TopTop
Begin typing your search above and press return to search.

അന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് സോണിയ ഗാന്ധി; കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് പി. രാജീവ്

അന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് സോണിയ ഗാന്ധി; കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് പി. രാജീവ്

വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണോ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉള്ളതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി. രാജീവ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ശക്തമായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വാചകങ്ങള്‍ ചൂണ്ടിക്കാട്ടി രാജീവ് രംഗത്ത്‌ വന്നത്. മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്നലെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

"ഭരണകൂടത്തിൻ്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുന്നു. എൻഫോഴ്സ്മെൻറ്, സിബിഐ , എൻഐഎ തുടങ്ങി നർകോട്ടിക്സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു. പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫിസുകളുടെ താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജൻസികൾ ചെയ്യുന്നത്", എന്ന് സോണിയാ ഗാന്ധി ഉന്നയിച്ച വിമര്‍ശനം ഉദ്ധരിച്ചു കൊണ്ടാണ് രാജീവ് ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

''ഇനി കേരളത്തിലെ കോണ്‍ഗ്രസ് പ്രതികരണത്തിനായി കാത്തിരിക്കാം', രാജീവ് കുറിച്ചു. കേന്ദ്ര ഏജന്‍സികളെ നരേന്ദ്ര മോദി-അമിത് ഷാ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിരന്തരമായി വിമര്‍ശനമുന്നയിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാകട്ടെ ഈ കേന്ദ്ര ഏജന്‍സികളെ കുറിച്ച് യാതൊരു പ്രശ്നവുമില്ലെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെയും തങ്ങളെയും ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും സിപിഎം ആരോപിക്കുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സോണിയാ ഗാന്ധിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി പി. രാജീവ് ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ആരാഞ്ഞിട്ടുള്ളത്.

നേരത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളത്തെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ നടത്തിയ വിമര്‍ശനം സംബന്ധിച്ചും കോണ്‍ഗ്രസിന്റെ കേന്ദ്ര- കേരള നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തു വന്നിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചപ്പോള്‍ കേരളത്തിലെ കാര്യങ്ങളില്‍ അദ്ദേഹം അഭിപ്രായം പറയേണ്ടതില്ല, അതിന് ഇവിടെ പ്രാദേശിക നേതാക്കളുണ്ട് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടത്. വിമര്‍ശനം ഉയര്‍ന്നതോടെ തന്റെ വാക്കുകള്‍ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് ചെന്നിത്തല പ്രസ്താവിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories