ന സഖാക്കളെ ഞങ്ങള്‍ കണ്ടു. മറ്റു പലരില്‍ നിന്നും അന്ന് സംഭവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. കുഞ്ഞാലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാതെ പോയ കാര്യങ്ങളാണ് ഞങ്ങള്‍ക്ക് മുന്നില്‍ ചുരുള്‍ നിവര്‍ന്നത്. അതേക്കുറിച്ചുള്ള പരമ്പരയാണ് ഇത്. ആദ്യ ഭാഗം ഇന്ന് ആരംഭിക്കുന്നു

ഭാഗം - 1

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തലോടെ സിപിഎം എംഎല്‍എയായിരുന്ന കുഞ്ഞാലിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 1969 ജൂലൈ 26-ന് നടന്ന കൊലപാതകത്തില്‍ ഒന്നാം പ്രതിയായിരുന്ന ആര്യാടന്‍ ഈയടുത്ത് നടത്തിയ വെളിപ്പെടുത്തല്‍, താനല്ല കുഞ്ഞാലിയെ കൊലപ്പെടുത്തിയതെന്നും സിപിഎം തന്നെ കുരുക്കുകയായിരുന്നുവെന്നുമാണ്. കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനായിരുന്ന ഗോപാലനാണ് കുഞ്ഞാലിയെ വെടിവച്ചതെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു കൃത്യം നിര്‍വ്വഹിച്ചതെന്നും ആര്യാടന്‍ പറയുന്നു. കേസില്‍ ഒന്നാം പ്രതിയായിരുന്ന ആര്യാടനെ പിന്നീട് കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു. ചുള്ളിയോടിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വച്ച് വെടിയേറ്റ കുഞ്ഞാലി പിന്നീട് നിലമ്പൂര്‍ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കൂടാതെ ചുള്ളിയോട് തന്നെയുള്ള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞാലിക്ക് മരണ മൊഴി നല്‍കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ആര്യാടനെ വെറുതെ വിട്ടത്. അതോടൊപ്പം സാക്ഷികള്‍ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് സാക്ഷി മൊഴികള്‍ കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ കുഞ്ഞാലിയെ വെടിവയ്ക്കാന്‍ ആര്യാടനാണ് ഗോപാലനെ ഏര്‍പ്പെടുത്തിയതെന്നാണ് അന്ന് കുഞ്ഞാലിക്കൊപ്പമുണ്ടായിരുന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കാളികാവ് പഞ്ചായത്ത് പ്രസിഡന്റും നിലമ്പൂരിനെ രണ്ട് വട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു കരിക്കാടന്‍ കുഞ്ഞാലിയെന്ന കെ. കുഞ്ഞാലി. 1965-ലും 1967-ലുമാണ് കുഞ്ഞാലി നിയമസഭയിലെത്തിയത്. രണ്ട് വട്ടവും ആര്യാടനെയാണ് കുഞ്ഞാലി തോല്‍പ്പിച്ചത്. ഇതില്‍ 65-ല്‍ നിയമസഭ രൂപീകരിക്കാതിരുന്നതിനാല്‍ എംഎല്‍എ ആയില്ല. 1942ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന കുഞ്ഞാലി ലോകമഹായുദ്ധത്തിന് ശേഷം സൈന്യത്തില്‍ നിന്നും വിരമിച്ച് നാട്ടില്‍ തിരിച്ചെത്തി. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി. തൊഴിലാളികള്‍ക്ക് വേണ്ടി ഭൂഉടമകള്‍ക്കെതിരെ നിലപാടെടുത്തതോടെ ജനപ്രീതി നേടി. ജനങ്ങളോട് ഒപ്പമല്ല, ജനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ജനങ്ങളെ നയിക്കുകയെന്ന നിലപാടുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് കുഞ്ഞാലിയുടെ സന്തതസഹചാരിയായിരുന്ന സി.എന്‍ രാജന്‍ ഓര്‍ത്തെടുക്കുന്നു. ഏറ്റവും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയെന്ന നിലയില്‍ മനുഷ്യരുടെ മുന്നില്‍ നിന്നുകൊണ്ട് നിങ്ങളെന്റെ കൂടെ വന്നാല്‍ മതിയെന്ന് പറയുന്ന നേതാവായിരുന്നു കുഞ്ഞാലി. ജനങ്ങള്‍ മുഴുവന്‍ കുഞ്ഞാലിയോടൊപ്പമായിരുന്നു. വ്യക്തിപരമായിട്ടാണെങ്കിലും രാഷ്ട്രീയപരമായിട്ടാണെങ്കിലും കുഞ്ഞാലിയോട് വൈരാഗ്യമുള്ള ആരുമുണ്ടായിരുന്നില്ല. ഭൂമിയില്ലാത്തവര്‍ക്ക് നിലമ്പൂര്‍ കോവിലകം വക ഭൂമി നേടിക്കൊടുക്കുന്നതിനൊക്കെ കുഞ്ഞാലി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതായും രാജന്‍ അഴിമുഖത്തോട് പറഞ്ഞു.
"ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയുണ്ടാക്കിക്കൊടുക്കുകയും വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കി കൊടുക്കുകയും ചെയ്താണ് കുഞ്ഞാലി ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നത്. 1957ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുപ്പതിനായിരം ഏക്കര്‍ തോട്ടഭൂമി ബിര്‍ളയ്ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. മുളയാണ് അവിടെ വളര്‍ത്തിയത്. അങ്ങനെ നിലമ്പൂര്‍ കാട് മുഴുവന്‍ ബിര്‍ളയുടെ കൈകളിലായിരുന്നു. ആ സമയത്താണ് ഭൂമിയില്ലാത്തവര്‍ക്ക് നിലമ്പൂര്‍ കോവിലകത്തിന്റെ ഭൂമി വിട്ടുനല്‍കുന്നതിന് കുഞ്ഞാലിയും ഞങ്ങളും പ്രവര്‍ത്തനം ആരംഭിച്ചത്. അതില്‍ ബിര്‍ളയുടെ കൈവശമിരിക്കുന്ന ചില ഭൂമിയും പെട്ടിരുന്നു. ആര്യാടനും അന്ന് കോണ്‍ഗ്രസ് നേതാവും ഇന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ടി കെ ഹംസയുമാണ് കുഞ്ഞാലിയെ ശത്രുവായി കണ്ടിരുന്നത്. അവര്‍ക്ക് ബിര്‍ളയുടെ സഹായവുമുണ്ടായിരുന്നു"
വെന്നും രാജന്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ ജനപ്രിയനായി മാറിയ കുഞ്ഞാലി 1964ല്‍ കാളികാവ് പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു. ആ പഞ്ചായത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറായാണ് ടി.കെ ഹംസ വരുന്നത്. അതായത് ഇന്നത്തെ പഞ്ചായത്ത് സെക്രട്ടറി. രൂപീകരിക്കപ്പെടുന്ന ഒരു പഞ്ചായത്തിന് തുടക്കത്തില്‍ ഫണ്ട് കുറവായിരിക്കും. ഉള്ള ഫണ്ട് ഉപയോഗിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാനാണ് കുഞ്ഞാലി ശ്രമിച്ചതെന്ന് രാജന്‍ പറയുന്നു. അന്ന് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഹംസ പഞ്ചായത്ത് പൊളിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും രാജന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഹംസയുടെ ഈ രാഷ്ട്രീയംകളിക്ക് കുഞ്ഞാലി പല തവണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അവസാനം കുഞ്ഞാലിയുമായി തെറ്റി ഹംസ ജോലി രാജിവച്ചു. പോകുന്നതിന് മുമ്പ് കുഞ്ഞാലിയെ വെല്ലുവിളിച്ചിട്ടാണ് ഹംസ പോയതെന്നും രാജന്‍ പറയുന്നു. 'നിന്നെ ഞാന്‍ രണ്ട് കാലില്‍ ഈ നാട്ടിലൂടെ നടക്കാന്‍ വിടില്ല, നിന്നെ ഞാന്‍ ശരിയാക്കും' എന്നായിരുന്നു ഹംസ കുഞ്ഞാലിയോട് പറഞ്ഞിരുന്നത്. അതിന് ശേഷമാണ് കുഞ്ഞാലി നിയമസഭയില്‍ മത്സരിക്കുന്നത്. ആര്യാടനായിരുന്നു രണ്ട് തവണയും എതിരാളി. 65ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആര്‍ക്കും സാധിക്കാതെ വന്നതിനാല്‍ നിയമസഭ രൂപീകരിക്കാനായിരുന്നില്ല. 67ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വരികയും ആര്യാടനെ തോല്‍പ്പിച്ച് കുഞ്ഞാലി എംഎല്‍എയാകുകയും ചെയ്തു.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു പോരാളി എന്നാണ് ആലുങ്കല്‍ ആലിക്കുട്ടി എന്ന നാട്ടുകാരന്‍ കുഞ്ഞാലിയെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത്. "രാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായിരുന്നു കുഞ്ഞാലിയുടെ രീതി. ആര്‍ക്കുവേണ്ടിയും എന്തും ചെയ്ത് കൊടുക്കുന്നതായിരുന്നു കുഞ്ഞാലിയുടെ രാഷ്ട്രീയം. അതിപ്പോള്‍ തെറ്റ് കണ്ടാല്‍ അത് ഏത് വലിയ സഖാവാണെങ്കിലും തല്ല് കൊടുക്കുമായിരുന്നു. തൊഴിലാളികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടു തന്നെ മുതലാളിമാര്‍ക്ക് ദേഷ്യമുണ്ടായിരുന്നു. അതിപ്പോള്‍ മുതലാളിമാര്‍ ആരും തൊഴിലാളികള്‍ക്ക് അനുകൂലമായി നില്‍ക്കില്ലല്ലോ? അന്ന് രണ്ട് രണ്ടര റുപ്പികയാണ് കൂലി. അത് പോരാന്ന് തൊഴിലാളികള്‍ക്കും തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും തോന്നും. നല്ല ചുറുചുറുക്കുള്ള നേതാവായിരുന്നു കുഞ്ഞാലി. എന്തിനും ചാടിയിറങ്ങുന്നതായിരുന്നു രീതി".

നിലമ്പൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആളില്ലാതിരുന്ന കാലമായിരുന്നു അതെന്ന് കുഞ്ഞാലിയുടെ ആത്മമിത്രവും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന കൂത്രാടന്‍ ഉമ്മര്‍കുട്ടി ഓര്‍ത്തെടുക്കുന്നു. "നിലമ്പൂരില്‍ അന്ന് ഐഎന്‍ടിയുസി മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും 65ല്‍ ജയിലില്‍ കിടന്ന് മത്സരിച്ചും 67ല്‍ പുറത്ത് വന്നിട്ട് മത്സരിച്ചും കുഞ്ഞാലി ജയിച്ചു. '67ലെ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ 30 വോട്ടുകള്‍ ആര്യാടനാണ് ലഭിച്ചത്. അഞ്ചെണ്ണം കുഞ്ഞാലിക്ക് ലഭിച്ചു. ആര്യാടന്‍ അപ്പോള്‍ ഒരു വല്ലാത്ത ചിരി ചിരിച്ചു. ഉദ്യോഗസ്ഥന്മാര്‍ ആരും തന്നെ കമ്മ്യൂണിസ്റ്റുകാരാകാത്ത കാലമാണ് അതെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ ജോലിയില്‍ അഞ്ച് ആണ്‍കുട്ടികളെങ്കിലും ഉണ്ടല്ലോയെന്നായിരുന്നു കുഞ്ഞാലിയുടെ മറുപടി. തോട്ടം തൊഴിലാളികളുടെ കൂട്ടത്തിലും അന്ന് ഐഎന്‍ടിയുസിക്കാരാണ് കൂടുതലുമുള്ളത്. കുഞ്ഞാലിയുടെ പ്രവര്‍ത്തനങ്ങള്‍ വലിയൊരു അളവില്‍ തന്നെ നിലമ്പൂരില്‍ പാര്‍ട്ടിയിലേക്ക് തൊഴിലാളികളെ എത്തിച്ചു"
ഉമ്മര്‍കുട്ടി പറയുന്നു.

കുഞ്ഞാലി ആര്യാടനും കോണ്‍ഗ്രസിനും ഒരു വെല്ലുവിളിയായി മാറുകയായിരുന്നെന്ന് സിപിഎം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പി ടി ഉമ്മര്‍ പറയുന്നു. 1965ലും 67ലും തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ കുഞ്ഞാലിയുമായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കുഞ്ഞാലി ഉണ്ടെങ്കില്‍ നിലമ്പൂരില്‍ തനിക്ക് വളരാനാകില്ല എന്ന ബോധത്തിലേക്ക് ആര്യാടന്‍ എത്തിയിരുന്നു. നാടുവാഴിത്തത്തിന്റെയും ജന്മിത്വത്തിന്റെയും കരാറുകാരുടെയും ഭരണം നടക്കുന്ന കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് കുഞ്ഞാലി വളരുന്നത് അവര്‍ക്കൊക്കെ വെല്ലുവിളിയായിരുന്നുവെന്ന് സിപിഎമ്മിന്റെ മറ്റൊരു ഏരിയാ കമ്മിറ്റി അംഗം ശിവാത്മജന്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി കര്‍ഷകസമരങ്ങളാണ് അന്ന് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ നടന്നത്. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി നല്‍കാത്തതിന് പാടത്ത് ഇറങ്ങി വിളവ് കൊയ്തെടുത്ത സമരങ്ങളും അക്കാലത്ത് നടന്നിരുന്നു. കുഞ്ഞാലി എന്നും തൊഴിലാളി പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. ആര്യാടനാകട്ടെ കുടിയേറ്റക്കാരുടെ ഒപ്പമായിരുന്നു. അവരുടെ നിലപാടുകള്‍ തൊഴിലാളി വിരുദ്ധമായിരുന്നു. വര്‍ഗ്ഗപരമായ ചേരിതിരിവാണ് അന്ന് നിലമ്പൂരില്‍ ഉണ്ടായിരുന്നതെന്നും ശിവാത്മജന്‍ വ്യക്തമാക്കി.

കൊണ്ടോട്ടിയിലായിരുന്ന കുഞ്ഞാലി നിലമ്പൂര് വന്നാണ് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും അവര്‍ക്കിടയില്‍ തന്നെ വളരുന്നതും എന്ന് സി എന്‍ രാജന്‍ പറയുന്നു. ഈ വളര്‍ച്ചയില്‍ പാര്‍ട്ടിക്കുള്ളില്‍ പോലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന സെയ്ദാലിക്കുട്ടിയൊക്കെ കുഞ്ഞാലിയുടെ ഈ വളര്‍ച്ചയില്‍ അസ്വസ്ഥനായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു. സെയ്താലിക്കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാജന്‍ ഉന്നയിക്കുന്നത്. തൊഴിലാളികളെ അദ്ദേഹം പല രീതിയില്‍ വഞ്ചിച്ചുവെന്ന ആരോപണമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. തൊഴിലാളികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനോട് കുഞ്ഞാലിക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നതായും രാജന്‍ അവകാശപ്പെടുന്നു.
"ഇതിന്റെ പേരില്‍ കുഞ്ഞാലി സെയ്ദാലിക്കുട്ടിയെ തല്ലുക വരെയുണ്ടായിട്ടുണ്ട്. പാര്‍ട്ടി പിന്നിലും കുഞ്ഞാലി മുന്നിലും എന്ന സാഹചര്യമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പാര്‍ട്ടിയില്‍ പോലും എതിരാളികളുണ്ടായി. കാരണം കുഞ്ഞാലി നയിക്കുകയാണ്. അണികളോട് നീ പോയി ചെയ്ത് വാ എന്നല്ല കുഞ്ഞാലി പറഞ്ഞിരുന്നത്. നീ വാ എന്റെ കൂടെ എന്നാണ്. അതില്‍ പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ക്കുള്‍പ്പെടെ കുഞ്ഞാലിയോട് യോജിച്ച് പോകാന്‍ കഴിയില്ലായിരുന്നു. അവരുടെ രാഷ്ട്രീയം ആയിരുന്നില്ല കുഞ്ഞാലിയുടേത്. അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് ജനങ്ങളുടെ നൂറ് ശതമാനം പിന്തുണ നേടാന്‍ കുഞ്ഞാലിക്ക് സാധിച്ചിരുന്നു. ആര്യാടനൊന്നും അത്തരത്തിലൊരു ജനപിന്തുണ നേടാന്‍ സാധിച്ചിട്ടില്ല. 1959-60 സമയങ്ങളിലെല്ലാം ഏറനാട് താലൂക്ക് ആയിരുന്ന കാലത്ത് എനിക്ക് ഓര്‍മ്മയുള്ള ചില കാര്യങ്ങള്‍ ഇവിടെ പറയാം. അന്ന് ബ്രാഞ്ച് കഴിഞ്ഞാല്‍ താലൂക്ക് കമ്മിറ്റിയാണ് ഉള്ളത്. താലൂക്ക് കഴിഞ്ഞാല്‍ ജില്ലയും ജില്ല കഴിഞ്ഞാല്‍ സംസ്ഥാന കമ്മിറ്റിയും ആണുള്ളത്. അന്ന് ഐഎന്‍ടിയുസിയുടെ നേതാവാണെന്ന് പറഞ്ഞു നടക്കുന്നതിനപ്പുറം ആര്യാടന്‍ ഒന്നുമല്ല. കുഞ്ഞാലി ഉള്ളിടത്തോളം ആര്യാടനെപ്പോലെ ഉള്ളവര്‍ക്ക് ഇവിടെ വളരാന്‍ കഴിയില്ല എന്ന സാഹചര്യമുണ്ടായിരുന്നതിനാലാണ് അവര്‍ കുഞ്ഞാലിയെ നശിപ്പിക്കാന്‍ തീരുമാനിക്കുന്നത്. വര്‍ഗ്ഗശത്രുക്കള്‍ക്കൊപ്പം പാര്‍ട്ടിക്കുള്ളിലും ശത്രുക്കള്‍ ഉണ്ടായതോടെ കുഞ്ഞാലി ഇല്ലാതാകേണ്ടത് പലരുടെയും ആവശ്യമായി തീര്‍ന്നു. ഇതില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ കുഞ്ഞാലി ഇല്ലാതാകുകയും ചെയ്തു.

1967-ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലി ജയിച്ചെങ്കിലും പിന്നീട് കുഞ്ഞാലി മരിച്ചതിന് ശേഷം നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പിലും ഒന്നും പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതില്‍ നിന്നു തന്നെ അതിന് ശേഷം ആര്യാടനുണ്ടായ വളര്‍ച്ച മനസിലാക്കാം. ടി കെ ഹംസയൊക്കെ കുടം ചിഹ്നത്തില്‍ മത്സരിച്ചാണ് ജയിച്ചത്. ഇപ്പോഴത്തെ എംഎല്‍എ പി വി അന്‍വറും പാര്‍ട്ടി ചിഹ്നത്തില്‍ അല്ല മത്സരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ആകെ രണ്ട് പേര്‍ മാത്രമാണ് പിന്നീട് ഇവിടെ മത്സരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് അതില്‍ ഒരാള്‍. പിന്നെ ഒരാള്‍ ദേവദാസ് പൊറ്റക്കാട് ആണ്. അവര്‍ രണ്ട് പേരും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അന്‍വര്‍ ജയിച്ചത് പണത്തിന്റെ സ്വാധീനം കൊണ്ട് മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ചവര്‍ രണ്ട് പേരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ തന്നെയാണ്. ഒന്ന് ആര്യാടന്റെ മകനും മറ്റൊന്ന് പി വി അന്‍വറും. രണ്ട് പേരും കോണ്‍ഗ്രസുകാരാണ്. കുഞ്ഞാലി ജീവിച്ചിരിക്കുമ്പോള്‍ ഇതൊന്നും നടക്കില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് കുഞ്ഞാലി ഇല്ലാതാകേണ്ടിയിരുന്നത് കോണ്‍ഗ്രസുകാരുടെ ആവശ്യമായി തീര്‍ന്നത്.

കുഞ്ഞാലിക്ക് ചില വിശ്വസ്തരുണ്ട്. അവരെയല്ലാതെ എവിടെപ്പോയാലും കുഞ്ഞാലി കൂടെക്കൂട്ടില്ലായിരുന്നു. കുഞ്ഞാലി അച്ഛനെ പോലെ കരുതിയിരുന്ന പാര്‍ട്ടി നേതാവായിരുന്നു മാധവന്‍ നായര്‍. എത്ര വലിയ സംഘര്‍ഷാവസ്ഥയാണെങ്കിലും മാധവന്‍ നായര്‍ ചെന്നിട്ട് വിളിച്ചാല്‍ കുഞ്ഞാലി ഒതുങ്ങുമായിരുന്നു. പൂളപ്പാടം എന്ന സ്ഥലത്ത് ഇപ്പോളും ഉള്ള കുഞ്ഞാലി കോളനിയുണ്ട്. അവിടെ അങ്ങനെയൊരു കോളനി വന്നത് കുഞ്ഞാലിയുടെ ശ്രമഫലമായാണ്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കുഞ്ഞാലി കാണിച്ചു തന്നതോടെ പൂളപ്പാടം തന്നെ മാറിപ്പോയി. ശരിക്കും ആനക്കാട് ആയിരുന്നു അത്. ഞാനും മാധവന്‍ നായരും കുഞ്ഞാലിയും കൂടി പുലര്‍ച്ചെ നാല് മണിക്ക് പനങ്കായത്തു നിന്നും പുഴ കടന്ന് കയറിച്ചെല്ലുമ്പോള്‍ ആനയെയാണ് കാണുന്നത്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പത്രത്തിലൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ പോത്തുകല്ല് പഞ്ചായത്തിലെ പാതാറൊക്കെ ഈ വിധത്തില്‍ തന്നെ ജനവാസ കേന്ദ്രമായി മാറിയതാണ്".

കുഞ്ഞാലി വെടിയേറ്റ്‌ വീണ ചുള്ളിയോട് ജംഗ്ഷന്‍; മുകളില്‍ കോണ്‍ഗ്രസ് ഓഫീസ്


വെടിവച്ച് കൊല്ലുന്നതിന് മുമ്പ് മൂന്ന് തവണയാണ് തന്റെ അറിവില്‍ കുഞ്ഞാലിക്ക് നേരെ വധശ്രമം ഉണ്ടായതെന്നും രാജന്‍ അഴിമുഖത്തോട് വെളിപ്പെടുത്തി. കുഞ്ഞാലിയുടെ അക്കാലത്തെ സന്തതസഹചാരിയായിരുന്ന എന്നാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു വ്യക്തിയും ഇത് ശരിവയ്ക്കുന്നുണ്ട്. എന്നാല്‍ തനിക്കറിയുന്ന കാര്യങ്ങള്‍ വളരെക്കുറച്ചേയുണ്ടായിരുന്നുള്ളൂവെന്ന് അക്കാലത്ത് പാര്‍ട്ടിയില്‍ സജീവമായിരുന്ന അലവിക്കുട്ടി പറഞ്ഞു. ഒരു യുദ്ധക്കളത്തിലേത് പോലെ അങ്ങോട്ടുമിങ്ങോട്ടും വെടിവയ്ക്കുകയായിരുന്നില്ല. മറഞ്ഞിരുന്ന് ഇരുട്ടത്ത് നിന്നാണ് വെടിയുതിര്‍ന്നത്. ഇതെല്ലാം കുഞ്ഞാലിയെ കൊലപ്പെടുത്താനുള്ള ചിലരുടെ നാളുകളായുള്ള തീരുമാനത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമായിരുന്നു. കൃത്യമായി നടത്തിയ ഒരു ആസൂത്രണത്തിന്റെ വിജയമായിരുന്നു ചുള്ളിയോട് പാര്‍ട്ടി ഓഫീസിന് മുന്നിലെ വെടിവയ്പ്പ്. തോട്ടില്‍ നിന്നും കുളിച്ചുവരുന്ന ഒരു സ്ത്രീ പായക്കെട്ടിനുള്ളില്‍ വച്ച് കൊണ്ടുവന്ന തോക്കാണ് കുഞ്ഞാലിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ഇതിന് തെളിവായി പി ടി ഉമ്മര്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിയെ കൊലപ്പെടുത്തിയത് ആര്യാടന്‍ പറയുന്നത് പോലെ ഗോപാലന്റെ മാത്രം തീരുമാനമായിരുന്നെങ്കില്‍ ഇത്രമാത്രം മികച്ച ആസൂത്രണം ഉണ്ടാകില്ലായിരുന്നെന്നും തോക്ക് ഗോപാലന്‍ കൊണ്ടുവരുമായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗോപാലന്‍ ആദ്യം കൊണ്ടുവന്ന തോക്ക് പ്രവര്‍ത്തിക്കാതായപ്പോള്‍ കോണ്‍ഗ്രസ് നേതാവായിരുന്ന നീലാമ്പ്ര കുഞ്ഞാന്‍ ആണ് ഈ തോക്ക് കൊടുത്തുവിട്ടതെന്ന് ഉമ്മര്‍ ആരോപിക്കുന്നു.

(കുഞ്ഞാലിക്ക് നേരെയുണ്ടായ വധശ്രമങ്ങളെക്കുറിച്ചും അതില്‍ ആരൊക്കെ പങ്കാളികള്‍ ആയിരുന്നു എന്നതിനെക്കുറിച്ചും അടുത്ത ഭാഗത്തില്‍)


Next Story

Related Stories